Saturday, 7 March 2015

MANUSCRIPTS DON’T BURN (2013)



FILM : MANUSCRIPTS DON’T BURN (2013)
GENRE : DRAMA
COUNTRY : IRAN
DIRECTOR : MOHAMMAD RASOULOF

            സെൻസർഷിപ്പിന്റെ കടുത്ത വാൾതലപ്പുകൾക്ക് ഇരയാകുന്ന സൃഷ്ടികൾക്ക് പൂർണ്ണതയുടെ സൗന്ദര്യത്തെ ഉൾക്കൊള്ളാനാവില്ല. സാഹചര്യങ്ങളുടെ ഉരുക്ക് മുഷ്ടികളിൽ ഓർമ്മയിലെയും , ചുറ്റുപാടുകളിലേയും പുഴുക്കുത്തുകളോട് മുഖം തിരിക്കേണ്ടി വരുകയും , ദുർഗന്ധങ്ങളെ സഹിക്കേണ്ടിയും വരുന്ന കലാകാരന്റെ / എഴുത്തുകാരന്റെ നിസ്സഹായതകളെ അയാളുടെ സൃഷ്ടികളിലെ അപൂർണ്ണതയുടെ വിടവുകളിലേയ്ക്ക് ചേർത്ത് വച്ച് സൗന്ദര്യത്തേയും, വേദനയാർന്ന യാഥാർത്യങ്ങളെയും ഉൾക്കൊള്ളുകയാണ് വേണ്ടത്.
                MANUSCRIPTS DON'T BURN എന്ന സിനിമ ഇറാനിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ എഴുത്തുകാരനുഭവിക്കുന്ന  നിസ്സഹായതയെയും , വിദൂര സ്വപ്നമാകുന്ന അഭിപ്രായ സ്വാതന്ത്ര്യങ്ങളെയും തുറന്നു കാണിക്കുന്നതിലൂടെ പ്രതിഷേധാഗ്നിയായി ജ്വലിച്ചു നിൽക്കുന്നു. ഒരു പോളിറ്റിക്കൽ ത്രില്ലർ എന്നും വിളിക്കാവുന്ന ഈ സിനിമയുടെ റിയലിസ്റ്റിക്കായുള്ള അവതരണം പലപ്പോഴും നടുക്കമുളവാക്കുന്നു.  രണ്ട് എഴുത്തുകാരെ ആത്മഹത്യ എന്ന രൂപേണ കൊലചെയ്യേണ്ട ദൌത്യവുമായി  രണ്ടു വ്യക്തികൾ, എഴുത്തുകാരുടെ കൈവശമുള്ളത് എന്ന് കരുതപ്പെടുന്നതും, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്നതുമായ കൈയ്യെഴുത്തുപ്രതികൾ, ആജ്ഞകളുടെ ക്രൂരത മുഖത്ത് പ്രതിഫലിക്കാത്ത സുമുഖനായ തലവൻ എന്നിവയോടൊപ്പം കൊലപാതകിയുടെ സാധാരണ ജീവിത സാഹചര്യങ്ങളും , നടുക്കുന്ന യാഥാർത്യങ്ങളും കൂടി ചേരുമ്പോൾ കാഴ്ച്ചയുടെ ആഴവും, സിനിമയുടെ ധർമ്മവും മറ്റൊന്നാകുന്നു.
                   അക്ഷരങ്ങളുടെ ചൂടും, എഴുത്തുകാരന്റെ ശക്തിയും തിരിച്ചറിയുന്ന എല്ലാ അധികാര വ്യവസ്ഥകളും , തങ്ങൾ തീർക്കുന്ന സാമൂഹിക മൂല്യങ്ങളെ മുൻനിർത്തി ആസൂത്രണം ചെയ്യുന്ന "IMMORAL BRANDING" എന്ന ഭീഷണിയിലൂടെ എതിർ ശബ്ദങ്ങളെ അമർച്ച ചെയ്യുന്ന യാഥാർത്ഥ്യം ഈ സിനിമയും പങ്കുവെക്കുന്നു. ആവർത്തിച്ചു വരുന്ന പാത്രം കഴുകൽ സീനുകൾ, സമൂഹത്തിന്റെ വിഴുപ്പുകളെ ഇല്ലായ്മ ചെയ്യുന്ന എഴുത്തുകാരന്റെ ധർമ്മത്തെയാവാം ഉദ്ദേശിച്ചത്. സമാധാന ഭിക്ഷകൾക്കായി വിധേയത്വത്തിന്റെ മൌനരാഗങ്ങൾ കുറിക്കേണ്ടി വരുന്ന ക്രൂരതയെയും സിനിമ ആവിഷ്ക്കരിക്കുന്നു. ദരിദ്ര പരിസരങ്ങളുടെ അധിപനാണെങ്കിലും  തന്റെ ചെയ്തികൾ പണത്തിനു വേണ്ടിയല്ല എന്ന് പലവുരു ആണയിടുന്ന കൊലപാതകി വ്യവസ്ഥിതി സൃഷ്ടിക്കുന്ന മാനസികനിലയിൽ കുരുത്ത പോരാളിയാകുന്നു.
                   സിനിമയുടെ അവസാന രംഗങ്ങൾ നിറയുന്ന ഫ്രൈമുകൾ നമ്മിൽ ചെലുത്തുന്ന ഭീതിജനകമായ അസ്വസ്ഥതയ്ക്ക് അവതരണത്തിലെ കൈയ്യടക്കത്തെ പ്രകീർത്തിക്കാം. പറയാനുള്ളവ ഉറക്കെ വിളിച്ചു പറയാൻ സംവിധായകൻ കാണിച്ച ധൈര്യം പ്രേക്ഷകരിലേയ്ക്കും പടരട്ടെ. എന്ന് ആഗ്രഹിക്കുന്നു. സമൂഹത്തിന്റെ വഴികാട്ടികളായ ധിഷണകളിൽ നിന്നും ഒഴുക്കി വിടുന്ന രക്തത്തിൽ മുങ്ങിക്കുളിക്കുന്ന  ഒരു ദേശത്തിനും സാമൂഹികാരോഗ്യത്തിലേക്കും , പുരോഗതിയിലേയ്ക്കും കുതിക്കാനാവില്ല.


No comments:

Post a Comment