Monday 28 April 2014

SHIP OF THESEUS



FILM  : SHIP OF THESEUS
DIRECTOR  : ANAND GANDHI
GENRE  : DRAMA




                      അടുത്ത കാലത്തിറങ്ങിയ ഇന്ത്യൻ സിനിമകളിൽ എന്റെ ചിന്തകളെ ഇത്രമാത്രം കുത്തിയിളക്കിയ മറ്റൊരു സിനിമയില്ല.പലതരം വായനകളിലേക്കും അതിവായനയിലേക്കും നമ്മുടെ മനസ്സിനെ കൊണ്ടെത്തിക്കുന്ന , എന്നാൽ ഒരു ആവറേജ് പ്രേക്ഷകനും (slowness and time duration പ്രശ്നമല്ലെങ്കിൽ ) കണ്ടിരിക്കാവുന്ന  മികച്ച സിനിമ അനുഭവമാണ് ആനന്ദ് ഗാന്ധിയുടെ "Ship of Theseus ".
        മൗലികത , അസ്തിത്വം , സ്വത്വം  എന്നീ ചിന്തകളെ സിനിമയുടെ  തുടക്കം മുതൽ തന്നെ ഒരു  frame of reference  ആയി പ്രേക്ഷകനിൽ   ഒരുക്കിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമം സംവിധായകൻ അവലംബിച്ചിരിക്കുന്നു. സിനിമയുടെ ഗഹനമായ തലങ്ങളിലേക്ക് നുഴഞ്ഞു കയറാൻ ആ മെയ് വഴക്കം ആവശ്യവുമാണ്.
           വ്യത്യസ്ത പശ്ചാതലങ്ങളിലുള്ള മൂന്ന് വ്യക്തികളുടെ കഥകളിലൂടെയാണ് സിനിമ പ്രേക്ഷകനുമായി സംവദിക്കുന്നത് . തന്റെ പരിമിതികളെ പരിമിതികളായി  അംഗീകരികാത്ത അന്ധയായ experimental photographer  "ആലിയ " , ആശയങ്ങളുടെ തടവറയിൽ സ്വയം ചങ്ങലയിട്ട ജൈന സന്യാസി മൈത്രേയൻ , ആധുനിക-പണാധിപത്യ സമൂഹത്തിൽ ഭദ്രമാർന്ന ഇരിപ്പിടം സ്വായത്തമാക്കിയ നവീൻ എന്നിവരാണ് കഥകളിലെ പ്രധാനികൾ . നമ്മുടെ മനസ്സിൽ സിനെമയ്ക്കൊപ്പം തുടങ്ങിയ സംവാദങ്ങളിൽ സമയാ-സമയങ്ങളിൽ ഇടപെട്ട് മുന്നേറുകയാണ് ഈ സിനിമ.

                ശബ്ദങ്ങളാണ് ആലിയയുടെ experimental photography യുടെ നിദാനം. ചിത്രങ്ങളെ തന്റെ നിയന്ത്രണങ്ങൾക്ക് വിധേയമാക്കുന്നതിനായി കറുപ്പും - വെളുപ്പുമല്ലാത്ത നിറങ്ങളെ നിരാകരിക്കുന്നുമുണ്ട് അവൾ.അപ്രകാരം നോക്കുമ്പോൾ അവളുടെ ഫോട്ടോകളുടെ മൗലികത അവളുടെ സ്വത്വത്തിന്റെ തുടർച്ച തന്നെയാണ്. cornea transplantation വഴി കാഴ്ച തിരികെ ലഭിക്കുന്ന ആലിയ ഫോട്ടോയെടുക്കുന്നതിനു  മുമ്പ് കണ്ണിനെ (കാഴ്ച്ചയെ) മറക്കുന്നതിനെക്കുറിച്ച് പറയുന്നത് അവളിലെ photographer-ടെ സ്വത്വ പ്രതിസന്ധിയാണ് നമ്മിലേക്ക് പകർന്നു തരുന്നത്.എന്നാലും അവളുടെ മുൻ രീതികൾ / ചിന്താഗതികളുമായി ചേർച്ചയില്ലായ്മ അവളിൽ നിഴലിച്ചു തുടങ്ങുന്നതായുള്ള സൂക്ഷ്മ സൂചനകൾ ലഭ്യമാണ് . ആദ്യ കഥയുടെ അവസാന ഭാഗത്ത് വിസ്മയിപ്പിക്കുന്ന   പ്രകൃതി മനോഹാരിതയെ നോക്കിയിരിക്കുന്ന ആലിയ തന്റെ camera lens  അതിന്റെ cap ഉപയോഗിച്ച് മൂടാൻ ശ്രമിക്കുമ്പോൾ cap വെള്ളത്തിലേക്ക് വീഴുന്നതായി കാണാം. അവളുടെ കണ്ണുകളെ പോലെ camera ക്കും നഷ്ടപ്പെടുന്ന ഈ "അടപ്പ് " വിശാല ചിന്തകളിലേക്കും , തുറന്ന കാഴ്ച്ചകളിലേക്കുമുള്ള  തെളി നീരൊഴുക്കായാണ് എനിക്ക് തോന്നിയത് .
            മൃഗങ്ങളിലുള്ള മരുന്ന് പരീക്ഷണങ്ങളുടെ ന്യായ-അന്യയങ്ങളിലൂടെ  ആരംഭിക്കുന്ന രണ്ടാമത്തെ കഥ മൈത്രേയൻ എന്നാ ജൈന സന്യസിയുടെതാണ് . നമ്മുടെ ചിന്തകൾക്ക് വിശ്രമമില്ലാത്ത നിമിഷങ്ങൾ പ്രദാനം ചെയ്യുന്നത് മൈത്രേയന്റെ അസ്ത്വിത്വ ചിന്തകളും ശരി-തെറ്റുകളുമാണ്. തന്റെ പ്രത്യയ ശാസ്ത്ര രീതികളിൽ സഹചാരികളെക്കാൾ കടുത്ത നിലപാടുകളിൽ സ്വത്വത്തെ പ്രതിഷ്ഠിക്കുന്ന മൈത്രേയനെ , ചാർവാകന്റെ ബൗദ്ധികപ്രമത്തമായ  ഭാഷണങ്ങളിലെവിടെയോ  ചാവേറുകളോട് ഉപമിക്കുന്നുണ്ട്. ആശയധാരകളുടെ അപകടകരവും , അന്തസ്സാര ശൂന്യവുമായ " extremism" ത്തെ  ധ്വനിപ്പിക്കുന്നതായി അത്. നമ്മുടെ ശരീരങ്ങളിലെ പല "elements " ഉം  പ്രകൃതിയിലെ മറ്റുള്ളവയുടെ ഭാഗമായിരുന്നു എന്ന് ചാർവാകൻ നിരീക്ഷിക്കുന്നുണ്ട് . "material existence" നെക്കുറിച്ചുള്ള നമ്മുടെ ചിന്തകളെ ഉണർത്തുന്ന ഒന്നായി ആ നിരീക്ഷണം.തന്റെ വിശ്വാസങ്ങളുടെ വെളിച്ചത്തിൽ (?) ചികിത്സകളും , അവയവ മാറ്റങ്ങളും നിരാകരിക്കുന്ന മൈത്രേയൻ മരണമുഖത്ത്  താൻ മുറുകെ പിടിച്ച ആശയങ്ങളുടെ പിടിവിട്ട് പുതുജീവിതത്തിന്റെയും  , നവ ചിന്തകളുടെയും കാറ്റ് വീശുന്ന ആശയ സ്വത്വങ്ങളിലേക്ക് വഴിമാറി  നടക്കുന്നതാണ് സിനിമയിൽ കാണുന്നത്.
                      മുൻ കഥകളെക്കാൾ  പറയേണ്ട ആശയങ്ങളെ കുറച്ചു കൂടി വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നത് ഈ മൂന്നാം അധ്യായത്തിലാണ് . kidney  transplantation  നു  വിധേയമായ നവീൻ എന്ന stock broker റുടെ കഥയാണ് ഇത്. അവയവ വ്യാപാരത്തിന്റെ ഉള്ളുകളികളിലേയ്ക്കും , സാമ്പത്തിക യാഥാർത്യങ്ങളിലേയ്ക്കും  ഈ ഭാഗം വെളിച്ചം വീശുന്നു. സാമൂഹിക പ്രതിബദ്ധതയില്ലാത്ത , പ്രയോഗിഗ ചിന്തകളുമായി ജീവിക്കുന്ന നവീനിൽ , തന്റെ kidney ആരിൽ നിന്നെങ്കിലും മോഷ്ടിച്ചതായിരിക്കാം എന്ന ചിന്തയുളവാക്കുന്ന മാറ്റങ്ങളും , അതിന്റെ ക്രിയാത്മക പരിണാമങ്ങളുമാണ്  ഇ കഥയിൽ നിറയുന്നത്. hospital- ലിൽ വെച്ച് കണ്ടുമുട്ടുന്ന , kidney മോഷ്ടിക്കപ്പെട്ട ശങ്കർ എന്ന വ്യക്തിയുടെ വീട് അന്വേഷിച്ച്  ചേരിയിലൂടെ നടക്കുമ്പോൾ , അയാളുടെ വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിൽ കുടുങ്ങി പോകുന്ന  നവീനിന്റെ സുഹൃത്ത് നമ്മിൽ ചിരിയുണർത്തുന്നതോടൊപ്പം , സാമ്പത്തിക അസമത്വത്തിന്റെ ഒരു പ്രതീകമായും അവതരിപ്പിക്കപ്പെടുന്നു. ശങ്കറിന് നീതി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളിൽ മുഴുകുന്ന നവീനിനെയാണ് പിന്നെ നമ്മൾ കാണുന്നത് . നീതിക്കായുള്ള ശ്രമങ്ങളിൽ പൂർണമായി   വിജയിക്കുന്നില്ലെങ്കിലും , പണാധിപത്യ  സമൂഹത്തിലെ മാന്യമായ (?) ഒത്തു തീർപ്പുകളിലേയ്ക്ക് നീതിയെ വലിച്ചു താഴ്ത്താൻ നവീനിനു സാധിയ്ക്കുന്നു.  "അത്ര മാത്രമേ സാധിക്കൂ" എന്ന അമ്മൂമ്മയുടെ ആശ്വാസവാക്കുകൾ , പേരമകന്റെ   വിരുദ്ധ ചേരിയിലേക്കുള്ള പരകായപ്രവേശത്തിന്റെ സന്തോഷത്തിൽ നിന്നുളവായതാണെങ്കിലും  , ഇന്നിന്റെ സത്യമായും അവ കണക്കാക്കാം.              
                  ആലിയയുടെ കഥയിൽ അവയവ മാറ്റത്തിന് മുമ്പും-ശേഷവുമുള്ള ഭാഗങ്ങൾ ഉണ്ട്. എന്നാൽ സന്യാസിയുടെ കഥയിൽ അതിനു മുമ്പും, സ്റ്റോക്ക്‌ ബ്രോക്കറുടെ കഥയിൽ അതിനു ശേഷവുമുള്ള കാര്യങ്ങളാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത് . എന്നാലും പറയാതെ പോകുന്ന പകുതി പ്രേക്ഷക മനസ്സിൽ വരച്ചെടുക്കാനുള്ള സൂചനകൾ സംവിധായകൻ അവശേഷിപ്പിക്കുന്നുമുണ്ട്. ഭൗതികമായ അസ്തിത്വത്തിലുപരിയായി  , കർമോത്സുകമായ , തെളിഞ്ഞ ആശയങ്ങൾ ബലമേകുന്ന മൗലികതയെയാണ് സിനിമ നിറം കൂട്ടി പ്രതിഫലിപ്പിക്കുന്നത്. സിനിമയിൽ ആലിയ , മൈത്രേയൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളും , cinematographer  ഉം  പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. സിനിമയിൽ അവതരിപ്പിച്ച അനേകം ആശയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ,സന്ദേശമായി ഉൾകൊള്ളേണ്ടതും അവയവദാനം എന്ന മഹത്തായ കാര്യം തന്നെയാണ്.
                      THE SHIP OF THESEUS  എന്ന ഈ സിനിമ Theseus paradox   എന്ന സമസ്സ്യയ്ക്ക് ഉത്തരം നൽകുന്ന ഒന്നാണെന്ന് ഞാൻ കരുതുന്നില്ല . ഇതേ പ്രശ്നത്തെ തന്നെ ദൃശ്യഭാഷയിൽ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചതായാണ് എനിക്ക് തോന്നിയത്. അവസാനത്തിൽ അവയവ സ്വീകർത്താക്കളെ ഒരുമിപ്പിച്ചതിലൂടെ ഈ പ്രശ്നാവതരണത്തിനു പൂർണതയേകാനും  സംവിധായകന് കഴിഞ്ഞു.ഇത്തരം സിനിമകൾ വിട പറയാറുള്ളത് ചിന്തകൾക്ക് ഭക്ഷണമേകിക്കൊണ്ടാണ്. ഈ സിനിമയുടെ അവസാന ദൃശ്യങ്ങളും അത്തരത്തിൽ പല വ്യാഖ്യാനങ്ങൾക്കും സാധ്യത അവശേഷിപ്പിക്കുന്നു. എല്ലാ സ്വീകർത്താക്കളും   ഒരുമിച്ചിരുന്ന് കാണുന്ന വീഡിയോ ആയതിനാൽ അവരെ പൊതുവായി relate ചെയ്യുന്നതോ , പ്രേക്ഷകനോടടക്കം ഒരു സന്ദേശമെന്ന രീതിയിൽ ദൃശ്യഭാഷ്യം ചമച്ചതോ  ആകാം ഈ ഗുഹാ സീനുകൾ എന്ന അജ്ഞതയിൽ മുക്കിയ വ്യാഖ്യാനത്തോടെ , ലോകത്തിനു മുന്നിൽ അഭിമാനത്തോടെ ഉയർത്തിക്കാട്ടാവുന്ന ഒരു സിനിമയെടുത്ത "ആനന്ദ്‌ ഗാന്ധിയെ " നന്ദിയോടെ ഓർത്തുകൊണ്ട്‌ നിർത്തുന്നു .

      by
          ഷഹീർ ചോലശ്ശേരി    

Thursday 24 April 2014

KONTROLL (2003)



FILM  : KONTROLL (2003)
COUNTRY  : HUNGARY
GENRE : CRIME !!!! MYSTERY !!! DRAMA
DIRECTOR : NIMROD ANTAL

               
                            HUNGARY -യുടെ തലസ്ഥാന നഗരമായ BUDAPEST-ലെ  UNDERGROUND സബ്‌വേ റെയിൽ സിസ്റ്റം തലവന്റെ ആമുഖത്തോടെയാണ് സിനിമ തുടങ്ങുന്നത്. "ഇത് നന്മയുടെയും, തിന്മയുടെയും പോരാട്ടത്തിന്റെ കഥയാണ്" . ഒരുപാട്  കേട്ടത് ഒരുപാട് കണ്ടത് എന്ന് മനസ്സ് മന്ത്രിച്ചു തുടങ്ങിയപ്പോഴാണ് സിനിമ ആദ്യ രംഗങ്ങളിലേക്ക് പതിയെ നീങ്ങിയത്. NIMROD ANTAL എന്ന സംവിധായകന്റെ  "KONTROLL"(2003) എന്ന സിനിമയുടെ ആദ്യ രംഗങ്ങൾ ഇനി കാണാൻ പോകുന്നത് കേട്ടതുമാത്രമല്ല എന്നുറപ്പിക്കും വിധമായിരുന്നു.ആവേശവും, നാടകീയതയും, ഹോററും , തമാശയുമെല്ലാം  ചേർത്ത് UNDERGROUND  റെയിൽ സിസ്റ്റത്തിന്റെ  പ്രത്യേകമായ അന്തരീക്ഷത്തിൽ അവതരിപ്പിച്ച ഒരു CINEMATIC GEM ആണ് ഈ സിനിമ . UNIQUE FILM  എന്ന് എല്ലാ അർഥത്തിലും അടിവരയിട്ടു പറയാവുന്ന ഒന്ന്.
           UNDERGROUND RAIL SYSTEM-ത്തിലെ ടിക്കറ്റ്‌ ഇൻസ്പെക്ടർ (KONTROLL ) മാരുടെ കഥയാണ് സിനിമ പറയുന്നത്.പ്രധാനമായും BULSCU എന്ന കഥാപാത്രത്തിലൂടെയാണ്  സിനിമ മുന്നേറുന്നത് .BULSCU -വിന്റെ ടീമിലുള്ള എല്ലാവരും വ്യത്യസ്ത വ്യക്തിത്വം നിറഞ്ഞവരാണ് . ടിക്കെറ്റില്ലാതെ യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗം യാത്രക്കാരും . സമർത്ഥമായി ടിക്കെറ്റ് ഇൻസ്പെക്ടർമാരെ കബളിപ്പിക്കുന്നതായുള്ള   വിദ്യകൾ ധാരാളം കാണാം. അത്തരം സന്ദർഭങ്ങൾ ഈ ജോലിയുടെ കാഠിന്യം നമ്മെ  ബോധ്യപ്പെടുത്തുന്നു. അതോടൊപ്പം മറ്റു ടീമുകളുടെ പരിഹാസവും വെല്ലുവിളികളും അവരുടെ ജോലി കൂടുതൽ ദുരിതമയമാക്കുന്നു.
                      നായകനായ BULSCU -വിനെ പോലെ  സിനിമയും അവസാനം വരെ മെട്രോയുടെ അകത്തളങ്ങളിൽ തന്നെയാണ് കഴിഞ്ഞുകൂടുന്നത് . എതിരാളിയായ GONZO യുടെ വെല്ലുവിളി സ്വീകരിച്ച് BULSCU  നടത്തുന്ന "റെയിലിങ്ങ്" സിനിമയിലെ ആവേശമുണർത്തുന്ന രംഗങ്ങളിൽ ഒന്നാണ് . തിന്മയുടെ മുഖവുമായി പലരും വരുന്നെങ്കിലും അവരുമായൊന്നും , ദുരൂഹതയിൽ സ്വയം മുങ്ങിക്കുളിച്ച നന്മയുടെ പക്ഷത്ത് നിൽക്കുന്നതായി നമുക്ക് തോന്നുന്ന നായകൻ എതിരിടുന്നില്ല. എന്നാൽ യഥാർത്ഥ എതിരാളിയായി (EVILNESS) വരുന്നത് ഇരുട്ടിൽ പതിയിരുന്ന് ട്രാക്കിലേക്ക് തള്ളിയിട്ടു യാത്രക്കരെ  കൊല്ലുന്ന SERIAL KILLER  ആണ്.
               BULSCU-വും  ,  TEDDY BEAR കൊസ്ട്യൂമിൽ ഒരിക്കലും ടിക്കെറ്റ് എടുക്കാതെ യാത്ര ചെയ്യുന്ന പെണ്‍കുട്ടിയുമായുള്ള രംഗങ്ങൾ പ്രണയത്തിലുപരി രസകരമായി തോന്നി. ടിക്കെറ്റ് ഇൻസ്പെക്ടർമാരുടെ മാനസിക വ്യാപാരങ്ങളെ അതിന്റെ അതിർത്തികൾക്കുള്ളിൽ തളച്ചിടാനെത്തിയ PSYCHIATRIST-മായുള്ള സംഭാഷണ രംഗങ്ങൾ ഇത്തരം യാന്ത്രികത നമ്മളിൽ ഉളവാക്കുന്ന അസ്വസ്തതയാർന്ന അവസ്ഥകളെ ഉയർത്തികാട്ടി .ഒരു കറുത്ത ഫലിതമായും അവയിൽ ചിലത് കാണാമായിരുന്നു. പൊയ്മുഖങ്ങളാടിയ   അന്ത്യ രംഗങ്ങളിൽ തിന്മയും , നന്മയും കൊമ്പുകോർത്ത ഇരുൾ മൂടിയ കളങ്ങളിൽ അവശേഷിക്കുകയാരെന്നു  നമുക്ക് ബോധ്യമുണ്ടെങ്കിലും ക്ലൈമാക്സ് അവതരിപ്പിച്ച രീതിയും അത്യുഗ്രനായി.
                 ചില കഥാപാത്രങ്ങളെക്കുറിച്ച് ഉത്തരം കിട്ടേണ്ട   ദുരൂഹതകൾ നമ്മളിൽ ഉളവാകുമെങ്കിലും സിനിമയുടെ കറുത്ത നിറങ്ങളിൽ അവ കണ്ടില്ലെന്നു നടിക്കാവുന്നതുമാണ് . CASTING  മികച്ചത് എന്ന് പറയാമെങ്കിലും BULSCU -വാണ് നമ്മുടെ മനം കവരുന്നത്.സിനിമയുടെ SOUNDTRACK  ഉജ്ജ്വലമായിരുന്നു. ഉപയോഗിച്ച രംഗങ്ങളിലെല്ലാം ആവേശം വിതറാൻ പര്യാപ്തവുമായിരുന്നു  SOUNDTRACKS . സിനിമയുടെ തീമിനും ഫീലിനും  യോജിക്കുന്ന വിധത്തിൽ നല്ല CINEMATOGRAPHY യാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.
           ബഹുസ്വരതയും , ബഹുമുഖത്വവും സമ്മേളിക്കുന്ന ഇടങ്ങളിലൊന്നായ റെയിൽവ്വേ  സ്റ്റേഷൻ സംവിധായകൻ തെരഞ്ഞെടുത്തത് ലോകത്തിന്റെ പ്രതീകമായി തന്നെയായിരിക്കണം . നന്മയും, തിന്മയും നിഴലിക്കുന്ന ദൃശ്യങ്ങൾ സിനിമയിൽ വ്യാപകമായിരുന്നു. വിജയതീരമണയുന്ന നന്മ മാലാഖയോടൊപ്പം ഇരുൾമൂടിയ ലോകത്തുനിന്നും വെളിച്ചത്തിലേയ്ക്കു ഉയർത്തപ്പെടുമ്പോഴാണ് ഈ മികവാർന്ന ദൃശ്യാനുഭവത്തിനു  തിരശ്ശീല വീഴുന്നത് . "DARK FILM" എന്ന് പല സിനിമകളെക്കുറിച്ചും കേൾക്കാറുണ്ട് , എന്നാൽ ഈ "DARKNESS " ന്റെ തീവ്രതയും, മനോഹാരിതയും അനുഭവിപ്പിച്ച അപൂർവ്വം സിനിമകളിലൊന്നാണ് KONTROLL . വ്യത്യസ്തങ്ങളായ GENRE കൾ സമ്മേളിച്ച ഒരു STYLISH - CRIME , COMIC, THRILLING , DRAMA എന്ന് വേണമെങ്കിൽ  വിശേഷിപ്പിക്കാം. നിങ്ങൾ കാണണമെന്ന അപേക്ഷയോടെ , കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു .

       BY
               ഷഹീർ ചോലശ്ശേരി     


Wednesday 23 April 2014

ESMA'S SECRET- GRBAVICA (2006)



 FILM : ESMA’S SECRET – GRBAVICA
COUNTRY : BOSNIA
GENRE  : DRAMA
DIRECTOR : JASMILA ZBANIC

   ബോസ്നിയ പോലെയുള്ള രാജ്യങ്ങളിൽ നിന്നുമുള്ള മികച്ച സിനിമകളിലെല്ലാം  യുദ്ധം ഒരു പ്രധാന വിഷയമായി കാണാറുണ്ട്. ബോസ്നിയൻ  ജനതയുടെ നിത്യ ജീവിതത്തിൽ കഴിഞ്ഞ് പോയ യുദ്ധങ്ങൾ എത്ര മാത്രം മുറിവേൽപ്പിചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നവയായിരുന്നു അവ ഓരോന്നും . 2006 ൽ പുറത്തിറങ്ങിയ " JASMILA ZBANIC " സംവിധാനം ചെയ്ത GRBAVICA : THE LAND OF MY DREAMS
(ESMA 'S SECRET : GRBAVICA ) എന്ന   സിനിമയും പരോക്ഷമായി യുദ്ധം തികട്ടി വരുന്ന ഒന്നാണ് . DRAMA വിഭാഗത്തിൽ പെടുത്താവുന്ന  സിനിമ നമ്മളിൽ അവശേഷിപ്പിക്കുക യുദ്ധം , മാതൃത്വം  എന്നിവയെക്കുറിച്ചുള്ള ചിന്തകൾ ആയിരിക്കും.
         90 കളിലെ ബോസ്നിയൻ യുദ്ധത്തിൽ സെർബുകളുടെ ക്രൂരതകൾക്ക് കുപ്പ്രസിദ്ധിയാർജ്ജിച്ച GRBAVICAN സംഭവങ്ങളുടെ അടയാളങ്ങൾ അവശേഷിക്കുന്ന  പശ്ചാത്തലത്തിൽ മെനഞ്ഞെടുത്ത കഥയാണ് ഈ സിനിമയുടെത്  . GRBAVICA യിലെ എസ്മ എന്ന സ്ത്രീയുടെയും , സാറ എന്ന അവരുടെ മകളുടെയും ജീവിതമാണ് സിനിമയുടെ ജീവവായു. ഈ മാതൃ-പുത്രി ബന്ധത്തിനു ചുറ്റും  നിലകൊണ്ട് സിനിമയുടെ പ്രയാണത്തിൽ പങ്കുകൊള്ളുന്നു ഇതര കഥാപാത്രങ്ങൾ .ദൈനം ദിന ജീവിതത്തിലെ സാമ്പത്തികവും, മാനസികവുമായ സംഘർഷങ്ങൾക്കൊപ്പം മകളുടെ REBEL മനോഭാവത്തെയും നേരിടേണ്ടി വരുന്നു എസ്മയ്ക്ക്. മകളുടെ സ്കൂൾ ടൂറിനുള്ള പണം കണ്ടെത്താനുള്ള തത്രപ്പാടിലാണ് എസ്മ . ഇതിനായി ഒരു നൈറ്റ് ക്ലബ്ബിൽ WAITRESS ആയും ജോലി ചെയ്യുന്നു എസ്മ .എന്നാൽ യുദ്ധത്തിൽ തന്റെ പിതാവ് രക്ത സാക്ഷിത്വം വഹിച്ചതാണെന്ന്  ഉറച്ചു വിശ്വസിക്കുന്ന സാറയ്ക്ക് വേണ്ടത്  അതിന്റെ CERTIFICATE ആണ്. കാരണം രാജ്യത്തിനായി മരണം വരിച്ചവരുടെ മക്കൾക്ക് ഫീസിളവ് അനുവദിച്ചിരിക്കുന്നു. എന്നാൽ പല കാരണങ്ങളാൽ അത് നൽകാൻ എസ്മയ്ക്ക് കഴിയുന്നില്ല.പണത്തിനായുള്ള  ശ്രമങ്ങളിൽ എസ്മയും , CERTIFICATE നായുള്ള    വാശിയിൽ സാറയും ഉറച്ചു നിൽക്കുന്നതോടെ ഈ പ്രശ്നം കൂടുതൽ സങ്കീരർണതകളിലേക്ക്   നീങ്ങുന്നു.
            യുദ്ധം രണ്ടായി പകുത്ത സ്വപ്നങ്ങളും ജീവിതങ്ങളും പേറിയാണ് പലരും സന്നിധ്യമറിയിക്കുന്നത്. ഭൂതകാലം ക്രൂരമായി വേട്ടയാടുന്ന സന്ദർഭങ്ങൾ യുദ്ധാനന്തര പ്രദേശങ്ങളോളം വേറെങ്ങുമില്ല  എന്ന് ബോധ്യപ്പെടുത്തുന്നവയാണ് ഇത്തരം കഥകളും , സിനിമകളും . അതിജീവിക്കുന്നവരുടെ മാനസിക തലങ്ങളിൽ ഭൂതകാലത്തിന്റെ ദുസ്വപ്നങ്ങൾ തുടച്ചു മാറ്റാനാവാത്ത വിധം കുടികൊള്ളുന്നു. ഇരകൾക്ക് സഹായ ധനം നൽകുന്ന  സ്ഥാപനത്തിൽ അവർ കൂട്ടായി ഇരുന്ന് , തങ്ങൾ കടന്നു പോയ ഇരുട്ടിനെ വെളിപ്പെടുത്തുന്നതിൽ നിന്ന് യുദ്ധ ഭീകരതയുടെ കാലാന്തര പ്രഭാവം വ്യക്തമാകുന്നു.
            യുദ്ധം പരോക്ഷമായോ , പ്രത്യക്ഷമായോ പ്രമേയമായുള്ള സിനിമയെടുക്കുമ്പോൾ ദേശീയമായ പക്ഷപാതിത്വങ്ങൾ ആവശ്യത്തിലധികം നിറയുന്നത് സ്വാഭാവികമായും കാണാറുണ്ട്. എന്നാൽ ഈ സിനിമയിൽ അത്തരം വിവാദങ്ങൾക്ക് അവസരമൊരുക്കാത്ത വിധം ഭദ്രമായി SCRIPT  കൈകാര്യം ചെയ്തിട്ടുണ്ട്.സെർബുകളുടെ പേരെടുത്ത് എവിടെയും പരാമർശിക്കുന്നുമില്ല .സിനിമയുടെ പ്രധാന പ്രമേയം എസ്മ -സാറ എന്നിവരുടെ പ്രശ്നങ്ങളിൽ ഊന്നി തന്നെയാണ്. സിനെമയ്ക്കൊപ്പം നടക്കുന്ന യുദ്ധമെന്ന വലിയ നിഴലിനെ പ്രേക്ഷകനാണ് കണ്ടെടുക്കുന്നത്.യുദ്ധ ഭീകരത  അവശേഷിപ്പിച്ച PSYCHOLOGICAL TRAUMA യുമായി, വിഷാദത്തെ സന്തത സഹാചാരിയാക്കി , സംഘർഷങ്ങളുടെ അഗ്നിപർവതം ഉള്ളിൽ പുകച്ചു നിർത്തി ജീവിതം ഉന്തി നീക്കുന്ന എസ്മ എന്ന കഥാപാത്രത്തിന് ജീവനേകിയ അഭിനേത്രി അഭിനന്ദനാർഹമായ  പ്രകടനമാണ് കാഴ്ച വെച്ചത് . സാറയായി പകർന്നാടിയ പെണ്കുട്ടിയും തന്റെ റോൾ  മികച്ചതാക്കി.
         സിനിമയുടെ പ്രമേയത്തിന് പറയത്തക്ക സങ്കീർണതയൊന്നും  അവകാശപ്പെടാനില്ല . എന്നിരുന്നാലും ഇത്തരം വിഷയങ്ങൾ പ്രതിപാദ്യമായുള്ള ഡ്രാമകൾ  കാണുവാനിഷ്ടപ്പെടുന്നവർക്ക് ഇത് മികച്ച അനുഭവമായിരിക്കും.സിനിമ മുന്നിൽ വെച്ച പ്രമേയം ഇന്നിന്റെ യാഥാർത്ഥ്യത്തിൽ നിന്നും കണ്ടെടുക്കാവുന്ന അനേകം ജീവിതങ്ങളിൽ ഒന്നാണ് എന്ന ചിന്ത നമ്മളെ "HAUNT" ചെയ്യുമെന്ന് ഓർമിപ്പിച്ചു നിർത്തുന്നു.

             BY
                     ഷഹീർ ചോലശ്ശേരി


Thursday 17 April 2014

ALI ZAOUA : PRINCE OF THE STREETS (2000)


 
FILM  : ALI ZAOUA : PRINCE OF THE STREETS (2000)

COUNTRY : MOROCCO

DORECTOR  : NABIL AYOUCH


       DESICA- യിലൂടെയും   മറ്റും കണ്ടും കേട്ടും പരിചയിച്ച NEO REALISTIC  ശൈലിയിലുള്ള മനോഹര സിനിമയാണ് MOROCCAN സംവിധായകനായ NABIL AYOUCH ന്റെ ALI ZAOUA :PRINCE OF THE STREETS  (2000).
     CASALBLANCA  യിലെ തെരുവുകളിലെ അരക്ഷിതമായ ബാല്യ ജീവിതങ്ങളിൽ നിന്നും പറിച്ചെടുത്ത ഒന്നാണ് ഈ സിനിമയുടെ പ്രമേയം .ALI, OMER, BOUBECKER, KWITTA  എന്നീ കുട്ടികളിലൂടെ സിനിമ ചിറകു വിരിയ്ക്കുന്നു. DIB എന്നാ ഊമയായ നേതാവിന്റെ GANG ൽ  നിന്നും വേർപ്പെട്ട് മറ്റൊരു ലാവണത്തിലേക്ക് ജീവിതം മാറ്റിക്കെട്ടുവാൻ  ആഗ്രഹിക്കുന്ന ഈ നാൽവർ സംഘത്തിന്റെ തീരുമാനത്തോടൊപ്പം  നമ്മളും സിനിമയിലേക്ക് ഊളിയിടുന്നു . സിനിമയിലെ സംഭാഷണങ്ങളിലെ നിറ സാന്നിദ്ധ്യമായി നിൽക്കുന്നത്  ALI ZAOUA  ആണെങ്കിലും വളരെ കുറഞ്ഞ സീനുകളിൽ മാത്രമേ അലിയെ കാണാനാകുന്നുള്ളൂ . കാരണം ദിബ് - ന്റെ GANG മായുള്ള  ഒരു പ്രശ്നത്തിൽ അലി കൊലചെയ്യപ്പെടുന്നു . തങ്ങളുടെ നേതാവിനെ ഏറ്റവും മികച്ച രീതിയിൽ ആദരവോടെ മറവ്  ചെയ്യണം എന്നതാണ് ബാക്കിയുള്ള മൂവർ സംഘത്തിന്റെ ആഗ്രഹം .. മറ്റുള്ളവർ  കാണാതെ അലിയുടെ മൃതദേഹം സൂക്ഷിച്ചു വെച്ച് , അത് മറവ് ചെയ്യാനുള്ള മൂവർ സംഘത്തിന്റെ ശ്രമങ്ങളിലൂടെ സിനിമ മുന്നേറുന്നു .ഒരു SAILOR  ആവുക എന്നതായിരുന്നു അലിയുടെ ആഗ്രഹം അതിനാൽ അതിനൊത്ത രീതിയിൽ മറവ് ചെയ്യണം എന്നും അവർ നിശ്ചയിക്കുന്നു .

       സിനിമയിലെ പ്രധാന റോളുകൾ  കൈകാര്യം ചെയ്ത കുട്ടികളുടെ ശരീര ഭാഷയും , അഭിനയവും ഇതിനെക്കാളും മികച്ച CASTING  സാധ്യമല്ല എന്ന്  നമ്മെ ബോധ്യപ്പെടുത്തുന്നു . KWITTA  യുടെ മനസ്സിന്റെ ആന്തരികവ്യാപാരങ്ങളെ വ്യത്യസ്തമായ ANIMATION  സാധ്യതകൾ ഉപയോഗാപ്പെടുത്തിയാണ് അവതരിപ്പിച്ചിട്ടുള്ളത് . KWITTA, OMER , BOUBECKER  എന്നീ മൂന്നു കുട്ടികളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളിലൂടെ നമ്മുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിക്കുന്നു.
           വിടരുന്നതിനു മുമ്പേ കരിഞ്ഞുണങ്ങി ഇല്ലാതാകുന്ന അനേകം തെരുവ് ജീവിതങ്ങളെക്കുറിച്ച് ഓർമിപ്പിക്കുന്നു ഈ സിനിമ. വിശപ്പിന്റെ ശമനത്തിന്റെ  അസമത്വം വേദനിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളായി   എങ്ങും നിലനിൽക്കുന്നു എന്നതും സിനിമ ഉണർത്തിയ ചിന്തകളിൽ പെടുന്നു . ദുർനടപ്പുകാരിയായ  അലിയുടെ  അമ്മ രംഗത്തെത്തുന്നതോടെ തെരുവില ജീവിതം ഹോമിക്കപ്പെടുന്ന  അരക്ഷിതമായ  ബാല്യങ്ങളുടെ സൃഷ്ടിയുടെ അനേകം സ്രോതസ്സുകളിൽ ഒന്നിനെ ചൂണ്ടിക്കാണിക്കുകയാണ് എന്ന് തെറ്റിദ്ധരിച്ചെങ്കിലും  ഹൃദയ സ്പർശിയായ ക്ലൈമാക്സിന്റെ പൂർണതയിലേക്ക്  കോറിയിട്ട ഒരു വരയാണെന്നു പിന്നീടാണ് ബോധ്യമായത്.
     വളരെ കുറഞ്ഞ ചെലവിൽ DOCU-DRAMA രീതിയിൽ അവതരിപ്പിച്ച ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം സങ്കടമുണർത്തുന്നതാണെങ്കിലും  സിനിമയിൽ അത് അധികരിക്കാതെ  അവതരിപ്പിക്കാനും, ഓർത്തിരിക്കാവുന്ന കഥാപാത്രങ്ങളെ വാർത്തെടുക്കാനും കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. ജിവിതം ദുസ്സഹവും , ഓരോ ദിവസവും ഓരോ പോരാട്ടമാകുന്ന ഇത്തരം സാഹചര്യങ്ങളെ ഈ ബാല്യം എങ്ങനെ താണ്ടുന്നു എന്നതിലേക്ക് ഈ സിനിമ വെളിച്ചം വീശുന്നു .  സന്ധ്യയിൽ  നക്ഷത്രങ്ങളെ  നോക്കി സ്വപ്നങ്ങളുടെ കെട്ടഴിക്കുന്നതും  വളരെ നൊമ്പരമുണർത്തുന്ന  ഒന്നായി. " മരിച്ചു കഴിഞ്ഞാൽ , ഞാൻ വലിയ പണക്കാരനാകും , മൂന്ന് കാറുകൾ വാങ്ങും " എന്ന OMER  ന്റെ വാക്കുകൾ മനസ്സിലേൽപ്പിച്ച നോവ്‌ സിനിമയ്ക്ക്‌ ശേഷവും നമ്മെ പിന്തുടരും .

      ലോക സിനിമയിൽ പറയത്തക്ക ഇടപെടലുകൾ അവകാശപ്പെടാനില്ലാത്ത MOROCCO യിൽ നിന്നുള്ള ഈ സിനിമ എന്തുകൊണ്ടും ഒരു വലിയ AUDIENCE  നെ വലിച്ചടുപ്പിക്കാൻ പ്രാപ്തമാണ് . ഒരു നൊമ്പരമായി നമ്മിൽ അവശേഷിക്കുന്ന മികവാർന്ന ഒരു സിനിമ അനുഭവവുമായി ഈ സിനിമ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങൾ കാണുമെന്നും അഭിപ്രായങ്ങൾ പങ്കുവെയ്ക്കുമെന്നും  പ്രതീക്ഷിച്ച് നിർത്തുന്നു .

          BY
                     ഷഹീർ ചോലശ്ശേരി   




Tuesday 15 April 2014

I'VE LOVED YOU SO LONG (2008)



FILM              : I’VE LOVED YOU SO LONG (2008)

COUNTRY     : FRANCE

GENRE          : DRAMA

DIRECTOR   : PHILIPPE CLAUDEL
       
            തീക്ഷണവും , ആഴമേറിയതുമായ പ്രമേയങ്ങളാണ് ഡ്രാമ വിഭാഗത്തിൽ പെടുന്ന  സിനിമകളുടെ ശക്തി. അങ്ങനെ നോക്കുമ്പോൾ ഈ സിനിമയുടെ പ്രമേയത്തെക്കാളും  ശക്തമായത് വളരെ വിരളമായേ കാണാറുള്ളൂ. PHILIPPE CLAUDEL സംവിധാനം ചെയ്ത ഫ്രഞ്ച് സിനിമയായ  I 'VE LOVED YOU SO LONG (2008) കൊലപാതകത്തിന് 15 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച് പുറത്തിറങ്ങിയ യുവതിയുടെ തുടർ ജീവിതത്തിന്റെ കഥ പറയുന്നു .
                           ജയിൽ ശിക്ഷ കഴിഞ്ഞെത്തുന്ന JULIETT  തന്റെ സഹോദരിയോടും (ലിയോ) കുടുബത്തോടുമോപ്പം താമസിക്കാനെത്തിയിരിക്കുകയാണ്. തന്റെ കുടുംബാംഗങ്ങളോടും അവർക്ക് ചുറ്റുമുള്ള സമൂഹത്തോടും സംവദിക്കാനും തന്റെ വ്യക്തിത്വം വീണ്ടെടുക്കുന്നതിനും സ്വയം ബോധ്യമാകുന്ന തരത്തിൽ , താൻ നിഷ്കാസിതയാക്കപ്പെട്ട  സമൂഹത്തിൽ തന്റേതായ ഇടം സ്ഥാപിചെടുക്കുന്നതിനുമുള്ള  നായികയുടെ ശ്രമങ്ങളാണ് ഈ സിനിമയിൽ നിറയുന്നത് .
         തികച്ചും വ്യത്യസ്തമായ  ഒരു അന്തരീക്ഷത്തിലാണ് JULIETT  ചെന്നെത്തുന്നത് . അധ്യാപികയായ ലിയോ , LEXICOGRAPHER ആയ  ഭർത്താവ്  ലൂക്ക്‌  , സംസാരശേഷി നഷ്ടപ്പെട്ട ലൂക്കിന്റെ പിതാവ് , ലിയോ -ലൂക്ക്  ദമ്പതികളുടെ രണ്ടു ദത്തു പുത്രിമാർ ( VIETNAMESE ) , അവരുടെ സൗഹൃദ വലയങ്ങൾ . ഇവർക്കിടയിലാണ് JULIETT തന്നെ സ്വയം തേടുന്നത്.
          15 വർഷത്തെ കാരാഗൃഹ വാസം JULIETT  -ൽ അവശേഷിപ്പിച്ച ശൂന്യത തന്നെയായിരുന്നു ആൾക്കൂട്ടത്തിനിടയിലും  അവളെ   പുൽകിയത് . ലിയോ -ലൂക്ക് എന്നിവരുടെ കുട്ടികൾ JULIETT ൽ  ചെലുത്തുന്ന സ്വാധീനവും , അത്  അസന്തുലിതമായ JULIETT ന്റെ മനസ്സിനെ സന്തുലിത തീരങ്ങളിലേക്ക്  അടുപ്പിക്കുന്നതിനു ഹേതുവാകുന്നതും  വളരെ ഹൃദ്യമായി തോന്നി.
                 ജയിൽ മോചിതരായ വ്യക്തികളെ സമൂഹം സ്വീകരിക്കാറുള്ള കുത്തുവാക്കുകൾ , പരിഹാസങ്ങൾ എന്നീ ക്ലീഷേ  സന്ദർഭങ്ങൾ പരമാവധി കുറയ്ക്കാൻ  JULIETT  നെ  തികച്ചും അപരിചിതമായ ഒരു സമൂഹത്തിലേക്ക് പറിച്ചു നട്ടതിലൂടെ  സംവിധായകന് സാധിച്ചു.
                                സുന്ദരവും , ശാന്തവുമായി മുന്നേറിക്കൊണ്ടിരുന്ന തന്റെ കുടുംബത്തിലേക്ക്( ചുറ്റുപാടുകളിലേക്ക് ) JULIETT എത്തുന്നതോടെ ഉണ്ടാകുന്ന  പ്രയാസങ്ങൾക്കും , സംഘർഷങ്ങൾക്കും  മുകളിലായി  JULIETT നെ കൈവിടാതെ ചേർത്ത് പിടിക്കുന്ന ലിയോ സഹോദരിയോടുള്ള അളവില്ലാത്ത സ്നേഹം പ്രകടമാക്കുന്നതിനോടൊപ്പം  നാം ഉൾപ്പെടുന്ന സമൂഹത്തിന്റെ ചിന്തകളെ ഉണർത്താനും വഴിമരുന്നിടുന്നു.
                 സ്വതന്ത്രമെന്ന് തോന്നിക്കുന്ന ഈ ലോകത്തും ( സമൂഹത്തിലും ) കാരാഗൃഹത്തിലെന്നപോലെ , അദൃശ്യമായ ചങ്ങലകളാൽ ബന്ധിതമാക്കപെട്ട മനസ്സുള്ള മനുഷ്യരെയും JULIETT  കണ്ടെടുക്കുന്നു. അഴികൾ തീർക്കപ്പെട്ട  JULIETT ന്റെ മനസ്സിന്റെ അകത്തളങ്ങളിൽ അടയ്ക്കപ്പെടാൻ ആഗ്രഹിക്കുന്നവരെയും JULIETT നൊപ്പം നമുക്ക് കാണാവുന്നതാണ്. മനുഷ്യൻ ഏകനായി ജീവിക്കാൻ പിറന്നവനല്ല എന്ന പോലീസുകാരന്റെ വാക്കുകൾ വിശാലമായ അർഥതലങ്ങളിലേക്ക് വ്യാപിക്കുന്നതായി തോന്നി .
       സിനിമയുടെ MYSTERY അവസാനം വരെ മറച്ചു വെയ്ക്കപ്പെടുന്ന കൊലപാതക കാരണമാണ് . എന്നാൽ സിനിമ അന്ത്യത്തോടടുക്കുമ്പോൾ അതിന്റെ പ്രസക്തി അലിഞ്ഞു പോകതക്കവിധത്തിൽ REALISTIC  ആയ സാഹചര്യങ്ങളിലൂടെ മികവാർന്ന സംവിധാന ശൈലിയിലൂടെ ഇതര ആശയങ്ങളെയും പൊലിപ്പിച്ചെടുക്കാൻ  സംവിധായകന് സാധിച്ചിരിക്കുന്നു.

           ക്ലൈമാക്സ് ഉൾപ്പടെ അത്യന്തം വൈകാരിക ഭാവങ്ങളിലൂടെ കടന്നു പോകുന്ന നായികയെ വളരെ മനോഹരമായാണ് KRISTIN SCOTT THOMAS അവതരിപ്പിച്ചിരിക്കുന്നത് . വ്യക്തിത്വത്തിന്റെ ചുവടു മാറ്റങ്ങൾ അവരുടെ മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു .ഈ സിനിമയുടെ വിശാലമായ ക്യാൻവാസിൽ അനാവശ്യ സ്ട്രോക്കുകൾ    വരാതിരിക്കാൻ സംവിധായകാൻ ശ്രദ്ധിച്ചിരിക്കുന്നു .
         സിനിമ ഒരു "ART " എന്ന വാചകത്തോട്‌ നീതി പുലർത്തുന്ന ശ്രമങ്ങളെ കണ്ണുകളാൽ അനുഗ്രഹിക്കാൻ ഇഷ്ട്ടപെടുന്നവരും ............... പരത്തപ്പെടേണ്ടത്  സ്നേഹമാണെന്ന് കരുതുന്നവരും ഈ സിനിമ കാണുമെന്ന പ്രതീക്ഷയോടെ  നിർത്തുന്നു .

         BY
              ഷഹീർ ചോലശ്ശേരി 

Sunday 13 April 2014

THE WIND JOURNEYS (2009)



FILM               : THE WIND JOURNEYS (2009)

COUNTRY      : COLOMBIA

GENRE           : MUSICAL DRAMA

DIRECTOR    : CIRO GUERRA

                            സമയ-കാല ബന്ധനങ്ങൾക്ക്  വശംവദനാകാതെ നിലയ്ക്കാതെ വീശിയടിച്ചു കൊണ്ടിരിക്കുകയായിരുന്നു കാറ്റ് , പെയ്തു കൊണ്ടിരിക്കുകയായിരുന്നു  സംഗീതവും .... പലപ്പോഴും  "നൊമാഡുകളുടെ"  (സഞ്ചാരികൾ) ജീവിതം അത് പോലെയാണെന്ന് തോന്നാറുണ്ട് . ആ ജീവിതം മാറി നിന്ന് നോക്കുന്നത് വിചിത്രമായ അനുഭൂതി നൽകാറുമുണ്ട്.
               കൊളംബിയൻ സംവിധായകനായ CIRO GUERRA  യുടെ MUSICAL DRAMA യായ  "THE WIND JOURNEY" കണ്ണിനും , കാതിനും ഒരു പോലെ കുളിരേകുന്ന ചലച്ചിത്ര വിരുന്നാണ് . "TONY GATLIF" , "EMIR KUSTURICA" എന്നീ സംവിധായകരുടെ സിനിമകളിൽ അനുഭവിച്ചറിഞ്ഞ അക്കോർഡിയൻ  എന്ന സംഗീത ഉപകരണത്തിന്റെ  മാസ്മരികത പൂർണ അർഥത്തിൽ അനുഭവഭേദ്യമാക്കാൻ ഈ സിനിമയിലൂടെ സാധിച്ചു.
          ഇതൊരു  യാത്രയാണ് അല്ലെങ്കിൽ യാത്രയുടെ കഥയാണ് . തന്റെയെല്ലാ യാത്രകൾക്കും അറുതി നൽകി ഭാര്യാസമേതനായി കഴിയുകയായിരുന്ന IGNACIO  ഭാര്യയുടെ മരണത്തെ തുടർന്ന് നടത്തുന്ന യാത്ര . ചെകുത്താന്റെ ശാപമേറ്റത് എന്ന് വിശ്വസിക്കപ്പെടുന്ന , അതിമനോഹര ശബ്ദം പൊഴിക്കുന്ന തന്റെ  അക്കോർഡിയൻ അതിന്റെ യഥാർത്ഥ ഉടമസ്ഥനെ തിരിച്ചേൽപ്പിക്കാനുള്ള യാത്ര. യാത്രയിൽ IGNACIO  യോടൊപ്പം  FERMIN  എന്ന യുവാവും കൂടുന്നു. IGNACIO  എന്ന കലാകാരനിൽ നിന്നും സംഗീതം പഠിക്കുക എന്നതാണ് FERMIN  ലക്ഷ്യമിടുന്നത് .യാത്രകൾ പ്രമേയമാകാറുള്ള  എല്ലാ സിനിമകളെയും പോലെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളെ ഒപ്പിയെടുക്കാൻ CAMERAMAN  വിജയിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ല . കാരണം ദൃശ്യങ്ങളിൽ ചിലത് സിനിമകളിൽ കണ്ടെടുക്കാവുന്ന ഏറ്റവും മനോഹര ദൃശ്യങ്ങളായിരുന്നു .

    ഈ സിനിമ ഒരു MUSICAL  സിനിമ ആയതിനാൽ കൊളംബിയയുടെ വന്യ പ്രതലങ്ങളിലൂടെയുള്ള യാത്രയ്ക്കൊപ്പം കരീബിയൻ സംസ്കാരത്തിന്റെയും , സംഗീതത്തിന്റെയും വശ്യവും, വൈവിധ്യവുമാർന്ന  മാസ്മരികതയും നമുക്ക് നുണയാനാകുന്നു . സംഗീതം പലർക്കും വെറുമൊരു കലയല്ല  എന്ന വിശ്വാസങ്ങളെ അരയ്ക്കെട്ടുറപ്പിക്കുന്ന  അനേകം സന്ദർഭങ്ങൾ കൊളംബിയൻ ഗ്രാമീണതയിൽ നിന്നും പകര്ന്നു നൽകാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട് .    
             കേവലം ഒരു MUSICAL  DRAMA  എന്നതിനപ്പുറം വളരാനുള്ള ശ്രമങ്ങൾ സിനിമയിൽ ഉണ്ട് . സംഗീതത്തിന്റെ ആസ്വാദനതിനപ്പുറമുള്ള തലങ്ങളെയും സിനിമ സ്പർശിക്കുന്നു . ഏകാന്തതയും, നിരാശയും , ദുഖവും ഘനീഭവിച്ച  നിർവികാരതയിൽ  IGNACIO  യുടെ  സ്വനതന്ത്രികളിൽ  നിന്നും , വിരലുകളിലൂടെ അക്കോർഡിയനിൽ    നിന്നും  ഉതിർന്നു വീഴുന്ന സംഗീതം ഹൃദയത്തിൻറെ  മുറിവുകളിൽ നിന്നും ഒലിച്ചിറങ്ങിയതായിരുന്നു  എന്ന് പ്രേക്ഷകനു നിഷ്പ്രയാസം മനസ്സിലാക്കാം. കാറ്റിന്റെയും , സംഗീതത്തിന്റെയും , ജീവിതങ്ങളുടെയും  ഉയർച്ച - താഴ്ചകളും  വിഭിന്ന ഭാവങ്ങളും സിനിമയിൽ നിന്നും വായിചെടുക്കാവുന്നതാണ്.
       എല്ലാ യാത്രകളുടെയും വിജയം അത് ലക്ഷ്യം കാണുമ്പോഴാണ് . IGNACIO , FERMIN  എന്നിവരുടെ യാത്ര വിജയമായിരുന്നോ എന്ന ചോദ്യം അപ്രസക്തമാക്കുന്ന  അനുഭവങ്ങളാണ് അവരെ തഴുകി കടന്നു പോകുന്നത്.

      അക്കോർഡിയൻ  സംഗീതം ( സംഗീതം ) ഇഷ്ടപ്പെടുന്ന , യാത്രകൾ പ്രമേയമായുള്ള സിനിമകൾ ഇഷ്ട്ടപ്പെടുന്ന അതിലുപരി മറ്റൊരു  ദേശത്തിന്റെ സാംസ്കാരിക വൈജാത്യങ്ങളെ  അറിയാൻ ആഗ്രഹമുള്ള സിനിമാ പ്രേമികൾ ഈ സിനിമ തീർച്ചയായും കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു .

     BY
              ഷഹീർ ചോലശ്ശേരി


Saturday 12 April 2014

JAR CITY



FILM              : JAR CITY (2006)
GENRE          : MYSTERY
COUNTRY    : ICELAND
DIRECTOR  : BALTASAR KORMAKUR
                                     ജിജ്ഞാസയാണ്  എന്നും മനുഷ്യന്റെ പുരോഗതിയുടെ പിന്നിലുണ്ടായിരുന്നത് . അറിയാനുള്ള ആഗ്രഹം / നിഗൂഡതകൾ തേടിയുള്ള യാത്രകൾ എന്നും മനുഷ്യ മനസ്സിനെ മദിക്കുന്നവയാണ്.മനസ്സിന്റെ അത്തരം സവിശേഷതകളാണ് ത്രില്ലെറുകളെ മറ്റെന്തിനെക്കാളും ആർത്തിയോടെ , ആവേശത്തോടെ സിനിമാ പ്രേമികൾ സ്വീകരിക്കുന്നതിനു പിന്നിലും ......

                MURDER MYSTERY   വിഭാഗത്തിൽ  പെടുത്താവുന്ന  വ്യത്യസ്തമായ സിനിമയാണ് BALTASAR KORMAKUR  സംവിധാനം ചെയ്ത JAR CITY. സാധാരണ ത്രില്ലെരുകളിൽ  നിന്ന് വ്യത്യസ്തമായ ഒരു അനുഭവമാണ് ഈ സിനിമ നൽകുന്നത് .
                 HOLBERG  എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് സിനിമയുടെ പ്രമേയം .പക്ഷെ സാധാരണ ക്രൈം ത്രില്ലെരുകളിൽ നിന്ന് വ്യത്യസ്തമായി വർത്തമാന കാലത്തിലൂടെയല്ല  കേസ് സഞ്ചരിക്കുന്നത് ... ഭൂതകാലത്തിലെ മണ്‍ മറഞ്ഞ ചരിത്രങ്ങൾ / മറയ്കപ്പെട്ട ചരിത്രങ്ങൾ മാന്തിയെടുത്താണ് രഹസ്യങ്ങളുടെ ചുരുൾ നിവർത്തി സിനിമ മുന്നേറുന്നത്. കാരണം കൊലപാതകത്തെ കുറിച്ച് ആകെയുള്ള തെളിവ് 30 വർഷങ്ങൾക് മുൻപ് മരിച്ച ഒരു കുട്ടിയുടെ ശവക്കല്ലറയുടെ ചിത്രം മാത്രമാണ്. സിനിമയുടെ ആകർഷണീയതയും പ്രത്യേകതയും സമാന്തരമായി നീങ്ങുന്ന രണ്ട് അന്വേഷണങ്ങളാണ് .ഒന്ന് ERLUNDER  എന്ന പോലീസ് ഉദ്യോഗസ്ഥന്റെയും , മറ്റൊന്ന് ORN  എന്ന ജനിതക ഗവേഷകന്റെയും .. ഈ അന്വേഷണങ്ങൾ എങ്ങനെ മുന്നേറുന്നു എന്നതാണ് സിനിമയ്ക്ക്‌ മുന്നിൽ നമ്മെ പിടിച്ചിരുത്തുന്ന വസ്തുത.  
               ത്രില്ലെരുകളുടെ മുഖ മുദ്രയായ " മികച്ച ക്ലൈമാക്സ്‌ " ഈ സിനിമയ്ക്ക് അവകാശപ്പെടാനില്ല .     കാരണം സിനിമ അവസാനിക്കുന്നതിന് മുൻപ് സിനിമയിലെ നിഗൂഡത വെളിച്ചം കാണുന്നു. ഉദ്വേഗജനകമായ രംഗങ്ങൾ ഇല്ലെങ്കിലും സിനിമയുടെ കഥ CONSTRUCT ചെയ്ത രീതി അതി മനോഹരമാണ്. ( MYRIN  എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമയെടുത്തിരിക്കുന്നത്). മികച്ച ഒരു കഥയെ ICELAND ന്റെ പശ്ചാത്തലത്തിൽ "BREATH TAKING " എന്ന് വിശേഷിപ്പിക്കാവുന്ന CINEMATOGRAPHY -യിലൂടെ മികച്ച ഒരു സിനിമ അനുഭവമാക്കാൻ സംവിധായകനും കൂട്ടർക്കും സാധിച്ചിട്ടുണ്ട് . സാധാരണ ഫ്രൈമുകളിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രത്യേക കളർ ടോണ്‍ ആണ് ഫ്രൈമുകൾക്കു  നൽകിയിട്ടുള്ളത് .
   സിനിമയിൽ ERLUNDER ന്റെയും മകളുടെയും ബന്ധത്തിന്റെ  അംശങ്ങളെ പ്രതിപാദിച്ച് നാടകീയതയും കൊണ്ടു വന്നിട്ടുണ്ടെങ്കിലും അത് ERLUNDER എന്ന കഥാപാത്രത്തിനെ അടയാളപ്പെടുത്താൻ മാത്രമാണെന്ന് തോന്നി. സിനിമയിലുടനീളം നിറയുന്ന പോലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് "STAND OUT   PERFORMER "  ആയി നിലകൊള്ളുന്നത് . കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.. ഒരു മികച്ച ത്രില്ലെർ അനുഭവമായ ഈ സിനിമ നിങ്ങൾ കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു ...

     BY
              ഷഹീർ ചോലശ്ശേരി 

Saturday 5 April 2014

A TOUCH OF SPICE (2003)



FILM              : A TOUCH OF SPICE
COUNTRY    : GREECE
DIRECTOR    : TASSOS BOULMETIS
GENRE          : DRAMA  !!!! COMEDY
                                 Theo Angelopaulos എന്ന മഹാ പ്രതിഭയിലൂടെയാണ് ഗ്രീക്ക് സിനിമയുടെ രുചി അറിഞ്ഞിട്ടുള്ളത് . എന്നാൽ അദ്ദേഹം പകർന്നു നൽകാറുള്ള സിനിമാ അനുഭവങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ രസക്കൂട്ടാണ് "A TOUCH OF SPICE " പ്രേക്ഷകർക്കായി ഒരുക്കിയിട്ടുള്ളത് . ജീവിതത്തിലെ രുചിഭേദങ്ങളെ  ' "വിഭവ  സമ്പന്നമായ "  ദൃശ്യങ്ങളിലൂടെ അവതതരിപ്പിക്കുന്ന മനോഹരമായ ഒന്നായി ഈ സിനിമ .
              പാചകവും, വിഭവങ്ങളും പ്രധാന ഇരിപ്പിടം അലങ്കരിക്കുന്ന ഈ സിനിമയിൽ പ്രണയം, രാഷ്ട്രീയം , ജീവിത കാഴ്ച്ചപ്പാടുകൾ  എന്നിവയെല്ലാം മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു .പാചകത്തെ സംസ്കാരവുമായുള്ള പൊക്കിൾ കോടി ബന്ധമായി നെഞ്ചിലെറ്റുന്നവർക്കിടയിൽ  അത് കേവലമൊരു നേരമ്പോക്കല്ലെന്നും സിനിമ കാണിച്ചു തരുന്നു .
               FANIS  എന്ന പ്രശസ്തനായ astrophysist  ന്റെ ( പാചകത്തിലും നിപുണൻ) ഓർമകളാണ് സിനിമയുടെ സിംഹ ഭാഗവും  കൈയ്യടക്കുന്നത് . ഗ്രീക്ക്-തുർക്കി നയതന്ത്ര  ബന്ധത്തിലെ പാളിച്ചകളുടെ ഇരകളായി  ഇസ്താംബൂൾ  നഗരത്തിൽ നിന്നും  'Deport" ചെയ്യപ്പെട്ട ഗ്രീക്ക് കുടുംബത്തിലെ കുട്ടിയായിരുന്നു ഫാനിസ് . ഇസ്താംബൂൾ എന്ന മായിക നഗരത്തിന്റെ ഗൃഹാതുരത വിഭവങ്ങളിലൂടെ തിരിച്ചു പിടിക്കുന്നവരാണ് ഇത്തരത്തിൽ വേരറുക്കപ്പെട്ടവർ .

                   ഇസ്താംബൂളിൽ ഫാനിസ് തന്റെ മുത്തച്ഛനോടൊപ്പം ചെലവഴിച്ച കുട്ടിക്കാലം സിനിമയുടെ വിഭവ സമ്പന്നതയ്ക്കപ്പുറമുള്ള   ആശയങ്ങൾക്ക്  കൂടി  അടിത്തറ പാകുന്നു. താത്വിക ഗന്ധമുള്ളതും , പ്രവചന സ്വഭാവമുള്ളതുമായ മുത്തച്ഛന്റെ സംഭാഷണ ശകലങ്ങളിലൂടെ സിനിമ നമുക്ക് മുന്നിൽ  വിഭവങ്ങൾ ഒരുക്കുന്നു. ഓർമകളെ ഇന്നും നിശ്ചലമാക്കുന്ന പ്രണയത്തെ ഫാനിസ് കണ്ടെടുത്തതും  എരിവും , പുളിയും , മധുരവും, ചവർപ്പും നിരന്ന മുത്തച്ഛന്റെ  " Spice Shop "- ൽ നിന്ന് തന്നെയാണ്. ജീവിതത്തിലെ സുപ്രധാന സന്ദർഭങ്ങളിൽ "പാചകം " കസേരയിട്ട് മുൻ നിരയിലിരിക്കുന്നതും രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

                      വർഷങ്ങൾക്കു ശേഷം ഫാനിസ് ഇസ്താംബൂളിൽ കഴിയുന്ന അസുഖ ബാധിതനായ മുത്തച്ഛനെ കാണാൻ അവിടേയ്ക്ക് തിരിച്ചു പോവുകയാണ് . തന്റെ കുട്ടികാലത്തെ സ്വപ്ന സമാനമാക്കിയ ആ നഗരം ഫാനിസിന്  കരുതി വെച്ചിരിക്കുന്നത് എന്തായിരിക്കും ................ സൈമയെ ( ബാല്യകാല പ്രണയിനി) , മുത്തച്ഛനെ , ഇസ്താംബൂളിലെ സായാഹ്നങ്ങളെ , ഗന്ധങ്ങളെ  ഫനിസിനു വീണ്ടെടുക്കാനാവുമോ  ?............

                         ശ്രവണ സുഖദായകങ്ങളായ  String instruments  ന്റെ അകമ്പടിയിൽ സിനിമയുടെ പശ്ചാത്തല സംഗീതം മികച്ചതാക്കാനും ,cinematography  ശരാശരിക്കു മുകളിൽ നിൽക്കുന്ന വിധം കൈകാര്യം ചെയ്യാനും സംവിധായകൻ ശ്രദ്ധ പുലർത്തിയത് സിനിമയുടെ മികവിന് ബലമേകി .
                      ജീവിതത്തിലെ സങ്കീർണതകളെ  രുചി ഭേദങ്ങൾ കൊണ്ട് തളച്ചിടാൻ കഴിയില്ലെങ്കിലും , എന്തെന്നില്ലാത്ത  ജിവിത-പരക്കം പാച്ചിലിൽ നമ്മൾ ചേർക്കാൻ മറക്കുന്ന രസക്കൂട്ടിനെ  ഓർമിപ്പിച്ചു കൊണ്ട് .........നമ്മളെ ബാക്കിയാക്കി സിനിമ അവസാനിക്കുന്നു.

                        തികച്ചും വ്യത്യസ്ത രീതിയിൽ അവതരിക്കപെട്ട  വൈകാരികമായി മനസ്സിനെ അസന്തുലിതമാക്കുന്ന ഈ മനോഹര സിനിമ നിങ്ങൾ കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു .........

                        by 
                                     ഷഹീർ ചോലശ്ശേരി

Thursday 3 April 2014

WHEN TIME BECOMES A WOMEN



FILM           : WHEN TIME BECOMES A WOMEN

COUNTRY  : JORDAN

DIRECTOR : AHMED ALYASSER


       വ്യത്യസ്തമായ  സിനിമകൾ തേടിയുള്ള അന്വേഷണത്തിലാണ് സിനിമ കണ്ണിൽ  പെട്ടത്.AHMED  ALYASSER  എന്ന  ജോർദാൻ  സംവിധായകന്റെ  "WHEN  TIME BECOMES  A  WOMEN (2012)" തീർച്ചയായും മികച്ച  ഒരു സിനിമ അനുഭവം തന്നെയായി. സിനിമയുടെ ശൈലിക്കുപരിയായി  വ്യത്യസ്തങ്ങളായ സിനിമ വിഭാഗങ്ങളെ (DRAMA , MYSTERY , SCI -FI ,PHILOSOPHICAL) ഏകോപിപ്പിച്  70  മിനിട്ടിനു  ഇരു വശത്തും നാട്ടിയ  കുറ്റിയിലേക്ക്  വലിച്ചു കെട്ടിയ  കയറിൽ  സംഭാഷണമെന്ന  BALANCING BAR  മായി  നടന്നു  നീങ്ങിയതാണ്  എന്നെ   വിസ്മയിപ്പിച്ചത് .
            ലോകത്തിന്റെ രക്ഷകയായെക്കാവുന്ന  ഒരു സ്ത്രീയെ  നായകൻ  തേടിയെത്തി , തന്നോടൊപ്പം  പോരേണ്ടതിന്റെ ആവശ്യകത  ബോധ്യപ്പെടുത്തുന്നതാണ്  സിനിമയുടെ  കഥാതന്തു. അസ്ത്വിത്വ  ചിന്തകളെ ഉണർത്തി  മുന്നേറുന്ന  ചടുലമായ സംഭാഷണങ്ങൾക്ക്  സസൂക്ഷ്മം  കാതോർത്താൽ  പുതിയ തീരങ്ങളിലേക്ക് സിനെമയടുക്കുന്ന്തായി നമുക്ക് തോന്നും. വശ്യമായ ചാവുകടലിന്റെ  വ്യത്യസ്ത ഷോട്ടുകൾ മാത്രമാണ്   സിനിമയുടെ ദൃശ്യഭംഗി . ജീവന്റെ അടയാളങ്ങളായി  നായകനും, നായികയും , ഉണങ്ങിക്കൊണ്ടിരിക്കുന്ന  പുൽനാമ്പുകളും  മാത്രം. പാറക്കെട്ടുകൾ  കൈയ്യടക്കിയ  ചാവുകടലിന്റെ  തീരങ്ങളിലെ  ഏകാന്തതയുടെ  കനപ്പെട്ട  ശാന്തതയിൽ  നിറഭേദങ്ങളുള്ള    യാഥാർത്യങ്ങൾ  ഒന്നൊന്നായി  ചുരുളഴിയുന്നു. നമ്മൾ പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക്  സിനിമ  ചുവടുവെച്ചുകൊണ്ടേയിരിക്കും. ശാന്തമായി , മുറിയാതെ  തീരത്ത്  അലയടിച്  പതഞ്ഞു പിൻവാങ്ങുന്ന   തിരമാലകൾ  ജീവിതത്തെയും , നിത്യതയെയും , അതിജീവനതെയും എല്ലാം മാറി-മാറി  ഓർമിപ്പിച്ചു. വിശ്വാസത്തിന്റെയും  , മനസാക്ഷിയുടെയും  , സത്യത്തിന്റെയും  താങ്ങു  പലകയുടെ   ദുർബലത  പല സമയത്തും  ദൃശ്യമായി. കാലപ്രയാണത്തിൽ  അവയ്ക്ക്  ചിതലരിക്കുമെന്നും    സിനിമ  പ്രഖ്യാപിക്കുന്നു. നമ്മൾ കണ്ടത്  കാണിക്കപ്പെട്ടതാനെന്നും , നമ്മൾ കേട്ടത്  കേൾപിച്ചതു മാണെന്നും    സിനിമ  സന്ദേഹിപ്പിക്കുന്നു. സാങ്കേതികയുടെ , അധികാര - വടംവലികളുടെ  കുത്തൊഴുക്ക്  ചെന്നടിയുന്നത്  സർവനാശത്തിന്റെ  ചുഴികളിലാനെന്നും  സിനിമ പറയാതെ പറഞ്ഞുവെക്കുന്നു .
           സിനിമ എന്റെ ചിന്തകളിൽ പടർത്തിയ  തീയിൽ   ഉരുകിയൊലിച്ച   വാക്കുകൾ  മാത്രമാണ്  ഇവിടെ കുറിച്ചത് ........

           ക്ഷമയുള്ളവർ   സിനിമ  കാണുമെന്നും അഭിപ്രായങ്ങൾ  പറയുമെന്നുമുള്ള  പ്രതീക്ഷയോടെ നിർത്തുന്നു .

         BY
              ഷഹീർ  ചോലശ്ശേരി .

TRAVELLERS AND MAGICIANS



FILM              : TRAVELLERS AND MAGICIANS 
DIRECTOR : KHYENTSE NORBU
COUNTRY  : BHUTAN

 
    സിനിമാപ്രേമികൾ അധികം തിരിച്ചറിഞ്ഞിട്ടില്ലാത്ത ഭൂട്ടാനിലെ ബുദ്ധിസ്റ്റ്  സംവിധായകനായ ക്യെന്സേ നോര്ബുവിന്റെ "travelers and magicians " , കഥ പറചിലിന്റെയും ,പ്രകൃതി മനോഹാരിതയുടെയും  പ്രത്യേകതകൾ മൂലം ശ്രദ്ധയർഹിക്കുന്ന സിനിമയാണ്.തമാശയും നാടകീയതയും ഒരുപോലെ കോർത്തിണക്കിയ സിനിമ ആത്മീയ  തലത്തിലും നമ്മോടു സംവദിക്കുന്നു.
      മനസ്സിൽ  കടലുകക്കപ്പുറാം "അമേരിക്ക "  എന്ന സ്വപ്നഭൂമി  കരുതി വച്ചിരിക്കുന്ന   വിസ്മയങ്ങൾ സ്വപ്നം കണ്ടു നടക്കുന്ന  യുവാവ്‌  ഒരു ഗ്രാമത്തിൽ ഉദ്യോഗസ്ഥനായി  എത്തുന്നതിൽ നിന്നാണ് കഥ ആരംഭിക്കുന്നത്.യുവ തലമുറ അവന്റെ സാംസ്കാരിക വേരുകളോട് പുലത്തുന്ന അലജി  വളരെ സമർഥമായി അവതരിപ്പിച്ചത് സിനിമയുടെ ആദ്യ രംഗങ്ങളിൽ നിന്നും കണ്ടെടുക്കാം.തന്റെ സുഹൃത്തിന്റെ സഹായത്താൽ അമേരിക്കൻ വിസ തരപ്പെടുത്തി ഗ്രാമത്തിൽ നിന്നും പുറത്തു കടക്കാനായി " തിമ്പു " എന്ന പ്രദേശം ലക്ഷ്യമാക്കി യുവാവ്‌ നടത്തുന്ന  യാത്രയും, യാത്രയിൽ ഇയാളോടൊപ്പം പങ്കാളികളാകുന്ന കഥാപാത്രങ്ങളൂമായുള്ള   സംഭാഷണങ്ങളുമാണ്  സിനിമയുടെ ചാലകശക്തി .ബുദ്ധ ഭിക്ഷുവും  , ആപ്പിൾ കച്ചവടക്കരനും ,കൃഷിക്കാരനും , സുന്ദരിയായ പെണ്‍കുട്ടിയും ഇയാളുടെ സഹചാരികളയെതുന്നു .യാത്രക്കിടയിൽ  ബുധബിക്ശു പറയുന്ന മജീഷ്യന്റെ കഥ സിനിമയിലെ കഥയാണോ , അതോ നായകൻറെ ചിന്തകളെ  പ്രതീകവൽകരിക്കുകയാണോ എന്ന്  സംശയം  തോന്നിപ്പിക്കത്തക്ക വിധത്തിൽ  ഇഴയടുപ്പം പ്രകടിപ്പിക്കുന്നു."എഡിറ്റിംഗ് " എന്ന സാങ്കേതിക വിദ്യയുടെ  കലാപരമായ ഉപയോഗം  സിനിമയെ കാഴ്ചക്കാരുടെ മനോമണ്ഡലങ്ങളിൽ  നിന്നും ഒരു നിമിഷം പോലും വഴുതി വീഴ്ത്താത  വിധം പിടിച്ചു നിര്ത്തുന്നു.കഥയിൽ  നിന്നും സിനിമയിലെ യാഥാർത്യങ്ങളിലെക് ഫ്രൈം മാറുമ്പോൾ "മാജിക്കൽ റിയലിസം " നാം അനുഭവിക്കുന്നു .ഛയഗ്രഹന രീതി സിനിമയുടെ ശാന്തവും ചിന്തൊദ്ധീപകവുമായ കഥാ തന്തുവിനെ സഹായിക്കുന്നു.

  ബുദ്ധ സന്യാസി പറയുന്ന കഥയ്ക്ക്  സമാനമായി , അമേരിക്ക സ്വപ്നം കാണുന്ന യുവാവിൽ സംഭവിക്കുന്ന  ചന്ജലതയും ,നൈമിഷികമായ  സന്തോഷങ്ങൾ അനശ്വരമെന്നു കരുതി അഭിരമിക്കാൻ വെമ്പുന്ന മര്ത്യന്റെ കേവല പ്രകൃതങ്ങളും  സിനിമ ആത്മീയ തലത്തിൽ അനാവരണം ചെയ്യുന്നു.ലൗകികതയുടെ  നശ്വര വീഥികളിൽ ലക്ഷ്യ ബോധമില്ലാതെ  ഉഴറിയോടുന്ന  നമ്മൾ ഓരോരുത്തരും നായകനിൽ സമ്മേളിക്കുന്നതായി തോന്നാം.ബുദ്ധ സന്യാസി തന്റെ കഥ പൂർത്തിയാകുമ്പോൾ  അർത്ഥശങ്കകിടയില്ലാത്ത  വിധം യുവാവിന്റെ(യാത്രികന്റെ) ധര്മ്മസങ്കടങ്ങളും നമുക്ക് തിരിചറിയാനാവുന്നു .  ഓരോ മനുഷ്യനും താൻ ജീവിക്കുന്ന ജീവിതത്തെ കുറിച്ചും , ജീവിക്കേണ്ട ജീവിതത്തെ കുറിച്ചും ചിന്തിക്കുന്നുന്ടെങ്കിലും ആഗ്രഹങ്ങളെ ആത്മീയമായ ഉൾകാഴ്ചയോടെ നേരിട്ടില്ലെങ്കിൽ അത് ദുഖത്തിനും , നിരാശക്കും കാരണമാകുമെന്ന ബുദ്ധ മത തത്വം സിനിമ ഓര്മിപ്പിക്കുന്നു.സിനിമയുടെ അന്ത്യത്തിൽ ബുദ്ധ ബിക്ശു യാത്രക്കാരനായ യുവാവിനോട് പറയുന്നത്,"peach  blossoms  are beautiful ,because  they are temporary " എന്നാണ്.ജീവിതത്തിന്റെ നൈമിഷികതയിൽ ആഗ്രഹങ്ങളുടെ നിരകത  ധ്വനിപ്പിക്കുന്ന വരികൾ സിനിമയുടെ ബുദ്ധിസതിലൂന്നിയ  ആത്മീയ തലം അടിവരയിടുന്നു.

        നിങ്ങൾ സിനിമ കാണുമെന്നും  അഭിപ്രായങ്ങൾ പങ്കുവെക്കുമെന്നുമുള്ള  പ്രതീക്ഷയോടെ നിത്തുന്നു.

                                    by
                                                ഷഹീർ ചോലശ്ശേരി