Sunday 28 December 2014

EARTH AND ASHES (2004)



FILM : EARTH AND ASHES (2004)
GENRE : DRAMA
COUNTRY : AFGANISTAN
DIRECTOR : ATIQ RAHIMI

         ATIQ RAHIMI തന്റെ നോവലിന് സിനിമാഭാഷ്യം തീർത്തപ്പോൾ നമുക്ക് ലഭിച്ചത്  അഫ്ഗാനിസ്താന്റെ ആകുലതകളെ പകരുന്ന ശക്തമായ ഒരു സിനിമയാണ്. എല്ലാം തകർന്നടിഞ്ഞ അഫ്ഗാനിലെ മരുസമാനമായ പ്രദേശത്തിന്റെ എല്ലാ അസഹാനീയതകളും അവിടങ്ങളിലെ ജീവിതങ്ങളിലും നിഴലിക്കുന്നതിന്റെ നേർക്കാഴ്ചയാകുന്നു EARTH AND ASHES.
          വൃദ്ധനായ "ദസ്തഗിർ" , ഗ്രാമത്തെ നിലംപരിശാക്കിയ ഉഗ്ര സ്ഫോടനത്തിൽ ബധിരനാക്കപ്പെട്ട പേരമകൻ "യാസീൻ" എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ സിനിമ, മകനെ അന്വേഷിച്ചിറങ്ങിയ ദസ്തഗിന്റെ കഥ പറയുന്നു. ഉറ്റവർ മരണപ്പെട്ട വിവരം മകനെ അറിയിക്കുന്നതിനായി അവൻ ജോലി ചെയ്യുന്ന ഖനിയിലേയ്ക്ക് പോകാൻ വാഹനത്തിനായി പേരമകനോടൊപ്പം  കാത്തിരിക്കുകയാണ് അയാൾ. അവരുടെ കാത്തിരിപ്പിനിടയിൽ അവർ കണ്ടുമുട്ടുന്നവരും, ദസ്തഗിറിന്റെ തന്നെ ചിന്തകളുമാണ് സിനിമയിലേയ്ക്ക് ഉൾക്കാഴ്ച നൽകുന്നത്.
         റിയാലിസ്റ്റിക്കും , സർറിയലിസ്റ്റിക്കുമായ ഇമേജുകളിലൂടെ യുദ്ധത്തിനേയും, അഫ്ഗാൻ  ജീവിത സാഹചര്യങ്ങളെയും  അടയാളപ്പെടുത്താനുള്ള ശ്രമങ്ങൾ സിനിമയിൽ ധാരാളം കാണാം. കൈകളിലോ, സ്വന്തം കഴുത്തിലോ ചോര പുരളുന്ന ലളിത നിയമങ്ങളുടെ പ്രായോഗികത തെളിയിക്കപ്പെടുന്ന വേട്ട നിലങ്ങളിൽ മൃതിയറ്റു പോയവർ ഭാഗ്യവാൻമാരാകുന്ന ദയനീയതയെയാണ് ഈ സിനിമ ഓർമ്മിപ്പിക്കുന്നത്. മറ്റുള്ളവരെല്ലാം മൂകരാണെന്ന് തെറ്റിദ്ധരിക്കുന്ന ബധിരനായ കുട്ടിയും അവന്റെ സംശയങ്ങളും ആർക്കു നേരെയാണ് വിരൽ ചൂണ്ടുന്നത് എന്ന ചിന്ത നമ്മിൽ ബാക്കിയാകുന്നു. നമ്മുടെ ശബ്ദങ്ങളെയും നാം കുഴിവെട്ടി മൂടിയോ?... എന്ന സന്ദേഹവും നമുക്കൊപ്പം ചേരുന്നു.
            കഥാപാത്രങ്ങളുടെ  കുറവും, സംഭാഷങ്ങളുടെ ചടുലതയില്ലായ്മയും  കാരണം ചിലർക്കെങ്കിലും ഈ സിനിമ അരുചി തോന്നിപ്പിക്കും എന്ന ഓർമ്മപ്പെടുത്തലോടെ , എവിടെയോ വായിച്ച ആരുടെയോ വാക്കുകൾ ഓർമ്മയിൽ നിന്നും കടമെടുത്ത് നിങ്ങളുടെ ചിന്തകളിലേയ്ക്ക് സമർപ്പിക്കുന്നു.....
                         " കറുത്ത കാലങ്ങളിൽ ഗാനങ്ങൾ ഉണ്ടാകുമോ?...
       കറുത്ത കാലങ്ങളിൽ ഗാനങ്ങളുണ്ടാകും , കറുത്ത കാലങ്ങളെക്കുറിച്ച്......"


Saturday 27 December 2014

THE TEACHER’S DIARY (2014)



FILM : THE TEACHER’S DIARY (2014)
GENRE : ROMANTIC DRAMA
COUNTRY : THAILAND
DIRECTOR : NITHIWAT THARATHORN

           ഈ വർഷത്തെ വിദേശ ഭാഷാ ചിത്രത്തിനുള്ള  ഓസ്കാർ അവാർഡിനായി സമർപ്പിക്കപ്പെട്ടത് എന്ന ഉറപ്പിന്മേൽ കണ്ടു തുടങ്ങിയ  തായ് സിനിമയായ THE TEACHER'S DIARY മനം കവർന്ന പ്രണയാനുഭവമായി. പ്രണയ സിനിമകളുടെ  സ്ഥിരം പ്ലോട്ടിൽ നിന്ന് മാറി തികച്ചും വ്യത്യസ്തമായ കഥപറച്ചിൽ രീതി അവലംബിച്ചതാണ് ഈ സിനിമയുടെ മാധുര്യം വർദ്ദിപ്പിച്ചത്‌.
                      THAILAND-ലെ വളരെ വിദൂരമായ ഒരു നദിയോര ഗ്രാമത്തിലെ ഒറ്റപ്പെട്ടു കിടക്കുന്ന FLOATING HOUSE BOAT SCHOOL-ൽ ടീച്ചേഴ്സ് ആയി എത്തുന്ന നായകന്റെയും, നായികയുടെയും ഹൃദയവിചാരങ്ങളാണ് സിനിമയുടെ നട്ടെല്ലാവുന്നത്. ഒന്നിടവിട്ടുള്ള വർഷങ്ങളിൽ അവിടെയെത്തുകയാണ് അവർ. ആദ്യമെത്തുന്ന നായികയെ(ANN) രണ്ടാമതെത്തുന്ന SONG, അവൾ അവശേഷിപ്പിച്ച ഡയറിയിലൂടെ ഹൃദയത്തിലേറ്റുകയാണ്. SONG കുറിച്ചുവെയ്ക്കുന്ന വരികളിലൂടെ നായികയും പ്രണയത്തിന്റെ ഓളങ്ങളിലെയ്ക്ക് തെന്നി വീഴുന്നതായി കാണാം. എന്നാൽ രണ്ടു പേരുടെയും വ്യക്തിജീവിതങ്ങളിലെ സമാന്തരമായ ബന്ധങ്ങളും, സാഹചര്യങ്ങളും സിനിമയുയർത്തുന്ന അകാംഷയ്ക്കു ബലമേകുന്നു. കഥാഗതിയെ വഴിതിരിച്ചു വിടാനുള്ള ശ്രമമെന്ന രീതിയിൽ അവതരിച്ച രംഗങ്ങൾ സ്ഥിരം ചേരുവകളായി വന്നടിയുന്ന നാടകീയത വമിക്കുന്ന അംശങ്ങളായി അനുഭവപ്പെടുന്നു.
           FLOATING HOUSE BOAT SCHOOL-ലെ ടീച്ചർ കേവലമൊരു ടീച്ചർ മാത്രമല്ല എന്നതുപോലെ , ഈ സിനിമയും ഒരു റൊമാന്റിക് ഡ്രാമ എന്നതിനപ്പറത്തേയ്ക്ക് വളരുന്നു. സ്കൂളിലെ കുട്ടികളോടോത്തുള്ള  അവരുടെ നിമിഷങ്ങൾ തമാശയും, സന്തോഷവും, വികാര തീവ്രതയും  സ്ഫുരിക്കുന്ന നിമിഷങ്ങളയി മാറുന്നു. അതിമനോഹരമായ ദൃശ്യങ്ങൾ അനിവാര്യതയാകുന്ന ഗ്രാമീണത സിനിമയെ നയനാനന്ദകരമായ അനുഭവമാക്കുമെന്നതിൽ സംശയമില്ല.
              പ്രണയ സിനിമകൾ ആവർത്തന വിരസതയേകും എന്ന് പറയാറുണ്ടെങ്കിലും, പ്രണയം തളിർത്തു പൂവിടുന്നത്  എനിക്ക് മടുക്കാത്ത കാഴ്ചയായത് കൊണ്ടാവാം , ഈ സിനിമയും നന്നേ ബോധിച്ചത്. നിങ്ങളിലും ഈ സിനിമ പ്രണയ മർമ്മരം തീർക്കുമെന്ന ഉറപ്പോടെ നിർത്തുന്നു.   


Friday 26 December 2014

TANGERINES (2013)



FILM : TANGERINES (2013)
COUNTRY : GEORGIA-ESTONIA
GENRE : WAR DRAMA
DIRECTOR : ZAZA URUSHADZE

             യുദ്ധവിരുദ്ധത പ്രമേയമായുള്ള അതിമനോഹരമായ ജോർജ്ജിയൻ-എസ്തോണിയൻ സിനിമയാണ് TANGERINES. മനുഷ്യക്കുരുതികളുടെ ചോരച്ചാലുകൾ ബാക്കിയാക്കുന്ന യുദ്ധങ്ങളുടെ അർഥമില്ലായ്മയെ മാനവികതയുടെ വെളിച്ചത്തിൽ ദൃശ്യമാക്കുന്നു ഈ സിനിമ. അബ്കാസിയൻ  അതിർത്തിയിലുള്ള എസ്തോണിയൻ ഗ്രാമത്തിന്റെ പശ്ചാത്തലമാണ് ഈ ദൃശ്യാനുഭവം ചമയ്ക്കാൻ സംവിധായകൻ തെരഞ്ഞെടുത്തിട്ടുള്ളത്.
          ജോർജ്ജിയ-അബ്കാസിയ യുദ്ധം ഈ ഗ്രാമത്തിലെ താമസക്കാരെയെല്ലാം കടപുഴക്കിയിരിക്കുന്നു. ഓറഞ്ച് തോട്ടത്തിന്റെ ഉടമയായ  "മാർഗസ്" , അയാളെ സഹായിക്കുന്ന വൃദ്ധനായ  "ഇവോ"  എന്നിവർ മാത്രം അവശേഷിച്ച ഗ്രാമവും, ഈ യുദ്ധം അവിടെ ഒരുക്കുന്ന സംഭവവികാസങ്ങളുമാണ് ഈ സിനിമയുടെ 86 മിനുട്ടിനെ സമ്പന്നമാക്കുന്നത്. ഉയിർപ്പിന് നാന്ദിയാവേണ്ട മണ്ണിന്റെ വിരിമാറിലേയ്ക്ക് നിണമണിഞ്ഞ്‌ ചേതനയറ്റ ഉടലുകൾ പതിക്കുന്ന ഭീകരത നമ്മെ കാത്തിരിക്കുന്നു. അബ്കാസിയക്കാരും, ജോർജ്ജിയക്കാരും , ചെച്നിയക്കാരും ആയുധമേന്തി മുന്നിൽ നിന്നപ്പോഴെല്ലാം    ഇവോയുടെ മുഖത്ത് നിഴലിച്ച ചോദ്യം നമ്മുടെ ഹൃദയങ്ങളിലും മന്ത്രിക്കുമെന്ന് തീർച്ച. ഒരു കുടക്കീഴിൽ ഒരുമിച്ചു നിർത്തിയാൽ തിരിച്ചറിയാവുന്ന അന്തസ്സാര ശൂന്യമായ അവകാശവാദങ്ങളിലാണ് യുദ്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നത് എന്ന യാഥാർത്ഥ്യം AHMED , NIKKO എന്നിവരിലൂടെ നമുക്കും അനുഭവിക്കാനാവുന്നു. ദേശ-സാംസ്കാരിക പുറന്തോലുകൾ പൊഴിച്ച് മനുഷ്യത്വത്തിന്റെ സൗന്ദര്യത്തിലേയ്ക്ക് ഇവർ നടന്നടുക്കുന്നതും ഹൃദ്യമായ കാഴ്ചയായിരുന്നു.
              യുദ്ധങ്ങൾ വെറുക്കപ്പെടേണ്ടതും , അവസാനിപ്പിക്കേണ്ടതുമാണെന്ന  സത്യങ്ങൾക്ക് മുകളിലും  ശവക്കൂമ്പാരങ്ങൾ നിറയുമ്പോൾ, "യുദ്ധം കുടികൊള്ളുന്നത് നമ്മുടെയുള്ളിൽ തന്നെയാണെന്ന്" സംശയിച്ചു പോകുന്നു. അശാന്തിയുടെയും, ദുരിതങ്ങളുടെയും ദിനങ്ങൾ മാത്രം കരുതിവെയ്ക്കുന്ന യുദ്ധങ്ങളെ പറിച്ചെറിയാൻ നമുക്കാവട്ടെ.....


Wednesday 24 December 2014

DRY SEASON (2006)



FILM : DRY SEASON (2006)
COUNTRY : CHAD
GENRE : DRAMA
DIRECTOR : MAHAMAT SALEH HAROUN

            ജീവിതക്കാഴ്ചകളുടെ വൈവിധ്യമാർന്ന സിനിമാ ഭാഷ്യങ്ങൾ തേടി ഭൂഖണ്ഡങ്ങളിൽ നിന്നും ഭൂഖണ്ഡങ്ങളിലെയ്ക്ക് ചേക്കേറിയപ്പോഴെല്ലാം ആഫ്രിക്ക സമ്മാനിച്ചത്‌ വേറിട്ട കാഴ്ചകളായിരുന്നു. DRY SEASON എന്ന  "ചാഡ്" സിനിമയും അത്തരത്തിൽ വ്യത്യസ്തത തേടുന്ന സിനിമാപ്രേമിക്ക്‌ , ലാളിത്യത്തിന്റെ ഫ്രൈമുകളിൽ  തീർത്ത ശക്തമായ സിനിമാ കാഴ്ചയാകുന്നു.
          നാൽപ്പത് വർഷത്തോളം നീണ്ടു നിന്ന ചാഡിലെ ആഭ്യന്തര യുദ്ധത്തിലെ കുറ്റവാളികൾക്ക്  പൊതുമാപ്പ് നൽകുന്ന വാർത്തയുടെ അസ്വസ്ഥത നുരയുന്ന GUMAR ABACHA-യുടെയും , പേരമകൻ ATHIM-ന്റെയും മുഖങ്ങളിൽ വൈരത്തിന്റെ ആഴത്തിലുള്ള വേരുകൾ നമ്മൾ കാണുന്നിടത്ത് നിന്നാണ് സിനിമ തുടങ്ങുന്നത്. വംശങ്ങളും, ഗോത്രങ്ങളും, പ്രതികാരങ്ങളും സിരകളിൽ കുടികൊള്ളുന്ന  ആഫ്രിക്കൻ മനസ്സ് തന്നെയാണ് അബാച്ചയുടേത്. തന്റെ മകന്റെ ഘാതകനെ വകവരുത്തുന്നതിനായി ആയുധവും, ആജ്ഞയും നൽകുകയാണ് അയാൾ.
                 പ്രതികാര ചിന്തയുടെ ഒരിക്കലും അണയാത്ത കനലിനെ ATHIM-ന്റെ മുഖം സിനിമയിലുടനീളം വ്യക്തമാക്കുന്നു. "നസ്സാര" എന്ന ശത്രുവിനെ എളുപ്പത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടും , അയാളുടെ സ്വകാര്യമായ അതിരുകളിലേയ്ക്ക് പോലും നുഴഞ്ഞുകയറിയിട്ടും,   വൈരത്തിന്റെ കൊടുംചൂടിൽ തിളച്ചു മറിയുന്ന ATHIM പിതൃഘാതകനെ  വധിക്കാൻ കാത്തുനിൽക്കുന്നതെന്തിന്?...... ഈ ചിന്ത തന്നെയാവും കാഴ്ച്ചകാരനെ  സിനിമയിലുടനീളം ഭരിക്കുന്നത്‌.
               പ്രതികാര വാഞ്ചയിൽ കെട്ടിയുയർത്തിയ , ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത ATHIM-ന്റെ പ്രകൃതം സിനിമയെ കൂടുതൽ ആകാംഷാഭരിതമാക്കുന്നു. നസ്സാരയുടെ ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വൈകാരിക നിമിഷങ്ങൾക്കിടയിലും ATHIM എടുക്കുന്ന നിലപാടുകൾ,  സിനിമയെ ശക്തമായ പ്രമേയത്തിലൂന്നിയ  കാഴ്ചയാക്കുന്നു. ATHIM, NASSARA, AICHA(നസ്സാരയുടെ ഭാര്യ) എന്നീ പ്രധാന കഥാപാത്രങ്ങളെ പോലെ സിനിമയിലെ മറ്റു കഥാപാത്രങ്ങളും വ്യക്തമായ അടയാളങ്ങൾ അവശേഷിപ്പിക്കുന്നു.
        ലളിതമെന്ന് ഉപരിപ്ലവമായ കാഴ്ചയിൽ വിധിയെഴുതാമെങ്കിലും സിനിമയുടെ തീവ്രതയിൽ വെള്ളം ചേർക്കാതെ അവസാന ഫ്രൈയിം വരെ കാഴ്ചക്കാരനെ പിടിച്ചിരുത്തുന്ന വ്യക്തവും , ശക്തവുമായ കലാസൃഷ്ടിയാകുന്നു ഈ സിനിമ. വെറുപ്പിന്റെ തുടർച്ചകൾ സൃഷ്ട്ടിക്കുന്ന ജീവിതത്തിന്റെ ഇടർച്ചകളെ ഓർമ്മപ്പെടുത്തുന്നു DRY SEASON. 


Tuesday 23 December 2014

COMING HOME (2014)



FILM : COMING HOME (2014)
COUNTRY : CHINA
GENRE : DRAMA
DIRECTOR : YIMOU ZHANG

                ചൈനീസ് കൾച്ചറൽ റെവല്യൂഷന്റെയും   അതിനു ശേഷമുള്ള വർഷങ്ങളുടെയും പശ്ചാത്തലത്തിൽ , സ്നേഹം വറ്റാത്ത ദാമ്പ്യത്യത്തിന്റെ അതിമനോഹരവും, വൈകാരികതയെ  തലോടുന്നതുമായ കഥ പറയുന്നു YIMOU ZHANG-ന്റെ COMING HOME. വീട്ടിലേയ്ക്ക് ഒരു കാൽപ്പാടകലെ നിൽക്കുമ്പോഴും ഓർമ്മകളുടെ താളുകളിലേയ്ക്ക് അനന്തമായ വീഥികൾ താണ്ടേണ്ടി വരുന്ന നിസ്സഹായതയെപ്പോലും സ്നേഹത്തിന്റെ ഉറവയാൽ എതിരിടുന്ന കാഴ്ചയാകുന്നു ഈ സിനിമ. വെട്ടിമാറ്റപ്പെട്ട മുഖങ്ങളേയും , മാഞ്ഞുപോയ  അക്ഷരങ്ങളെയും വീണ്ടെടുക്കേണ്ടി വരുന്ന തിരിച്ചു വരവ് വൈകാരിക തീവ്രമാകുന്നത് അവർക്കിടയിൽ ഉയർത്തപ്പെട്ട മതിൽ  കവർന്നെടുത്ത  വർഷങ്ങളെക്കുറിച്ച്  ഓർക്കുമ്പോഴാണ്. പ്രായത്തിന്റെയും , പ്രണയത്തിന്റെയും, മറവിയുടെയും വീര്യം കൂടിക്കൊണ്ടിരിക്കുമ്പോൾ കൂടിച്ചേരലിന്റെയും , വീണ്ടെടുക്കലിന്റെയും, കാത്തിരിപ്പിന്റെയും അനന്തതയിലേയ്ക്ക് സിനിമ കണ്‍ചിമ്മുന്നു. നോവിന്റെ ചരിത്രം സ്വന്തമായുള്ള സ്നേഹത്തിന്റെ മനോഹര നിമിഷങ്ങൾക്കായുള്ള നമ്മുടെ കാത്തിരിപ്പ് ബാക്കിയാവുന്നു. 


Friday 19 December 2014

WINTER SLEEP (2014)



FILM : WINTER SLEEP (2014)
GENRE : DRAMA (196 Min)
COUNTRY : TURKEY
DIRECTOR : NURI BLIGE CEYLAN

                  കാൻ ചലച്ചിത്ര മേളയിലെ വിഖ്യാതമായ "പാം  ദോർ " പുരസ്കാരത്തിനർഹമായ  സിനിമയാണ് WINTER SLEEP. മികവുറ്റ അനവധി സിനിമകൾ നമുക്ക് സമ്മാനിച്ച NURI BILGE CEYLAN-ന്റെ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന ദൃശ്യാനുഭവം. 196 മിനുട്ടിന്റെ ദൈർഘ്യമുള്ള മന്ദഗതിയിലുള്ള  കാഴ്ചകളിൽ പ്രേക്ഷകനെ പിടിച്ചു നിർത്താൻ  കഴിയുന്നത്‌ ഈ സിനിമയുടെ കലാപരമായ ഔന്നത്യം മൂലമാണ്.
             ഈ സിനിമയുടെ ചട്ടക്കൂട് തീർക്കുന്നത് മൂന്ന് കഥാപാത്രങ്ങളാണ്, അതിന് ബലമേകുന്നത് AMBIGUITY നിറഞ്ഞ അവരുടെ സംവാദങ്ങളുമാണ്. അനറ്റോളിയയിലെ മഞ്ഞു പുതയുന്ന ഗ്രാമങ്ങളിലൊന്നിലെ പ്രകൃതിദത്തം എന്ന് തോന്നിപ്പിക്കുന്നതും, പാറകളിൽ നിർമ്മിച്ചതുമായ   ഹോട്ടലിന്റെ അകത്തളങ്ങളിലാണ് കഥാപാത്രങ്ങൾക്കൊപ്പം നമ്മളും കൂട്ടിരിക്കേണ്ടി വരുന്നത്. ബൗദ്ധികമായി ഉയർന്നവനെന്ന് തോന്നിപ്പിക്കുന്ന ഹോട്ടൽ ഉടമസ്ഥനായ പഴയകാല നാടകനടൻ  അയാദിൻ , സുന്ദരിയും, ചെറുപ്പക്കാരിയുമായ അയാളുടെ ഭാര്യ  നിഹാൽ , വിവാഹമോചിതയായി വന്നെത്തിയ സഹോദരി നെക്ക്ല  എന്നിവരെയാണ് നമ്മുടെ കണ്ണുകളും കാതുകളും സൂക്ഷമമായി പിന്തുടരേണ്ടത്. ദാമ്പത്യ-കുടുംബ-സഹജീവി ബന്ധങ്ങളിലെ സ്വത്വ സംഘർഷങ്ങളുടെ ഇഴകളെ പിരിച്ച് സൂക്ഷ്മതലത്തിൽ വിശകലനം ചെയ്യുന്നു ഈ സിനിമ.സ്വത്വത്തെ തേടാനും, അസ്തിത്വത്തെ പ്രീതിപ്പെടുത്താനുമുളള ബോധപൂർവ്വമായ ശ്രമങ്ങളായി കഥാപാത്രങ്ങളുടെ പല ചെയ്തികളെയും വായിക്കാം. MORALITY, CONSCIENCE, IGNORANCE, HONESTY എന്നീ വാക്കുകൾ  ഇടതടവില്ലാതെ ഉരുവിടുന്ന അയാദിൻ എന്ന കഥാപാത്രത്തിൽ നിഴലിക്കുന്ന AMBIGUITY ഈ വാക്കുകളിലേയ്ക്കും പടർന്നു കയറുന്നതായി അനുഭവപ്പെടുന്നു. സിനിമയിലെവിടെയോ മാഞ്ഞുപോകുന്ന സഹോദരി ആഖ്യാനത്തിലെ അനിവാര്യമായ സാന്നിദ്ധ്യമായി അനുഭവപ്പെടുന്നു.
              ഇസ്മായിൽ എന്ന വാടകക്കാരനുമായി ഉണ്ടാകുന്ന പ്രശ്നങ്ങളും,  അത്  സൃഷ്ടിക്കുന്ന സാഹചര്യങ്ങളും യഥാർത്ഥത്തിൽ സ്വത്വ സംഘർഷങ്ങളെ ദൃശ്യ ഭാഷയിൽ വ്യക്തമാക്കാനായി ഒരുക്കിയെടുത്തവയായി  തോന്നി. മെരുക്കിയെടുക്കാൻ ശ്രമിക്കുന്ന കുതിരയും, പിടയുന്ന മുയലും അപഗ്രഥനത്തിന്റെ  തട്ടിൽ കഥാപാത്ര അസ്ത്വിത്വങ്ങളെയോ , ആന്തരിക സംഘർഷങ്ങളെയോ സൂചിപ്പിക്കുന്ന കാഴ്ചകളായിരുന്നു. അധീശത്വവും, വിധേയത്വവും, സ്വാതന്ത്ര്യ വാഞ്ചകളും മനസ്സിന്റെ ആലയങ്ങളായി മാറുന്നു. ബാഹ്യമായി നിലകൊള്ളുന്ന സ്വത്വത്തിന്റെ പ്രകടനങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന ആന്തരിക സംഘർഷങ്ങളുടെ ഏറ്റുമുട്ടലുകളിലേയ്ക്ക് വെളിച്ചം തൂകാനും ഈ സിനിമയ്ക്ക്‌ സാധിക്കുന്നു.
             വശ്യ സുന്ദരമായ ഫ്രൈമുകൾക്ക് പഞ്ഞമില്ലാത്ത മറ്റു CEYLAN സിനിമകളെ പോലെ സിനെമാറ്റോഗ്രഫി പലപ്പോഴും BREATH TAKING EXPERIENCE പകരുന്നു. തിരക്കഥയുടെ മേന്മ തന്നെയാണ് മൂന്നു മണിക്കൂറും പതിനാറു മിനുട്ടും പിന്നിടുന്ന ഈ സിനിമയെ ആസ്വാദ്യകരമാക്കി മാറ്റുന്നത്. കാസ്റ്റിംഗ് വളരെ മികച്ചതായി തോന്നി. വളരെ സൂക്ഷ്മ തലത്തിലുള്ള EXPRESSIONS പോലും നിയന്ത്രണ വിധേയമാക്കി അയാദിൻ എന്ന കഥാപാത്രത്തിന്റെ എല്ലാ സവിശേഷതകളേയും വ്യക്തമായി  പ്രതിഫലിപ്പിക്കുന്ന പ്രകടനമാണ് അയാദിൻ എന്ന റോൾ കൈകാര്യം ചെയ്ത HALUK BILGINER-ൽ നിന്നുമുണ്ടായത്. CEYLAN-ന്റെ ആഖ്യാന ശൈലിയുടെ ആരാധകർക്ക് മിഴിവുറ്റ ദൃശ്യ വിരുന്നാകുന്നു അദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ WINTER SLEEP.
                 മനോവിശ്ലേഷണത്തിന്റെ പുതു വീഥികളിൽ വെളിച്ചം വിതറി നമ്മെ നയിക്കുന്ന ഈ സിനിമ , ഒരു ശക്തമായ CHARACTER STUDY എന്ന നിലയിലും വേറിട്ട ഇടം കണ്ടെത്തുന്നു. തളച്ചിടാനോ, വരച്ചിടാനോ കഴിയാത്ത വിധം ഗഹനമേറിയ മനുഷ്യ മനസ്സിന്റെ വൈജാത്യങ്ങളെ വിശകലനം ചെയ്യുന്ന ഉത്കൃഷ്ഠ ഗ്രന്ഥങ്ങൾ വായിക്കുന്ന അനുഭവമാണ് ഈ സിനിമയും പകരുന്നത്. എല്ലാ അർഥത്തിലും ഒരു "മാസ്റ്റർപീസ്" എന്ന വിശേഷണം അർഹിക്കുന്ന  ദൃശ്യ വിസ്മയമാണ് WINTER SLEEP.  


Thursday 18 December 2014

IFFK-2014 അനുഭവങ്ങൾ

IFFK-2014 അനുഭവങ്ങൾ

ഞാനും , ചലച്ചിത്ര മേളയും 

           ഒരു സിനിമ ആസ്വാദകൻ എന്ന നിലയിൽ എന്നെ കൂടുതൽ REFINE ചെയ്ത നിമിഷങ്ങളായിരുന്നു IFFK-2014 ലെ അനുഭവങ്ങളും കാഴ്ചകളും. സ്ക്രീനിലെ ദൃശ്യ വിസ്മയങ്ങൾക്കൊപ്പം  , പരിസരങ്ങളിലെ ഊർജ്ജ്വസ്സലമായ ശബ്ദ മുഖരിതമായ അന്തരീക്ഷവും മായാത്ത ചിത്രങ്ങളായി മനസ്സിൽ ബാക്കിയായി. വീണ്ടും വന്നണയാൻ  കൊതിപ്പിക്കുന്ന ഉത്സവമായി ചലച്ചിത്ര മേളകൾ മാറുന്നതിന്റെ കാരണങ്ങളെ അനുഭവിക്കാനായതിനെ ലളിതമായി കുറിച്ചിടുകയാണ്  ഈ വരികളിൽ.

വ്യക്തികൾ , ചിന്തകൾ, ആശയങ്ങൾ , പ്രതിഷേധങ്ങൾ 

     നല്ല സിനിമകളെ നെഞ്ചിലേറ്റുന്ന ക്ലാസ് പ്രേക്ഷകർക്കിടയിൽ ഇരുന്ന് മികച്ച സൃഷ്ടികൾ ആസ്വദിക്കുകയെന്ന അമൂല്യതയാണ് മേള സമ്മാനിക്കുന്നത്. ആഖ്യാനങ്ങളും, പ്രമേയങ്ങളും, സർഗ്ഗധനരായ സിനിമാ പ്രേമികളും ചിന്തകളിൽ തീർത്ത ആശയധാരകളുടെ കുത്തൊഴുക്കിൽ മതിമറന്ന് ഉല്ലസിക്കാനായി എന്നതാണ് സന്തോഷദായകമായ കാര്യം. മേളയുടെ പരിസരങ്ങളിൽ കണ്ടു മുട്ടിയ വ്യക്തികളും, പലരുമായും നടത്തിയ സംഭാഷണങ്ങൾ പകർന്ന പുതിയ അറിവുകളും, പ്രതിഷേധങ്ങളുടെ ദുർബലമാവാത്ത വാക്ധോരണികളും ഈ മേളയുടെ സുവനീറുകളായി  എന്റെ ഓർമ്മകളിൽ നിറയും. പെറ്റമ്മ പോലെ പ്രിയപ്പെട്ട മലയാളത്തിൽ സബ് ടൈറ്റിൽ  വേണമെന്ന മുദ്രാവാക്യങ്ങൾക്കിടയിൽ ഞാൻ കണ്ടു മുട്ടിയവരിൽ  , IFFK-യിലെ സിനിമാ സെലക്ഷനെ പ്രകീർത്തിച്ച ജർമ്മൻ വനിതയും, ബോളിവുഡിലെ അന്തസ്സാര ശൂന്യമായ കാഴ്ച്ചകളിൽ നിന്നും കണ്ണെടുത്ത്‌ IFFK പോലുള്ള മേളകളിലേയ്ക്ക് പ്രതീക്ഷയോടെ കണ്ണ്‍ പായിക്കുന്ന ഒറിയ ഫിലിം  എഡിറ്ററും ഓർമ്മയിലെത്തി. മനസ്സിലാകുന്ന ഭാഷ മസ്തിഷ്കത്തിലേക്കും , മാതൃഭാഷ ഹൃദയത്തിലേയ്ക്കും തുളച്ചു കയറുമെങ്കിലും , ഭാഷ-ദേശ അതിർ വരമ്പുകളില്ലാത്ത ഉത്സവമായി IFFK നില നിൽക്കട്ടെ എന്നതാണ് എന്റെ പക്ഷം.

     സിനിമകൾക്കിടയിലുള്ള ഇടവേളകളിലും , ഒരു വേദിയിൽ  നിന്ന് മറ്റൊന്നിലേയ്ക്കുള്ള  പരക്കം പാച്ചിലിനിടയിലും , അരാജകത തുളുമ്പി നിൽക്കുന്ന കുടിയനായ വെളുത്ത തലമുടിക്കാരനെ കണ്ടു. ആൾക്കൂട്ടത്തിലേയ്ക്ക് അലിഞ്ഞു ചേരുന്ന അയാളുടെ യാചനകളിൽ സർഗ്ഗാത്മകതയുടെ പഴയ വേരുകൾ കണ്ടെടുക്കാം. ഹിമാലയ സാനുക്കളിൽ നിന്നും കൊണ്ടു  വന്ന മാലയും , പുകയാൻ കാത്തു നിൽക്കുന്ന സിഗരറ്റിനും  , കവർന്നെടുക്കാനാവാത്ത സർഗ്ഗാത്മകത എന്നോ അവശേഷിപ്പിച്ച കവിതകൾക്കും പകരം ലഹരിയുടെ മടിത്തട്ടിലേയ്ക്ക് മയങ്ങി വീഴാനുള്ള പണത്തിനായുള്ള യാചനകൾ , ഞാനും അയാളും വീണ്ടും സംബന്ധിക്കുന്ന വേളയിലും കാണാമെന്നായിരുന്നു അനുഭവസ്ഥരുടെ മൊഴികൾ.
                തറയിൽ ഇരിക്കുന്നവർക്ക് അസൂയ ഉണ്ടാക്കുന്ന വിധത്തിൽ , ശീതളിമയുടെ സുഖത്തിൽ  കസേര സ്വന്തമാക്കാനുള്ള  ആഗ്രഹത്തിൽ അക്ഷമനായി ക്യൂ നിൽക്കുമ്പോൾ എന്റെ  സമീപസ്ഥനോട് ഞാൻ ചോദിച്ച കേവലമായൊരു ചോദ്യത്തിന് കിട്ടിയ മറുപടി , മേള കൊതിക്കുന്ന സിനിമാ ആസ്വാദനത്തിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു.  മികച്ച സിനിമയേതെന്ന എന്റെ ചോദ്യത്തിന് പകരം ലഭിച്ചത്  ആഖ്യാനത്തിലെയും , പ്രമേയത്തിലെയും, ബഹുത്വം പോലെ ആസ്വാദനത്തിലുമുള്ള PLURALITY-യെ കുറിച്ചായിരുന്നു. പഴയ മേളകളുടെ അനുഭവങ്ങൾ നിവർത്തി വെച്ച് "മികച്ചത്" എന്നതിന്റെ  ആപേക്ഷികതയെ തുടക്കകാരനായ എന്നെ ബോധ്യപ്പെടുത്തും വിധം സുദീർഘമായ ചർച്ചയിലെക്കാണ് ആ ചോദ്യം നടന്നു കയറിയത്.
       മനസ്സിൽ സിനിമാ സ്വപ്നങ്ങളുമായി വന്ന സിനിമാ വിദ്യാർത്ഥികളും , യുവാക്കളും ഈ മേളയെ എങ്ങനെ നോക്കിക്കാണുന്നു  എന്നതാണ് മറ്റൊരു കാര്യം. വിഷ്വൽ നരേഷനും , തിരക്കഥയുടെ കെട്ടുറപ്പും , ആവർത്തന വിരസതകളും , പ്രമേയത്തിലെ പുതുമകളും അവരുടെ  ചർച്ചകളിൽ നിറയുമ്പോൾ നാളെയുടെ സിനിമ കാഴ്ചകളെക്കുറിച്ച് ചെറിയ പ്രതീക്ഷകൾ ഉണർന്നു.  ലൈക്കുകൾക്ക് വേണ്ടിയുള്ള കേവല ശ്രമങ്ങളായി മാറുന്ന ഷോർട്ട് ഫിലിം എന്ന മാധ്യമത്തിന്റെ സാധ്യതകളെക്കുറിച്ച് വേവലാതിപ്പെടുന്നവരും , മിനുട്ടുകൾ കൊണ്ട് നമ്മിലേയ്ക്ക് ആശയങ്ങളെ തൊടുത്തുവിടുന്ന ലഘു ചിത്രങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിക്കുന്നവരും നല്ല നിമിഷങ്ങളേകി.
                      തീയെറ്ററിനുള്ളിലെ  നിശബ്ദതയ്ക്കിടയിൽ അപ്രതീക്ഷിതമായി ഉയരുന്ന കയ്യടികൾ സിനിമയിലെ ARTISTIC ELEMENTS-നുള്ള നിസ്സീമമായ അനുമോദനങ്ങളായിരുന്നു . സ്ഥാപനവൽക്കരിക്കപ്പെട്ട  പലതിനും എതിരിടങ്ങളിൽ നിൽക്കുവാൻ ആഗ്രഹിക്കുന്നവരുടെ വാക്കുകളാലും, പ്രവർത്തികളാലും സമരമുഖരിതമായിരുന്നു  തീയേറ്റർ  പരിസരങ്ങൾ. ചുംബന സമരവും, നിൽപ്പ് സമരവും, തെരുവ് നാടകങ്ങളും , നാടൻ പാട്ടുകളും, ഒറ്റപ്പെട്ട എതിർപ്പുകളും തീർത്ത പ്രതിഷേധ ജ്വാലകളുടെ ചൂട് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു.

സിനിമകൾ- ഞാൻ കണ്ടവയിൽ , എന്നെ ആകർഷിച്ചവ   

          മൂന്നു ദിവസങ്ങളിലായി കണ്ട 11 സിനിമകളിൽ നിന്നും  കലാപരമായും , ആസ്വാദനപരമായും  ഇഷ്ടപ്പെട്ടവയെ പരിചയപ്പെടുത്താനുള്ള ഒരു ചെറിയ ശ്രമം
THE LONGEST DISTANCE (VENEZUELA)

       ബന്ധങ്ങളെയും,  നന്മയെയും , നമ്മൾ തെരഞ്ഞെടുക്കുന്ന വിധിയെയും ഓർമ്മിപ്പിച്ച മനോഹരമായ സിനിമ. അംബരചുംബികൾ നിറഞ്ഞ കാരക്കാസ് പട്ടണവും, ഹരിതാഭ വഴിയുന്ന  വെനീസ്വലൻ ഭൂപ്രകൃതിയും പ്രമേയത്തോട് ചേർന്ന് നിൽക്കുന്ന ശക്തമായ സാന്നിധ്യമാകുന്നു. എല്ലാവരും ആയുധം കരുതേണ്ട തരത്തിൽ അപകടം നിറഞ്ഞ പട്ടണത്തിൽ  മോഷ്ടാക്കളുടെ വെടിയേറ്റ്‌ മാതാവ് മരിക്കുന്നതിനെ തുടർന്ന് , ഒരിക്കലും കണ്ടിട്ടില്ലാത്ത അകന്നു കഴിയുന്ന മുത്തശ്ശിയെ തേടി പേരമകൻ നടത്തുന്ന യാത്രയും , അവരുടെ സംഗമം സൃഷ്ടിക്കുന്ന മനോഹര നിമിഷങ്ങളുമാണ്  സിനിമയുടെ ഉള്ളടക്കം. അതി നാടകീയതയുടെ ആധിക്ക്യമില്ലാതെ  തന്നെ നമ്മുടെ ഹൃദയത്തെ സ്പർശിക്കാൻ ഈ സിനെമയ്ക്കാവുന്നു.  ദുരന്തങ്ങളും, സന്തോഷങ്ങളും , തെറ്റിദ്ധാരണകളും കുഴഞ്ഞു മറിയുന്ന ഈ സിനിമ തെരഞ്ഞെടുക്കപ്പെടുന്ന വിധികളെയും, ബന്ധങ്ങളുടെ നൈർമല്യതയെയും , കൊതിപ്പിക്കുന്ന പ്രകൃതി മനോഹാരിതയെയും മനസ്സിൽ അവശേഷിപ്പിക്കുന്നു.

                   
CORN ISLAND (GEORGIA)

   പ്രകൃതിയോട് സമരസപ്പെട്ടും  , പോരാടിയും ജീവിതത്തിന്റെ പാകപ്പെടലിനായി കാത്തിരിക്കുന്ന വൃദ്ധന്റെയും കൊച്ചുമകളുടെയും  കഥ. ജോർജിയ-അബ്കാസിയ എന്നിവയെ വേർത്തിരിക്കുന്ന നദിയിൽ രൂപീകൃതമാകുന്ന ദ്വീപിൽ ചോളം കൃഷി ചെയ്ത് ജീവിതം കരുപിടിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളാണ് സിനിമയിൽ. പ്രകൃതിയുടെ താളത്തിനൊപ്പം ജീവിതത്തിലെ സ്വാഭാവികമായ അനിവാര്യതകളും തലയുയർത്തുന്നതോടെ  സിനിമ കൂടുതൽ ആസ്വാദ്യകരമാകുന്നു. വേറിട്ട കാഴ്ചകളുടെ അവസരമൊരുക്കുന്നു CORN ISLAND.   
 TIMBUKTU (MAURITIANIA)

     MAURITIANIAN  സംവിധായകനായ സിസ്സാക്കോയുടെ TIMBUKTU ജിഹാദി തീവ്രവാദികളുടെ പിടിയിലമരുന്ന ഗ്രാമത്തിന്റെ കഥ പറയുന്നു. ഗ്രാമ നിവാസികളുടെ സ്വച്ഛമായ ജീവിതത്തിലേയ്ക്ക് ഉരുക്കു മുഷ്ട്ടികളുമായി വന്നെത്തി അസ്വാതന്ത്ര്യത്തിന്റെ വിലങ്ങുകൾ അണിയിച്ച് മുന്നേറുന്ന ജിഹാദികൾക്കൊപ്പം , മതത്തിന്റെ യഥാർത്ഥമായ നന്മ നിറഞ്ഞ, സഹിഷ്ണുതയുടെ പ്രതീകങ്ങളെയും അവതരിപ്പിക്കാൻ സംവിധായകൻ ശ്രദ്ധിക്കുന്നുണ്ട്. വിനോദങ്ങൾക്കു പോലും നിരോധനമേർപ്പെടുത്തിയ തീവ്രവാദികൾക്കുള്ള കുട്ടികളുടെ മറുപടി തീയേറ്ററിനുള്ളിൽ കയ്യടികൾ തീർത്തു. വ്യത്യസ്തമായ സാംസ്കാരിക-ദേശ പശ്ചാത്തലത്തിൽ ശക്തമായ ഒരു വിഷയത്തിന്റെ ശരിതെറ്റുകളെക്കുറിച്ചുള്ള ചിന്തകൾ ബാക്കിയാക്കിയ മികച്ച കാഴ്ചയാകുന്നു TIMBUKTU.

DANCING ARABS (ISRAEL)

         ഇസ്രായേലിലെ അറബ് വംശജരുടെ ഐഡന്റിറ്റിയെകുറിച്ചുള്ള സൂചനകൾ നൽകുന്ന ഈ സിനിമ, ഇയാദ് എന്ന അറബ് യുവാവിന്റെയും സഹപാഠിയായ ജൂത പെണ്‍കുട്ടിയുടെയും പ്രണയത്തിന്റെയും, മസ്ക്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച ജോനാതൻ എന്ന ജൂത യുവാവുമായുള്ള ഇയാദിന്റെ സൗഹൃദത്തിന്റെയും കഥ പറയുന്നു. അറബ്-മുസ്ലിം സ്വത്വത്തിന്റെ ഒത്തുതീർപ്പുകളിലൂടെ മുന്നേറുന്ന ഈ സിനിമയും ഇതര പശ്ചിമേഷ്യൻ സിനിമകളിലേതു  പോലെ രാഷ്ട്രീയം പറയുന്നുണ്ട്. മൃദുവെന്ന് തോന്നുമെങ്കിലും രാഷ്ട്രീയത്തിന്റെ ശക്തമായ പ്രതീകങ്ങൾ വാരി വിതറിയ ഇമേജുകൾ തന്നെയാണ് ഈ സിനിമയിലും കാണാവുന്നത്‌.
THEY ARE THE DOGS (MOROCCO)

         മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച മൊറോക്കൻ സിനിമയായ THEY ARE THE DOGS അറബ് വസന്തത്തിന്റെ പശ്ചാത്തലത്തിലെടുത്ത ഡോക്യുമെന്ററി  സ്റ്റൈലിലുള്ള റിയലിസ്റ്റിക്  സിനിമയാണ്. 30 വർഷത്തിനു ശേഷം ജയിൽ മോചിതനായെത്തുന്ന ഒരാൾ അഭ്യന്തര വിപ്ലവത്തിൽ കലങ്ങി മറിയുന്ന CASALBLANCA-യിലെ തെരുവുകളിൽ തന്റെ കുടുംബത്തെ അന്വേഷിക്കുകയാണ്. അയാൾക്കൊപ്പം TV റിപ്പോർട്ടറും , ക്യാമറയും പിന്തുടരുമ്പോൾ റിയലിസ്റ്റിക്കായ തെരുവ് കാഴ്ചകൾ നമുക്കും അനുഭവവേദ്യമാകുന്നു. പ്രധാന കഥാപാത്രമായി അഭിനയിച്ചയാളുടെ തകർപ്പൻ പ്രകടനമാണ് ഈ സിനിമയെ തോളിലേറ്റുന്നത്.

89 (INDIA)

   മിസ്‌റ്ററി  ത്രില്ലറുകളുടെ ആരാധകർക്കായി ഒരുക്കിയിട്ടുള്ള ബംഗാളി ത്രില്ലെർ ആണ് 89. ഒരു ഡാർക്ക് മൂഡ്‌ ത്രില്ലെർ രീതിയിൽ കൈകാര്യം ചെയ്തിട്ടുള്ള ഈ സിനിമ സൈക്യാട്രിസ്റ്റായ നായിക ജയിലിൽ കഴിയുന്ന ഒരു സീരിയൽ കില്ലറെ കണ്ടെത്തി അയാളുമായി സംഭാഷണങ്ങളിൽ എർപ്പെടുന്നതോടെ താളം കണ്ടെത്തുന്നു. കൊലപാതകിയെ കാണാൻ ശ്രമിക്കുന്നതിന്റെ കാരണവും, അവരുടെ സംഭാഷണങ്ങളിലെ    മിസ്‌റ്ററിയുമാണ്‌ സിനിമയെ ഉദ്വേഗജനകമാക്കുന്നത്. NON LINEAR രീതിയിൽ പുരോഗമിക്കുന്ന ആദ്യ ഭാഗങ്ങളും, LINEAR രീതി കൈവരിക്കുന്ന അവസാന ഭാഗങ്ങളും , ബാക്ക്ഗ്രൌണ്ട്‌ മ്യൂസിക്കും സിനിമയുടെ GENRE-നെ ന്യായീകരിക്കുന്നു. ക്ലൈമാക്സ് കിടിലമൊന്നുമല്ലെങ്കിലും , കഥയുടെ കെട്ടുറപ്പിൽ പ്രശ്നങ്ങളുണ്ടെങ്കിലും  ത്രില്ലെർ അനുഭവമേകുന്ന സിനിമ തന്നെയാണ് 89.

ഈ കുറിപ്പിന് വിരാമമിടുന്നതിന് മുമ്പ് പറയാനുള്ളത്

    വെറും 3 ദിവസത്തെ ആയുസ്സ് മാത്രമുണ്ടായ എന്റെ  മേള അനുഭവങ്ങളെയാണ്‌ മുമ്പേ കുറിച്ച വരികളിലൂടെ പകരാൻ ശ്രമിച്ചത്. ഇന്ത്യയിലെ മികച്ച മേളകളിൽ ഒന്നിന്റെ സംഘാടനം പാളിച്ചകൾ നിറഞ്ഞതായിരുന്നു എന്നത് പകൽ പോലെ വ്യക്തമായിരുന്നു. കയ്യൂക്കുള്ളവൻ കാര്യക്കാരനായ നിമിഷങ്ങളിൽ എന്റെ യുവത്വത്തിന്റെ ഊർജ്ജ്വസ്വലതയെ  ആശ്രയിക്കേണ്ടിയും വന്നു. എല്ലാവർക്കും സ്വസ്ഥമായി സിനിമകൾ ആസ്വദിക്കാവുന്ന രീതിയിൽ മികവുറ്റ സംഘാടനം അടുത്ത തവണ ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയോടെ, നല്ല സിനിമകൾക്ക്‌ തീയേറ്റർ പോലും ലഭ്യമാക്കാനാവാത്ത നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെയാണ് ചലച്ചിത്ര മേളയിലെ വൻ ജനപങ്കാളിത്തവും  ഉണ്ടാകുന്നതെന്ന വിരോധാഭാസത്തിലുള്ള അത്ഭുതത്തോടെ , അടുത്ത തവണയും മേളയ്ക്ക് പോകണമെന്ന ആഗ്രഹത്തോടെ നിർത്തുന്നു.

     ഷഹീർ ചോലശ്ശേരി 














Wednesday 17 December 2014

MISS VIOLENCE (2013)



FILM : MISS VIOLENCE (2013)
GENRE : DRAMA
COUNTRY : GREECE
DIRECTOR : ALEXANDROS AVRANAS

                    ഭൗതികതയിലൂന്നിയ ജീവിതങ്ങൾ ഒരുക്കുന്ന ഭീതിയുളവാക്കുന്ന  കുടുംബ ചിത്രങ്ങളും , തിന്മയുടെ തിരിച്ചറിയാനാവാത്ത പ്രച്ഛന്നതയും തെളിയുന്ന ഈ സിനിമ  നമ്മിൽ അസ്വസ്ഥതയും ,  ചിന്തകളിൽ അസഹനീയമായ  പുകയും സൃഷ്ടിക്കുന്നു. ഗ്രീസിന്റെ പശ്ചാത്തലത്തിൽ സംഭവിക്കുന്നതെങ്കിലും , എല്ലായിടത്തും കണ്ടേക്കാവുന്ന  അക മനസ്സിനെ  പിടിച്ചുലയ്ക്കുന്ന കുടുംബ യാഥാർത്ഥ്യങ്ങളേയാണ് MISS VIOLENCE  അനുഭവിപ്പിക്കുന്നത്.
              സന്തോഷം തുടിച്ചു നിൽക്കുന്ന ദിനത്തിൽ, 11-മത്തെ ജന്മദിനാഘോഷത്തിന്റെ മധുരം നുകർന്നും, പങ്കു വെച്ചും മരണത്തെ തെരഞ്ഞെടുക്കുന്ന ANGELIKI-യെന്ന പെണ്‍കുട്ടിയിൽ തുടങ്ങുന്ന ദുരൂഹതയുടെ ചുരുളുകളാണ്  "മിസ്സ്‌ വയലൻസ്" ഒരുക്കിയിട്ടുള്ളത്. അവളുടെ ആത്മഹത്യയുടെ കാരണങ്ങളെ നമ്മൾ പരതുമ്പോഴും , നമുക്ക് മുന്നിൽ നിറയുന്ന കുടുംബത്തിന്റെ പ്രത്യേകതരം  മാനസിക ഘടനകൾ ഉൾക്കൊള്ളാനോ, അപഗ്രഥിക്കാനോ കഴിയാത്ത വിധം സങ്കീർണ്ണമാകുന്നു. ദൃശ്യഭാഷയും , സംഭാഷണങ്ങളും നിഗൂഡതയിലേയ്ക്ക് വെളിച്ചം വീശുമ്പോഴും കാഴ്ചയുടെ "സത്യത്തെ" ഉറപ്പിക്കാൻ നമുക്കാവുന്നില്ല.     
           കുടുംബത്തിൽ സംഭവിക്കുന്ന  ദുരന്തത്തിൽ നിന്നും കുടുംബാംഗങ്ങളെ കരകയറ്റാനുള്ള പിതാവിന്റെ ശ്രമങ്ങളും, വെൽഫയർ ഓഫീസർമാരുടെ ഇടപെടലുകളും സിനിമ അവശേഷിപ്പിക്കുന്ന HAUNTING EXPERIENCE-നെ ബലപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു. വീടുനുള്ളിലെ  തുറന്ന ലോകം , താഴിട്ടു പൂട്ടിയ ആവരണത്തിനുള്ളിലാണെന്ന തിരിച്ചറിവ് പകരുന്നവയായിരുന്നു കഥാപാത്രങ്ങളുടെ വിചിത്ര പെരുമാറ്റങ്ങൾ. ഓരോരുത്തരും വാക്കിലും , നോക്കിലും തീർക്കുന്ന വരകൾ കൂട്ടിയോജിപ്പിക്കാനാവും  നമ്മുടെ ശ്രമം. എങ്കിലും, നിശബ്ദത  നിഗൂഡതയുടെയും , അസ്വസ്ഥതയുടെയും സാന്നിദ്ധ്യമായി അലോസരപ്പെടുത്തുന്നു.
            ഉള്ളുലയ്ക്കുന്ന സത്യത്തിലേയ്ക്കുള്ള  വഴികൾ ദുരൂഹമായിരുന്നതിനാൽ , മൃത്യുഹേതുവിൽ അവിശ്വസനീയത തോന്നിയില്ലെങ്കിലും , വിക്ഷുബ്ദമായ മനസ്സിനെ എന്നിൽ ബാക്കിയാക്കിയാണ് മിസ്സ്‌ വയലൻസ് അവസാനിച്ചത്‌. തീക്ഷണമായ പ്രമേയങ്ങളും, അനുപമമായ ആഖ്യാനങ്ങളും ഇഷ്ടപ്പെടുന്നവരുടെ കണ്ണുകൾ ഗ്രീക്ക് സിനിമകളെയും പിന്തുടരാൻ ഈ സിനിമയും കാരണമാകുമെന്ന് തീർച്ച. അധമത്വവും , മൂല്യ ശോഷണങ്ങളും പെരുകുന്ന ലോകത്തിൽ സാധാരണമായേക്കാവുന്ന വികലമായ സാമൂഹിക ചിത്രങ്ങളിലേയ്ക്കുള്ള ചൂണ്ടുവിരലാകുന്നു ഈ അസുലഭ ദൃശ്യാനുഭവം.

Tuesday 16 December 2014

FAN CHAN (2003)



FILM : FAN CHAN (2003)
COUNTRY : THAILAND
GENRE : COMEDY-DRAMA
            ബാല്യകാലത്തിന്റെ  അതിമനോഹരങ്ങളായ ഓർമ്മകളെ  ആവാഹിക്കുന്ന അനുഭവമാണ് THAILAND സിനിമയായ FAN CHAN (2003). ഗൃഹാതുരതയുടെ പഴകിയ താളുകൾ മനം നിറയ്ക്കുകയും, നിഷ്കളങ്കതയുടെ ശോഭ ചൊരിയുകയും ചെയ്യുന്ന നല്ല ദിനങ്ങളുടെ ഓർമ്മപ്പെടുത്തലാകുന്നു MY GIRL (FAN CHAN).
       ഓർമ്മകളുടെ താഴ്വരകളിലെ ഏറ്റവും മനോഹരങ്ങളായ പൂന്തോപ്പുകൾ ബാല്യത്തിന്റെ കുസൃതികളാൽ പുഷ്പിതമായിരിക്കും എന്നത് തന്നെയാണ് ഈ സിനിമയും പറയുന്നത്. COMING OF AGE എന്ന പേരിൽ തരം തിരിക്കാവുന്ന ഈ സിനിമ, JEAB എന്ന   യുവാവിന്റെ ഓർമ്മകളുടെ ചലിക്കുന്ന ചിത്രങ്ങളായാണ് അവതരിക്കപ്പെടുന്നത്. കളിക്കൂട്ടുകാരിയായിരുന്ന  NOI NAH-യുടെ   വിവാഹ വാർത്ത‍യറിയുന്ന  JEAB പിന്നിട്ട സുദിനങ്ങളെ നമുക്കായി ഓർത്തെടുക്കുന്നു.
              നിറങ്ങളും, കളിയും, ഇണക്കങ്ങളും-പിണക്കങ്ങളും , സ്കൂൾ ജീവിതവും , പ്രകൃതിയും നിറയുന്ന ബാല്യത്തിന്റെ ഓർമ്മചിത്രങ്ങൾ കാഴ്ച്ചക്കാരനെയും  "വർത്തമാനത്തിൽ" നിലകൊള്ളാൻ  അനുവദിക്കാത്ത വിധം മധുരമൂറുന്നവയായിരുന്നു. ആധുനികതയുടെ പിടിമുറുകാത്ത  തലമുറയുടെ കുട്ടിക്കാലത്തെ വ്യക്തമായി അടയാളപ്പെടുത്താനാവുന്ന തരത്തിൽ   സ്ക്രീൻ കയ്യേറിയ  കളികളും , ഗാനങ്ങളും കുളിർമ്മയേകുന്ന തിരിച്ചുപോക്കാവുന്നു.
                അതി മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങളാൽ സമ്പന്നമായ ഗ്രാമീണതയെ ക്യാമറ  ഗിമ്മിക്കുകളുടെ അകമ്പടിയില്ലാതെ തന്നെ ഒപ്പിയെടുക്കാൻ സാധിച്ചിരിക്കുന്നു. യുവത്വത്തിന്റെ കൂട്ടായ്മയിൽ (6 YOUNG DIRECTORS) ഉദയം കൊണ്ട  ഈ സിനിമ വളരെ  REFRESHING  ആയി അനുഭവപ്പെടുന്നു.
                സിനിമയിലെ കഥാപാത്രങ്ങളായി തകർത്തഭിനയിച്ച  കുട്ടികൾ അഭിനന്ദനമർഹിക്കുന്നു. ജാക്ക് എന്ന തടിയൻ പ്രത്യേക പരാമർശം അർഹിക്കുന്ന വിധത്തിൽ തന്റെ  ആകാരം പോലെ കഥാപാത്രമായും നിറഞ്ഞു നിന്നു. സംഗീതവും, ഗാനങ്ങളും സിനിമ പ്രതിനിധീകരിക്കുന്ന കാലഘട്ടത്തിന്റെ ജീവവായുവാകുന്ന തീവ്രത ഉൾക്കൊള്ളുന്നവയായി    തോന്നി.
         കോമഡി-ഡ്രാമ എന്ന് പറയാമെങ്കിലും , കണ്ണുകളെ ഈറനണിയിക്കുന്ന നിമിഷങ്ങൾ അന്യമല്ലാത്ത ഈ സിനിമ, നമ്മെ ഓർമ്മകളിലെ നൊസ്റ്റാൾജിയകളുടെ തുരുത്തുകളിലെയ്ക്ക്  കൈപിടിച്ച് നടത്തുന്നു.

Saturday 29 November 2014

OUR GRAND DESPAIR (2011)

FILM : OUR GRAND DESPAIR (2011)
GENRE : DRAMA
COUNTRY : TURKEY
DIRECTOR : SEYFI TEOMAN
           സൗഹൃദത്തിന്റെയോ , സൗന്ദര്യപ്പിണക്കങ്ങളുടെയോ, സഹാനുഭൂതിയുടെയോ വഴികൾ താണ്ടി പ്രണയത്തിന്റെ മധുരമൂറുന്ന നിമിഷങ്ങളിലേയ്ക്ക് സമ്മേളിക്കുന്നവയാണ് കൂടുതൽ റൊമാന്റിക് സിനിമകളും. എന്നാൽ, ശുഭ-ദുഃഖ പര്യവസായികൾ എന്നീ വിശേഷണങ്ങൾ ചാർത്തി നൽകാനാവാത്ത വിധം സ്ഥിരം പ്രണയക്കാഴ്ച്ചകളെ കീഴ്മേൽ മറിക്കുന്ന കാഴ്ചയാണ് OUR GRAND DESPAIR.

            ആണ്‍ സൗഹൃദത്തിന്റെ രസകരങ്ങളായ നിമിഷങ്ങളിൽ ആറാടുന്ന ENDER  , CETIN  എന്നിവരുടെ സ്വൈര്യ ജീവിതത്തിലേയ്ക്ക് (വീട്ടിലേയ്ക്ക്) സുഹൃത്തിന്റെ സഹോദരി താമസത്തിനായി എത്തുകയാണ്. വലിയ ഒരു ദുരന്തം അവശേഷിപ്പിച്ച മുറിവ് മനസ്സിൽ പേറിയെത്തുന്ന "നിഹാൽ " ഈ മധ്യവയസ്കരിൽ വരുത്തുന്ന കാല്പനിക സ്വാധീനങ്ങളാണ് സിനിമയുടെ ഉള്ളടക്കം.

             പ്രണയം തലപൊക്കുന്ന ഇവരുടെ സ്വകാര്യ സംഭാഷണങ്ങളും, അംഗചലനങ്ങളും , വാക്കുകളും , സാധാരണ പ്രണയത്തിന്റെ താഴ്വരകളിൽ  കാണാത്തവയായി തോന്നി. ENDER , CETIN  എന്നിവരുടെ വ്യക്തിത്വ സവിശേഷതകളോട് ചേർന്ന് നിൽക്കുന്ന തരത്തിൽ പ്രണയ സൂചനകളെ രസകരമായി അവതരിപ്പിച്ചത്, സ്ഥിരം കാമുക ചേഷ്ടകൾ മാത്രം കണ്ടു മടുത്ത നമുക്ക് പുതുമയാകുന്നു. MORAL CONSCIOUSNESS-ന്റെ എത്തിനോട്ടം അവരിൽ ചെലുത്തുന്ന ആന്തരിക സംഘർഷങ്ങളും , പിടിതരാത്തതും  , വെളിപ്പെടുത്താത്തതുമായ  നിഹാലിന്റെ പ്രകൃതങ്ങളും വളരെ സാവധാനത്തിൽ മുന്നേറുന്ന ഈ സിനിമയെ ബോറടിപ്പിക്കാത്ത അനുഭവമാക്കുന്നു. ലളിതവും, കാവ്യാത്മകവും, ആസ്വാദ്യകരവുമായ ഒരു SLOW DRAMA എന്നത്‌ പോലെ വ്യത്യസ്തമാർന്ന പ്രണയ ചിന്തകൾ പകരുന്ന അനുഭവവുമാകുന്നു OUR GRAND DESPAIR.

Wednesday 26 November 2014

LUCIA DE B. (2014)

FILM : LUCIA DE B. (2014)
GENRE : DRAMA
COUNTRY : NETHERLAND
DIRECTOR : PAULA VAN DER OEST
              ഒരു യഥാർത്ഥ സംഭവത്തെ അവലംബിച്ച് അവതരിപ്പിച്ച ഡച്ച് സിനിമ. നിയമ വ്യവസ്തയേയും , അണിയിച്ചൊരുക്കുന്ന  കപട നീതിയേയും തുറന്നു കാണിക്കുന്ന സിനിമ. ജീവിതത്തിലെ ദുർഘടങ്ങളായ വഴികൾ നടന്നു കയറിയിട്ടും , അത്തരം അനുഭവങ്ങളെ ചേർത്ത് നിർത്തി മുൻവിധികളാൽ വ്യക്തികളെ വരിഞ്ഞു മുറുക്കുന്ന സാമൂഹിക മനസ്സിന്റെ സാക്ഷ്യപ്പെടുത്തലാകുന്നു  ഈ സിനിമ. ത്രില്ലർ സിനിമകളുടെ സസ്പെൻസ് ഒന്നും ഇല്ലെങ്കിലും ഒരു തവണ സമയം കളയാവുന്ന കാഴ്ച. സിനിമയുടെ ഫ്രൈമുകൾക്ക് പുറത്ത് , കണ്ണ് കൊണ്ടും, സ്പർശിച്ചും  അറിയാവുന്ന ജീവിതമാണ് നമുക്ക് മുന്നിൽ മിന്നി മറയുന്നത് എന്ന യാഥാർത്ഥ്യം തന്നെയാണ് ഈ സിനിമയിലേയ്ക്ക് വലിച്ചടുപ്പിക്കുന്ന പ്രത്യേകത. അപരാധിയെയും , നിരപരാധിയെയും  വേർതിരിക്കുന്ന ഇടങ്ങളിൽ സത്യം വിറങ്ങലിച്ച് നിൽക്കുന്ന ഉണ്മകളെ ഓർമ്മപ്പെടുത്തുന്ന ദൃശ്യാനുഭവമാകുന്നു  LUCIA DE B.

Sunday 23 November 2014

LIFE ON EARTH (1998)



FILM : LIFE ON EARTH (1998)
COUNTRY : MALI
GENRE : DRAMA
DIRECTOR : ABDERRAHMANE SISSAKO

               വ്യക്തമായ ഒരു കഥാഖ്യാനമോ , ശക്തമായ കഥാപാത്രങ്ങളോ ഇല്ലാത്ത , ദൃശ്യ ബിംബങ്ങളാൽ  സമ്പന്നമായ, ലളിതമായി കാഴ്ച്ചക്കാരനിലേയ്ക്ക്  ആശയത്തെ പകരാൻ പര്യാപ്തമായ രീതിയിൽ അവതരിപ്പിച്ച സിനിമയാണ് LIFE ON EARTH.
     21-st   നൂറ്റാണ്ടിലേയ്ക്ക് ലോകം പ്രവേശിക്കാനിരിക്കുന്ന  നിമിഷങ്ങളെയാണ് രണ്ട് ഭൂഖണ്ഡങ്ങളിലെ ജീവിത നിശ്വാസങ്ങളിലൂടെ നാം അറിയുന്നത്. ഫ്രാൻസിന്റെ സമ്പന്നതയെ പ്രതീകവൽക്കരിച്ച  സൂപ്പർമാർക്കറ്റിലെ ദൃശ്യങ്ങൾക്കു ശേഷം, പ്രധാന കഥാപാത്രത്തോടൊപ്പം മാലിയിലെ SOKOLO എന്ന   ഗ്രാമത്തിലൂടെ അലയുകയാണ് നമ്മൾ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പടിവാതിലിൽ എത്തിയിട്ടും സാങ്കേതികതയുടെ ശൈശവാവസ്ഥയിലൂന്നിയ ജീവിതം നമുക്ക് വിചിത്രമായ അനുഭവമാണ് നൽകുന്നത്. ലോകം ഉത്സവത്തിമിർപ്പിലേയ്ക്ക് പതഞ്ഞു പൊന്തുന്ന നിമിഷങ്ങളിൽ , ചാരുകസേരയിൽ  തണലിന്റെ   ആശ്വാസങ്ങളിലെയ്ക്ക് ചേക്കേറുന്ന ആഫ്രിക്കൻ യുവതയെയാണ് SOKOLO-യിൽ കാണാനാവുന്നത്. യഥാർത്ഥ്യം തുളുമ്പുന്ന ആഫ്രിക്കൻ ജീവിതക്കാഴ്ച്ചകളും, കൃഷി ഉപജീവനമായ  ഗ്രാമീണ  കർഷകന്റെ ആശങ്കകളും, പരാതികളും സിനിമയെ പല തരത്തിൽ വ്യഖ്യാനിക്കാൻ കാഴ്ച്ചക്കാരനെ നിർബന്ധിതനാക്കുന്നു.
               പുറം ലോകവുമായി ബന്ധം സ്ഥാപിക്കാനുള്ള  ഏക മാർഗ്ഗമായ പോസ്റ്റ്‌ ഓഫീസും, ഭാഗ്യമുണ്ടെങ്കിൽ മാത്രം കണക്ഷൻ  ലഭിക്കുന്ന ആകെയുള്ള ഒരു ഫോണും  തമാശയുടെ അംശമായല്ല സിനിമയിൽ സാന്നിധ്യമറിയിക്കുന്നത്. നിറം കുറഞ്ഞ യാഥാർത്ഥ്യങ്ങളെ ഒപ്പിയെടുത്ത ശക്തമായ ഇമേജുകൾ പലപ്പോഴും തുടർച്ചയില്ലാത്ത വിധം വേറിട്ട്‌ നിൽക്കുന്നവയായി തോന്നാം. പക്ഷെ സിനിമയുടെ സമഗ്രമായ അവതരണ രീതിയുമായി ചേർത്ത് വെയ്ക്കുമ്പോൾ  ഈ ചേർച്ചയില്ലായ്മ  അലങ്കാരമാവുന്ന വൈരുദ്ധ്യമാണ് സിനിമയുടെ സൗന്ദര്യമായി നമ്മെ കാത്തിരിക്കുന്നത്.
                        ആഫ്രിക്ക-യൂറോപ്പ് എന്നിവയുടെ സാമ്പത്തിക അന്തരം എന്നതിലുപരി നാളെയുടെ ഉറച്ച കാലടികളെ കേൾക്കാൻ കഴിയുന്ന പ്രതീക്ഷയേയോ , പ്രതീക്ഷയറ്റ നിർവികാരമായ മുഖങ്ങളെയോ  ആണ് ഈ സിനിമയിൽ കാണാനായത്. പാശ്ചാത്യന്റെ ക്രൂരതയാർന്ന ഭൂത-വർത്തമാനകാല  ചെയ്തികളും, നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളും, ആശങ്കകളും നിറഞ്ഞ ചിന്താശകലങ്ങൾ  "വോയിസ് ഓവറുകളായി"  അവതരിപ്പിക്കപ്പെട്ടതും, ഗവണ്‍മെന്റിന്റെ  നിരുത്തരവാദപരമായ നിഷ്ക്രിയത്വത്തിനെതിരെ  പരാതിപ്പെടുന്ന നിസ്സഹായരായ തദ്ദേശീയവാസികളായ കർഷകരും സിനിമയുടെ രാഷ്ട്രീയ മുഖത്തെ അടയാളപ്പെടുത്തുന്നു.
               രാജ്യത്തിന് പുറത്ത് ജീവിക്കുമ്പോഴും സ്വന്തം മണ്ണിലേയ്ക്കു തിരികെ കാലെടുത്തു വെയ്ക്കാനുള്ള  ഓരോ മനുഷ്യന്റെയും ആന്തര ചോദനയെയും  ഈ സിനിമ തലോടുന്നു. വളരെ വിരളമായി മാത്രം കാണാവുന്ന, കാഴ്ചക്കാരന്റെ അനന്തമായ വ്യഖ്യാനങ്ങൾക്കായി ധാരാളം ഇമേജുകൾ ബാക്കിയാക്കി തിരശ്ശീലയെ കയ്യൊഴിയുന്ന സിനിമാ അനുഭവമാകുന്നു LIFE ON EARTH.


Monday 17 November 2014

DREAMS OF DUST (2006)



FILM : DREAMS OF DUST (2006)
COUNTRY : BURKINA FASO !!! FRANCE
GENRE : DRAMA
DIRECTOR : LAURENT SALGUES

  സമൃദ്ധിയുടെ നിഴലുകളില്ലാത്ത ഭൂപ്രകൃതിയുടെ ശക്തമായ സാന്നിദ്ധ്യമാകുമ്പോഴും , സ്വപ്നങ്ങളുടെ ഊർവ്വരതയെയാണ് ഈ സിനിമയിലെ മരുപ്രദേശങ്ങൾ പ്രതിനിധീകരിക്കുന്നത്. പൊടിക്കാറ്റിന്റെ അസഹനീയതകൾക്കിടയിൽ അവ്യക്തമായി ഉയർന്നു വരുന്ന മനുഷ്യക്കോലങ്ങൾ സിനിമയുടെ വ്യത്യസ്തമാർന്ന തുടക്കം എന്നതുപോലെ , പേരിനെയും ന്യായീകരിക്കുന്നു.
              ബുർകിന ഫാസോ-യിലെ മരുപ്രദേശങ്ങളിൽ എവിടെയോ ഉള്ള  എസ്സാൻകോ സ്വർണ്ണ ഖനികളുടെ പശ്ചാത്തലത്തിൽ അവതരിക്കപ്പെട്ട ഈ ഡ്രാമ , ആഫ്രിക്കൻ ജീവിതങ്ങളുടെ വൈവിധ്യങ്ങളെ ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നു. നൈജീരിയക്കാരനായ MOKSTER എന്ന കർഷകൻ ജോലിക്ക് വേണ്ടി സ്വർണ്ണ ഖനികൾ നിറഞ്ഞ പ്രദേശത്തെത്തുകയാണ്. മനുഷ്യർ സ്വജീവൻ  പണയപ്പെടുത്തി  മാളങ്ങൾ പോലെ കാണപ്പെടുന്ന ഖനികളിലെയ്ക്ക് പ്രതീക്ഷയുടെ  വെളിച്ചവുമേന്തി നുഴഞ്ഞു കയറി യത്നിക്കുകയാണ്. പണത്തെക്കുറിച്ചുള്ള ചിന്തകൾ  മാത്രം ആവേശിച്ചവർക്കിടയിൽ  MOKSTER  വ്യത്യസ്തനാവുന്നത്, നമുക്ക് അവ്യക്തമായ അയാളുടെ ഭൂതകാല ദുരിതങ്ങൾ മൂലമാണ്. സുന്ദരിയും, വിധവയും, അമ്മയുമായ COUMBA  നായകൻറെ ചിന്തകളിൽ കയറിപ്പറ്റുന്നതും  ഈ ഭൂതകാല ദുരന്തത്തിന്റെ ശക്തമായ സ്വാധീനമാണെന്ന്  സിനിമയിലെ ചില ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഈ ചിന്തകൾ നിറം പകരുന്ന തുടർചിത്രങ്ങളോടൊപ്പം , ഇതര കഥാപാത്രങ്ങളുടെ ജീവിത-ചിത്രങ്ങൾ കൂടിയാകുമ്പോൾ  മികച്ച ഒരു ആഫ്രിക്കൻ സിനിമയാണ് രൂപം കൊണ്ടത്‌.
            MOKSTER-ന്റെ സഹ ജോലിക്കാരെല്ലാം ഒരിക്കൽ ധനികരായി നാട്ടിലേയ്ക്ക് മടങ്ങിയവരും   വീണ്ടും തിരിച്ചെത്തിയവരുമാണ് എന്നത് , ധനാർത്തി സൃഷ്ടിക്കുന്ന ദുരിതങ്ങളുടെ തടവറയിൽ പിടയാൻ വിധിക്കപ്പെടുന്ന ദരിദ്ര-സ്വത്വങ്ങളെ  സൂചിപ്പിക്കുന്നു. കറുത്ത നിറം പൂശിയ വെളുത്ത പാവയുടെ മുഖവും, MARIYAMA -യുടെ(COUMBA -യുടെ മകൾ) ഭാവിയും മണ്ണിന്റെ സ്വപ്നങ്ങളായി വ്യാഖ്യനിക്കാമെങ്കിലും, നന്മയും , സദാചാരവും പ്രകാശിച്ച MOKSTER-ന്റെ  കഥാപാത്രം വിരുദ്ധമായ സ്വത്വങ്ങളിലെയ്ക്ക് ചാഞ്ചാടുന്ന വ്യക്തമായ ഫ്രൈമുകൾ സ്വപ്‌നങ്ങൾ മണ്ണടിയുന്ന യാഥാർത്ഥ്യത്തെയാണോ ഉദേശിച്ചത്‌ എന്ന സന്ദേഹം ബാക്കിയാക്കുന്നു. നായകൻ നടന്നകലുന്ന അവസാന ദൃശ്യങ്ങളെ ശുഭാന്ത്യമെന്നോ , ദുരിതമയമെന്നോ വിശേഷിപ്പിക്കാനാവാത്ത വിധം അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമയിലെ നായകൻ യഥാർത്ഥത്തിൽ തേടിയത് സ്വർണ്ണ സ്വപ്നങ്ങളെക്കാൾ , ഇന്നലെകളിൽ നിന്നുമൊരു മോചനമായിരിക്കാമെന്ന് തോന്നി.
         നിശബ്ദത സംഗീതമാവുന്ന ഈ സിനിമയുടെ ഫ്രൈമുകൾ സ്വർണ്ണ നിറത്തിൽ മുക്കിയവയായി അനുഭവപ്പെടുന്നു. ആഫ്രിക്കൻ ജീവിതങ്ങളുടെയും, സിനിമകളുടെയും വൈവിധ്യം ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ എന്തായാലും  ആസ്വാദ്യകരമാകും......  


Wednesday 12 November 2014

THE MAJOR (2013)



FILM : THE MAJOR (2013)
COUNTRY : RUSSIA
GENRE : CRIME !!! DRAMA
DIRECTOR : YURI BYKOV

              അഴിമതിയിൽ മുങ്ങിയ പോലീസ് കഥകളുടെ പതിവ് ശൈലിയിൽ ആരംഭിച്ചെങ്കിലും , അതിനുമപ്പുറത്തേയ്ക്ക് കഥാഗതി വഴി തിരിച്ചുവിട്ട് പുതുമയേകിയ  റഷ്യൻ സിനിമയാണ് THE MAJOR. ഇത്തരം  വിഷയങ്ങൾക്ക്‌ ഊന്നൽ നൽകുന്ന സിനിമകളിൽ നിന്ന് ഇതിനെ വേറിട്ട്‌ നിർത്തുന്നത് ഓരോ കഥാപാത്രങ്ങളുടെയും മനോവ്യാപാരങ്ങളും, വ്യക്തിത്വങ്ങളും സഞ്ചരിക്കുന്ന പാതകളുടെ അപ്രവചനീയമായ കൈവഴികൾ തന്നെയാണ്. മനുഷ്യ മനസാക്ഷിയെക്കുറിച്ചുള്ള ചിന്തകളെ ഉണർത്തുന്ന ദൃശ്യാനുഭവവുമാകുന്നു THE MAJOR.
                         മഞ്ഞു പൊഴിച്ചിലിന്റെയും , മരം കോച്ചുന്ന തണുപ്പിന്റെയും സാന്നിധ്യമുള്ള ഒരു പുലരിയിൽ സോബോലോവിനെ ഉണർത്തുന്ന ഒരു ഫോണ്‍കോൾ , അയാൾ അച്ഛനാകാൻ പോകുന്നതിന്റെ സൂചന നൽകുന്നു. ആഹ്ലാദവും, അത്യാവശ്യവും സൃഷ്ടിക്കുന്ന വേഗതയിൽ ഒരു കുട്ടിയുടെ ജീവൻ പൊലിയുന്നു. അമ്മയുടെ കണ്‍ മുമ്പിൽ വെച്ചാണ് സോബോലോവിന്റെ കാർ കുട്ടിയെ മരണത്തിന് വിട്ടു കൊടുക്കുന്നത്. സോബോലോവിന്റെ സുഹൃത്തുക്കളായ പോലീസുകാർ സ്ഥലത്തെത്തുന്നതോടെ , ഈ സംഭവം മൂടിവെയ്ക്കാനുള്ള  ശ്രമങ്ങളുടെ ഭാഗമായി അഴിമതി അരങ്ങേറ്റം കുറിക്കുന്നു. എന്നാൽ ഇത് നയിക്കുന്നത് രക്ത പങ്കിലമായ തുടർ നിമിഷങ്ങളിലെയ്ക്കാണ്. അസത്യങ്ങൾ സ്ഥാപിക്കുന്നതിനും , സത്യങ്ങളെ കുഴിച്ചു മൂടുന്നതിനും മനുഷ്യൻ നിർബന്ധിതനാകുന്ന സാഹചര്യങ്ങളെ മനുഷ്യ മനസാക്ഷിയുടെ കോണിലൂടെ നോക്കുവാൻ ഈ സിനിമ നിർബന്ധിക്കുന്നു.
                  നന്മ-തിന്മകളെ ഒരു കഥാപാത്രത്തിലും അടിച്ചേൽപ്പിക്കാതെ  മനുഷ്യന്റെ മൂല്യബോധങ്ങൾ കേവലമാണെന്ന സത്യത്തെ സിനിമ വിളിച്ചു പറയുന്നു. സിനിമയിൽ അഴിമതിയുടെ കറ പോലീസുകാരിലാണ് നമുക്ക് കാണാനാവുന്നതെങ്കിലും , ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യന്റെ "മാനവിക-മൂല്യ ബോധങ്ങൾ" , രക്ഷപ്പെടലിന്റെ തത്രപ്പാടിൽ അലിഞ്ഞ് ദുർബലമാവില്ലേ?.... എന്ന ചോദ്യം സിനിമ തൊടുക്കുന്നു. ജീവൻ പിറക്കുന്നതിനെ വരവേൽക്കാനായുള്ള യാത്രയിൽ , ജീവനെടുക്കാൻ  കാരണമായതിന്റെ  കുറ്റബോധം സോബോലോവിന്റെ മനസ്സിനെയെന്ന പോലെ സിനിമയേയും സങ്കീർണ്ണമാക്കുന്നു. നിങ്ങൾ എന്ത് തരം മനുഷ്യരാണ്?.... ഇത്തരം മനസ്സുമായി നിങ്ങൾക്ക് എങ്ങനെ ജീവിക്കാനാവുന്നു?.... എന്നീ ചോദ്യങ്ങൾ  ഉരുവിടുന്ന കുട്ടിയുടെ മാതാവിനോട് പോലീസുകാരിൽ ഒരാൾ ചോദിക്കുന്ന മറുചോദ്യം ഉത്തരമില്ലാതെ ഒറ്റപ്പെടുന്നുണ്ടെങ്കിലും  അതിന്റെയലയൊലികൾ  നമ്മളിലേയ്ക്കും വന്നണയുന്നു.
             സോബോലോവ്, ഐറിൻ എന്നീ കഥാപാത്രങ്ങളും , സംവിധായകൻ തന്നെ അവതരിപ്പിച്ച  "പാഷ" എന്ന റോളും മികച്ചതായി തോന്നി. മരം കോച്ചുന്ന തണുപ്പ് നമ്മിലേയ്ക്ക് തുളച്ചു കയറുന്ന തരത്തിൽ മനോഹരമായ ദൃശ്യവിരുന്നാകുന്നു പല ഫ്രൈമുകളും.
            വളരെ മികച്ചത് എന്നൊന്നും വിശേഷിപ്പിക്കാനാവില്ലെങ്കിലും ഒരു തവണ കണ്ടിരിക്കാവുന്ന വ്യത്യതമായ പോലീസ് സിനിമയാണ് ദി മേജർ .



Tuesday 4 November 2014

RAMCHAND PAKISTANI (2008)

FILM : RAMCHAND PAKISTANI (2008)
COUNTRY : PAKISTAN
DIRECTOR :MEHREEN JABBAR
GENRE : DRAMA
             വിരലിലെണ്ണാവുന്ന പാകിസ്താൻ സിനിമകളെ കണ്ടിട്ടുള്ളൂ. BOL എന്ന സിനിമ പോലെയുള്ള ശക്തമായ സിനിമകൾ അവിടെയും ഉണ്ടാകുന്നുണ്ട്.  രാംചന്ദ് പാകിസ്താനി എന്ന ഈ സിനിമ , അബദ്ധത്തിൽ ബോർഡർ  ക്രോസ്സ് ചെയ്യുന്നതിനെ തുടർന്ന് ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലാവുന്ന പാകിസ്ഥാനി ദളിത്‌ ഹിന്ദുവിന്റെയും , മകന്റെയും കഥ പറയുന്നു. യഥാർത്ഥ സംഭവത്തെ അവലംബിച്ച്  തിരഭാഷ്യം നിർവ്വഹിച്ചിട്ടുള്ള ഈ സിനിമയിൽ  ഇന്ത്യൻ ജയിലുകളിലെ പാകിസ്ഥാനി തടവുകാരെയാണ്  (മത്സ്യ തൊഴിലാളികൾ പോലെയുള്ള ആളുകൾ) അവതരിപ്പിക്കുന്നത്‌.  5 വർഷത്തെ ജയിൽ ജീവിതം തള്ളി നീക്കുന്ന ശങ്കർ എന്ന പിതാവും , രാംചന്ദും ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും അറിയാതെ  തന്റെ ഗ്രാമത്തിൽ ജീവിക്കുന്ന ചമ്പ എന്ന ദളിത്‌ യുവതിയും സിനിമയുടെ കരുത്താവുന്നു. വളരെ ലളിതമായ വിഷയത്തെ സംവിധാനത്തിലൂടെ മികച്ച സിനിമയാക്കി മാറ്റിയിരിക്കുന്നു. അത്ര കേട്ടുകേൾവിയില്ലാത്ത പാകിസ്താനി ദളിതരുടെ ജീവിതത്തിലേയ്ക്ക് ഒരു അരണ്ട വെളിച്ചം വീശുന്നു ഈ സിനിമ. തൊട്ടുകൂടായ്മയുടെ  ചെറിയ പരാമർശങ്ങൾ സിനിമയിലെ ഇരു പക്ഷങ്ങളിലും കാണാം. ഗാനങ്ങൾ , വിശിഷ്യാ ഫോക്ക് സോംഗുകൾ ഏറെ ആസ്വാദ്യകരമായി തോന്നി. നന്ദിതാ ദാസ് ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ പ്രകടനം മികച്ചതായിരുന്നു.
        നമ്മൾ തീർക്കുന്ന അതിരുകളും , വേലികളും പലരിൽ നിന്നും കവർന്നെടുക്കുന്നതെന്ത് എന്ന് ഈ സിനിമ മന്ത്രിക്കുന്നു. പക്ഷം ചേരലിന്റെ രൂക്ഷമായ നിമിഷങ്ങളെ പാടേ അവഗണിച്ച് , ഈ സിനിമയെ വളരെ ലളിതവും മനോഹരമാക്കിയതിലൂടെ  ഒരു നല്ല സന്ദേശമാണ് പകരുന്നത്.  വെറുപ്പിന്റെ ദുർഗന്ധം പരത്താതെ സൗഹൃദത്തിന്റെ സൗരഭ്യത്തെയാണ് ഈ സിനിമ ഉന്നം വെയ്ക്കുന്നത് എന്നതിനാൽ തീർച്ചയായും കണ്ടിരിക്കാം......

Monday 3 November 2014

SLEEPWALKING LAND (2007)



FILM : SLEEPWALKING LAND (2007)
COUNTRY : MOZAMBIQUE !!! PORTUGAL
GENRE : DRAMA
DIRECTOR : TERESA PRATA

        യാഥാർത്ഥ്യവും ,  അയഥാർത്യവും  കലങ്ങി മറിയുന്ന മാജിക്കൽ റിയലിസത്തിന്റെ വശ്യത നുകരനാവുന്ന സിനിമാ കാവ്യമാണ് SLEEPWALKING LAND. മൊസാംബിക്കിലെ രക്തരൂക്ഷിതമായ അഭ്യന്തര യുദ്ധങ്ങളുടെ ഇടയിൽ അതിജീവനത്തിന്റെ പുതു സ്വപ്നങ്ങളുമായി നടന്നകലുന്ന TUAHIR എന്ന വൃദ്ധനെയും , MUIDINGA എന്ന അനാഥ ബാലനെയുമാണ് നാം കണ്ടുമുട്ടുന്നത്. കലാപകാരികൾ യാത്രക്കാർക്കൊപ്പം ചുട്ടെരിച്ച ബസ്സിൽ താൽക്കാലിക അഭയം തേടുകയാണ് അവർ. കൊല ചെയ്യപ്പെട്ടവരിൽ ഒരാളുടെ നോട്ടുബുക്ക് ലഭിക്കുന്ന MUIDINGA , അതിലെ അക്ഷരങ്ങൾക്കൊപ്പം തന്റെ ലക്ഷ്യങ്ങളെയും, സ്വപ്നങ്ങളെയും കൂട്ടിക്കെട്ടുകയാണ്. ആ സ്വപ്നങ്ങളുടെ ജീവസ്സുറ്റ കാഴ്ചകളാണ് സിനിമയെ രുചിച്ചറിയാൻ നമ്മെ പ്രാപ്തമാക്കുന്നതും. തുടർന്നു കൊണ്ടേയിരിക്കുന്ന അവരുടെ കാലടികൾക്കൊപ്പവും , വിശ്രമ വേളകളിലും മൊസാംബിക്കിന്റെ രാഷ്ട്രീയ-സാമൂഹിക മാനങ്ങൾ സാന്നിധ്യമറിയിക്കുന്നു.
               MIA COUTO എന്ന മൊസാംബിക്ക് സാഹിത്യകാരന്റെ പ്രശസ്തമായ നോവൽ സിനിമയാക്കിയപ്പോൾ അതിന്റെ മനോഹാരിതയും, തീവ്രതയും ചോർന്നു പോകാതെ അവതരിപ്പിക്കാൻ പോർച്ചുഗീസുകാരിയായ സംവിധായികയ്ക്ക്‌ സാധിച്ചിട്ടുണ്ടാകും എന്ന് തന്നെയാണ് തോന്നുന്നത്. ഇത്തരം  പശ്ചാത്തലമുള്ള സിനിമകളിൽ  സാധാരണ കാണാറുള്ള രീതികളിൽ നിന്ന് മാറി കൊള്ളിവെയ്പ്പും, കൊലയെയും  , അലർച്ചകളെയും  പിന്നണിയിൽ നിർത്തി മറ്റൊരു ദൃശ്യതലം നൽകി  ഈ കാഴ്ചകളെ അണിയിച്ചൊരുക്കിയത് നവ്യാനുഭവമായി.  വൃദ്ധനോടൊപ്പം എവിടെ വച്ചോ കൂടിയ MUIDINGA എന്ന അനാഥന്റെ ചിന്തകളെല്ലാം അമ്മയെക്കുറിച്ചാണ്. തന്നെ ഉപേക്ഷിച്ച മനസ്സിനെ വെറുക്കാനും , ശപിക്കാനുമാവാത്ത വിധം ക്രൂരമാണ് സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന അനിവാര്യതകളെന്ന ചിന്തയെയാണ് അത് വെളിവാക്കുന്നത്. യുദ്ധത്തിന്റെ ഭീകരതകളെ പല ഫ്രൈമുകളിൽ കാണാൻ നമുക്കാവുന്നെങ്കിലും , പ്രതീക്ഷയുടെ ഇത്തിരി വെളിച്ചം സിനിമയിലുടനീളം അനുഭവിക്കാനാവുന്നു. കലാപം അനാഥമാക്കിയ ഒരു ഗ്രാമത്തിലെ അവശേഷിച്ച വൃദ്ധന്റെ വ്യഥകൾ മനുഷ്യരാശിയുടേതാകുന്നു.
              MUIDINGA-യുടെ  കൈവശമുള്ള നോട്ടുബുക്കിലെ വരികൾക്ക് ഉയിർ തുടിക്കുമ്പോൾ നാം കാണുന്നത് മൊസാംബിക്കിന്റെ ഇന്നലെകളെയാണ്. മധുര നിമിഷങ്ങളെക്കാളുപരി കറുത്ത ദിനങ്ങളെയാണ് MUIDINGA-യുടെ വായനയിലൂടെ നാം അറിയുന്ന KINDZU ,    FARIDA എന്നിവരുടെ സ്വകാര്യ നിമിഷങ്ങളും , സംഭാഷണങ്ങളും സമ്മാനിക്കുന്നത്. "കത്തിയമർന്നതിനെ വീണ്ടും ചുട്ടെരിക്കാനാവില്ല " എന്ന വൃദ്ധനായ TUAHIR-ന്റെ വാക്കുകൾ കെടുതിയുടെ തീവ്രതയെ ധ്വനിപ്പിക്കുന്നവയായിരുന്നു. കത്തിയമർന്ന ദേശ ശരീരം തന്നെയാണോ ഈ യുദ്ധസ്മാരകം(ബസ്സ്) എന്ന് തോന്നിപ്പോകുന്നു. "ഇതൊരു യുദ്ധമല്ല , യുദ്ധമാണെങ്കിൽ സൈന്യമെങ്കിലും ഉണ്ടാവില്ലേ ?..." എന്ന തരത്തിലുള്ള നെടുവീർപ്പുകൾ രാജ്യത്തിന്റെ രാഷ്ട്രീയ അസ്ഥിരതകളിലേയ്ക്കാണ് തൊടുത്തു വിടുന്നത്. TUAHIR , MUIDINGA  എന്നിവർ പിന്തുടരുന്ന എല്ലാ വഴികളും അവസാനിക്കുന്നത് കത്തിയമർന്ന ബസ്സിനു സമീപമാകുന്ന സാഹചര്യത്തിലാണ് നമ്മെ വിസ്മയിപ്പിച് മാജിക്കൽ റിയലിസം അരങ്ങു തകർക്കുന്നത്. അതിജീവനം സാധ്യമാകുന്ന FARIDA (മാതാവ്) , MUIDINGA  (മകൻ) എന്നിവർ രാജ്യം, പുതുതലമുറ  എന്നീ വാക്കുകളെയാണ് ഓർമ്മിപ്പിച്ചത്.
                          വിസ്മയമാണ് എനിക്ക് ഈ സിനിമ തന്നത്...... ഒരു പക്ഷെ നിങ്ങൾക്കായി ഇത് കാത്തുവെച്ചിരിക്കുന്നതും അതാവാം......... 


Sunday 2 November 2014

A SHORT FILM ABOUT KILLING (1988)



FILM  : A SHORT FILM ABOUT KILLING (1988)
COUNTRY : POLAND
DIRECTOR  : KRZYSZTOF KIESLOWSKI
GENRE  : CRIME !!!DRAMA

                   എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകരിൽ ഒരാളാണ് ക്രിസ്റ്റോഫ് കീസ്ലോവ്സ്കി. അദ്ധേഹത്തിന്റെ സിനിമ നൽകുന്ന അനുഭൂതി അത്ര വ്യതിരിക്തമാണ്. ഒരു പ്രതിഭയുടെ സാന്നിദ്ധ്യം ഓരോ ഫ്രൈമിലും കവിഞ്ഞൊഴുകുന്ന സുലഭതയാണ് അദേഹത്തിന്റെ ഓരോ സിനിമകളും. ഗഹനവും, താത്വികവുമായ വിഷയങ്ങളെ അവതരിപ്പിക്കാൻ അദ്ദേഹത്തിനുള്ള അപാരമായ കഴിവിന്റെ തെളിവുകളിൽ ഒന്നാണ് വളരെ വ്യത്യസ്തമായ ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന A SHORT FILM ABOUT KILLING എന്ന  പോളിഷ് സിനിമ.
            സിനിമയുടെ പേര് സൂചിപ്പിക്കുന്നത്  പോലെ  ആസ്വദ്യകരമായ നിമിഷങ്ങളല്ല ഈ സിനിമ നൽകുന്നത് . വ്യത്യസ്തമായ ഒരു ആസ്വാദന തലമാണ് ഈ സിനിമ ആവശ്യപ്പെടുന്നത്.  "വധശിക്ഷ" എന്ന  നിയമ-നീതിയെ  വിലയിരുത്തുവാനുള്ള  തുറന്ന അവസരമാണ് ഈ സിനിമ മുന്നോട്ടു വെയ്ക്കുന്നത്. അനുകൂലിച്ചോ, പ്രതികൂലിച്ചോ നിൽക്കാതെ പ്രേക്ഷകരുടെ ചിന്തയിൽ തീ പടർത്തുന്ന വിധത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമ ഒരു കേവലക്കാഴ്ചയ്ക്ക് ഉതകുന്നതല്ല. കഥാപാത്രങ്ങൾ , ആശയം, സാഹചര്യങ്ങൾ എന്നിവയെ ബുദ്ധിപൂർവ്വം സമ്മേളിപ്പിച്ച് ചെറിയ സമയത്തിനുള്ളിൽ വ്യത്യസ്തമായ തലങ്ങളിലേയ്ക്ക് നമ്മുടെ ചിന്തകളെ വഴിതിരിച്ചു വിടാൻ സിനിമക്ക് സാധിച്ചത് കീസ്ലോവ്സ്കി എന്ന സംവിധായകന്റെ സാന്നിധ്യം കൊണ്ടാണ്.
           ജീവനറ്റ മൂന്ന് ജീവികളുടെ ദൃശ്യങ്ങളിലൂടെ ആരംഭിക്കുന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ അഭിഭാഷകനും, യുവാവും, ടാക്സി ഡ്രൈവറുമാണ്. ഈ കഥാപാത്രങ്ങളെ വളരെ കുറച്ച് രംഗങ്ങളിലൂടെ വ്യക്തമായി ഡെവലപ്പ് ചെയ്യാൻ സാധിച്ചതായി തോന്നി. അഭിഭാഷകനായി ENROLL ചെയ്യുന്ന മാനവികതയും , മൃദു ഹൃദയത്വവും നിറഞ്ഞ ബാലിസ്കി , അലസവും, അപകടകരവുമായി  നിലകൊള്ളുന്ന ജാക്ക് എന്ന യുവാവ് , നമ്മുടെ വെറുപ്പ്‌ സമ്പാദിക്കാൻ കഴിയുന്ന തരത്തിൽ വേറിട്ട്‌ നിൽക്കുന്ന ടാക്സി ഡ്രൈവർ എന്നിവരാണ് ഈ സിനിമയെ താങ്ങി നിർത്തുന്നത്. ഇവരെ   കൂട്ടിയിണക്കുന്ന കൊലപാതകവും,  അതിന്റെ വിചാരണ ഇടിച്ചു നിൽക്കുന്ന  വധശിക്ഷയുമാണ് പിന്നീട് സ്ക്രീൻ നിറയുന്നത്.
           സിനിമയുടെ പ്ലോട്ടിന്റെ വ്യത്യസ്തതയേക്കാൾ ഈ സിനിമയെ മികച്ചതാക്കുന്നത് അവതരണ രീതിയും , സിനിമ ബാക്കിയാക്കുന്ന ചിന്തകളുമാണ്. ജീവിതം, മരണം എന്നീ സത്യങ്ങൾ പല രീതിയിൽ നമുക്ക് മുന്നിലും, നമ്മുടെ ചിന്തകളിലും ഇടം പിടിയ്ക്കുന്ന അസ്വസ്ഥത നിങ്ങളിലെ സിനിമാപ്രേമിക്ക്‌ പ്രശ്നമില്ലെങ്കിൽ ഈ സിനിമ തീർച്ചയായും കാണാം. വയലൻസിനെ മാറ്റി നിർത്തി ഈ ആശയത്തെ ഇത്ര റിയലിസ്ടിക്കായി അവതരിപ്പിക്കാനാവില്ല എന്നാണ് തോന്നുന്നത്. കൊലപാതകത്തെ തിന്മയുമായും , വധശിക്ഷയെ തിന്മയുടെ ഉന്മൂലനവുമായും ചേർത്ത് വായിക്കുന്ന പ്രേക്ഷക ചിന്തകളെ തകിടം മറിക്കുന്ന തരത്തിൽ അവസാന രംഗങ്ങൾ വികാര തീവ്രമാക്കിയത് ബോധപൂർവ്വമാകാം. നീതിയുടെയും (നന്മയുടെ നിലനിൽപ്പ്‌) , തിന്മയുടെയും വിരുദ്ധ കളങ്ങളിലേയ്ക്കു  നീക്കിവെയ്ക്കാവുന്ന  ഇരു മരണങ്ങളും ഒരു ചോദ്യമായി മനസ്സിൽ തറയ്ക്കുന്ന വിധം ഈ സിനിമ അനുഭവിപ്പിക്കുന്നു.
               കീസ്ലോവ്സ്കിയുടെ  പല  വർക്കുകളിലും കാണാറുള്ള പ്രത്യേക കളർ ടോണ്‍ ഈ സിനിമയിലും കാണാം. ആശയ പ്രകാശനത്തെ ബാലപ്പെടുത്തുന്നതിനായുള്ള അനുപമമായ സിനെമാടോഗ്രഫിയും , മനം തുളയ്ക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ തീവ്രതയും , മാസ്മരികതയും അദേഹത്തിന്റെ ഇതര സിനിമകളിലേതു പോലെ ഇവിടെയും അന്യം നിന്നിട്ടില്ല. ഈ സിനിമയുടെ പ്ലോട്ട് അദേഹത്തിന്റെ വിഖ്യാതമായ DECALOGUE എന്ന മിനി സീരീസിൽ ഒരു എപിസോഡ് ആയി ഉൾപ്പെടുത്തിയിട്ടുണ്ട്.
              55-മത്തെ  വയസ്സിൽ മരണം തേടിയെത്തിയ ഈ മഹാപ്രതിഭയിൽ നിന്ന് ലഭിക്കാതെ പോയ  സിനിമകളെയോർത്ത് വിഷമപൂർവ്വം ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.  


Saturday 1 November 2014

WHEN WE LEAVE (2010)



FILM  : WHEN WE LEAVE (2010)
COUNTRY : GERMANY
GENRE  : DRAMA
DIRECTOR : FEO ALADAG

        പെണ്ണിനെ അടക്കി ഭരിക്കുന്നതും, അവളുടെ ചെറിയ സ്വപ്‌നങ്ങൾക്കുപോലും  കടിഞ്ഞാണിടുന്നതും ആണത്തമാണെന്ന  വികലമായ സാമൂഹിക ബോധം ആവേശിച്ച സമൂഹത്തിലെ ധീരയായ ഒരു യുവതിയുടെ ചെറുത്തു നിൽപ്പും , അത് ആനയിക്കുന്ന ജീവിത അനുഭവങ്ങളുമാണ് 2010-ൽ  പുറത്തിറങ്ങിയ WHEN WE LEAVE എന്ന ജർമ്മൻ സിനിമ തുറന്നു കാണിക്കുന്നത്. ഡ്രാമ വിഭാഗത്തിലുള്ള ഒരു മികച്ച സിനിമയ്ക്ക്‌ വേണ്ട എല്ലാ ചേരുവകളും സംഗമിക്കുന്ന കാഴ്ചയാകുന്നു ഈ സിനിമ. ഓസ്ട്രിയൻ സംവിധായികയായ FEO ALADAG  സംവിധാനം നിർവ്വഹിച്ച ഈ സിനിമയ്ക്ക്‌ പാശ്ചാത്തലമാകുന്നത്  ജർമ്മനിയിലെയ്ക്ക് കുടിയേറിയ തുർക്കി വംശജരായ ഒരു കുടുംബത്തിന്റെ കഥയാണ്.
                   ഭർത്താവിന്റെ ക്രൂരമായ പെരുമാറ്റങ്ങൾ മൂലം മകനോടൊപ്പം ബർലിനിലെ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയെത്തുകയാണ് 25-കാരിയായ  ഉമായ്‌ . വിവാഹമോചനം എന്ന ഒറ്റ പോംവഴിയെക്കുറിച്ച് ചിന്തിക്കുന്ന അവളെ തിരികെ ഭർതൃഗൃഹത്തിലെയ്ക്ക് തള്ളിവിടാനുള്ള ശ്രമങ്ങളിലാണ് അവളുടെ കുടുംബം. അനാവശ്യമായ സാംസ്കാരിക ശാഠയങ്ങളെ പിന്തുടരാനും , അംഗീകരിക്കാനും മടിക്കുന്ന ഉമായ്‌യെ  വരവേൽക്കുന്നത് ഒറ്റപ്പെടലിന്റെയും , അവഗണനയുടെയും   വേദനയാർന്ന ദിനങ്ങളാണ്. ഈ വേദനകളാണ് നമ്മെയും നൊമ്പരപ്പെടുത്തുന്നത്.
               ഒരു സ്ത്രീപക്ഷ  സിനിമ എന്ന പേരിൽ മാറ്റി നിർത്താൻ പറ്റാത്ത വിധം മനുഷ്യാവകാശങ്ങളെയും, ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മയെയും സിനിമ വ്യക്തമായി അടയാളപ്പെടുത്തുന്നു. ഗാർഹിക പീഡനം  സാധാരണ സംഭവം മാത്രമാകുന്ന അകത്തളങ്ങളിൽ ചെറുത്തു നിൽപ്പിന്റെ നേരിയ ശബ്ദം തീർക്കുന്ന ഉമായ്‌-ക്കൊപ്പം സ്വന്തം കുടുംബം പോലും ചേർന്ന് നിൽക്കാത്ത വിധം വികൃതമാണ് പല പരമ്പരാഗത ചട്ടക്കൂടുകളും എന്ന യാഥാർത്യത്തെ  വെറുപ്പോടെ നോക്കി നിൽക്കാനേ നമുക്കാവൂ.  കുടുംബത്തിന്റെ അഭിമാനവും, അപമാനവും നിർണ്ണയിക്കുന്നത് സാംസ്കാരിക ചങ്ങലകൾ ഒരുക്കുന്ന സാമൂഹിക ചിത്രങ്ങളാണെന്ന് ഈ സിനിമ വിളിച്ചു പറയുന്നു. 
           തന്റെ ലാളനകളിൽ വളർന്ന  സഹോദരങ്ങൾ പോലും ക്രൂരമായ ശാരീരിക-മാനസിക  ആഘാതങ്ങൾ ഏൽപ്പിക്കുമ്പോൾ അവൾ തളരാത്തത് "എന്തുകൊണ്ട്?" എന്നതിന് ഉത്തരം തേടേണ്ടാത്ത വിധം സ്പഷ്ടമാണ് ആണ്‍കോയ്മയുടെ  ഇത്തരം സാമൂഹിക  കാഴ്ചപ്പാടുകൾ.  തന്റെ ദാമ്പത്യത്തിലെ അനിവാര്യവും, സ്വാഭാവികവുമായ ഒരു വിള്ളൽ തനിക്കും കുടുംബത്തിനും ഇടയിലേക്ക്  പടർന്നു കയറുന്നത്  അസഹനീയമായാണ് ഉമായ്‌-ക്ക് അനുഭവപ്പെടുന്നത്. ഈ സിനിമ അവതരിപ്പിച്ച വിരുദ്ധങ്ങളായ സാംസ്കാരികതകളെ തുലനം ചെയ്തു നോക്കാൻ ഈ സിനിമയുടെ പശ്ചാത്തലത്തിൽ പൂർണ്ണമായി സാധ്യമല്ലെങ്കിലും , സിനിമയുടെ കഥാതന്തുവിനെ ബലപ്പെടുത്തുന്ന തരത്തിൽ പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്ന സാംസ്കാരിക-സാമൂഹിക അംശങ്ങൾ പുനർനിർമ്മിക്കപ്പെടേണ്ടവ  തന്നെയാണ്.
                HEAD-ON  എന്ന FATIH AKIN സിനിമയിലൂടെ പ്രശസ്തിയാർജ്ജിച്ച  SIBEL KIKELLI-യുടെ പ്രകടനം ഈ സിനിമയെ കൂടുതൽ മികച്ചതാക്കി എന്ന് പറയാതിരിക്കാനാവില്ല. അത്ര ശക്തമായാണ് ഈ കഥാപാത്രത്തിന് അവർ ജീവനേകിയിട്ടുള്ളത്. ദുഖവും, ഏകാന്തതയും, വേദനയും ചിതറിക്കിടക്കുന്ന ഫ്രൈമുകൾക്കിടയിൽ  എവിടെയോ മിന്നിമറഞ്ഞ പ്രണയാതുരമായ ക്ഷണിക നിമിഷങ്ങളും  അതിന്റെ എല്ലാ സൌന്ദര്യത്തോടേയും പ്രതിഫലിപ്പിക്കാൻ നായികയ്ക്ക് കഴിഞ്ഞു. ശ്രദ്ധ പതിയേണ്ട ഒരു വിഷയത്തെ സംവിധാന മികവിലൂടെ മികച്ച ഒരു സിനിമാ അനുഭവമാക്കിയ സംവിധായിക സിനിമയുടെ ശക്തിയെ ഒന്നു കൂടി ഓർമ്മിപ്പിക്കുന്നു.
             ആവേശമോ, നിഗൂഡതയോ എത്തിനോക്കാത്ത ഈ സിനിമ മനുഷ്യർ സൃഷ്ടിക്കുന്ന ജീവിതത്തിന്റെ സങ്കീർണ്ണതകളെയാണ്  നമുക്കായ്  കാഴ്ചവെയ്ക്കുന്നത്. ശക്തമായ ഒരു  സിനിമയ്ക്കായി (ഡ്രാമ) ദാഹിക്കുന്നുവെങ്കിൽ , ഇത് തീർച്ചയായും നിങ്ങൾക്കുള്ളതാണ്.......


Saturday 25 October 2014

WAITING FOR HAPPINESS (2002)



FILM  : WAITING FOR HAPPINESS (2002)
COUNTRY  : MAURITANIA
GENRE  : DRAMA
DIRECTOR : ABDERREHMANE SISSAKO
        ഒരു മന്ദമാരുതന്റെ സ്പർശനം പോലെ നമ്മെ തഴുകിയനുഭവിപ്പിക്കുന്ന  സിനിമകളുടെ കൂട്ടത്തിലേയ്ക്കാണ്  HEREMAKONO-യെ ഞാൻ ചേർത്ത് വെയ്ക്കുന്നത്. രംഗങ്ങളിൽ നിന്ന് രംഗങ്ങളിലേയ്ക്ക് ഫ്രൈമുകൾ നീങ്ങുമ്പോൾ അവയെ യോജിപ്പിക്കാനാവാത്ത അപരിചിതത്വവും നമുക്ക് അനുഭവപ്പെടും. സിനിമ നമ്മളിലുളവാക്കുന്ന  ശാന്തതയെ, സിനിമയിലെ പല കഥാപാത്രങ്ങളിലും തളം കെട്ടി നിൽക്കുന്ന ഭാവങ്ങളുമായി കൂട്ടിക്കെട്ടാനാവില്ല. കാരണം, സന്തോഷ മുഖരിതമായ ഒരു ഉഷസ്സിനായി  സ്വപ്നം നെയ്തുള്ള കാത്തിരിപ്പിന്റെ ശൂന്യതയിൽ സ്തംഭിച്ച നിർവ്വികാരതയുടെ  പ്രതിഫലനമാണത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ സാംസ്കാരികമായ വൈവിധ്യക്കൂമ്പാരങ്ങൾ  പോലെ അവിടെയുള്ള സിനിമകളും നമുക്കായി കരുതിവെയ്ക്കുന്നത് വിചിത്രമായ അനുഭൂതികൾ തന്നെയാണ്.
               മൌരിറ്റിയാനിയൻ  കടൽതീര  ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നാം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും, അപൂർണ്ണമായി  മാത്രം നമുക്ക് ദർശിക്കാവുന്ന  അവരുടെ ജീവിത ചിത്രങ്ങളുമാണ് ഈ സിനിമ. യൂറോപ്പിലേയ്ക്കുള്ള യാത്രയ്ക്കായി തയ്യാറെടുക്കുന്നതിനിടെ മാതാവിനെ സന്ദർശിക്കാനെത്തുന്ന യുവാവായ അബ്ദുള്ള , ഗ്രാമത്തിന് വെളിച്ചം വിതറാൻ പരിശ്രമിക്കുന്ന വൃദ്ധനായ ഇലക്ട്രീഷ്യൻ മാട്ടാ , മാട്ടായുടെ പാതയിൽ മുന്നേറാൻ അസിസ്ടണ്ട് ആയി ഒപ്പം കൂടുന്ന അനാഥബാലൻ ഖത്ര, യൂറോപ്പിൽ നിന്നും മടങ്ങിയെത്തിയ ശേഷം ഭർത്താവിനെ കാത്തിരിക്കുന്നവളും, നിരാശ തങ്ങിനിൽക്കുന്ന ഈ പ്രാന്തതയിൽ പലരുടെയും ഇടത്താവളമാകുകയും  ചെയ്യുന്ന നാന എന്നിവരാണ് സിനിമയിലെ പ്രധാന ഇമേജുകളിൽ നിറഞ്ഞു നിൽക്കുന്നത്. ഒരു പ്രത്യേക പ്ലോട്ടുമായി മുന്നോട്ടുപോകുന്നതിനു പകരം കഥാപാത്രങ്ങളെയും, അവരുടെ അംഗവിക്ഷേപങ്ങളെയും, അകമനസ്സ് പ്രതിഫലിക്കുന്ന മുഖ ദർപ്പണങ്ങളിൽ തെളിയുന്ന ഭാവങ്ങളെയും ഫ്രൈമുകളിൽ നിറച്ചിരിക്കുന്നു ഈ സിനിമ.
             പുതുമയുടെയും, പുരോഗതിയുടെയും സാന്നിധ്യമായാണ് അബ്ദുള്ള വന്നെത്തുന്നത്. പാശ്ചാത്യത നിഴലിക്കുന്ന അബ്ദുള്ളയിലൂടെ ഒരു സാംസ്കാരിക സംഘർഷത്തെയും  ഈ സിനിമ അടയാളപ്പെടുത്തുന്നു. ഭാഷയിലും , വേഷങ്ങളിലുമെല്ലാം തനിക്ക് അപരിചിതമായ പ്രാദേശികതയെ തന്റെ മുറിയുടെ കിളിവാതിലിലൂടെ  ഫ്രെയിം ചെയ്ത് വീക്ഷിക്കുകയാണ് അബ്ദുള്ള. അയാൾ    പ്രതിനിധീകരിക്കുന്ന സാംസ്കാരികതയോടുള്ള  വിമുഖതയും, പരിഹാസവും അയാൾ പങ്കുചേരുന്ന  പൊതുഇടങ്ങളിലെ ഇതര വ്യക്തികളുടെ  പ്രതികരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം സാംസ്കാരികതയിൽ നിന്നും കുതറിയോടാൻ ആഗ്രഹിക്കാത്ത ഈ ഗ്രാമീണ ചിന്തയേയോ , സംരക്ഷിക്കപ്പെടേണ്ട സാംസ്കാരിക സ്വത്വങ്ങളെയോ ആവാം സംഗീതം പഠിക്കുന്ന കുട്ടിയിലൂടെ സംവിധായകൻ ചൂണ്ടിക്കാണിക്കുന്നത്. സിനിമയിലെ ഏറ്റവും ആസ്വാദ്യകരമായ നിമിഷങ്ങളിൽ ഒന്നാവുന്നതും ഈ സംഗീത പഠനമാണ്. വശ്യമായ ശബ്ദവിന്യാസങ്ങളുടെ ആഫ്രിക്കൻ ചാരുതയുടെ മനം കുളിർപ്പിക്കുന്ന ദൃശ്യ-ശ്രാവ്യ വിരുന്നാവുന്നു ഈ രംഗം. കാത്തിരിപ്പിന്റെ സ്ഥായീഭാവങ്ങൾ എങ്ങും നിറഞ്ഞ ഈ ജനതയ്ക്കിടയിൽ വഴിവാണിഭം നടത്തുന്ന (പലതും ഉപയോഗശൂന്യമെന്ന് പറയാവുന്നവ) ചൈനക്കാരൻ , സംവിധായകൻ ബോധപൂർവ്വം സൃഷ്ടിച്ച ഇമേജുകളിൽ ഒന്നായിരുന്നു എന്ന് നിസ്സംശയം പറയാം.
                  ബൾബ്‌ തെളിയാത്ത പഴയ വീടും, ആശയറ്റു വീഴുന്ന മാട്ടയും, സന്തോഷ തീരങ്ങളെ വിദൂരതയിലെങ്കിലും പ്രതീക്ഷിക്കുന്ന ഖത്രയും, അബ്ദുള്ളയുടെ യാത്രയും നമ്മിൽ അവശേഷിപ്പിക്കുന്ന ചിന്തകൾ പലതാണ്. വെളിച്ചം സന്തോഷത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെടുന്നതാണെന്ന് തോന്നുന്നുവെങ്കിലും , സിനിമയിലെ അന്ത്യരംഗങ്ങൾ എന്താണ് പറയുന്നത് എന്നത് സംശയമായി ഉള്ളിൽ പുകയുന്നു. സന്തോഷങ്ങളുടെ ക്ഷണികതയോ, കൈപ്പിടിയിലൊതുങ്ങുമ്പോൾ  വഴുതിപ്പോകുന്ന സന്തോഷത്തിന്റെ ജീവിതപാഠമോ  ആവാം ഈ കാഴ്ച്ചകളുടെ പൊരുൾ.
                   സന്താപങ്ങളുടെ പെരുമഴക്കിടയിൽ വീണുകിട്ടുന്ന സന്തോഷത്തിന്റെ തെളിവാനങ്ങൾക്കായുള്ള കാത്തിരിപ്പാണ് ജീവിതം. അതിനു വേണ്ടിയാണല്ലോ ഈ മഴകളിലത്രയും നാം   നനഞ്ഞു കുതിരുന്നത്.......
                   എല്ലാതരം പ്രേക്ഷകനെയും ഈ സിനിമ തൃപ്തിപ്പെടുത്തണമെന്നില്ല. സിനിമ ഒരു ഉദാത്ത കല എന്ന രീതിയിൽ അതിന്റെ മറ്റൊരു  മുഖത്തെ പ്രതിഫലിപ്പിക്കുന്ന കാഴ്ചയാകും ഈ സിനിമ നൽകുക എന്ന മുന്നറിയിപ്പോടെ നിർത്തുന്നു.   

Wednesday 22 October 2014

CURFEW (2012)



FILM : CURFEW (2012)
GENRE : DRAMA !!!! SHORT (19 MIN)
COUNTRY : U S A
DIRECTOR : SHAWN CHRISTENSEN

         19 മിനുട്ടിനുള്ളിൽ ആസ്വാദകന്റെ വൈകാരികതലങ്ങളെ   തലോടുന്ന നല്ലൊരു ഫാമിലി ഡ്രാമ അവതരിപ്പിച്ച്  കണ്ണ് നനയിപ്പിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. എന്നാൽ , അതാണ്‌ 2013ലെ ഷോർട്ട് ഫിലിമിനുള്ള ഓസ്കാർ പുരസ്കാരം കരസ്ഥമാക്കിയ CURFEW  ചെയ്യുന്നത്. അവതരണവും, അഭിനയവും, കഥയും ഒരുപോലെ മികച്ചു നിന്നപ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ  മനം നിറയ്ക്കുന്ന ദൃശ്യാനുഭവമാണ് നമുക്ക് ലഭിക്കുന്നത്.
       സ്വയം തീർത്ത വിരസവും, വിഷാദാത്മകവുമായ ജീവിതത്തിനു വിരാമമിടാനുള്ള "റിച്ചി"യുടെ   ശ്രമങ്ങൾക്കിടയിലാണ് സിനിമ നമ്മെ ഒപ്പം കൂട്ടുന്നത്‌. അടഞ്ഞ കുഴലുകൾക്കുള്ളിലൂടെ  കുതിച്ചു പായുന്ന നിണച്ചാലുകൾക്ക് പുറത്തേക്കുള്ള വഴി തെളിക്കുകയായിരുന്ന റിച്ചിയെ തേടി അപ്രതീക്ഷിതമായി ഒരു ഫോണ്‍കാൾ എത്തുന്നു. ഏറെക്കാലമായി അവനുമായി യാതൊരു ബന്ധവും പുലർത്താത്ത സഹോദരി(മാഗ്ഗി) , സ്വന്തം മകൾക്കൊപ്പം  കുറച്ചു മണിക്കൂറുകൾ ചെലവിടാൻ  അഭ്യർഥിക്കുന്നു. റിച്ചിയുടെ സ്വഭാവങ്ങൾ നന്നായറിയുന്ന  മാഗ്ഗി  ഒരു  SCHEDULE (DO 'S   AND  DONT'S) മകളായ സോഫിയുടെ കൈയ്യിൽ നൽകുന്നുണ്ട്. സോഫിയുടെ കൂടെയുള്ള നിമിഷങ്ങൾ റിച്ചിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് പിന്നീടുള്ള നിമിഷങ്ങളിൽ സ്ക്രീനിൽ നിറയുന്നത്.
         CHARACTER  DEVELOPMENT-നൊന്നും സമയം ലഘുചിത്രങ്ങളിൽ ലഭിക്കില്ലെങ്കിലും റിച്ചിയെ പ്രേക്ഷകന് മനസ്സിലാകും വിധം ശക്തമായി CREATE ചെയ്യാൻ സാധിച്ചു എന്നതാണ് ഈ സിനിമയെ ഒരു ഫാമിലി ഡ്രാമയുടെ നിലവാരത്തിലേയ്ക്ക് ഉയർത്തിയത്‌. സംഭാഷണങ്ങളിലൂടെയും, ദൃശ്യങ്ങളിലൂടെയും, സോഫിയുടെ ചോദ്യങ്ങളിലൂടെയും റിച്ചിയുടെ ഭൂതകാലം, പ്രശ്നങ്ങൾ , നഷ്ടങ്ങൾ എന്നിവയെ നമുക്ക് വായിച്ചെടുക്കാവുന്ന വിധം വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. സിനിമയിലെ   "അത്യാകർഷകമായ  പ്രകടനം" എന്ന വിശേഷണം  സോഫിയുടെ റോൾ കൈകാര്യം ചെയ്ത FATIMA PTACEK-ന്  അവകാശപ്പെട്ടതാണെന്ന് നിസ്സംശയം  പറയാം. പക്വതയാർന്ന പ്രകടനത്തിലൂടെ ഈ ഉദ്യമത്തിന് പൂർണ്ണതയേകിയ ആ കുട്ടിയെ അവഗണിച്ച് ഈ ലഘുചിത്രത്തെക്കുറിച്ച്  ഒരു കുറിപ്പും എഴുതാനാവില്ല. സംവിധായകന്റെയും , റിച്ചിയുടെയും വേഷം ഒരുപോലെ മനോഹരമാക്കിയ SHAWN CHRISTENSEN പ്രത്യേക പരാമർശം അർഹിക്കുന്നു.  സിനിമയവസാനിക്കുന്നത്  കുടുംബ ബന്ധങ്ങളെയും , ജീവിതത്തിലെ സന്തോഷങ്ങളെയും, നഷ്ടങ്ങളെയും, സ്വയം തീർക്കുന്ന നിരാശയുടെയും, വിഷാദങ്ങളുടെയും  ചുഴികളെയും ഓർമ്മിപ്പിച്ചാണ്. മനസ്സിൽ ഒരു നനുത്ത സ്പർശമേൽപ്പിക്കാൻ ഈ സിനിമയ്ക്കായി എന്നത് തന്നെയാവണം ഇത് വാരിക്കൂട്ടിയ അവാർഡുകൾക്കും   കാരണം.