Wednesday, 2 April 2014

Lovelorn



FILM : LOVELORN (2005)   ( COUNTRY : TURKEY)
DIRECTOR : YAVUZ TURGAL  
GENRE : DRAMA           


    ഏറെ നാളായി കാണാൻ ആഗ്രഹിച്ച  ഒരു സിനിമയാണ്  yavuz  turgal -ന്റെ  LOVELORN  എന്ന ടർകിഷ്  സിനിമ. ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന  മികച്ച ഒരു സിനിമ  അനുഭവമാണ് ഇത്.
              കെട്ടു കാഴ്ചകളുടെയും  , അതിനാടകീയതയുടെയും , അതിഭാവുകത്വങ്ങളുടെയും  കോലാഹലങ്ങൾകിടയിൽ  ജീവിതത്തോട് ചേർന്ന് നില്കുന്ന അനേകം  ഫ്രൈമുകളിൽ ഉയിർകൊണ്ട ഒന്നാണ് സിനിമ. ഒരുപാട് കഥകളിലൂടെയും , കഥാപാത്രങ്ങളിലൂടെയും  നമുക്ക് മുമ്പിൽ അവതരിചിട്ടുള്ള  തീം ആണെങ്കിലും മറ്റൊരു രാജ്യത്തെ സാംസ്കാരിക, സാമൂഹിക ഭിന്നതയിൽ ചാലിച്ചതായതിനാൽ  വ്യത്യസ്തമായ ആസ്വാദനം വാഗ്ദാനം ചെയ്യുന്നു.
            നാസിം , ഹലിൽ , ദുൻയ  എന്നിവരുടെ ജീവിത ക്കാഴ്ച്ചകളിലെക്കാണ്   സിനിമ ക്യാമറ തിരിക്കുന്നത്. തന്റെ ആശയങ്ങളും , നിലപാടുകളും മുറുകെ പിടിച്ച് ജീവിച്ച ( ജീവിക്കുന്ന) നാസിം (ഐഡിയലിസ്റ്റ് ) എന്ന ഗ്രാമീണ സ്കൂൾ അധ്യാപകൻ വിരമിച് തന്റെ നഗരത്തിൽ തിരിച്ചെത്തി , റ്റാക്സി ഡ്രൈവർ ആയി ജീവിക്കുന്നു. ലോകത്തോടുള്ള  തന്റെ എല്ലാ വ്യാപാരവും ( കൊടുക്കൽ വാങ്ങലുകൾ ) അവസാനിച്ചു എന്ന് വിശ്വസിക്കുന്ന  നാസിം വിധവയായ ഒരു നൈറ്റ്ക്ലബ്  ഗായികയെയും, അവരുടെ മകളെയും കണ്ടുമുട്ടുന്നതും , തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

        ലോകത്തിന്റെ മോഹന - പ്രലോഭനങ്ങളും ( ദുൻയ ) , തുർകിയിലെ  ഇന്നത്തെ അസ്തിത്വമില്ലാത്ത  അസ്ഥിരതയും ( ഹലിൽ ) , ഇന്നലെകളുടെ  പ്രോജ്ജ്വലതയും ( നാസിമും , കൂടുകാരും) കഥാപാത്രങ്ങളുടെ നിഴലുകളായി നമുക്ക് കണ്ടെടുകാം . ദുരിതങ്ങൾ വെറുപ്പിലെക്കും , വെറുപ്പ്  സർവനാശതിലെക്കും വഴുതി വീഴ്തുമെന്ന യാഥാർത്ഥ്യം  ഫ്രൈമുകളിൽ വ്യക്തം .
     
        എല്ലാ ഐഡിലിസ്റ്റിന്റെയും  ജീവിതത്തിലെ ത്യാഗപൂർണവും , നഷ്ട സമ്പന്നവുമായ  ഏടുകൾ സിനിമയിലെയും അവിഭാജ്യ ഘടകമായി .
                "WE  ARE  THE VICTIMS  OF OUR  DREAMS " - നമ്മൾ നമ്മുടെ സ്വപ്നങ്ങളുടെ ഇരകളാണ്. നാസിമിന്റെ മക്കളോടുള്ള വാക്കുകൾ  വളരെ തീവ്രമായാണ് അനുഭവപ്പെട്ടത്. മറ്റുള്ളവകായി സ്വയം ഉരുകിതീർന്നിട്ടും "സ്വന്തം" ആലയങ്ങളിൽ  വെളിച്ചമേകാനാവാതെ  വരുന്ന പ്രതിസന്ധി നാസിമിനെയും വിട്ടൊഴിഞ്ഞില്ല.

  പശ്ചാത്തല സംഗീതവും, ഗാനങ്ങളും ഏച്ചുകെട്ടൽ  ധ്വനിപ്പിക്കാത്ത വിധം ഇഴുകിച്ചേർന്നു. മണ്ണിന്റെ , നാടിന്റെ നിശ്വാസമായി സംഗീതോപകരണങ്ങളിൽ  നിന്ന് സ്വരങ്ങൾ  പുറത്തുവന്നു.

       ജീവിതം ആകസ്മികതയുടെ നടന വേദിയാണെന്ന് സിനിമ കാണിച്ചു തരുന്നുചിലരുടെ ദുരന്തങ്ങൾ , മറ്റു ചിലരുടെ സന്തോഷത്തിന്റെ (നേട്ടങ്ങളുടെ)  സ്രോതസ്സാകുന്ന  ജീവിത യാഥാർത്ഥ്യവും നമ്മൾ  ഉൾകിടിലത്തോടെ  മനസ്സിലാക്കുന്നു.

      " ഞാൻ എന്ത് കൊണ്ട് ഇപ്രകാരം ജീവിച്ചു എന്നോ , വഴി തെരഞ്ഞെടുത്തു എന്നോ എനിക്കറിയില്ല , പക്ഷെ  വിചിത്രമായതെന്തെന്നാൽ ഇനിയും ഒരു യാത്രയ്ക്ക് അവസരം ലഭിച്ചാൽ വഴി തന്നെ ഞാൻ നടക്കുമെന്നതാണ്."
     --- നാസിമിന്റെ വാക്കുകള എല്ലാ ഐഡിയലിസ്റ്റുകളുടെയും  സ്വത്വത്തിന്റെ ഏറ്റവും സംക്ഷിപ്തമായ  വ്യാഖ്യാനമാണ്.

    " LIFE  IS  FULL  OF  SURPRISES  TILL  THE  END , TILL  THE  VERY  END "

       ആകസ്മികതയാണ്  ജീവിതത്തിൻറെ മനോഹാരിതയും......

       സിനിമയെ നിങ്ങളുടെ കാഴ്ചകളാൽ  അനുഗ്രഹിക്കുമെന്ന  പ്രതീക്ഷയോടെ  നിർത്തുന്നു .

   BY 
        ഷഹീർ ചോലശ്ശേരി

No comments:

Post a Comment