Saturday 30 September 2017

LA YUMA (2009)



FILM : LA YUMA (2009)
COUNTRY : NICARAGUA
GENRE : DRAMA
DIRECTOR : FLORENCE JAUGEY

            ദരിദ്രമായ ചേരികളും, നിരാശരായ യുവത്വങ്ങളും പല ലാറ്റിനമേരിക്കൻ സിനിമകളിലേയും സ്ഥിരം ചേരുവകളാണെന്നു തോന്നാറുണ്ട്. ഒരു പക്ഷെ യാഥാർത്യത്തെ പ്രതിഫലിപ്പിക്കുമ്പോൾ കെട്ടുകാഴ്ച്ചകളേയും, നുണകളെയും എഴുന്നള്ളിക്കാത്തതുമാവാം ഈ സ്ഥിര സാന്നിധ്യത്തിന്റെ കാരണം. എന്തായാലും, LA YUMA എന്ന നിക്കരാഗ്വൻ സിനിമയുടെ പശ്ചാത്തലവും ഈ പറഞ്ഞതിൽ നിന്ന് വിഭിന്നമല്ല.
          LA YUMA, "യുമ" എന്ന വനിതാ ബോക്സറുടെ കഥയാണ്. ഒരു സ്പോർട്സ് മൂവിയുടെ സ്വഭാവം കൈവരിക്കാത്ത രീതിയിൽ ഈ സിനിമയുടെ ഊന്നൽ മറ്റു പലതിലുമാണ്. കുറ്റകൃത്യങ്ങൾ നിറഞ്ഞ തെരുവിൽ നിന്നും, സുരക്ഷിതമല്ലാത്ത ഗൃഹാന്തരീക്ഷത്തിൽ നിന്നും മോചനം ആഗ്രഹിക്കുന്ന അവളുടെ പ്രതീക്ഷയാണ് ബോക്സിങ്. യുമയുടെ നഷ്ടങ്ങളിലേക്കും, നേട്ടങ്ങളിലേക്കും തിരിയുന്ന ക്യാമറക്കണ്ണുകളിലൂടെ പരിചിതമല്ലാത്ത ഒരു നാടിന്റെ ജീവിതസ്പന്ദനങ്ങൾ അടുത്തറിയാനും പ്രേക്ഷകന് സാധിക്കുന്നു. വളരെ മികച്ചത് എന്നൊന്നും പറയാനാവില്ലെങ്കിലും കാണുന്നത് നഷ്ടമാവില്ലെന്നാണ് ഞാൻ കരുതുന്നത്.


Friday 29 September 2017

AJAMI (2009)



FILM : AJAMI (2009)
GENRE : CRIME DRAMA
COUNTRY : ISRAEL
DIRECTORS : SCANADAR COPTI , YARON SHANI

               അറബ് ഇസ്രായേല്യർ വസിക്കുന്ന AJAMI-യുടെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ഒരുഗ്രൻ ക്രൈം ഡ്രാമയെന്ന് ഈ സിനിമയെ വിളിക്കാം. ആദ്യ സീനുകൾ കൊണ്ട് തന്നെ പ്രേക്ഷകരെ സിനിമയിലേക്ക് തള്ളിയിടാൻ കഴിയുന്ന തരത്തിലുള്ള അവതരണം. ആകർഷണീയമായ കഥപറച്ചിൽ, തന്മയത്വമുള്ള കഥാപാത്രങ്ങൾ, റിയാലിസ്റ്റിക്കായ അവതരണം. ഈ സിനിമ കാണാൻ ഈ മികവുകൾ തന്നെ ധാരാളം. യുവ സംവിധായകരുടെ ആദ്യ സംരംഭം എന്ന നിലയിൽ വളരെ മികച്ചു നിൽക്കുന്നു AJAMI. അഞ്ചു സെഗ്‌മെന്റുകളായി കഥ പറയുന്ന സിനിമ ഒരു നോൺലീനിയർ ആഖ്യാനശൈലിയാണ് സ്വീകരിക്കുന്നത്. സംഭവങ്ങളുടെ ക്രോണോളജിയെ മാറ്റിമറിച്ചു കൊണ്ട് ഒരു കൺഫ്യുഷൻ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അവസാനമാകുമ്പോഴേക്കും പ്രേക്ഷകന് തന്നെ ചേർത്തുവെയ്ക്കാനാവുന്നു എന്നതും ഈ സിനിമയുടെ മേന്മയാകുന്നു.
              ഐഡന്റിറ്റിയുടെയും, സംസ്കാരത്തിന്റെയും ഒരു കോൺഫ്ലിക്ട് പല അവസരങ്ങളിലും തെളിയുന്നുണ്ട്. വയലൻസും, അരക്ഷിതാവസ്ഥയും നിറഞ്ഞ ചുറ്റുപാടുകളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ, അവയിലെ  പങ്കാളികളിൽ ഒതുങ്ങാതെ അവരുടെ കുടുംബങ്ങളിലേക്കും വ്യാപിക്കുന്നതായി കാണാം. നിലനിൽപ്പും, പ്രതീക്ഷയും, നിരാശയും, ട്രാജഡിയുമെല്ലാം കഥാപാത്രങ്ങളിലൂടെ അരങ്ങിലെത്തുന്ന സിനിമ കാണിച്ചു തരുന്ന ജീവിത ചിത്രങ്ങൾ റിയാലിറ്റിയുടെ പകർപ്പുകൾ തന്നെയാണെന്ന സത്യം ഞെട്ടലുളവാക്കുന്നു. കഥാപാത്രങ്ങളെ സംബന്ധിച്ച ഡീറ്റൈലുകളെ പ്രേക്ഷകർ പലപ്പോഴും ഊഹിച്ചെടുക്കേണ്ടി വരുന്നു. അഭിനയം നന്നായി എന്നാണു തോന്നിയത്. അധികം പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു പ്രദേശത്തെയും, അവിടത്തെ യാഥാർഥ്യങ്ങളെയും തീക്ഷ്‌ണതയോടെ കാഴ്ചക്കാരനിലേക്കു പകർന്നു നൽകുന്നതിൽ ഈ സിനിമ വിജയം വരിച്ചു എന്ന് തന്നെ പറയാം.


Monday 18 September 2017

THE LONGEST DISTANCE (2013)


FILM : THE LONGEST DISTANCE (2013)
GENRE : DRAMA
COUNTRY : VENEZUELA
DIRECTOR : CLAUDIA PINTO
            

       കാഴ്ചകൾ കൊണ്ടും , അവതരണം കൊണ്ടും പ്രേക്ഷക മനസ്സ് കവരുന്ന വെനീസ്വലൻ സിനിമയായ THE LONGEST DISTANCE  ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ലാറ്റിനമേരിക്കൻ  ഭൂപ്രകൃതിയുടെ സൗന്ദര്യം നുകർന്ന് കൊണ്ടുള്ള ഒരു മണിക്കൂർ 52 മിനുട്ടുള്ള "സിനിമാ യാത്രയിൽ"  മനുഷ്യ ബന്ധങ്ങളുടെ  സൗന്ദര്യത്തെയും, നന്മയെയും, ജീവിത-മരണങ്ങളെയും, തിരിച്ചറിവുകളെയും, തെരെഞ്ഞെടുപ്പുകളെയുമെല്ലാം പ്രേക്ഷകന് കാണാനാവുന്നു. ജീവിതമെന്ന യാത്രയിലെ മനോഹരമായ നിമിഷങ്ങളെ ഓർമിപ്പിക്കുന്നതോടൊപ്പം, നഷ്ടങ്ങളും, നൊമ്പരങ്ങളും ഒഴിവാക്കാനാവാത്ത സഹചാരികളാണെന്ന യാഥാർത്യവും സിനിമയിലെ കാഴ്ചകളിൽ തെളിയുന്നു.

          അംബരചുംബികളായ കെട്ടിടങ്ങളും, അപകടങ്ങളും നിറഞ്ഞ കാരക്കാസ് പട്ടണത്തിൽ നിന്നും മുത്തശ്ശിയെ തേടി ലൂക്കാസ് എന്ന കുട്ടി യാത്ര ചെയ്യുകയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത, പരസ്പരമറിയാത്ത ഇരുവരുടെയും സംഗമം  വഴിതെളിയിക്കുന്ന കുളിർമ്മയേകുന്ന നിമിഷങ്ങളാണ് സിനിമയുടെ ഉള്ളടക്കം. കൊതിപ്പിക്കുന്ന പ്രകൃതിയും , യാത്രകളും സിനിമയുടെ ആത്മാവാണെങ്കിലും, അതിനെല്ലാം ഹേതുവാകുന്ന സാഹചര്യങ്ങളിലേക്ക് പ്രേക്ഷകനെയും ഒപ്പം നടത്താൻ സിനിമയ്ക്കാവുന്നുണ്ട്. ദുരന്തങ്ങളും, സന്തോഷവും, തെറ്റിദ്ധാരണകളുമെല്ലാം  കുഴഞ്ഞു മറിയുന്ന സിനിമ,  ജീവിതത്തിലെ തെരെഞ്ഞെടുപ്പുകളെയും, ബന്ധങ്ങളിലെ നിർമ്മലതകളേയും കുറിച്ചുള്ള ചിന്തകൾ ബാക്കിയാക്കിയാണ് അവസാനിക്കുന്നത്. "I AM GLAD TO KNOW THAT WE CAN CHANGE" എന്ന വാചകം കഥാപാത്രത്തെ കൊണ്ട് പറയിപ്പിക്കുന്നത്, വൈകിയെത്തുന്ന തിരിച്ചറിവുകൾ കാരണം  നഷ്ടമാകുന്ന നല്ല നിമിഷങ്ങളെക്കുറിച്ചുള്ള  സൂചനകളായി നമുക്ക് വായിച്ചെടുക്കാം..

          നാടകീയതകളിലേക്ക് കയറൂരി വിടാമായിരുന്ന ഒരു കാര്യത്തെ, തീവ്രത ചോരാതെ ഒഴുക്കോടെ അവതരിപ്പിക്കാൻ സംവിധായികയ്ക്കായിട്ടുണ്ട്. പ്രകൃതി ഒരു കഥാപാത്രം പോലെ നിറഞ്ഞു നിൽക്കുന്ന സിനിമയിലെ സിനിമാറ്റോഗ്രാഫിയുടെ മികവിനൊപ്പം സ്ഥാനം പിടിക്കുന്ന ഒന്നാവുന്നു പശ്ചാത്തല സംഗീതം. നിശബ്ദത ഭേദിച്ച് കടന്നു വന്ന ഓരോ ശബ്ദവും സിനിമയ്ക്ക് മുതൽക്കൂട്ട് തന്നെയാവുന്നു. വാക്കുകൾക്കപ്പുറം സംവേദനം ചെയ്യപ്പെടേണ്ട ഇമോഷനുകളെ കഥാപാത്രങ്ങളിലൂടെ വ്യക്തമായി പ്രേക്ഷകനിലേക്ക് പകരനായത് അഭിനേതാക്കളുടെ മികവ് കാരണമായിരുന്നു. എന്നിലെ പ്രേക്ഷകനെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയ  സിനിമയായിരുന്നു THE LONGEST DISTANCE. നല്ല ഡ്രാമകൾ ഇഷ്ടപ്പെടുന്നവർ മനോഹര സിനിമ കാണാതെ പോകരുത്....

Wednesday 13 September 2017

HYENAS (1992)



FILM : HYENAS (1992)
GENRE : DRAMA
COUNTRY : SENEGAL
DIRECTOR : DJIBRIL DIOP MAMBETY
                  ഓരോ സിനിമയും ഒരു വിഷ്വൽ ഡോക്യുമെന്റാണെന്ന് തോന്നാറുണ്ട്. ഒരു കാലഘട്ടത്തെയോ, സംസ്കാരത്തിന്റെ അടയാളങ്ങളെയോ, ജീവിത പരിച്ഛേദങ്ങളേയോ വരുംകാലങ്ങൾക്ക് ഗൃഹാതുരതയോടെയും, വിസ്മയത്തോടെയും കണ്ടാസ്വദിക്കാവുന്ന ദൃശ്യങ്ങളാണ് ഓരോ സിനിമയും സൂക്ഷിക്കുന്നത്. ആഖ്യാനത്തിലോ, ഉള്ളടക്കത്തിലോ ഉള്ള മേന്മകളുടേയോ / പാളിച്ചകളുടെയോ അകമ്പടിയിൽ സിനിമ പരാജയമോ, വിജയമോ രുചിച്ചാലും മുകളിൽ സൂചിപ്പിച്ച ധർമ്മത്തെ അറിഞ്ഞോ, അറിയാതെയോ സിനിമകൾ അനുവർത്തിക്കുന്നുണ്ട്. ഇത്തരം ചിന്തകൾ കുറിക്കാനുണ്ടായ കാരണം ഇന്നലെ കാണാനിടയായ HYENAS എന്ന സെനഗൽ സിനിമയാണ്. ആഫ്രിക്കൻ സിനിമകളിലെ കാഴ്ചകളെല്ലാം നമുക്ക് പുതുമയുള്ളതും, അന്യവുമാണ്. ആഫ്രിക്കൻ പ്രാദേശികതയുടെ താളത്തിലും, പാരമ്പര്യങ്ങളിലും കഥയും , കഥാപാത്രങ്ങളും ഇടം കണ്ടെത്തുമ്പോൾ കാഴ്ചക്കാരനെ കാത്തിരിക്കുന്നത് തികച്ചും വേറിട്ട സിനിമാ അനുഭവം തന്നെയാണ്.
      സ്വിസ്സ് സാഹിത്യകാരനായ FRIEDRICH DURRENMATT-ന്റെ നാടകത്തെ ആഫ്രിക്കൻ സാഹചര്യങ്ങളിലേക്കു അഡാപ്റ്റ് ചെയതാണ് സംവിധായകൻ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ദാരിദ്ര്യത്തിൽ മുങ്ങിനിൽക്കുന്ന ഒരു ഉൾനാടൻ ആഫ്രിക്കൻ ഗ്രാമത്തിന്റെ പശ്ചാത്തലമാണ് സിനിമയ്ക്കുള്ളത്. നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിനു പ്രതീക്ഷയുടെ കിരണങ്ങളേകിയാണ്, വർഷങ്ങൾക്കു മുൻപ് നാടുവിട്ടു പോയ RAMATU എന്ന സ്ത്രീ തിരിച്ചെത്തുന്നത്. കോടീശ്വരിയായാണ് ജന്മനാട്ടിലേക്കുള്ള അവരുടെ മടക്കം. നാടിന്റെ ഉയർച്ചയ്ക്കായ് അവരെ ഉപയോഗപ്പെടുത്താൻ നാട്ടുകാർ ശ്രമിക്കുമ്പോൾ, RAMATU അവർക്കുവേണ്ടി ഒരു വമ്പൻ ഓഫർ മുന്നോട്ടുവയ്ക്കുന്നു. RAMATU-വിന്റെ വാഗ്ദാനമെന്ത്? ..... നാട്ടുകാർ ഇതിനോട് എങ്ങനെ പ്രതികരിക്കും?...... സിനിമയുടെ മർമ്മത്തിൽ കൊള്ളുന്ന ഇത്തരം ചോദ്യങ്ങൾക്ക് സിനിമയിൽ നിന്നു തന്നെ നിങ്ങൾ ഉത്തരം കണ്ടെത്തുമല്ലോ.......
      കഥാപാത്രങ്ങളും, സാഹചര്യങ്ങളോടുള്ള അവരുടെ പ്രതികരണങ്ങളും ഗ്രാമീണ മനസ്സിനെ സ്ഫുരിക്കുന്നതായ് തോന്നി. ഇല്ലായ്മകൾക്കിടയിലും അരുതായ്മകളെ ഒരു പരിധിവരെ അകറ്റി നിർത്താൻ അവർക്കാവുന്നതു ഗ്രാമീണതയുടെ നന്മ കാരണമാവാം. സിനിമയുടെ അവസാന ദൃശ്യങ്ങൾ അതുവരെ നാം കാണുന്ന കാഴ്ച്ചകളെ മറ്റൊരു തലത്തിൽ കൂടി വിലയിരുത്താനുള്ള സൂചനയാകുന്നു. നഗരവൽക്കരണത്തിന്റെ അടയാളങ്ങൾ ഗ്രാമീണതയ്ക്കു മുകളിൽ രേഖപ്പെടുമ്പോൾ ഇല്ലാതാവുന്നത് നന്മ നിറഞ്ഞ പൊതുബോധങ്ങളുമാണെന്ന തിരിച്ചറിവും സിനിമ പകരുന്നു. നിലപാടുകൾ ജീർണ്ണതയെ പിൻപറ്റുന്ന മനസ്സുകളെ സൃഷ്ടിക്കുന്ന പണാധിനിവേശത്തിന്റെ (നഗരവൽക്കരണത്തിന്റെ) അപകടങ്ങളെ ചൂണ്ടിക്കാണിക്കുന്നു HYENAS.
               പശ്ചാത്തല സംഗീതം മികച്ചു നിന്ന ഈ സിനിമ ആഫ്രിക്കൻ സിനിമയിൽ നിന്ന് പ്രതീക്ഷിക്കുന്ന കാഴ്ചകളാൽ സമ്പന്നമാണ്. ഈ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട വസ്തുതയും അതാണെന്നാണ് എന്റെ തോന്നൽ. 

Monday 4 September 2017

THE BLACK HEN (2015)


FILM : THE BLACK HEN (2015)
GENRE : DRAMA
COUNTRY : NEPAL
DIRECTOR : MIN BAHADHUR BHAM
                   കുട്ടികളെ മുൻനിർത്തി കഥ മുന്നോട്ടു കൊണ്ടുപോകുന്ന സിനിമകൾ വളരെ ആസ്വാദ്യകരമായി  തോന്നുമെങ്കിലും,   അതിന്റെ  മറപിടിച്ച്‌ സംവിധായകർ പലപ്പോഴും കോംപ്ലക്സ് ആയ വിഷയങ്ങളെ ഉൾച്ചേർത്തു അവതരിപ്പിക്കുന്നതാണ് കാണാറുള്ളത്. രാഷ്ട്രീയ അസ്ഥിരതകളിലും, സാമൂഹിക സംഘർഷങ്ങളിലും ഇരയാകുന്നവരുടെ മുൻനിരയിൽ മാഞ്ഞുപോയ ചിരികൾ മാത്രം ശേഷിക്കുന്ന ബാല്യങ്ങളെ തന്നെയാണ് കാണാനാവുക എന്നതും ഉണ്മയാണ്. നേപ്പാളീസ് സംവിധായകനായ മിൻ ബഹാദൂർ ഭാമിന്റെ കന്നി സിനിമയായ KALO POTHI യും കുട്ടികളെയാണ് കേന്ദ്രകഥാപാത്രങ്ങളാക്കുന്നത്. നേപ്പാളിലെ  മാവോയിസ്റ്റു സംഘർഷങ്ങളുടെ കാലത്തെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയാണ് KALO POTHI .
           സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ "കോഴി" ഈ സിനിമയിലെ പ്രധാന സാന്നിദ്ധ്യങ്ങളിലൊന്നാണ്. സുഹൃത്തുക്കളായ   പ്രകാശിനും, കിരണിനും പ്രിയങ്കരമായിട്ടുള്ള കോഴിയെ പ്രകാശിന്റെ പിതാവ് അവനറിയാതെ വിൽക്കുന്നു. മറ്റൊരു ഗ്രാമത്തിലെ അപരിചിതനായ വൃദ്ധനു വിൽക്കുന്ന കോഴിയെ കണ്ടെത്താനും, സ്വന്തമാക്കാനുമുള്ള കുട്ടികളുടെ ശ്രമങ്ങളാണ് സിനിമയുടെ  തുടർന്നുള്ള രംഗങ്ങളാകുന്നത്.
              സിനിമയുടെ പ്ലോട്ട് വളരെ ലളിതമായി തോന്നുമെങ്കിലും, ഇതിനു സമാന്തരമായി ഗൗരവമാർന്ന വിഷയങ്ങളെ ഏച്ചുകെട്ടലില്ലാതെ പറയാൻ സംവിധായകനു സാധിച്ചിരിക്കുന്നു. മാവോയിസ്ററ് സാന്നിധ്യം പ്രബലമായ ഗ്രാമാന്തരീക്ഷങ്ങളെയും, രാഷ്ട്രീയ വേർതിരിവുകളുടെ രക്ത രൂക്ഷിതമായ  ആശയവിനിമയങ്ങളും കുട്ടികളെ മുൻനിർത്തി  വ്യക്തമാക്കുന്നു ഈ സിനിമ. ഗ്രാമീണ ജീവിതങ്ങളുടെ സ്വത്വം തുടിച്ചു നിൽക്കുന്ന സാമൂഹിക അന്തരീക്ഷത്തിലെ  ജാതീയമായ  ഉച്ച-നീചത്വങ്ങളെ പരാമർശിക്കാനും സിനിമ മറക്കുന്നില്ല. പ്രകാശിന്റെ സ്വപ്നമെന്ന രീതിയിൽ കടന്നു വരുന്ന ദൃശ്യബിംബങ്ങളെ തദ്ദേശീയമായ മനസ്സിനെയും, സാമൂഹിക ചിത്രങ്ങളേയും അടിസ്ഥാനമാക്കി വിലയിരുത്തേണ്ടതായി തോന്നി. "മതങ്ങൾക്കും, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കും ഇടയിലൂടെ സ്തബ്ധനായി നടന്നു നീങ്ങുന്ന ഗ്രാമീണ ബാലൻ" എന്ന ദൃശ്യം സിനിമയുടെ ഉള്ളു ചികയാനും, സിനിമയ്ക്ക് ശേഷവും ചിന്തിക്കാനുമുള്ള "വിഷ്വൽ ക്ലൂ" ആയി  കരുതാൻ  മാത്രമേ ഈ അവസരത്തിൽ എനിക്ക് സാധിക്കുന്നുള്ളൂ..