Sunday 29 April 2018

CRUMBS (2015)


FILM : CRUMBS (2015)
GENRE : SCI- FI !!! FANTASY
COUNTRY : ETHIOPIA
DIRECTOR : MIGUEL LLANSO

              SCI-FI, ഫാന്റസി എന്നീ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വന്നുചേരുന്ന ചിത്രങ്ങളും, ചിന്തകളുമുണ്ട്. എന്നാൽ, അത്തരം SCI-FI കാഴ്ചകളിൽ നിന്നും വിഭിന്നമായ ലോകത്തേക്കാണ് CRUMBS പ്രേക്ഷകനെ ക്ഷണിക്കുന്നത്. ഒരു പോസ്റ്റ്-അപ്പോകാലിപ്റ്റിക് പശ്ചാത്തലത്തിൽ കാൻഡി, ബെർഡി എന്നിവരുടെ കഥയാണ് ഈ ആഫ്രിക്കൻ സിനിമ പറയുന്നത്.
       ശാരീരിക പരിമിതിയുള്ള കാൻഡിയും, ജീവിത പങ്കാളിയായ ബെർഡിയും കഴിയുന്ന പരിസരങ്ങളിലെ ചില അസ്വാഭാവിക സംഭവങ്ങൾ ബെർഡിയിൽ ചില സംശയങ്ങൾ ജനിപ്പിക്കുന്നു. വർഷങ്ങളായി ആകാശത്തു തങ്ങിനിൽക്കുന്ന പ്രവർത്തന നിരതമല്ലാത്ത സ്പേസ്ഷിപ്പ് ആരോ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എന്നതാണ് സംശയം. ഒരു സൂപ്പർഹീറോ ആണെന്നും, തന്റെയിടം മറ്റേതോ ഗ്രഹമാണെന്നും സ്വയം കരുതുന്നു കാൻഡിയ്ക്ക് സ്‌പേസ്ഷിപ്പിൽ കയറിപ്പറ്റാൻ ആഗ്രഹമുണ്ട്. അതിനുള്ള വഴികളന്വേഷിച്ചു നടക്കുകയാണ് കാൻഡി.
          ഗ്രാഫിക്‌സും, വമ്പൻ സെറ്റിങ്ങ്സുകളും ഉപയോഗിച്ച് സൃഷ്ടിക്കുന്ന വിസ്മയക്കാഴ്ച്ചകളല്ല ഈ സിനിമയെ വേറിട്ടതാക്കുന്നത്. ഇത്തരത്തിലുള്ള മായികക്കാഴ്ചകളുടെ അഭാവത്തിൽ വളരെ ആർട്ടിസ്റ്റിക്കായ രീതിയിൽ ആശയത്തെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. ബാസ്‌ക്കറ്റ്‌ബോൾ ഇതിഹാസമായ മൈക്കേൽ ജോർദാന്റെ ചിത്രത്തിനുമുന്നിൽ പ്രാർത്ഥിച്ചു നിൽക്കുന്ന ബെർഡി, അമൂല്യ വസ്തുക്കളായി കൈമാറ്റം ചെയ്യപ്പെടുന്ന പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ എന്നിങ്ങനെ സിംബോളിക്കായി അവതരിപ്പിക്കപ്പെട്ട നിരവധി ദൃശ്യങ്ങൾ സിനിമയിലുണ്ട്. പ്രേക്ഷകന്റെ സ്വതന്ത്ര വ്യാഖ്യാനങ്ങളിലൂടെ സിനിമ പലയിടങ്ങളിലേയ്ക്ക് ചേക്കേറുമെന്നതിൽ സംശയമില്ല. അത് തന്നെയാവാം ഈ കുഞ്ഞുസിനിമയുടെ ലക്ഷ്യവും.
       കേവലം 68-മിനുട്ട് മാത്രമുള്ള ഈ സിനിമ എത്രമാത്രം മനസ്സിലാക്കാനായി എന്നതിനപ്പുറം, സിനിമ നൽകുന്ന പുതുമയുള്ള അനുഭവമാണ് നമ്മെ നയിക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നല്ല ഈ സിനിമ, അതുപോലെ നമ്മൾ കണ്ടു ശീലിച്ച കാഴ്ച്ചകളുമല്ല CRUMBS.


Tuesday 24 April 2018

TIMES AND WINDS (2006)


FILM : TIMES AND WINDS (2006)
COUNTRY : TURKEY
GENRE : DRAMA
DIRECTOR : REHA ERDEM

                കാഴ്ച്ചക്കാരന്റെ മനസ്സിനെ കീഴടക്കുന്ന ദൃശ്യചാരുത തുർക്കി സിനിമകളുടെ ഒരു പ്രത്യേകതയാണ്. മനോഹരമായ ഫ്രെയിമുകളും, ആകർഷണീയമായ പശ്ചാത്തല സംഗീതവും തന്നെയാണ് ടൈംസ് ആൻഡ് വിൻഡ്‌സ് എന്ന തുർക്കി സിനിമയുടെയും പ്രത്യേകത. ഇവയ്ക്കൊപ്പം കാവ്യാത്മകമായ അവതരണം കൂടിയാകുമ്പോൾ നല്ല നിമിഷങ്ങളാണ് പ്രേക്ഷകന്റെ കൂട്ടിനെത്തുന്നത്.
      ഒമർ, യാക്കൂബ്, യിൽഡിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. വശ്യമായ പ്രകൃതിയും, പാറക്കെട്ടുകളും നിറഞ്ഞ ഗ്രാമീണതയിൽ, ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക് നടന്നടുക്കുകയാണ് അവർ. ബാല്യത്തിന്റെ കുസൃതിത്തരങ്ങൾക്കൊപ്പം ചില പ്രശ്നങ്ങളും അവരെ അലട്ടുന്നുണ്ട്. അവരുടെ ഇഷ്ടക്കേടുകളാണ് സിനിമയ്ക്ക് ഗതിയും, ദിശയും നൽകുന്നത്. അപക്വമായ അവരുടെ ചിന്തകളിൽ നിന്നുണ്ടാകുന്ന ചില ആഗ്രഹങ്ങൾ നിഷ്കളങ്കതയെ കൈയ്യൊഴിയുന്നുമുണ്ട്. കുട്ടികളുടെ ചിന്തകളേയും, ചെയ്തികളേയുമാണ് സിനിമ പിന്തുടരുന്നത്. അവയിലേക്ക് തന്നെയാണ് പ്രേക്ഷകനും കണ്ണെറിയേണ്ടത്.
       സിനിമയെ അഞ്ചു പ്രാർത്ഥനാ സമയങ്ങളുടെ പേരുകൾ നൽകി അഞ്ചു ഭാഗമായാണ് അവതരിപ്പിച്ചിരിക്കുന്നത്. NIGHT TO MORNING എന്ന റിവേഴ്‌സ് ഓർഡർ സംവിധായകൻ സ്വീകരിച്ചത്, യാഥാർത്യ ബോധത്തിന്റെ അവ്യക്തതയിൽ നിന്ന് തിരിച്ചറിവുകളുടെ  ഉഷസ്സിലേക്ക് ബാല്യം ഉണരുന്നത് സമയത്തിന്റെ (കാലത്തിന്റെ) പരീക്ഷണങ്ങളെ പിന്നിട്ടു കൊണ്ടാണ് എന്ന് സൂചിപ്പിക്കാനാവാം. നല്ല കാഴ്ച്ചകൾ നല്ല നിമിഷങ്ങളിലേക്കാണ് നിങ്ങളെ നയിക്കാറുള്ളതെങ്കിൽ ഈ സിനിമ കാണുന്നത് നഷ്ടമാവില്ല.


Friday 20 April 2018

GYPSY (2011)


FILM : GYPSY (2011)
COUNTRY: SLOVAKIA
GENRE : DRAMA
DIRECTOR : MARTIN SULIK

                 പാട്ടും, ഡാൻസുമായി ജീവിതത്തെ ആഘോഷമാക്കുന്നവരാണ് ജിപ്സികൾ. അവരുടെ ജീവിതം പ്രമേയമായുള്ള സിനിമകളിലെല്ലാം ഇക്കാര്യങ്ങൾ ആവോളം കാണാറുമുണ്ട്. അങ്ങനെയൊരു പ്രതീക്ഷയിലാണ് ജിപ്സി (cigan) എന്ന ഈ സിനിമയും കാണാനിരുന്നത്. എന്നാൽ, ഈ കാഴ്ച അവരുടെ ജീവിതത്തിന്റെ വേറിട്ട ചിത്രങ്ങളാണ് നൽകിയത്.
        ഈ സിനിമ ആദം എന്ന ജിപ്സി ബാലന്റെ കഥയാണ് പറയുന്നത്. പൊതുഇടങ്ങളിൽ നിന്ന് മാറി ജിപ്സികൾ കൂട്ടമായി താമസിക്കുന്ന സ്ലോവാക്യയിലെ ഒരു പ്രദേശമാണ് സിനിമയുടെ പശ്ചാത്തലം. തൊഴിലില്ലായ്മയും, വിവേചനങ്ങളും കാരണം ദാരിദ്രത്തിലമർന്ന ജനതയാണ് അവർ. പിതാവ് ആക്സിഡന്റിൽ കൊല്ലപ്പെടുന്നതോടെ ആദമിന്റെ മാതാവിനെ പിതൃസഹോദരൻ വിവാഹം ചെയ്യുകയാണ്. തന്റെ സഹോദരങ്ങളോടും, മാതാവിനോടും കൂടുതൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടി വരുന്ന അവന്, രണ്ടാനച്ഛന്റെ രീതികളോട് ഉള്ളിൽ എതിർപ്പുകളുമുണ്ട്. ദാരിദ്ര്യം കാരണം ചില തിന്മകളെ നുണയേണ്ടി വരുന്നുണ്ടെങ്കിലും അവനിലെ നന്മയുടെ കിരണങ്ങളെ നമുക്കും കാണാം. പ്രണയം, പക, നഷ്ടങ്ങൾ, പ്രതീക്ഷകൾ എന്നിവയെല്ലാം ആദമിന്റെ ജീവിതത്തെ സ്പർശിച്ചു നിൽക്കുന്നുണ്ട്. ജിപ്സികളോടുള്ള ഇതര സമൂഹത്തിന്റെ മനോനിലയെ തുറന്നു കാണിക്കാനും സിനിമയ്ക്കാവുന്നു.
      സിനിമയുടെ പശ്ചാത്തല സംഗീതം നന്നായി ഇഷ്ട്ടപ്പെട്ടു. അഭിനേതാക്കൾ അധികവും അവിടങ്ങളിലെ യഥാർത്ഥ ജിപ്സികൾ തന്നെയായിരുന്നു എന്നാണ് മനസ്സിലാക്കാനായത്. അരികുകളിലേയ്ക്ക് ഒതുക്കപ്പെട്ട ജനതയുടെ ജീവിതസ്പന്ദനങ്ങൾ പകർന്ന ഈ സിനിമ മികച്ച വിദേശഭാഷ ചിത്രത്തിനായുള്ള  സ്ലോവാക്യയുടെ 2012-ലെ ഓസ്കാർ എൻട്രിയായിരുന്നു.


Monday 16 April 2018

HEMA HEMA : SING ME A SONG WHILE I WAIT (2016)


FILM : HEMA HEMA : SING ME A SONG WHILE I WAIT (2016)
COUNTRY : BHUTAN
GENRE : DRAMA !!! MYSTERY
DIRECTOR : KHYENTSE NORBU

                   വേറിട്ട വഴികളിൽ സഞ്ചരിച്ചവരുടെ കാഴ്ച്ചകൾക്കും, ചിന്തകൾക്കും വ്യത്യസ്തതയുടെയും പുതുമയുടെയും പ്രഭയുണ്ടാവും. ദൃശ്യഭാഷയെ വേറിട്ട വീഥികളിലൂടെ നടത്താൻ മടിയില്ലാത്ത സംവിധായകരുടെ സിനിമകളും ക്ലിഷേ കാഴ്ചകളുടെ വിരസതയിൽ നിന്ന് പ്രേക്ഷകനെ രക്ഷിക്കുന്നവയാണ്. ദൃശ്യഭാഷയുടെ സാധ്യതകളെ ഭാവനാ സമ്പന്നതയുമായ് കണ്ണിചേർത്ത് വാക്കുകളേക്കാൾ ആഴത്തിൽ, അർത്ഥവ്യാപ്തിയോടെ ദൃശ്യങ്ങൾ വഴി സംവദിക്കുന്ന സിനിമകൾ ഏതൊരു സിനിമാ ആസ്വാദകന്റെയും നല്ല പ്രതീക്ഷകളാണ്. അത്തരമൊരു പ്രതീക്ഷയെ ഉൾക്കൊള്ളുന്ന HEMA HEMA : SING ME A SONG WHILE I WAIT എന്ന ഭൂട്ടാൻ സിനിമയെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
      ഭൂട്ടാൻ സംവിധായകനായ ക്യെൻസ് നോർബുവിന്റെ നാലാമത്തെ സിനിമയാണ് ഇത്. നീല വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ഒരു ബാറിലെ ജോലിക്കാരി തനിക്കു കിട്ടിയ പൈസ എണ്ണി തിട്ടപ്പെടുത്തിയ ശേഷം കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് നോക്കുകയാണ്. സ്വത്വത്തിലേക്കുള്ള ആ നോട്ടത്തിൽ നിന്ന് സിനിമ പ്രകൃതിയുടെ പച്ചപ്പിൽ മുങ്ങിനിൽക്കുന്ന മറ്റൊരു ലോകത്തിലേക്ക്, കാലത്തിലേയ്ക്ക് പറിച്ചു നടപ്പെടുകയാണ്. എല്ലാ ഐഡന്റിറ്റികളും മറയ്ക്കപ്പെടുന്ന മുഖംമൂടികൾക്കു പിറകിൽ ഒളിച്ചു കഴിയുന്ന ഒരു കൂട്ടത്തിനൊപ്പം, 12 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഒരു RITUAL GATHERING പോലെ തോന്നിക്കുന്ന കാഴ്ചകളിലാണ് സിനിമ നങ്കൂരമിടുന്നത്.
     രണ്ടാഴ്ചയുടെ മാത്രം ആയുസ്സുള്ള, അനോന്യമറിയാനാവാത്ത, സ്വയം വെളിപ്പെടലിന്റെ ഭീഷണിയില്ലാത്ത ദിനങ്ങളിൽ അവരുടെ ആന്തരിക ചോദനകളും, തൃഷ്ണകളും മറനീക്കി പുറത്തുവരുന്നത് കാണാം. മുഖം നഷ്ടപ്പെടുന്നതോടെ ആർജ്ജിക്കുന്ന സ്വാതന്ത്ര്യത്തിൽ മനുഷ്യൻ ധൈര്യവാനും ശക്തനുമാകുന്നു. മനസ്സിനുള്ളിൽ അടക്കിപ്പിടിച്ചിരിക്കുന്ന ദുരാഗ്രഹങ്ങളും, ചിന്തകളും മുളച്ചു പൊന്തുന്ന ഇത്തരം സാഹചര്യങ്ങൾ നയിക്കുന്ന പാതകളെ നൈമിഷിക ചഞ്ചലതയോടെ പിൻപറ്റുന്നവർ ആത്യന്തികമായി മനോവേദനകളുടെ തവറയിലാകുമെന്ന സത്യവും ഈ സിനിമ പങ്കുവെയ്ക്കുന്നു. സിനിമയിൽ ഇടയ്ക്കിടെ കടന്നു വരുന്ന നൃത്തങ്ങളിലെല്ലാം ജനന-മരണങ്ങൾക്കിടയിലെ ജീവിതമെന്ന യാഥാർത്യത്തെക്കുറിച്ചും, മനുഷ്യനെക്കുറിച്ചുമുള്ള താത്വികമായ ഉൾക്കാഴ്ചകൾ തന്നെയാണ് കാണാനായത്.
    ആഗ്രഹങ്ങളാണ് ദുഖത്തിന്റെ നിദാനം എന്ന ദാർശനിക ചിന്തയെ ഈ സിനിമ അടിവരയിടുന്നു. മാനുഷികമായ ചാഞ്ചല്യങ്ങളെ ശരീര തൃഷ്ണയുടെ ഉദാഹരണത്തിലൂടെ അവതരിപ്പിച്ച് , അത് സൃഷ്ടിച്ച ദുരിതങ്ങളെ മുൻനിർത്തി സംവിധായകൻ പറയാൻ ശ്രമിക്കുന്നത്, മനസ്സിനെ അടിമപ്പെടുത്തുന്ന ആഗ്രഹങ്ങളെല്ലാം മനുഷ്യനെ നയിക്കുന്നത് ദുഖങ്ങളിലേക്കായിരിക്കും എന്ന് തന്നെയാണ്. സുലഭതയുടെ നടുവിൽ നിൽക്കുമ്പോഴും തന്റേതെന്ന് പറയാൻ ഒന്നുമില്ലെന്ന ചിന്ത കുടികൊള്ളുന്ന മനസ്സിനാണ് ശുദ്ധമായ ജീവിതം സാധ്യമാകുകയെന്ന ബുദ്ധവചനവും ഈ ചിന്തകളോട് ചേർന്നു നിൽക്കുന്നു. 
       സംവിധായകൻ ഒരു ബുദ്ധ സന്യാസിയായതിനാൽ ബുദ്ധിസത്തിലൂന്നിയ ആത്മീയ തലം സിനിമയിൽ നിറയുന്നുണ്ട്. സംഭാഷണങ്ങളെക്കാൾ ദൃശ്യങ്ങളും, ഭാവാഭിനയത്തെക്കാൾ ശരീരഭാഷയും മുന്നിട്ടു നിൽക്കുന്ന ഈ സിനിമയെ ഉപരിപ്ലവമായി സ്പർശിക്കാൻ മാത്രമേ എനിക്ക് സാധിച്ചിട്ടുള്ളൂ. ഈ സിനിമയെ ആഴത്തിൽ അറിയാൻ പ്രാദേശികമായ സാംസ്‌കാരിക അംശങ്ങളെ കുറിച്ചുള്ള മുന്നറിവുകൾ ആവശ്യമാണെന്ന് തോന്നി. എങ്കിലും, മനസ്സിൽ തങ്ങിനിൽക്കുന്ന വേറിട്ട കാഴ്ചാനുഭവമാകുന്നതിന് ഈ അജ്ഞത വിലങ്ങുതടിയാകുന്നുമില്ല. സിനിമ ഉണർത്തിയ ചിന്തകൾക്ക് വിരാമമിടുന്നില്ല, സിനിമയെക്കുറിച്ചുള്ള ഈ കുറിപ്പിന് വിരാമമിടുന്നു.


Saturday 14 April 2018

FROZEN STIFF (2002)


FILM : FROZEN STIFF (2002)
COUNTRY : SERBIA
GENRE : COMEDY
DIRECTOR : MILORAD MILINKOVIC

                    ഈ സിനിമയുടെ പ്ലോട്ട് വായിച്ചപ്പോൾ മനസ്സിലേക്ക് വന്നത് ഗെറ്റിങ് ഹോം എന്ന ചൈനീസ് ഫിലിമാണ്. കാരണം, രണ്ടിലും പ്രധാന തീം മൃതദേഹം വഹിച്ചുള്ള യാത്രയാണ്. രണ്ടു സിനിമകളെയും ബ്ലാക്ക് കോമഡി എന്ന് വിശേഷിപ്പിക്കുകയും ചെയാം.
    മുത്തശ്ശന്റെ മൃതദേഹം മരണാനന്തര  ചടങ്ങുകൾക്കായി കുടുംബം താമസിക്കുന്ന സ്ഥലത്തേക്ക് എത്തിക്കാനുള്ള രണ്ടു സഹോദരങ്ങളുടെ ശ്രമങ്ങളാണ് ഈ സിനിമ. കൈയ്യിൽ കാശില്ലാത്തതിനാൽ ട്രെയിൻ മാർഗ്ഗം മൃതദേഹം കൊണ്ടുപോകാൻ തീരുമാനിക്കുന്ന അവർ മുത്തശ്ശനെ ജീവനുണ്ട് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഒരുക്കിയിട്ടുമുണ്ട്. സഹയാത്രക്കാരിൽ നിന്നും ഈ വിവരം മറച്ചു വെയ്ക്കാൻ ചില നുണകളും അവർക്ക് പറയേണ്ടതായി വരുന്നു. അവർക്ക് മാത്രമല്ല രഹസ്യങ്ങൾ ഉള്ളത് എന്നതിനാൽ നുണകളുടെ ഘോഷയാത്ര തന്നെയാണ് സിനിമയിലുടനീളം കാണാനാവുക. ഈ നുണകൾ തന്നെയാണ് സിനിമയെ മുന്നോട്ടു നയിക്കുന്നതും, ആസ്വാദ്യകരമാക്കുന്നതും. എല്ലാവരും നല്ല പ്രകടനം കാഴ്ചവെക്കുന്ന, തമാശ നിറഞ്ഞ ഒരു പടം എന്ന് ഫ്രോസൺ സ്റ്റിഫിനെ ചുരുക്കിപ്പറയാം.


Tuesday 10 April 2018

EL BOLA (2000)


FILM : EL BOLA (2000)
GENRE : DRAMA
COUNTRY : SPAIN
DIRECTOR : ACHERO MANAS
                 ചുറ്റുപാടുകളും, സാഹചര്യങ്ങളുമാണ് കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. പാബ്ലോയുടെ ഒറ്റപ്പെട്ട അവസ്ഥയ്ക്കുള്ള കാരണവും അത് തന്നെയാവണം. കൂട്ടുകെട്ടുകൾ ഇല്ലാതിരുന്ന അവന്റെ സൗഹൃദത്തിലേക്ക് പുതിയ ഒരാൾ കടന്നു വരുന്നതോടെ പാബ്ലോയിലും മാറ്റങ്ങൾ ഉണ്ടാകുന്നു.
            സുരക്ഷയുടെ തണൽ പകരേണ്ട വീടിന്റെ അകത്തളങ്ങളിൽ തന്നെ കുട്ടികൾ ക്രൂരതയേൽക്കേണ്ടി വരുന്ന വാർത്തകൾ ഇന്ന് പുതുമയല്ല. സ്നേഹശൂന്യതയുടെ അരക്ഷിത ഇടങ്ങളിൽ വളരുന്ന കുട്ടികളുടെ പ്രതിനിധികൾ തന്നെയാകുന്നു സിനിമയിലെ പല ബാല്യങ്ങളും. അവർ കളിക്കുന്ന അപകടകരമായ കളിപോലും അവരുടെ സാഹചര്യങ്ങളിലേക്കുള്ള സൂചനയായി കരുതാം. പിതൃ-പുത്ര ബന്ധത്തിന്റെ മനോഹാരിതയെ രണ്ടു വ്യത്യസ്ത മാതൃകകളെ മുൻനിർത്തി ബോധ്യപ്പെടുത്താനാണ് സിനിമ ശ്രമിക്കുന്നത്. കുട്ടികളുടെ സ്വഭാവത്തിലും, മനോഭാവങ്ങളിലും കുടുംബ ബന്ധങ്ങളും, കുടുംബാന്തരീക്ഷവും വലിയ അളവിൽ CONTRIBUTE ചെയ്യുന്നു എന്ന് തന്നെയാണ് സിനിമ നൽകുന്ന നല്ല ചിന്തകളിലൊന്ന്. കാല-ദേശ ഭേദങ്ങളില്ലാത്ത ഒരു കാര്യത്തെ മറ്റൊരു സാമൂഹിക പരിതസ്ഥിതിയിൽ കണ്ടറിയാനുള്ള കാരണമാകുന്നു EL BOLA.
        ഗൗരവമാർന്ന ഒരു വിഷയത്തെ വളരെ ലളിതമായി അവതരിപ്പിക്കാനായി എന്നതാണ് സിനിമയുടെ മികവ്. ചൂഴ്ന്നു നോക്കാതെ തന്നെ സിനിമയുടെ ഉള്ളറിയാൻ പ്രേക്ഷകന് സാധിക്കുന്നതു തന്നെയാണ് EL BOLA-യുടെ വിജയവും.

Tuesday 3 April 2018

STRANGLED (2016)


FILM : STRANGLED (2016)
COUNTRY : HUNGARY
GENRE : PSYCHO-THRILLER
DIRECTOR : ARPAD SOPSITS

                  ഒരു കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള സിനിമകൾ സൂക്ഷ്മതയോടെയാണ് വീക്ഷിക്കാറുള്ളത്. കഥാപാത്രങ്ങളിലും, കഥാപരിസരങ്ങളിലും ആ കാലഘട്ടത്തിന്റെ നിഴലുകൾ എങ്ങനെയെല്ലാമാണ് സംവിധായകൻ വീഴ്ത്തിയിരിക്കുന്നത് എന്ന് ശ്രദ്ധിക്കുന്നതും എന്നിലെ പ്രേക്ഷകന്റെ ശീലമാണ്. ഇന്ന് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്ന സിനിമയും ഭൂതകാലത്തിന്റെ യാഥാർത്യങ്ങളെ ഫ്രെയിമുകളിലൂടെ സമ്മാനിക്കുന്ന ഒന്നാണ്. STRANGLED (2016) എന്ന ഹംഗേറിയൻ സൈക്കോ-ത്രില്ലർ 1960-കളുടെ പശ്ചാത്തലത്തിൽ നടന്ന ചില സംഭവങ്ങളെ അധികരിച്ചു നിർമ്മിച്ചതാണ്.
      ഷൂ ഫാക്ടറിയിൽ ജോലിചെയ്യുന്ന ഒരു സ്ത്രീയുടെ കൊലപാതകത്തെ തുടർന്ന് അവളുടെ കാമുകനായിരുന്ന ആളെ അറസ്റ്റു ചെയ്യുകയാണ്. കുറച്ചു വർഷങ്ങൾക്കു ശേഷം സമാന രീതിയിലുള്ള അക്രമങ്ങളും, കൊലപാതകങ്ങളും ആവർത്തിക്കുന്നതോടെ യഥാർത്ഥ കൊലയാളി പുറത്താണെന്ന തിരിച്ചറിവ് ചിലർക്കെങ്കിലും ഉണ്ടാകുന്നു. കൊലയാളിയെ പിടിക്കാനും, പഴയ കേസുമായി ഇതിനെ കണ്ണിചേർക്കാനും ശ്രമിക്കുന്ന യുവ ഡിറ്റക്ടീവിന് കാര്യങ്ങൾ എളുപ്പമാകുന്നില്ല.
       സിനിമയ്ക്ക് പശ്ചാത്തലമാകുന്ന കാലഘട്ടത്തിന്റെ സാമൂഹികവും, രാഷ്ട്രീയവുമായ സാഹചര്യങ്ങൾ സിനിമയുടെ കഥാഗതിയിലും, കഥാപാത്രങ്ങളിലും ചെലുത്തുന്ന സ്വാധീനം ശ്രദ്ധേയമാണ്. ഒരു സീരിയൽ കില്ലർ മൂവി എന്നതിനപ്പുറം ഹങ്കറിയുടെ ഭൂതകാല രാഷ്ട്രീയാവസ്ഥകളെ വെളിപ്പെടുത്തുക എന്നതു കൂടി സംവിധായകന്റെ പ്രധാന ലക്ഷ്യമായിരുന്നു എന്നത് വ്യക്തമാണ്. ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം രീതിയിലുള്ള ഇൻവെസ്റ്റിഗേഷൻ ത്രില് ഒന്നും ഈ സിനിമ നൽകുന്നില്ല. വളരെ സ്ലോ പേസ്ഡ് ആയ സിനിമ യഥാർത്ഥ കുറ്റവാളിയെ പ്രേക്ഷകനു മുന്നിൽ നിർത്തി അയാളുടെ മാനസികാവസ്ഥകളെയും പ്രതിഫലിപ്പിച്ചാണ് മുന്നേറുന്നത്.
       പതിഞ്ഞ താളത്തിലുള്ളതും, പഴമയുടെ നിഴലുകൾ നിറഞ്ഞതുമായ ഇത്തരം ജോണറിലുള്ള പടങ്ങൾ ഇഷ്ട്ടമുള്ളവർക്ക് ഈ സിനിമയും ഇഷ്ടമാകും.