Wednesday 27 May 2015

UNDER THE SAME MOON (2007)



FILM : UNDER THE SAME MOON (2007)
COUNTRY : MEXICO
GENRE : DRAMA
DIRECTOR : PATRICIA RIGGEN

              ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേയും , സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിലെയും ദരിദ്ര ജീവിതങ്ങൾ സമൃദ്ധിയെക്കുറിച്ചുള്ള മനക്കോട്ടകളോടെ  നിയമ വിരുദ്ധമായി  മെക്സിക്കൻ അതിർത്തി ക്രോസ്സ് ചെയ്ത് അമേരിക്കയിലെത്താൻ ശ്രമിക്കുന്ന കാഴ്ചകൾ പല തവണ അവിടങ്ങളിൽ നിന്നുള്ള സിനിമകളിലൂടെ കണ്ടിട്ടുണ്ട്. പലായനത്തിന്റെയും, യാത്രയുടേയും  വശ്യമാർന്ന കാഴ്ചകൾ എന്നതിനു പകരം ഹൃദയ സ്പർശിയായ ദൃശ്യാനുഭവം ചമയ്ക്കുന്ന UNDER THE SAME MOON എന്ന ഈ സിനിമയും പ്രത്യക്ഷത്തിൽ ഈ വിഷയത്തെയാണ് കൈകാര്യം ചെയ്യുന്നത്. അമേരിക്കയിലുള്ള തന്റെ അമ്മയെ തേടി അതിർത്തി കടക്കുന്ന മെക്സിക്കൻ ബാലന്റെ അനുഭവങ്ങളിലൂടെ ഈ സിനിമ മുന്നേറുന്നു. ഇത്തരം സിനിമകളിൽ സാധാരണ കാണാറുള്ള  ക്രൂരതകളും , അനുഭവ തീക്ഷ്ണതയും കാണാൻ കഴിയാത്ത വിധം ലളിതമായി അവതരിപ്പിക്കപ്പെട്ട ഈ സിനിമ പുതുമയൊന്നും സമ്മാനിക്കുന്നില്ല. എങ്കിലും ഒൻപതു വയസ്സുള്ള  കുട്ടിയായി നിറഞ്ഞു നിന്ന അഭിനേതാവിന്റെ പ്രകടനം ഓർമ്മയിൽ തങ്ങി നിൽക്കുന്നു. പ്രവചനീയമായ ക്ലൈമാക്സ് അതിനാടകീയതയെ അകറ്റി നിർത്തി ലളിതമായി അവതരിപ്പിച്ചതും നന്നായി. 


Tuesday 26 May 2015

OUTSIDE THE LAW (2010)



FILM : OUTSIDE THE LAW (2010)
COUNTRY : FRANCE
GENRE : CRIME !!! DRAMA !!! WAR
DIRECTOR : RACHID BOUCHAREB

           കോളനിവൽക്കരണത്തിന്റെ  ഇരകളായ രാജ്യങ്ങൾക്കെല്ലാം പോരാട്ടത്തിന്റെ കനൽ വഴികൾ താണ്ടിയ തീക്ഷ്ണമായ ഒരു ചരിത്രം നമ്മളോട് പറയാനുണ്ടാവും. OUTSIDE THE LAW  എന്ന  സിനിമയും പറയുന്നത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ദശകങ്ങളിൽ നടന്ന അൾജീരിയൻ സ്വാതന്ത്ര്യ പോരാട്ടങ്ങളെക്കുറിച്ചാണ്. ഫ്രഞ്ച് പശ്ചാത്തലത്തിൽ FLN-ന്റെ (അൾജീരിയൻ ലിബറേഷൻ ഫ്രണ്ട്) രക്ത രൂക്ഷിതമായ പോരാട്ടങ്ങളെ ഉൾക്കിടിലത്തോടെ പരിചയിക്കാൻ പ്രേക്ഷകന് അവസരമേകുന്ന തരത്തിൽ മൂന്ന് അൾജീരിയൻ സഹോദരങ്ങളുടെ ജീവിതങ്ങളെ സിനിമയുടെ തീമുമായി ശക്തമായി  വിളക്കിച്ചേർത്താണ്  ഈ സിനിമ ഒരുക്കിയിട്ടുള്ളത്. "സ്വജീവിതം"  എന്ന സ്വാർത്ഥതയ്ക്ക് മുകളിൽ  "ദേശീയത" ആവേശവും വികാരവുമായി പടരുമ്പോൾ കുരുതികളും  , ദുരിതങ്ങളും  സ്വാഭാവികതയായി വന്നണയുന്നു. ചരിത്രത്തിന്റെ അടയാളപ്പെടുത്തൽ എന്ന നിലയിൽ  ഈ സിനിമയെ സമീപിക്കുമ്പോൾ വസ്തുതകളിലെ സത്യങ്ങളെക്കുറിച്ച് ചർച്ചകൾ ഉയരുവാനുള്ള സാധ്യതകൾ കാണാം. ആക്രമണ-പ്രത്യാക്രമണ ഭീകരതകളിൽ ബലിയർപ്പിക്കപ്പെടുന്നവരുടെ   സ്വപ്‌നങ്ങൾ, സ്വാതന്ത്ര്യ ശീതളിമയിൽ അഭിരമിച്ചിരിക്കുന്ന പിൻതലമുറ കാണുന്നുണ്ടാവുമോ? എന്ന സന്ദേഹത്തോടെ നിർത്തുന്നു.


Tuesday 5 May 2015

LAKE TAHOE (2008)



FILM : LAKE TAHOE (2008)
COUNTRY : MEXICO
GENRE : DRAMA
DIRECTOR : FERNANDO EIMBCKE

               പശ്ചാത്തല സംഗീതത്തിന്റെ അഭാവത്തിനിടയിലും , സ്റ്റാറ്റിക് ഷോട്ടുകളുടെ ആധിക്യത്തിനിടയിലും LAKE TAHOE എന്ന മെക്സിക്കൻ സിനിമ എന്നെ ബോറടിപ്പിച്ചില്ല. നിശ്ചലമായ ക്യാമറയും, ഇരുൾ മൂടുന്ന ഫ്രൈമുകളും, ദുർലഭമായ സംഭാഷണങ്ങളും, നിർവ്വികാരത തളം കെട്ടിയ പ്രധാന കഥാപാത്രവും ആഖ്യാനത്തിന്റെ സൗന്ദര്യത്തിനും EFFECTIVENESS-നും മുതൽകൂട്ടായതായി തോന്നി.
               റോഡിനരികിലുള്ള പോസ്റ്റിലിടിക്കുന്ന തന്റെ കാർ നന്നാക്കാൻ ശ്രമിക്കുന്ന ജുവാൻ എന്ന യുവാവിന്റെ ഒരു ദിവസമാണ് ഈ സിനിമയിൽ കാണാനാവുക. കാർ നന്നാക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ജുവാൻ കണ്ടുമുട്ടുന്ന ആളുകളും , എതിരിടുന്ന സംഭവങ്ങളും അവന്റെ മനസ്സിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് സിനിമയുടെ മർമ്മം. ജുവാന്റെ അസ്വസ്ഥതയുടെ കാരണവും, അതിനെ മറികടക്കാനുള്ള വൈകാരികമായ സമരസപ്പെടലിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും ഒരു ക്യാരക്ടർ സ്റ്റഡിയുടെ തലത്തിലേയ്ക്ക് സിനിമയെ ഉയർത്തുന്നു.
                    തീവ്രമായ കഥാസന്ദർഭങ്ങൾ ഒരുക്കി പറയാവുന്ന ഒരു തീം ലളിതമായി പറയാൻ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ സവിശേഷത. സിനിമയിലെ ഹാസ്യത്തിന്റെ അംശമായ യുവ മെക്കാനിക്കിന്റെ വാക്കുകൾ  പോലും പ്രമേയത്തോട് ചേർത്ത് വായിക്കുമ്പോൾ വളരെ പ്രസക്തമാവുന്നു. പ്ലോട്ട് ട്വിസ്റ്റുകളോ, ചടുലതയോ ഇല്ലാത്ത ഈ സിനിമ എല്ലാവരെയും രസിപ്പിക്കുന്ന ഒന്നാണെന്ന് തോന്നുന്നില്ല. വ്യത്യസ്തങ്ങളായ ലോകസിനിമകൾ തേടി നടക്കുന്നവർ ഈ സിനിമ കാണാതെ പോവുന്നത് നഷ്ടവുമാണ്.


Sunday 3 May 2015

THE WHITE MEADOWS (2009)



FILM  :  THE WHITE MEADOWS (2009)
COUNTRY : IRAN
GENRE : DRAMA
DIRECTOR :  MOHAMMED RASOULOF

               ചില സിനിമകൾ പകരുന്ന ദൃശ്യാനുഭൂതിയെ "VISUALLY STUNNING" എന്ന് വിശേഷിപ്പിച്ചാൽ പോലും കുറഞ്ഞു പോകും. കണ്ണഞ്ചിപ്പിക്കുന്ന ഫ്രൈമുകൾക്കൊപ്പം ചാട്ടുളി പോലെ ചിന്തകളിലെയ്ക്ക് ആഴ്ന്നിറങ്ങുന്ന പ്രതീക കാഴ്ച്ചകളാലും ഉത്കൃഷ്ടമായ ഒരു കലാസൃഷ്ടിയുടെ രൂപ ഭാവങ്ങളണിയുന്ന THE WHITE MEADOWS  എന്ന ഇറാൻ സിനിമയും അത്തരത്തിലുള്ള ഒന്നാണ്. ഗ്രീക്ക് ചലച്ചിത്രകാരനായ തിയോ ആഞ്ജലോപോളസിന്റെ സിനിമകളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ വിരുന്നാണ് MOHAMMED RASOULOF പ്രേക്ഷകർക്കായി ഒരുക്കിയിട്ടുള്ളത്.
               ഉപ്പു കലർന്ന തടാകത്തിലൂടെ ദ്വീപുകളിൽ നിന്നും ദ്വീപുകളിലേക്കു തന്റെ തോണി തുഴഞ്ഞു പോവുകയാണ് റഹ്മത്ത്. ഓരോ ദ്വീപിലെയും നിവാസികളുടെ കണ്ണുനീർ ശേഖരിക്കുകയാണ് അയാളുടെ ജോലി. ശേഖരിക്കുന്ന കണ്ണുനീർ അയാൾ എന്ത് ചെയ്യുമെന്നുള്ള കാര്യത്തെക്കുറിച്ച് അജ്ഞരാണ് ദ്വീപ്‌ നിവാസികൾ. ഓരോ ദ്വീപിലെയും വിചിത്രങ്ങളായ കാഴ്ചകളും, അവ ബാക്കിയാക്കുന്ന ആകാംഷയും പ്രേക്ഷകരെ അയാളുടെ യാനപാത്രത്തിലെ അദൃശ്യരായ സഞ്ചാരികളാക്കുന്നു.
               കാണുന്നവയെക്കുറിച്ച് ഉറക്കെ വിളിച്ചു പറയാൻ സ്വാതന്ത്ര്യമില്ലാത്ത ഇടങ്ങളിലെ കലയും, കലാകാരനും അക്ഷരങ്ങളുടെയും, കാഴ്ചകളുടെയും നിശബ്ദ നിലവിളികൾ തീർക്കുന്നത് ഈ സിനിമയിലൂടെ അനുഭവിക്കാനാവുന്നു. കാഴ്ചകളുടെ അന്തരാർഥങ്ങൾ വ്യക്തവും, ശക്തവുമാകുമ്പോൾ സിനിമ വിപ്ലവമാകുന്നു. കടലിനെ ചുവപ്പായി വരച്ച ചിത്രകാരനും, ജിജ്ഞാസയുടെയും , എതിർപ്പിന്റെയും , യുവത്വത്തിന്റെയും പ്രതീകമായ യുവാവും നേരിടുന്ന ദുരനുഭവങ്ങളും , യുവാവിൽ സാന്ദർഭികമായി അടിച്ചേൽപ്പിക്കുന്ന മൂകതയും-ബധിരതയും ഭരണകൂടം സൃഷ്ടിച്ച സാമൂഹിക വ്യവസ്ഥിതിയുടെ നേർ ചിത്രങ്ങളാകുന്നു. അണിയിച്ചൊരുക്കപ്പെടുന്ന കുരങ്ങനും, കലാകാരന്റെ കാഴ്ച്ചകളെ   സമൂഹത്തിന്റെ ശരികളിലേക്ക് വലിച്ചിഴക്കാനുള്ള  ചികിത്സകളും , വിചിത്ര ആചാരങ്ങളിലുറച്ച ദ്വീപ്‌ നിവാസികളും  അവഗണിക്കാവുന്ന കാഴ്ചകളല്ല.
                   അവസാന നിമിഷങ്ങളിൽ രംഗം കയ്യേറുന്ന കഥാപാത്രങ്ങൾ അവശേഷിപ്പിക്കുന്ന ചിന്തകൾ നമ്മെ വിട്ടൊഴിയുന്നില്ല. വ്യാഖ്യാനങ്ങളുടെ ദുഷ്ക്കരമായ  പാതയാണ് നമുക്ക് മുന്നിൽ തെളിയുന്നത്. ഈ സിനിമയെ കുറിച്ചുള്ള എന്റെ ചിന്തകൾ ഇനിയും ഒടുങ്ങിയിട്ടില്ല. അതിനാൽ വിശദമായ ഉൾവായനയ്ക്കും, ആഴമേറിയ വ്യാഖ്യാനങ്ങൾക്കും ഞാൻ അശക്തനാണ്.
                       ജനങ്ങളെ രസിപ്പിക്കുക എന്നതു മാത്രമല്ല, ജനപക്ഷത്ത് നിന്ന് ശബ്ദിക്കുക എന്നതും കലാകാരന്റെയും സിനിമയുടെയും ധർമ്മമാണ് എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു THE WHITE MEADOWS.


Friday 1 May 2015

WITNESSES (2003)



FILM : WITNESSES (2003)
COUNTRY : CROATIA
GENRE : WAR DRAMA
DIRECTOR : VINKO BRESAN

             WAR-DRAMA -കൾ  അനവധി കണ്ടിട്ടുണ്ടെങ്കിലും അവതരണ മികവിനാലും പ്രമേയ തീക്ഷ്ണത കൊണ്ടും അവ എപ്പോഴും വിസ്മയം ബാക്കിയാക്കാറാണ് പതിവ്. ഇത്തരം സിനിമകൾ  ആത്യന്തികമായി വിരൽ ചൂണ്ടാൻ ശ്രമിക്കുന്നത് ഒരേ കാര്യങ്ങളിലേക്കാണെങ്കിലും പ്രമേയാവതരണവും , അവയുടെ രാഷ്ട്രീയ വീക്ഷണങ്ങളും , ചരിത്രപരമായ അടയാളപ്പെടുത്തലുകളും അവയ്ക്ക് വൈവിധ്യം നൽകുന്നു.
                   യുദ്ധക്കെടുതികളുടെ ഇരകളാവുന്ന സാധാരണക്കാരുടെ ജീവിതങ്ങളാണ് പലപ്പോഴും WAR-DRAMA-കൾ പ്രമേയമാക്കാറുള്ളത്. എന്നാൽ 2003-ൽ പുറത്തിറങ്ങിയ WITNESSES എന്ന ക്രോയേഷ്യൻ സിനിമ യുദ്ധങ്ങൾ സൃഷ്ടിക്കുന്ന അപകടകരങ്ങളായ മനോനിലകളെ മൂന്നു സൈനികരുടെ ചെയ്തികളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു. യുദ്ധമുഖത്തു നിന്നും മടങ്ങിയെത്തിയ അവർ തങ്ങളുടെ സഹസൈനികന്റെ മരണത്തിനുള്ള പ്രതികാരമെന്ന രീതിയിൽ നടത്തുന്ന ഓപ്പറേഷനിൽ ഒരു അയൽക്കാരനായ  സെർബിയക്കാരൻ വധിക്കപ്പെടുന്നു. അവരുടെ പ്ലാനിംഗിന് വിരുദ്ധമായി സംഭവിച്ച അത്യാഹിതത്തിന് ഒരു ദൃക്സാക്ഷി കൂടിയുണ്ടായത് പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നു. 
                  യുദ്ധമുഖം / അയൽപക്കം , സ്വദേശി/ വിദേശി, ആയുധധാരി / നിരായുധൻ എന്നീ ദ്വന്ദങ്ങളെ യുദ്ധാന്തരീക്ഷത്തിന്റെ ധർമ്മ-നീതി-യുക്തികളുമായി ഉരച്ചു നോക്കാൻ സിനിമ നമ്മളോട് ആവശ്യപ്പെടുന്നു. കൊല നടത്തിയ  സൈനികരിൽ ഒരാളുടെ സഹോദരൻ, അമ്മ, അന്വേഷണ ഉദ്യോഗസ്തൻ , ക്രൈം ജേർണലിസ്റ്റ് എന്നീ കഥാപാത്രങ്ങൾ പ്രമേയം ലക്ഷ്യമിടുന്ന ചർച്ചാ വഴികളിലേക്ക് ചൂണ്ടുന്ന വഴികാട്ടികളാകുന്നു. വ്യക്തികളുടെ മനോനിലകളെപ്പോലെ തന്നെ  സമൂഹ മനസ്സിനെ   വായിച്ചെടുക്കാനുള്ള സന്ദർഭങ്ങളെയും ഈ സിനിമ അവതരിപ്പിക്കുന്നു. അവസാനം മാനവികതയുടെയോ , ധർമ്മത്തിന്റെയോ പ്രതീകമായി പ്രകാശിക്കുന്ന  ഉടൽ  സൈനികന്റേതായത്  യാദൃശ്ചികതയായി  കാണാനാവില്ല.
                   കഥാതന്തു ലളിതമാണെങ്കിലും പ്രമേയാവതരണത്തിന് സ്വീകരിച്ച ഘടന കഥാപാത്രങ്ങൾക്ക് സങ്കീർണ്ണത നൽകി. കേസന്വേഷണം ആരംഭിക്കുന്ന സീൻ പലതവണ ആവർത്തിച്ചു വരുന്നുണ്ടെങ്കിലും തുടർ രംഗങ്ങളിലെ വേറിട്ട ഫ്രൈമുകൾ (ANGLE , CHARACTER PROJECTION) വ്യത്യസ്ത  വീക്ഷണ തലങ്ങളിലേയ്ക്കും, വ്യത്യസ്ത കഥാപാത്രങ്ങളിലേക്കും നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. അതിനാൽ ആവർത്തിച്ചു വരുന്ന രംഗങ്ങൾ ബോറടിപ്പിക്കുന്നതിനു പകരം നമുക്ക് കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കുവാനുള്ള അവസരമാക്കി മാറ്റാൻ സംവിധായകനു കഴിയുന്നു.
            ഗൌരവമേറിയ പ്രമേയങ്ങളെ ഇഷ്ടപ്പെടുന്നവരെയും , സിനിമയെ ഗൌരവമായി  സമീപിക്കുന്നവരെയും ഈ സിനിമ ഒരിക്കലും നിരാശരാക്കില്ല എന്ന ഉറപ്പോടെ നിർത്തുന്നു.