Wednesday, 2 April 2014

The death of Mr. Lazarescu



FILM     : THE DEATH OF MR. LAZARESCU
COUNTRY : ROMANIA
GENRE   : BLACK COMEDY

   റുമാനിയൻ  സംവിധായകനായ ക്രിസ്ടി പിയു  സംവിധാനം ചെയ്ത The death of mr . lazarescu എന്ന സിനിമ  കറുത്ത  ഹാസ്യം (ബ്ലാക്ക്‌ ഹ്യുമർ) ഗണത്തിൽ പെടുത്താവുന്ന ഒന്നാണ്. മാംസത്തിൽ തുളച്ചു കയറിയ പുറത്തെടുക്കാൻ കഴിയാത്ത ഒരു മുള്ള് ജനിപ്പിക്കുന്ന അസ്വസ്ഥതയാണ് ഈ സിനിമ അനുഭവിപ്പിക്കുന്നത്. റുമാനിയയിലെ  മെഡിക്കൽ സംവിധാനങ്ങളുടെ കെടുകാര്യസ്തതയിലൂടെയുള്ള  ഒരു യാത്ര എന്നതിലുപരി , നാഗരിക ജീവിതതിലൂന്നിയ ഏതൊരു സമൂഹത്തിന്റെയും  സ്വത്വത്തിന്റെ അവഗണിക്കാനാവാത്ത അടയാളങ്ങളായ  അവസ്ഥകളും , ആശങ്കകളും    സിനിമ പങ്കുവെക്കുന്നു. പശ്ചാത്തലം റുമാനിയയാണെങ്കിലും നമ്മെയെല്ലാം ചൂഴ്ന്നു  നില്ക്കുന്ന ഹാസ്യത്തിന്റെ നിറപ്പകർച്ചകൾ    സിനിമ ദൃശ്യമാക്കുന്നു .
  ഏകാന്തതയും,വാർധക്ക്യവും , രോഗങ്ങളും വേട്ടയാടുന്ന lazarescu വിലൂടെയാണ് സിനിമ തുടങ്ങുതും പുരോഗമിക്കുന്നതും . വളരെ അത്യാസന്ന നിലയിലാകുന്ന അയാളെ  അയൽക്കാർ ആംബുലൻസ് വരുത്തി പാരാമെടിക് അസ്സിസ്ടന്റിന്റെ കൂടെ പറഞയക്കുന്നിടത് സിനിമയാരമ്പിക്കുന്നു. ഈ യാത്രയും അതിലെ സംഭവ വികാസങ്ങളുമാണ്  സിനിമയുടെ "സ്കെലിറ്റൻ ". എന്നാൽ അതിന് ജീവനേകുന്നത്  കഥാപാത്രങ്ങളുടെ  സംഭാഷണങ്ങൾ ആണ്.ഓരോ ഹോസ്പിറ്റലും ഓരോ കാരണം പറഞ്ഞ് അയാളെ അട്മിട്റ്റ് ചെയ്യാൻ വിസമ്മതിക്കുന്നു.ഒരിടത്ത്  സൗകര്യമില്ലയ്മയും , മറ്റൊരിടത്ത്   ആക്സിടെന്റിനെ തുടര്ന്നുള്ള കോലാഹലവും ചികിത്സ നിഷേധിക്കുന്നു. ഹോസ്പിറ്റലിൽ ഡോക്ടരുമായുള്ള  സംസാരങ്ങളിൽ  ഹാസ്യം അതിന്റെ പരിചിത ഇടങ്ങൾ വിട്ടൊഴിയുന്നു.ഈ മങ്ങിയ യാഥാർത്ഥ്യങ്ങൾകിടയിലും നന്മയുടെ നെരിപ്പോടുകൾ  തെള്ലിയിച്ചു പാരാമേടിക്  അസിസ്റ്റന്റ്‌  ജ്വലിച്ചു  നില്ക്കുന്നു. ഈ നന്മ മരതണൽ പല അവസരങ്ങളിലും lazarescu  വിന്റെ രക്ഷക്കെതുന്നു .
  അബോധതലങ്ങളുടെ  ശാന്തതയിലേക്ക് കുതിക്കുന്ന അയാളുമായി മറ്റൊരിടത്ത് എത്തുമ്പോൾ അവരെ ശ്രദ്ധിക്കാതെ മൊബൈൽ ചാർജേർ തിരയുന്ന   ഡോക്ടറും  , നഴ്സും വേദനിക്കുന്നവന്  നേരെ സമൂഹം പുലർത്തുന്ന നിസ്സംഗതയുടെ  നേർ സാക്ഷ്യങ്ങളാകുന്നു.
    മരണാസന്നനായ  രോഗിയുടെ  മുന്നിൽ  ഹൊസ്പിറ്റൽ  ജീവനക്കാർ  നടത്തുന്ന നിരുത്തരവാദ  പെരുമാറ്റങ്ങൾ  കാഴ്ചക്കാരനിൽ ഹാസ്യത്തിനും ക്രോധതിനുമിടയിലുള്ള വിചിത്ര ദേശങ്ങളിലെ അപരിചിതത്വത്തിന്റെ  അസ്വസ്തഥകൾ ഉളവാകുന്നു . അവസാനം ചെന്നെത്തുന്ന ഹോസ്പിറ്റലിൽ അയാളെ സ്വീകരിക്കുന്നുണ്ടെങ്കിലും  വൈകിയിരിക്കുന്നു എന്ന് കാഴ്ചക്കാരന്  ബോധ്യപ്പെടും വിധം ഡോക്ടറുടെ ആത്മഗതം നമുക്ക് ശ്രവിക്കാം,"നമുക്ക് ഇയാളുടെ തലയിലെ രക്തക്കട്ട നീക്കം ചെയ്യാം എന്നാൽ മാത്രമേ ഇയാളുടെ ക്യാൻസറിനു  ഇയാളെ കൊല്ലാൻ കഴിയൂ"....ഇത്തരത്തിൽ  സിനിമയിലെ പല സംഭാഷണ ശകലങ്ങളും  കറുത്ത ഹാസ്യതിൻറെ  തുറന്ന ആഘോഷങ്ങളാണ്.
    സമൂഹത്തിന്റെ  ചട്ടക്കൂടുകൾ മാനവികതയുടെ തലത്തിൽ കൂടി വിശകലനം ചെയ്യേണ്ടതുണ്ട് എന്ന് ഈ സിനിമ ചൂണ്ടിക്കാണിക്കുന്നു.സമൂഹത്തിന്റെ യാന്ത്രികത ഈ ആഗോളീകൃത  ഉച്ച വെയിലിൽ എല്ലായിടത്തും ഒരു പൊലെയാന്നെന്നും  , ഈ  യാന്ത്രികത വികാരങ്ങൾക്ക്  നൽകുന്ന ഏകനിറം മാനവികതയുടെ നിറക്കൂട്ടുകളാൽ വർണ്ണശബളമാക്കണം  എന്നും ഈ സിനിമ മന്ത്രിക്കുന്നു.


എല്ലാത്തരം പ്രേക്ഷകര്കും  രസിക്കുന്ന   ഒന്നല്ല  ഇത്. ഗൗരവമായ പ്രമേയങ്ങൾ ഉൾകൊള്ളുന്നതും ആസ്വാദനത്തിനുമപ്പുറം   സിനിമയുടെ  സാധ്യതകളെ  പരീക്ഷിക്കുന്ന  സിനിമകളെയും ഇരു കൈയും നീട്ടി  സ്വീകരിക്കുന്നവർ  കാണുമെന്നുള്ള  പ്രതീക്ഷയോടെ ........

ഷഹീർ ചോലശ്ശേരി

No comments:

Post a Comment