Wednesday, 2 April 2014

katalin varga



FILM : KATALIN VARGA (2009)

COUNTRY: ROMANIA

GENRE : CRIME DRAMA
    
                       PETER STRICKLAND  സംവിധാനം ചെയ്ത  റൊമാനിയൻ drama യാണ് സിനിമ.  " katalin varga " എന്ന സ്ത്രീയുടെ പ്രതികാരത്തിന്റെ കഥയാണ് സിനിമ ദൃശ്യവൽകരിചിട്ടുള്ളത് . വന്യവും, മനോഹരവുമായ "കാർപാത്തിയൻ " മല നിരകളിലൂടെ  പ്രതികാര വാഞ്ചയോടെ  കുതിരവണ്ടിയിൽ തന്റെ മകനോടൊപ്പം അവൾ നടത്തുന്ന യാത്രയുടെ കഥ. കൊഴിഞ്ഞു വീണ വർഷങ്ങൾക് അവളുടെ മനസ്സിലെ പകയുടെ ചൂട് കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാകും വിധമാണ് സിനിമയുടെ പ്രയാണം. വർഷങ്ങൾക് മുമ്പ് ഭീതിതമായ ഒരു രാവിൽ മരക്കൂട്ടങ്ങൾക്കിടയിൽ നിസ്സഹായതയോടെ കേണ അവളുടെ  വിലാപങ്ങളെ അട്ടഹാസങ്ങളിൽ മുക്കി പിച്ചി ചീന്തിയ കാട്ടാളത്തമാണ് പകയുടെ ഉറവിടം.
             ഡൽഹി പെണ്കുട്ടിയുടെ ദാരുണ മരണമേൽപിച്ച  നീറുന്ന മുറിവുകളുമായി നില്ക്കുന്ന നമ്മുടെ സമൂഹ മനസ്സിന്റെ പ്രതികാര വാഞ്ച തന്നെയാണ് katalin varga യിലും പ്രതിഫലികുന്നത്.പക്ഷെ അവളെ കാത്തിരുന്ന യാഥാർത്ഥ്യം വ്യത്യസ്തമായിരുന്നു . കാലത്തിന്റെ കുത്തൊഴുക്കിൽ മനസ്സിലെ മാലിന്യങ്ങളും കഴുകി കളയപെടും എന്ന് സിനിമ പറയുന്നു.പാപത്തിന്റെയും , പശ്ചാത്താപത്തിന്റെയും വിരുദ്ധ പാതകളാണ് ഓരോ പാപിയുടെയും മുന്നിൽ നീണ്ടു കിടക്കുന്നത്.  katalin തേടുന്നവരെ നമുക്ക് കണ്ടെത്താൻ കഴിയുക രണ്ടു പാതകളുടെയും അവസാനത്തിൽ തന്നെയാണ്.വേട്ടക്കാർ ഇരകളെ ഓർക്കാറില്ലെന്നും , എന്നാൽ വേട്ടക്കാരുടെ നിഴലുകൾ പോലും ഇരയുടെ മനസ്സിൽ പതിഞ്ഞിരിക്കുമെന്നും സിനിമ മന്ത്രിക്കുന്നു.

      സിനിമയിലെ ഏറ്റവും മികച്ച ദൃശ്യ സന്ദർഭങ്ങളിലൊന്നിൽ katalin  കലങ്ങി മറിഞ്ഞ നദിയിലൂടെ തോണിയിൽ സഞ്ചരിക്കുമ്പോൾ തന്റെ ഇന്നലെകളുടെ ഓർമ പുസ്തകത്തിലെ രസകരമല്ലാത്ത ഏടുകൾ വാക്കുകളിൽ പുന സൃഷ്ടിക്കുന്നു.
     
 സിനിമയുടെ ആഖ്യാന രീതിയും, സിനിമയിലെ കാഴ്ചകളും നായികയുടെ മനസ്സിനൊപ്പം നമ്മെയും കൂട്ടു കൂടാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് കൈകാര്യം ചെയ്തിട്ടുള്ളത് . നായികയുടെ മന:സംഘർഷങ്ങൾ തന്നെയാണ് നമ്മെയും ഭരിക്കുന്നത്.സിനിമയ്ക്കായി ചെലവഴിച്ച സമയം നഷ്ടമായി എന്ന് സിനിമാ പ്രേമികൾക്ക് തോന്നിപ്പിക്കാനിട നൽകാത്ത ശക്തമായ ഡ്രാമയാണ്  സിനിമ. സിനിമ അവസാനിക്കുന്നത് എങ്ങനെയെന്നു പറയുന്നില്ല , പക്ഷെ സിനിമയെക്കുറിച്ച് നിങ്ങൾ എത്തിയ   നിഗമനങ്ങളിൽ നിന്ന് വ്യത്യസ്തമായ  അനേകം സന്ദർഭങ്ങൾ സിനിമയിലുണ്ട് എന്ന് മാത്രം പറഞ്ഞു നിങ്ങൾ കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു .

                 by
                           ഷഹീർ ചോലശ്ശേരി

No comments:

Post a Comment