Sunday, 28 December 2014

EARTH AND ASHES (2004)



FILM : EARTH AND ASHES (2004)
GENRE : DRAMA
COUNTRY : AFGANISTAN
DIRECTOR : ATIQ RAHIMI

         ATIQ RAHIMI തന്റെ നോവലിന് സിനിമാഭാഷ്യം തീർത്തപ്പോൾ നമുക്ക് ലഭിച്ചത്  അഫ്ഗാനിസ്താന്റെ ആകുലതകളെ പകരുന്ന ശക്തമായ ഒരു സിനിമയാണ്. എല്ലാം തകർന്നടിഞ്ഞ അഫ്ഗാനിലെ മരുസമാനമായ പ്രദേശത്തിന്റെ എല്ലാ അസഹാനീയതകളും അവിടങ്ങളിലെ ജീവിതങ്ങളിലും നിഴലിക്കുന്നതിന്റെ നേർക്കാഴ്ചയാകുന്നു EARTH AND ASHES.
          വൃദ്ധനായ "ദസ്തഗിർ" , ഗ്രാമത്തെ നിലംപരിശാക്കിയ ഉഗ്ര സ്ഫോടനത്തിൽ ബധിരനാക്കപ്പെട്ട പേരമകൻ "യാസീൻ" എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ സിനിമ, മകനെ അന്വേഷിച്ചിറങ്ങിയ ദസ്തഗിന്റെ കഥ പറയുന്നു. ഉറ്റവർ മരണപ്പെട്ട വിവരം മകനെ അറിയിക്കുന്നതിനായി അവൻ ജോലി ചെയ്യുന്ന ഖനിയിലേയ്ക്ക് പോകാൻ വാഹനത്തിനായി പേരമകനോടൊപ്പം  കാത്തിരിക്കുകയാണ് അയാൾ. അവരുടെ കാത്തിരിപ്പിനിടയിൽ അവർ കണ്ടുമുട്ടുന്നവരും, ദസ്തഗിറിന്റെ തന്നെ ചിന്തകളുമാണ് സിനിമയിലേയ്ക്ക് ഉൾക്കാഴ്ച നൽകുന്നത്.
         റിയാലിസ്റ്റിക്കും , സർറിയലിസ്റ്റിക്കുമായ ഇമേജുകളിലൂടെ യുദ്ധത്തിനേയും, അഫ്ഗാൻ  ജീവിത സാഹചര്യങ്ങളെയും  അടയാളപ്പെടുത്താനുള്ള ശ്രമങ്ങൾ സിനിമയിൽ ധാരാളം കാണാം. കൈകളിലോ, സ്വന്തം കഴുത്തിലോ ചോര പുരളുന്ന ലളിത നിയമങ്ങളുടെ പ്രായോഗികത തെളിയിക്കപ്പെടുന്ന വേട്ട നിലങ്ങളിൽ മൃതിയറ്റു പോയവർ ഭാഗ്യവാൻമാരാകുന്ന ദയനീയതയെയാണ് ഈ സിനിമ ഓർമ്മിപ്പിക്കുന്നത്. മറ്റുള്ളവരെല്ലാം മൂകരാണെന്ന് തെറ്റിദ്ധരിക്കുന്ന ബധിരനായ കുട്ടിയും അവന്റെ സംശയങ്ങളും ആർക്കു നേരെയാണ് വിരൽ ചൂണ്ടുന്നത് എന്ന ചിന്ത നമ്മിൽ ബാക്കിയാകുന്നു. നമ്മുടെ ശബ്ദങ്ങളെയും നാം കുഴിവെട്ടി മൂടിയോ?... എന്ന സന്ദേഹവും നമുക്കൊപ്പം ചേരുന്നു.
            കഥാപാത്രങ്ങളുടെ  കുറവും, സംഭാഷങ്ങളുടെ ചടുലതയില്ലായ്മയും  കാരണം ചിലർക്കെങ്കിലും ഈ സിനിമ അരുചി തോന്നിപ്പിക്കും എന്ന ഓർമ്മപ്പെടുത്തലോടെ , എവിടെയോ വായിച്ച ആരുടെയോ വാക്കുകൾ ഓർമ്മയിൽ നിന്നും കടമെടുത്ത് നിങ്ങളുടെ ചിന്തകളിലേയ്ക്ക് സമർപ്പിക്കുന്നു.....
                         " കറുത്ത കാലങ്ങളിൽ ഗാനങ്ങൾ ഉണ്ടാകുമോ?...
       കറുത്ത കാലങ്ങളിൽ ഗാനങ്ങളുണ്ടാകും , കറുത്ത കാലങ്ങളെക്കുറിച്ച്......"


1 comment:

  1. റിയാലിസ്റ്റിക്കും , സർറിയലിസ്റ്റിക്കുമായ ഇമേജുകളിലൂടെ യുദ്ധത്തിനേയും, അഫ്ഗാൻ ജീവിത സാഹചര്യങ്ങളെയും അടയാളപ്പെടുത്താനുള്ള ശ്രമങ്ങൾ സിനിമയിൽ ധാരാളം കാണാം. കൈകളിലോ, സ്വന്തം കഴുത്തിലോ ചോര പുരളുന്ന ലളിത നിയമങ്ങളുടെ പ്രായോഗികത തെളിയിക്കപ്പെടുന്ന വേട്ട നിലങ്ങളിൽ മൃതിയറ്റു പോയവർ ഭാഗ്യവാൻമാരാകുന്ന ദയനീയതയെയാണ് ഈ സിനിമ ഓർമ്മിപ്പിക്കുന്നത്

    ReplyDelete