FILM : METRO MANILA
(2013)
COUNTRY : UK
!!! PHILIPPINES
GENRE : CRIME DRAMA
DIRECTOR : SEAN ELLIS
ബ്രിട്ടീഷ് സംവിധായകനായ SEAN ELLIS ഫിലിപ്പൈൻസിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ക്രൈം-ഡ്രാമയാണ് METRO MANILA. 2013-ൽ പുറത്തിറങ്ങിയ ഈ സിനിമ "ഓസ്കാർ റെമിറാസ് എന്ന സാധാരണക്കാരന്റെയും കുടുംബത്തിന്റെയും കഥ പറയുന്നു. ഫിലിപ്പൈൻസിലെ ഗ്രാമങ്ങളിലെവിടെയോ കർഷകനായി ദുരിത ജീവിതം നയിക്കുന്ന അയാൾ മറ്റു പോം വഴികളില്ലാതെ കുടുംബ സമേതം "മനില" എന്ന മഹാനഗരത്തിലെത്തുന്നു. "മരിച്ചവർ ചെന്നെത്തുന്ന പറുദീസ ഇതാണോ ?" എന്ന അയാളുടെ മകളുടെ ചോദ്യം ഗ്രാമത്തിന്റെ ശൂന്യതയിൽ നിന്ന് നഗരത്തിന്റെ കോലാഹലങ്ങളിലേയ്ക്കും , വർണ്ണ വിസ്മയങ്ങളിലെയ്ക്കും, അംബര ചുംബികൾക്കിടയിലേയ്ക്കും വന്നണഞ്ഞ കുഞ്ഞു മനസ്സിന്റെ തോന്നൽ മാത്രമാകുന്നു. എല്ലാ വൻനഗരങ്ങളേയും പോലെ കണ്ണഞ്ചിപ്പിക്കുന്ന പുറം മോടികൾക്കുള്ളിലുള്ള ഇരുണ്ടതും , ക്രൂരവുമായ യാഥാർത്യങ്ങൾ റെമിരസിനെയും കുടുംബത്തേയും വേട്ടയാടുന്നു. നിലനിൽപ്പിനായുള്ള നെട്ടോട്ടത്തിനൊടുവിൽ കരഗതമാകുന്ന ജോലി അയാളെയും കുടുംബത്തേയും സന്തോഷ നിമിഷങ്ങളിലേയ്ക്ക് കൈപിടിച്ചുയർത്തുകയാണ്. എന്നാൽ അയാളുടെ കൂട്ടാളിയുടെ പദ്ധതികൾ, സാഹചര്യങ്ങൾ സങ്കീർണ്ണവും , ജീവിതം അപകടകരവുമാക്കുന്നു. മുന്നിലുള്ള എല്ലാ വഴികളും അടയുമ്പോൾ അയാൾക്ക് എന്ത് ചെയ്യാനാകും........
പുതുമയില്ലാത്ത കഥയാണെങ്കിലും മനിലയുടെ പശ്ചാത്തലത്തിൽ ഫ്രൈമുകളും, കഥാസന്ദർഭങ്ങളും ഒരു ഫ്രെഷ്നസ്സ് ഫീൽ ചെയ്യിക്കുന്നു. ക്ലൈമാക്സ് നമ്മുടെ പ്രതീക്ഷകളെ തകിടം മറിക്കാൻ പ്രാപ്തമല്ലെങ്കിലും മനസ്സിന് തൃപ്തി നൽകുന്നതാണ്. 2013-ലെ മികച്ച സിനിമകളിൽ ഒന്നായി ഇടം പിടിക്കാനുള്ള അവകാശവാദങ്ങൾ ഈ സിനിമയുടെ സൃഷ്ടാക്കൾ നിരത്തിയാൽ അവരെ കുറ്റം പറയാനാവില്ല. കാരണം, ഈ സിനിമ അത് അർഹിക്കുന്നു.
No comments:
Post a Comment