Friday, 1 May 2015

WITNESSES (2003)



FILM : WITNESSES (2003)
COUNTRY : CROATIA
GENRE : WAR DRAMA
DIRECTOR : VINKO BRESAN

             WAR-DRAMA -കൾ  അനവധി കണ്ടിട്ടുണ്ടെങ്കിലും അവതരണ മികവിനാലും പ്രമേയ തീക്ഷ്ണത കൊണ്ടും അവ എപ്പോഴും വിസ്മയം ബാക്കിയാക്കാറാണ് പതിവ്. ഇത്തരം സിനിമകൾ  ആത്യന്തികമായി വിരൽ ചൂണ്ടാൻ ശ്രമിക്കുന്നത് ഒരേ കാര്യങ്ങളിലേക്കാണെങ്കിലും പ്രമേയാവതരണവും , അവയുടെ രാഷ്ട്രീയ വീക്ഷണങ്ങളും , ചരിത്രപരമായ അടയാളപ്പെടുത്തലുകളും അവയ്ക്ക് വൈവിധ്യം നൽകുന്നു.
                   യുദ്ധക്കെടുതികളുടെ ഇരകളാവുന്ന സാധാരണക്കാരുടെ ജീവിതങ്ങളാണ് പലപ്പോഴും WAR-DRAMA-കൾ പ്രമേയമാക്കാറുള്ളത്. എന്നാൽ 2003-ൽ പുറത്തിറങ്ങിയ WITNESSES എന്ന ക്രോയേഷ്യൻ സിനിമ യുദ്ധങ്ങൾ സൃഷ്ടിക്കുന്ന അപകടകരങ്ങളായ മനോനിലകളെ മൂന്നു സൈനികരുടെ ചെയ്തികളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു. യുദ്ധമുഖത്തു നിന്നും മടങ്ങിയെത്തിയ അവർ തങ്ങളുടെ സഹസൈനികന്റെ മരണത്തിനുള്ള പ്രതികാരമെന്ന രീതിയിൽ നടത്തുന്ന ഓപ്പറേഷനിൽ ഒരു അയൽക്കാരനായ  സെർബിയക്കാരൻ വധിക്കപ്പെടുന്നു. അവരുടെ പ്ലാനിംഗിന് വിരുദ്ധമായി സംഭവിച്ച അത്യാഹിതത്തിന് ഒരു ദൃക്സാക്ഷി കൂടിയുണ്ടായത് പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നു. 
                  യുദ്ധമുഖം / അയൽപക്കം , സ്വദേശി/ വിദേശി, ആയുധധാരി / നിരായുധൻ എന്നീ ദ്വന്ദങ്ങളെ യുദ്ധാന്തരീക്ഷത്തിന്റെ ധർമ്മ-നീതി-യുക്തികളുമായി ഉരച്ചു നോക്കാൻ സിനിമ നമ്മളോട് ആവശ്യപ്പെടുന്നു. കൊല നടത്തിയ  സൈനികരിൽ ഒരാളുടെ സഹോദരൻ, അമ്മ, അന്വേഷണ ഉദ്യോഗസ്തൻ , ക്രൈം ജേർണലിസ്റ്റ് എന്നീ കഥാപാത്രങ്ങൾ പ്രമേയം ലക്ഷ്യമിടുന്ന ചർച്ചാ വഴികളിലേക്ക് ചൂണ്ടുന്ന വഴികാട്ടികളാകുന്നു. വ്യക്തികളുടെ മനോനിലകളെപ്പോലെ തന്നെ  സമൂഹ മനസ്സിനെ   വായിച്ചെടുക്കാനുള്ള സന്ദർഭങ്ങളെയും ഈ സിനിമ അവതരിപ്പിക്കുന്നു. അവസാനം മാനവികതയുടെയോ , ധർമ്മത്തിന്റെയോ പ്രതീകമായി പ്രകാശിക്കുന്ന  ഉടൽ  സൈനികന്റേതായത്  യാദൃശ്ചികതയായി  കാണാനാവില്ല.
                   കഥാതന്തു ലളിതമാണെങ്കിലും പ്രമേയാവതരണത്തിന് സ്വീകരിച്ച ഘടന കഥാപാത്രങ്ങൾക്ക് സങ്കീർണ്ണത നൽകി. കേസന്വേഷണം ആരംഭിക്കുന്ന സീൻ പലതവണ ആവർത്തിച്ചു വരുന്നുണ്ടെങ്കിലും തുടർ രംഗങ്ങളിലെ വേറിട്ട ഫ്രൈമുകൾ (ANGLE , CHARACTER PROJECTION) വ്യത്യസ്ത  വീക്ഷണ തലങ്ങളിലേയ്ക്കും, വ്യത്യസ്ത കഥാപാത്രങ്ങളിലേക്കും നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. അതിനാൽ ആവർത്തിച്ചു വരുന്ന രംഗങ്ങൾ ബോറടിപ്പിക്കുന്നതിനു പകരം നമുക്ക് കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കുവാനുള്ള അവസരമാക്കി മാറ്റാൻ സംവിധായകനു കഴിയുന്നു.
            ഗൌരവമേറിയ പ്രമേയങ്ങളെ ഇഷ്ടപ്പെടുന്നവരെയും , സിനിമയെ ഗൌരവമായി  സമീപിക്കുന്നവരെയും ഈ സിനിമ ഒരിക്കലും നിരാശരാക്കില്ല എന്ന ഉറപ്പോടെ നിർത്തുന്നു.


1 comment:

  1. കഥാതന്തു ലളിതമാണെങ്കിലും പ്രമേയാവതരണത്തിന് സ്വീകരിച്ച ഘടന കഥാപാത്രങ്ങൾക്ക് സങ്കീർണ്ണത നൽകി. കേസന്വേഷണം ആരംഭിക്കുന്ന സീൻ പലതവണ ആവർത്തിച്ചു വരുന്നുണ്ടെങ്കിലും തുടർ രംഗങ്ങളിലെ വേറിട്ട ഫ്രൈമുകൾ (ANGLE , CHARACTER PROJECTION) വ്യത്യസ്ത വീക്ഷണ തലങ്ങളിലേയ്ക്കും, വ്യത്യസ്ത കഥാപാത്രങ്ങളിലേക്കും നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. അതിനാൽ ആവർത്തിച്ചു വരുന്ന രംഗങ്ങൾ ബോറടിപ്പിക്കുന്നതിനു പകരം നമുക്ക് കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കുവാനുള്ള അവസരമാക്കി മാറ്റാൻ സംവിധായകനു കഴിയുന്നു.

    ReplyDelete