Sunday 15 March 2015

MONGOLIAN PING PONG (2005)

FILM :  MONGOLIAN PING PONG (2005)
COUNTRY : CHINA
GENRE : COMEDY !!! DRAMA
DIRECTOR : HAO NING
         
         ഈ സിനിമയെ മംഗോളിയൻ പശ്ചാത്തലത്തിൽ , മംഗോളിയൻ ഭാഷയിലെടുത്ത ഒരു ചൈനീസ് സിനിമ എന്ന് വിളിക്കാം. കുട്ടികൾ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ സിനിമ , കണ്ണുകളെ വിരുന്നൂട്ടുന്ന പച്ചപ്പ്‌ തുളുമ്പി നിൽക്കുന്ന മംഗോളിയൻ പുൽമേടുകളുടെ ഫ്രൈമുകളാൽ സമ്പന്നമാണ്. ബിലിക്ക് എന്ന കുട്ടിയ്ക്ക് അരുവിയിൽ നിന്നും ലഭിക്കുന്ന ടേബിൾ ടെന്നീസ് ബോളിനെ ചുറ്റിപ്പറ്റിയാണ്‌ സിനിമ മുന്നേറുന്നത്. നിഷ്കളങ്ക മനസ്കരായ കുട്ടികളുടെ അജ്ഞത ബോളിനെക്കുറിച്ചുള്ള രസകരങ്ങളായ കഥകളിലേയ്ക്കും , നർമ്മം നിറഞ്ഞ സന്ദർഭങ്ങളിലേയ്ക്കും നയിക്കുന്നു. കാർമേഘങ്ങളും , തൂവെള്ള പഞ്ഞിക്കെട്ടുകൾ പോലുള്ള മേഘങ്ങളും  കുടപിടിക്കുന്ന വശ്യമനോഹരങ്ങളായ പുൽമേടുകളും , മാഞ്ഞു പോയിക്കൊണ്ടിരിക്കുന്ന പൈതൃക കാഴ്ച്ചകളും ഈ സിനിമയ്ക്ക്‌ ശേഷവും മനസ്സിൽ തങ്ങി നിൽക്കുന്ന ഇമേജുകളാവുന്നു.

Saturday 14 March 2015

NORTE, THE END OF HISTORY (2013)



FILM : NORTE, THE END OF HISTORY (2013)
GENRE : DRAMA
COUNTRY : PHILIPPINES
DIRECTOR : LAV DIAZ

                    ഫിലിപ്പിനോ സംവിധായകനായ LAV DIAZ-ന്റെ സമയ ദൈർഘ്യം കുറഞ്ഞ സിനിമകളിൽ ഒന്നാണത്രെ 4 മണിക്കൂർ 10 മിനിട്ട് നീണ്ടു നിൽക്കുന്ന NORTE, THE END OF HISTORY. സമയ ദൈർഘ്യത്തിനൊപ്പം , സാവധാനത്തിലുള്ള കഥ പറച്ചിൽ കൂടിയാവുമ്പോൾ ക്ഷമയും ആസ്വാദന തലവും പ്രത്യേകം പാകപ്പെടുത്തേണ്ടി വരുന്നു. ഈ സിനിമ ആവശ്യപ്പെടുന്ന സിനിമാ പ്രേക്ഷകനാവാൻ സാധിച്ചതിനാൽ ഞാൻ കണ്ട സിനിമകളുടെ കൂട്ടത്തിൽ ഇനി ഈ സിനിമയുമുണ്ടാകും.
             ഒരു ബുദ്ധിജീവി എന്ന തോന്നൽ പ്രേക്ഷകനിലുണ്ടാക്കും വിധത്തിൽ അവതരിക്കുന്ന നിയമ വിദ്യാർഥി (SCHOOL DROP OUT) ഫാബിയൻ , സാധാരണ ജീവിതം നയിക്കുന്ന ദരിദ്രരായ ജോക്വിം-ഐതെ ദമ്പതികൾ  എന്നിവരാണ് ഈ സിനിമയുടെ നെടുംതൂണുകൾ. ഫാബിയൻ നടത്തുന്ന ക്രൂരമായ ഇരട്ടക്കൊലയ്ക്ക് ശിക്ഷയനുഭവിക്കേണ്ടി വരുന്നത് ജോക്വിം എന്ന നിരപരാധിയാണ്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഫാബിയൻ, ജോക്വിം, ഐതെ എന്നിവരെ പിന്തുടരുകയാണ് ക്യാമറയും നമ്മളും.
                 സാധാരണ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമയുടെ സവിശേഷതയായ സമയ ദൈർഘ്യത്തെ  കഥാപാത്രങ്ങളുടെ സൂക്ഷമമായ തലങ്ങളെ വ്യക്തമായി വരച്ചിടാൻ ഉപയോഗിച്ചിരിക്കുന്നതായി കാണാം. സിനിമയിലെ ഏറ്റവും പ്രബലമായ കഥാപാത്രമാകുന്ന ഫാബിയന്റെ ആന്തരിക സംഘർഷങ്ങളുടെ ഹേതുക്കളെ സംഭാഷണങ്ങളിലൂടെയും , ദൃശ്യ സൂചനകളിലൂടെയും നമുക്ക് മനസ്സിലാക്കാം. അരാഷ്ട്രീയവും, അരാജകവുമായ ചിന്തകളാൽ കാടുപിടിച്ച അയാളുടെ മനസ്സ് സ്ഥാപനവത്കൃത അംശങ്ങളെ ശക്തമായി നിരാകരിക്കുന്നു. തന്റെ മൂല്യ-ധർമ്മ സങ്കൽപ്പങ്ങളോട് ചേർച്ചയിലാത്തവയെ ഉന്മൂലനം ചെയ്യണമെന്ന യുക്തിയുടെ അധിപനായി അയാൾ പരിണമിക്കാനുള്ള കാരണം അനീതിയും , അസമത്വവും, കാപട്യവും ഇഴയുന്ന സാമൂഹിക യാഥാർത്യങ്ങളാണ്. സ്നേഹവും, സഹതാപവും, വെറുപ്പും ഒരുപോലെ പ്രേക്ഷക ഹൃദയങ്ങളിൽ ജനിപ്പിക്കാവുന്ന ഉയർച്ച-താഴ്ച്ചകളും, കപട-ക്രൂര പ്രകൃതങ്ങളും ഫാബിയനിൽ സമ്മേളിക്കുന്നു. കപട മൂല്യങ്ങളുടെയും, കപട ബൌദ്ധികതയുടെയും അലോസരപ്പെടുത്തുന്ന ചോദ്യ ചിഹ്നമായും ഫാബിയൻ മാറുന്നു.
                 നന്മ നിറഞ്ഞ ജോക്വിം, ഐതെ എന്നിവരുടെ ജീവിതത്തെ തകിടം മറിക്കുന്നത് ഫാബിയന്റെ ചെയ്തികളാണ്. ഭർത്താവിന്റെ അഭാവത്തിൽ കുടുംബത്തെയും , തന്നെയും പിടിച്ചുയർത്തേണ്ടി വരുന്ന പ്രതിസന്ധിയിലും , തളരാതെ നന്മയുടെ പക്ഷത്ത്  നിലകൊള്ളുന്ന കഠിനാധ്വാനിയായ ഐതെയിലൂടെയും  , ജയിലിനുള്ളിലെ ക്രൂരമായ അനീതികൾക്കിടയിലും നല്ല മനുഷ്യനായി തുടരുന്ന ജോക്വിമിലൂടെയും സംവിധായകൻ സംവദിക്കുന്നതെന്താവാം... നന്മ ദുരിതം പേറുകയും , തിന്മ സ്വാതന്ത്ര്യം നുകരുകയും ചെയ്യുന്ന യാഥാർത്യത്തെ തന്നെയാണ് ഈ രംഗങ്ങൾ ഓർമ്മിപ്പിച്ചത്. സ്വന്തം മനസാക്ഷിയുടെ വേട്ടയാടൽ കാരണം നിലയുറപ്പിക്കാനാവാതെ അലയുന്ന ഫാബിയനിലൂടെ  മറ്റു ആശയങ്ങളെയും സിനിമയുടെ പ്രമേയത്തോട് കൂട്ടിച്ചേർക്കാൻ ബോധപൂർവ്വം  ശ്രമിച്ചതായി കാണാം. മത വിശ്വാസം പോലുള്ള കാര്യങ്ങളെ വ്യക്തിയുടെയും, സമൂഹത്തിന്റെയും സംരക്ഷണം എന്ന നിലയിൽ വാചികവും, ദൃശ്യപരവുമായി നേരിയ തോതിൽ കോറിയിടുന്നു. നീതിയുടെയും, അനീതിയുടെയും, അസമത്വത്തിന്റെയും, കുടുംബ ബന്ധങ്ങളുടെയും , വിശ്വാസത്തിന്റെയും ചിന്തകളുണർത്തിയാണ് ഈ സിനിമ അവസാനിക്കുന്നത്.
                    സിനിമയുടെ ദൈർഘ്യം അനാവശ്യമായി വലിച്ചു നീട്ടിയ ഒന്നായി തോന്നി. മികച്ച ഒരു എഡിറ്റിങ്ങിലൂടെ കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഒരു സൃഷ്ടിയാക്കാമായിരുന്നു. കാരണം, പല സീനുകളും പ്രത്യേകിച്ചൊന്നും സംഭവിക്കാതെ സ്റ്റാറ്റിക്ക് ആയി നിലകൊള്ളുന്നവയാണ്. ഒരു പക്ഷെ സിനിമയെ കൂടുതൽ റിയലിസ്റ്റിക്കാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാവാം. അഭിനയവും, സിനിമാറ്റോഗ്രാഫിയും മികച്ചു നിന്നു. ആവർത്തിച്ചു വരുന്ന പല ഫ്രൈമുകൾക്കും വ്യത്യസ്ത ക്യാമറാ ആങ്കിൾ നൽകിയത് ആവർത്തന വിരസത ഒഴിവാക്കി.
                   ബൌദ്ധികമായ ഒരു ചർച്ചയിലൂടെ ആരംഭിക്കുന്ന ഈ സിനിമ താണ്ടുന്ന ഫ്രൈമുകളിലെ നിശബ്ദതയും , നിശ്ചലതയും, നിർവ്വികാരതയും, ക്രൂരതയും , സഹാനുഭൂതിയും , നിസ്സഹായതയും നിങ്ങളിലെ സിനിമാപ്രേമിയുടെ ആസ്വാദന തലത്തിനും , ക്ഷമയ്ക്കും താങ്ങാനാവുമെങ്കിൽ തീർച്ചയായും ഈ സിനിമ കാണണം എന്നാണ് എന്റെ അഭിപ്രായം.


Friday 13 March 2015

WHISKY (2004)



FILM : WHISKY (2004)
COUNTRY : URUGUAY
GENRE : COMEDY !! DRAMA
DIRECTORS : JUAN PABLO REBELLA , PABLO STOLL

         ലാറ്റിനമേരിക്കൻ സിനിമകളോട് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്‌. കെട്ടിലും, മട്ടിലും ഇതര ദേശ സിനിമകളിൽ നിന്ന് വേറിട്ട ഒരു ഐഡന്റിറ്റി അവയ്ക്കുള്ളതായി തോന്നുന്നതാവാം ഈ ഇഷ്ടക്കൂടുതലിനു പിന്നിൽ. 2004-ൽ  പുറത്തിറങ്ങിയ WHISKY  എന്ന ഉറുഗ്വയൻ സിനിമയെ ഒരു ക്യാരക്റ്റർ സ്റ്റഡി എന്ന് വിശേഷിപ്പിക്കാം. എന്നിരുന്നാലും ഈ രീതിയിലുള്ള സിനിമകളിലെ സ്ഥിരം സാഹചര്യങ്ങളിലൂടെയല്ല സിനിമയും, കഥാപാത്രങ്ങളും നീങ്ങുന്നത്‌.
             ചെറിയ ഒരു സോക്സ്‌ ഫാക്റ്ററിയുടെ ഉടമസ്ഥനായ ജേക്കബ് , അയാളുടെ സെക്രട്ടറി മാർത്ത , വർഷങ്ങളായി അയാളിൽ നിന്ന് അകന്ന് കുടുംബസമേതം ബ്രസീലിൽ കഴിയുന്ന സഹോദരൻ ഹെർമൻ എന്നീ മൂന്ന് കഥാപാത്രങ്ങളുടെ മനോസഞ്ചാരങ്ങളെയും, വ്യക്തിത്വങ്ങളേയുമാണ് നമ്മൾ കഥാപാത്ര വിശകലനത്തിന്റെ അളവ് പാത്രങ്ങളിലെയ്ക്ക് എടുത്തു വെയ്ക്കുന്നത്. മാതാവിന്റെ മരണത്തെ തുടർന്ന് ഹെർമൻ ജേക്കബിനെ കാണാനെത്തുകയാണ്. ഈ അവസരത്തിൽ സഹധർമ്മിണിയുടെ വേഷം കെട്ടാൻ മാർത്തയെ സമീപിക്കുന്നു ജേക്കബ്. ഈ മൂവർ സംഘത്തിന്റെ കൂടിച്ചേരലിന്റെ നിമിഷങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.
              ജേക്കബ്-മാർത്ത എന്നിവർ മാത്രം സാന്നിദ്ധ്യമാകുന്ന സോക്സ്‌ ഫാക്റ്ററിയിലെ ആവർത്തിച്ചുള്ള രംഗങ്ങൾ ഏകാന്തതയും, വിരസതയും, ശൂന്യതയും നിഴലിക്കുന്ന യാന്ത്രിക ജീവിതത്തിന്റെ സൂചനകളാകുന്നു. നിസ്സഹായത സ്ഫുരിക്കുന്ന ജേക്കബിനെ ആദ്യം നമ്മൾ സഹതാപത്തോടെ വീക്ഷിക്കുമെങ്കിലും , കഥാപാത്രങ്ങൾക്കൊപ്പമുള്ള സഞ്ചാരവീഥികളിൽ കണ്ടുമുട്ടുന്ന നിസ്സംഗമായ , വഴക്കമില്ലാത്ത അയാളുടെ പ്രകൃതങ്ങളെ നമുക്ക് വിരസതയുടെ ഉല്പന്നങ്ങളായി വിലയിരുത്താം. ജീവിതത്തെ അതിന്റെ എല്ലാ ആകുലതകളോടെയും ആസ്വദിക്കുന്ന ഹെർമൻ എന്ന സഹോദരൻ ജേക്കബിന് വിരുദ്ധമായ വ്യക്തിത്വത്തെ പ്രതിനിധാനം ചെയ്യുന്നതോടൊപ്പം താരതമ്യത്തിന്റെ അവസരവും മാർതയ്ക്കും, നമുക്കും നൽകുന്നു. ആവർത്തന വിരസമായ ശൂന്യതയിൽ നിന്ന് സന്തോഷത്തിന്റെ ഒളി ചിതറുന്ന വഴികളിലേക്ക് ജീവിതത്തെ തിരിച്ചു വിടാൻ മാർത്ത ശ്രമിക്കുമോ എന്ന ചോദ്യം ബാക്കിയാക്കുന്നു സിനിമ.
                പാരമ്പര്യത്തിലും, പഴമയിലും കടിച്ചു തൂങ്ങി ചലനമറ്റു നിൽക്കുന്ന ജേക്കബ്, ആധുനികതയുടെ സമൃദ്ധി തേടി മാറ്റത്തിനും ചലനത്തിനും വിധേയമാകുന്ന ഹെർമൻ , ഒഴുക്കിനൊപ്പം നീന്തുന്ന മാർത്ത ..... വ്യക്തികൾക്കപ്പുറം ഇവർ സമൂഹത്തിന്റെയും പ്രതിനിധാനങ്ങളാകുമോ  എന്ന സംശയം മനസ്സിൽ അവശേഷിപ്പിച്ച് നിർത്തുന്നു.  


Thursday 12 March 2015

TUYA’S MARRIAGE (2006)



FILM : TUYA’S MARRIAGE (2006)
COUNTRY : CHINA
GENRE : DRAMA
DIRECTOR : WANG QUAN’AN

                ഒരു ചൈനീസ് ഫിലിം എന്നതിനേക്കാൾ ഒരു മംഗോളിയൻ സിനിമ എന്ന വിശേഷണമാണ് ഈ സിനിമയ്ക്ക്‌ കൂടുതൽ ചേരുക. കാരണം, സിനിമ സംവദിക്കുന്ന ഭാഷ MANDARIN ആണെങ്കിലും (വായിച്ചു മനസ്സിലാക്കിയത്), പകരുന്നത് മംഗോളിയൻ ജീവിതമാണ്. 2007-ലെ  ബർലിൻ ഫിലിം ഫെസ്റ്റിവലിൽ "ഗോൾഡൻ ബെയർ"  പുരസ്കാരം നേടിയ TUYA'S MARRIAGE എന്ന ഈ സിനിമയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
                   ഭൂമിശാസ്ത്രപരമായി പ്രത്യേകതകൾ നിറഞ്ഞ മംഗോളിയൻ സമതലങ്ങളുടെ പശ്ചാത്തലമാണ് സിനിമയുടേത്. ചെമ്മരിയാടുകളെ മേച്ച്‌ ഉപജീവനം തേടുന്ന TUYA എന്ന സ്ത്രീയുടെ ജീവിതമാണ് ഈ സിനിമ. മരുഭൂമി കണക്കെ ജലക്ഷാമം നേരിടുന്ന പ്രദേശത്ത് ജീവിക്കുന്ന അവൾക്ക് ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. അപകടത്തിൽ പെട്ട് ശാരീരികമായി തളർന്ന ഭർത്താവിനെയും , മക്കളെയും സംരക്ഷിക്കേണ്ട ഭാരവും അവളുടെ ചുമലിലാണ്. ഈ കഷ്ടതകൾക്ക് പരിഹാരമെന്ന രീതിയിൽ തന്നെയും , കുടുംബത്തെയും സംരക്ഷിക്കാൻ തയ്യാറുള്ള മറ്റൊരാളെ അവൾക്ക്  തേടേണ്ടിവരുന്നു. ജീവിതത്തിനും, സ്നേഹത്തിനുമിടയിൽ നീറുന്ന TUYA യുടെ ജിവിതമാണ്  സിനിമയിൽ പിന്നീട് നമുക്ക് കാണാനാവുക.
              ഭൂമിശാസ്ത്ര , സാമൂഹിക, സാംസ്കാരിക വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സിനിമകൾക്കായുള്ള ശ്രമങ്ങളാണ് ഇത്തരം സിനിമകളിലേയ്ക്ക് എന്നെ നയിക്കാറുള്ളത്. ഒരു DOCUMENTARY കാണുന്ന ഫീലിൽ കഥാപാത്രങ്ങളുടെ ജീവിത പരിസരങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും, അതോടൊപ്പം നല്ല ഒരു സിനിമ ആസ്വദിക്കാനുമുള്ള അവസരവുമാണ് ഇത്തരം സിനിമകൾ വച്ചുനീട്ടുന്നത്. ഹോളിവുഡിന്റെ മായികക്കാഴ്ച്ചകളിലൊന്നും കാണാനാവാത്ത ദൃശ്യാനുഭവമേകുന്ന ഈ തരത്തിലുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവരെ TUYA'S MARRIAGE നിരാശപ്പെടുത്തില്ല.  


Tuesday 10 March 2015

MUCIZE (2015)



FILM : MUCIZE (2015)
GENRE : DRAMA !! COMEDY
COUNTRY : TURKEY
DIRECTOR : MAHSUN KIRMIZIGUL

             ചില സിനിമകളുടെ സൗന്ദര്യം അവയുടെ ലാളിത്യമാണ്. ചില സിനിമകൾ ചില പ്രദേശങ്ങൾക്ക് മാത്രം  പറയാനുള്ളവയുമാണ്. കാരണം, സിനിമയുടെ ഓരോ നിശ്വാസവും ആ മണ്ണിനോട് കലർന്നിരിക്കുന്നതായി തോന്നും.  തുർക്കിയുടെ പ്രാന്തമായ മലനിരകളിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച  മനോഹരമായ സിനിമയായ MUCIZE ഇത്തരമൊരു അനുഭവമാണ് ബാക്കിയാക്കുന്നത്.
                വർഷങ്ങളായി അധികൃതർ വിസ്മരിച്ച ഒരു  ഗ്രാമത്തിലേക്ക് പുതുതായി വന്നെത്തിയ അധ്യാപകനാണ് മാഹിർ. സ്കൂൾ പോലുമില്ലാത്ത ആ നാട്ടിലെ നിവാസികളുടെ സ്നേഹത്തിനു മുന്നിൽ കീഴടങ്ങിയ അയാൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ അവരുടെ ഹൃദയങ്ങളെ കീഴടക്കുന്നു. ഗ്രാമത്തിലെ തലവന്റെ മകനും, ഏവരുടെയും പരിഹാസങ്ങൾക്ക് ഇരയാകുന്ന  വികലാംഗത്വം ഉൾപ്പെടെ നിരവധി  പ്രശ്നങ്ങളുളള  AZIZ-നെയും വളരെയധികം പരിഗണിക്കുന്നു അയാൾ. സ്കൂളും, വളർത്തു മൃഗങ്ങളും , രസകരങ്ങളായ ഗ്രാമീണ നിമിഷങ്ങളുമാണ് തുടർന്നുള്ള ഫ്രൈമുകളെ അലങ്കരിക്കുന്നത്.
                  സിനിമ പകരുന്ന കാലഘട്ടത്തെ പട്ടാള അട്ടിമറി എന്ന രാഷ്ട്രീയ സൂചനയിലൂടെ വായിച്ചെടുക്കാൻ അവസരം ലഭിക്കുന്നു. മലനിരകളുടെ മാസ്മരിക സൗന്ദര്യം ഒപ്പിയെടുത്ത ഫ്രൈമുകളിൽ നിന്ന് പലപ്പോഴും കണ്ണെടുക്കാനാവില്ല. മഞ്ഞും, തടാകവും, പാറക്കെട്ടുകളും പ്രകൃതിയുടെ വിസ്മയക്കാഴ്ച്ചകളാകുന്നു. ഗ്രാമീണ ജീവിതത്തെ അടയാളപ്പെടുത്തുന്ന സാംസ്കാരിക അംശങ്ങളായി വിവാഹം, സാമൂഹിക ജീവിതം എന്നിവയെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. നന്മ നിറഞ്ഞ ഗ്രാമീണ മനസ്സും, പെണ്ണുകാണൽ ചടങ്ങുകളും വൈവിധ്യമാർന്ന സംസ്കൃതികളെക്കുറിച്ചുള്ള ചിന്തകളായി മനസ്സിൽ തങ്ങി നിൽക്കുന്നു.  തമാശ നിറഞ്ഞ ഇത്തരം പുതുമകൾ തന്നെയാണ് ആ സാംസ്കാരികതയ്ക്ക് പുറത്തുള്ള നമ്മളെ പോലുള്ള സിനിമാ പ്രേമികളെ ആകർഷിക്കുന്നത്. ക്ലൈമാക്സിന്റെ അവതരണം സിനിമയുടെ മൊത്തത്തിലുള്ള മികവിനോട് ചേരുന്നതായി തോന്നിയില്ല എന്ന കല്ലുകടി ബാക്കിയാവുന്നു.  AZIZ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. യഥാർത്ഥ ജീവിതാനുഭവങ്ങളിൽ നിന്ന് കടമെടുത്തതാണ് ഈ സിനിമയുടെ കഥയെന്നതും സന്തോഷമേകി.
                ചിലയാളുകൾ  കണ്ണിനു പുറമേ ഹൃദയം കൊണ്ടും ലോകത്തെ വീക്ഷിക്കും എന്ന് കേട്ടിട്ടുണ്ട്, അതുപോലെ ചില സിനിമകൾ ഹൃദയം കൊണ്ടാണ് കാണേണ്ടതും.......


Monday 9 March 2015

METRO MANILA (2013)



FILM : METRO MANILA (2013)
COUNTRY : UK !!! PHILIPPINES
GENRE : CRIME DRAMA
DIRECTOR : SEAN ELLIS

              ബ്രിട്ടീഷ് സംവിധായകനായ SEAN ELLIS ഫിലിപ്പൈൻസിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ക്രൈം-ഡ്രാമയാണ് METRO MANILA. 2013-ൽ പുറത്തിറങ്ങിയ ഈ സിനിമ "ഓസ്കാർ   റെമിറാസ്‌ എന്ന സാധാരണക്കാരന്റെയും കുടുംബത്തിന്റെയും കഥ പറയുന്നു. ഫിലിപ്പൈൻസിലെ ഗ്രാമങ്ങളിലെവിടെയോ കർഷകനായി ദുരിത ജീവിതം നയിക്കുന്ന അയാൾ മറ്റു പോം വഴികളില്ലാതെ കുടുംബ സമേതം "മനില" എന്ന മഹാനഗരത്തിലെത്തുന്നു. "മരിച്ചവർ ചെന്നെത്തുന്ന പറുദീസ ഇതാണോ ?" എന്ന അയാളുടെ മകളുടെ ചോദ്യം ഗ്രാമത്തിന്റെ ശൂന്യതയിൽ നിന്ന് നഗരത്തിന്റെ കോലാഹലങ്ങളിലേയ്ക്കും , വർണ്ണ വിസ്മയങ്ങളിലെയ്ക്കും, അംബര ചുംബികൾക്കിടയിലേയ്ക്കും വന്നണഞ്ഞ കുഞ്ഞു മനസ്സിന്റെ തോന്നൽ മാത്രമാകുന്നു. എല്ലാ വൻനഗരങ്ങളേയും പോലെ കണ്ണഞ്ചിപ്പിക്കുന്ന പുറം മോടികൾക്കുള്ളിലുള്ള ഇരുണ്ടതും , ക്രൂരവുമായ യാഥാർത്യങ്ങൾ റെമിരസിനെയും കുടുംബത്തേയും വേട്ടയാടുന്നു. നിലനിൽപ്പിനായുള്ള നെട്ടോട്ടത്തിനൊടുവിൽ കരഗതമാകുന്ന ജോലി അയാളെയും കുടുംബത്തേയും സന്തോഷ നിമിഷങ്ങളിലേയ്ക്ക് കൈപിടിച്ചുയർത്തുകയാണ്. എന്നാൽ അയാളുടെ കൂട്ടാളിയുടെ പദ്ധതികൾ, സാഹചര്യങ്ങൾ സങ്കീർണ്ണവും , ജീവിതം അപകടകരവുമാക്കുന്നു. മുന്നിലുള്ള എല്ലാ വഴികളും അടയുമ്പോൾ അയാൾക്ക് എന്ത് ചെയ്യാനാകും........
              പുതുമയില്ലാത്ത കഥയാണെങ്കിലും മനിലയുടെ പശ്ചാത്തലത്തിൽ ഫ്രൈമുകളും, കഥാസന്ദർഭങ്ങളും ഒരു  ഫ്രെഷ്നസ്സ് ഫീൽ ചെയ്യിക്കുന്നു. ക്ലൈമാക്സ് നമ്മുടെ പ്രതീക്ഷകളെ തകിടം മറിക്കാൻ പ്രാപ്തമല്ലെങ്കിലും   മനസ്സിന് തൃപ്തി നൽകുന്നതാണ്. 2013-ലെ മികച്ച സിനിമകളിൽ ഒന്നായി ഇടം പിടിക്കാനുള്ള അവകാശവാദങ്ങൾ ഈ സിനിമയുടെ സൃഷ്ടാക്കൾ നിരത്തിയാൽ അവരെ കുറ്റം പറയാനാവില്ല. കാരണം, ഈ സിനിമ അത് അർഹിക്കുന്നു.


Saturday 7 March 2015

MANUSCRIPTS DON’T BURN (2013)



FILM : MANUSCRIPTS DON’T BURN (2013)
GENRE : DRAMA
COUNTRY : IRAN
DIRECTOR : MOHAMMAD RASOULOF

            സെൻസർഷിപ്പിന്റെ കടുത്ത വാൾതലപ്പുകൾക്ക് ഇരയാകുന്ന സൃഷ്ടികൾക്ക് പൂർണ്ണതയുടെ സൗന്ദര്യത്തെ ഉൾക്കൊള്ളാനാവില്ല. സാഹചര്യങ്ങളുടെ ഉരുക്ക് മുഷ്ടികളിൽ ഓർമ്മയിലെയും , ചുറ്റുപാടുകളിലേയും പുഴുക്കുത്തുകളോട് മുഖം തിരിക്കേണ്ടി വരുകയും , ദുർഗന്ധങ്ങളെ സഹിക്കേണ്ടിയും വരുന്ന കലാകാരന്റെ / എഴുത്തുകാരന്റെ നിസ്സഹായതകളെ അയാളുടെ സൃഷ്ടികളിലെ അപൂർണ്ണതയുടെ വിടവുകളിലേയ്ക്ക് ചേർത്ത് വച്ച് സൗന്ദര്യത്തേയും, വേദനയാർന്ന യാഥാർത്യങ്ങളെയും ഉൾക്കൊള്ളുകയാണ് വേണ്ടത്.
                MANUSCRIPTS DON'T BURN എന്ന സിനിമ ഇറാനിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ എഴുത്തുകാരനുഭവിക്കുന്ന  നിസ്സഹായതയെയും , വിദൂര സ്വപ്നമാകുന്ന അഭിപ്രായ സ്വാതന്ത്ര്യങ്ങളെയും തുറന്നു കാണിക്കുന്നതിലൂടെ പ്രതിഷേധാഗ്നിയായി ജ്വലിച്ചു നിൽക്കുന്നു. ഒരു പോളിറ്റിക്കൽ ത്രില്ലർ എന്നും വിളിക്കാവുന്ന ഈ സിനിമയുടെ റിയലിസ്റ്റിക്കായുള്ള അവതരണം പലപ്പോഴും നടുക്കമുളവാക്കുന്നു.  രണ്ട് എഴുത്തുകാരെ ആത്മഹത്യ എന്ന രൂപേണ കൊലചെയ്യേണ്ട ദൌത്യവുമായി  രണ്ടു വ്യക്തികൾ, എഴുത്തുകാരുടെ കൈവശമുള്ളത് എന്ന് കരുതപ്പെടുന്നതും, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്നതുമായ കൈയ്യെഴുത്തുപ്രതികൾ, ആജ്ഞകളുടെ ക്രൂരത മുഖത്ത് പ്രതിഫലിക്കാത്ത സുമുഖനായ തലവൻ എന്നിവയോടൊപ്പം കൊലപാതകിയുടെ സാധാരണ ജീവിത സാഹചര്യങ്ങളും , നടുക്കുന്ന യാഥാർത്യങ്ങളും കൂടി ചേരുമ്പോൾ കാഴ്ച്ചയുടെ ആഴവും, സിനിമയുടെ ധർമ്മവും മറ്റൊന്നാകുന്നു.
                   അക്ഷരങ്ങളുടെ ചൂടും, എഴുത്തുകാരന്റെ ശക്തിയും തിരിച്ചറിയുന്ന എല്ലാ അധികാര വ്യവസ്ഥകളും , തങ്ങൾ തീർക്കുന്ന സാമൂഹിക മൂല്യങ്ങളെ മുൻനിർത്തി ആസൂത്രണം ചെയ്യുന്ന "IMMORAL BRANDING" എന്ന ഭീഷണിയിലൂടെ എതിർ ശബ്ദങ്ങളെ അമർച്ച ചെയ്യുന്ന യാഥാർത്ഥ്യം ഈ സിനിമയും പങ്കുവെക്കുന്നു. ആവർത്തിച്ചു വരുന്ന പാത്രം കഴുകൽ സീനുകൾ, സമൂഹത്തിന്റെ വിഴുപ്പുകളെ ഇല്ലായ്മ ചെയ്യുന്ന എഴുത്തുകാരന്റെ ധർമ്മത്തെയാവാം ഉദ്ദേശിച്ചത്. സമാധാന ഭിക്ഷകൾക്കായി വിധേയത്വത്തിന്റെ മൌനരാഗങ്ങൾ കുറിക്കേണ്ടി വരുന്ന ക്രൂരതയെയും സിനിമ ആവിഷ്ക്കരിക്കുന്നു. ദരിദ്ര പരിസരങ്ങളുടെ അധിപനാണെങ്കിലും  തന്റെ ചെയ്തികൾ പണത്തിനു വേണ്ടിയല്ല എന്ന് പലവുരു ആണയിടുന്ന കൊലപാതകി വ്യവസ്ഥിതി സൃഷ്ടിക്കുന്ന മാനസികനിലയിൽ കുരുത്ത പോരാളിയാകുന്നു.
                   സിനിമയുടെ അവസാന രംഗങ്ങൾ നിറയുന്ന ഫ്രൈമുകൾ നമ്മിൽ ചെലുത്തുന്ന ഭീതിജനകമായ അസ്വസ്ഥതയ്ക്ക് അവതരണത്തിലെ കൈയ്യടക്കത്തെ പ്രകീർത്തിക്കാം. പറയാനുള്ളവ ഉറക്കെ വിളിച്ചു പറയാൻ സംവിധായകൻ കാണിച്ച ധൈര്യം പ്രേക്ഷകരിലേയ്ക്കും പടരട്ടെ. എന്ന് ആഗ്രഹിക്കുന്നു. സമൂഹത്തിന്റെ വഴികാട്ടികളായ ധിഷണകളിൽ നിന്നും ഒഴുക്കി വിടുന്ന രക്തത്തിൽ മുങ്ങിക്കുളിക്കുന്ന  ഒരു ദേശത്തിനും സാമൂഹികാരോഗ്യത്തിലേക്കും , പുരോഗതിയിലേയ്ക്കും കുതിക്കാനാവില്ല.


Wednesday 4 March 2015

THE MISSING PICTURE (2013)



FILM : THE MISSING PICTURE (2013)
GENRE : DOCUMENTARY
COUNTRY  : CAMBODIA
DIRECTOR : RITHY PANH

                     പലപ്പോഴും സിനിമകളിലെ അവതരണ വൈവിധ്യവും , പുതുമയും അത്ഭുതമേകാറുണ്ട്. 86-മത് ഓസ്കാർ അവാർഡിൽ വിദേശഭാഷാ  ചിത്രത്തിനായുള്ള മത്സരത്തിൽ അവസാന അഞ്ചിൽ ഇടം നേടിയ ഡോക്യുമെന്ററി  സിനിമയായ THE MISSING PICTURE അവതരണത്തിലെ പുതുമ കൊണ്ട് നമ്മെ  വിസ്മയിപ്പിക്കുന്നു. ഇത്തരം പരീക്ഷണങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കുമ്പോഴാണ് സിനിമകളെ പുതുമോടികളോടെ അവതരിപ്പിക്കാൻ സംവിധായകർ തുനിയുക.
             കമ്പോഡിയൻ രാഷ്ട്രീയ ചരിത്രത്തിലെ കുപ്രസിദ്ധിയാർജ്ജിച്ച ഖമറൂഷ് ദിനങ്ങളെ , ആ കാലഘട്ടത്തെ അതിജീവിച്ച ഇരയുടെ (സംവിധായകന്റെ) ഓർമ്മകളിലൂടെ നമുക്ക് പകരുകയാണ് THE MISSING PICTURE. പുരോഗതിയുടെ നല്ല ദിനങ്ങളെന്ന നുണയുമായെത്തിയ ദുസ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിനായുള്ള  വൃഥാശ്രമങ്ങളുടെ ഒറിജിനൽ ഫൂട്ടേജുകളും , കളിമണ്‍ പാവകളുമാണ് ഈ സിനിമയുടെ ഫ്രൈമുകൾ കയ്യേറുന്നത്. വ്യക്തിയുടെ സ്വാതന്ത്ര്യവും, സ്വപ്നങ്ങളും രാജ്യത്തിനായി ബലികഴിക്കേണ്ടി വരുകയോ അടിച്ചമർത്തപ്പെടുകയോ  ചെയ്യുന്നു. സംഘടിത ശക്തിയെ സ്വയം പര്യാപ്തതയിലേക്കുള്ള കുതിപ്പായി കരുതി ഖമറൂഷുകൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടങ്ങളുടെ നഷ്ട-ജീവിതങ്ങളെ ഈ സിനിമ ഓർമ്മിപ്പിക്കുന്നു. കഥാപാത്രങ്ങളായ കളിമണ്‍ പാവകളുടെ മുഖങ്ങളിൽ കലുഷിതവും , ക്രൂരവുമായ ആ ദിനങ്ങളെ ദൈന്യതയുടെയും , ഭീതിയുടെയും, നിരാശയുടെയും സ്ഥായീഭാവങ്ങളായി കണ്ടെടുക്കാം. ഏകാധിപത്യ ധിഷണകളിൽ ഉദിക്കുന്ന വികലമായ കാഴ്ച്ചപ്പാടുകൾ പ്രായോഗികതയുടെ നിലങ്ങളിലേയ്ക്ക് ഇറങ്ങുമ്പോൾ വിശപ്പും, ദാരിദ്ര്യവും പങ്കിട്ടെടുക്കുന്ന മനുഷ്യക്കോലങ്ങളാണ് ബാക്കിയാവുക എന്നത് ഈ സിനിമയും വിളിച്ചു പറയുന്നു. പ്രത്യയശാസ്ത്ര പ്രയോക്താക്കളുടെ പരീക്ഷണ ശാലകളിൽ ഓർമ്മകൾ മാത്രം "സ്വന്തവും", കവർന്നെടുക്കാൻ കഴിയാത്തതുമാവുന്നു. ഓർമ്മകളിൽ പോലും അവശേഷിക്കാത്ത ചിത്രങ്ങളെയോ , ബാല്യത്തേയോ ആവാം സംവിധായകൻ തേടുന്നതും.
              ഈ DOCUMENTARY സിനിമയിലെ നിശ്ചല ദൃശ്യങ്ങളെ വോയിസ് ഓവർ നരേഷനുമായി കൂട്ടിവായിക്കുമ്പോഴാണ് സിനിമയ്ക്കൊപ്പം നമുക്ക് സഞ്ചരിക്കാനാവുക. പോൾ പോൾട്ട് സൃഷ്ടിച്ച വരണ്ട ദിനങ്ങളെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ വെളിവാക്കുന്ന സംവിധായകൻ  പ്രതി ചേർക്കാനും വിധിക്കാനുമുള്ള സ്വാതന്ത്ര്യം പ്രേക്ഷകന് നൽകുന്നു.
                    സിനിമയുടെ ഏറ്റവും വലിയ സവിശേഷതയായ അഭിനേതാക്കളെ  ഒരുക്കിയെടുത്ത കൈകളുടെ വൈദഗ്ധ്യത്തെ  പുകഴ്ത്താതെ വയ്യ. കാൻ ചലച്ചിത്ര മേളയിലടക്കം ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ സിനിമ ചരിത്രത്തിലെ  മായ്ച്ചുകളയാൻ കഴിയാത്ത ഏടുകളിലേക്കാണ് വെളിച്ചം വിതറുന്നത്.......