Tuesday, 3 April 2018

STRANGLED (2016)


FILM : STRANGLED (2016)
COUNTRY : HUNGARY
GENRE : PSYCHO-THRILLER
DIRECTOR : ARPAD SOPSITS

                  ഒരു കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള സിനിമകൾ സൂക്ഷ്മതയോടെയാണ് വീക്ഷിക്കാറുള്ളത്. കഥാപാത്രങ്ങളിലും, കഥാപരിസരങ്ങളിലും ആ കാലഘട്ടത്തിന്റെ നിഴലുകൾ എങ്ങനെയെല്ലാമാണ് സംവിധായകൻ വീഴ്ത്തിയിരിക്കുന്നത് എന്ന് ശ്രദ്ധിക്കുന്നതും എന്നിലെ പ്രേക്ഷകന്റെ ശീലമാണ്. ഇന്ന് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്ന സിനിമയും ഭൂതകാലത്തിന്റെ യാഥാർത്യങ്ങളെ ഫ്രെയിമുകളിലൂടെ സമ്മാനിക്കുന്ന ഒന്നാണ്. STRANGLED (2016) എന്ന ഹംഗേറിയൻ സൈക്കോ-ത്രില്ലർ 1960-കളുടെ പശ്ചാത്തലത്തിൽ നടന്ന ചില സംഭവങ്ങളെ അധികരിച്ചു നിർമ്മിച്ചതാണ്.
      ഷൂ ഫാക്ടറിയിൽ ജോലിചെയ്യുന്ന ഒരു സ്ത്രീയുടെ കൊലപാതകത്തെ തുടർന്ന് അവളുടെ കാമുകനായിരുന്ന ആളെ അറസ്റ്റു ചെയ്യുകയാണ്. കുറച്ചു വർഷങ്ങൾക്കു ശേഷം സമാന രീതിയിലുള്ള അക്രമങ്ങളും, കൊലപാതകങ്ങളും ആവർത്തിക്കുന്നതോടെ യഥാർത്ഥ കൊലയാളി പുറത്താണെന്ന തിരിച്ചറിവ് ചിലർക്കെങ്കിലും ഉണ്ടാകുന്നു. കൊലയാളിയെ പിടിക്കാനും, പഴയ കേസുമായി ഇതിനെ കണ്ണിചേർക്കാനും ശ്രമിക്കുന്ന യുവ ഡിറ്റക്ടീവിന് കാര്യങ്ങൾ എളുപ്പമാകുന്നില്ല.
       സിനിമയ്ക്ക് പശ്ചാത്തലമാകുന്ന കാലഘട്ടത്തിന്റെ സാമൂഹികവും, രാഷ്ട്രീയവുമായ സാഹചര്യങ്ങൾ സിനിമയുടെ കഥാഗതിയിലും, കഥാപാത്രങ്ങളിലും ചെലുത്തുന്ന സ്വാധീനം ശ്രദ്ധേയമാണ്. ഒരു സീരിയൽ കില്ലർ മൂവി എന്നതിനപ്പുറം ഹങ്കറിയുടെ ഭൂതകാല രാഷ്ട്രീയാവസ്ഥകളെ വെളിപ്പെടുത്തുക എന്നതു കൂടി സംവിധായകന്റെ പ്രധാന ലക്ഷ്യമായിരുന്നു എന്നത് വ്യക്തമാണ്. ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം രീതിയിലുള്ള ഇൻവെസ്റ്റിഗേഷൻ ത്രില് ഒന്നും ഈ സിനിമ നൽകുന്നില്ല. വളരെ സ്ലോ പേസ്ഡ് ആയ സിനിമ യഥാർത്ഥ കുറ്റവാളിയെ പ്രേക്ഷകനു മുന്നിൽ നിർത്തി അയാളുടെ മാനസികാവസ്ഥകളെയും പ്രതിഫലിപ്പിച്ചാണ് മുന്നേറുന്നത്.
       പതിഞ്ഞ താളത്തിലുള്ളതും, പഴമയുടെ നിഴലുകൾ നിറഞ്ഞതുമായ ഇത്തരം ജോണറിലുള്ള പടങ്ങൾ ഇഷ്ട്ടമുള്ളവർക്ക് ഈ സിനിമയും ഇഷ്ടമാകും.


1 comment:

  1. സിനിമയ്ക്ക് പശ്ചാത്തലമാകുന്ന കാലഘട്ടത്തിന്റെ സാമൂഹികവും, രാഷ്ട്രീയവുമായ സാഹചര്യങ്ങൾ സിനിമയുടെ കഥാഗതിയിലും, കഥാപാത്രങ്ങളിലും ചെലുത്തുന്ന സ്വാധീനം ശ്രദ്ധേയമാണ്. ഒരു സീരിയൽ കില്ലർ മൂവി എന്നതിനപ്പുറം ഹങ്കറിയുടെ ഭൂതകാല രാഷ്ട്രീയാവസ്ഥകളെ വെളിപ്പെടുത്തുക എന്നതു കൂടി സംവിധായകന്റെ പ്രധാന ലക്ഷ്യമായിരുന്നു എന്നത് വ്യക്തമാണ്.

    ReplyDelete