Monday, 4 September 2017

THE BLACK HEN (2015)


FILM : THE BLACK HEN (2015)
GENRE : DRAMA
COUNTRY : NEPAL
DIRECTOR : MIN BAHADHUR BHAM
                   കുട്ടികളെ മുൻനിർത്തി കഥ മുന്നോട്ടു കൊണ്ടുപോകുന്ന സിനിമകൾ വളരെ ആസ്വാദ്യകരമായി  തോന്നുമെങ്കിലും,   അതിന്റെ  മറപിടിച്ച്‌ സംവിധായകർ പലപ്പോഴും കോംപ്ലക്സ് ആയ വിഷയങ്ങളെ ഉൾച്ചേർത്തു അവതരിപ്പിക്കുന്നതാണ് കാണാറുള്ളത്. രാഷ്ട്രീയ അസ്ഥിരതകളിലും, സാമൂഹിക സംഘർഷങ്ങളിലും ഇരയാകുന്നവരുടെ മുൻനിരയിൽ മാഞ്ഞുപോയ ചിരികൾ മാത്രം ശേഷിക്കുന്ന ബാല്യങ്ങളെ തന്നെയാണ് കാണാനാവുക എന്നതും ഉണ്മയാണ്. നേപ്പാളീസ് സംവിധായകനായ മിൻ ബഹാദൂർ ഭാമിന്റെ കന്നി സിനിമയായ KALO POTHI യും കുട്ടികളെയാണ് കേന്ദ്രകഥാപാത്രങ്ങളാക്കുന്നത്. നേപ്പാളിലെ  മാവോയിസ്റ്റു സംഘർഷങ്ങളുടെ കാലത്തെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയാണ് KALO POTHI .
           സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ "കോഴി" ഈ സിനിമയിലെ പ്രധാന സാന്നിദ്ധ്യങ്ങളിലൊന്നാണ്. സുഹൃത്തുക്കളായ   പ്രകാശിനും, കിരണിനും പ്രിയങ്കരമായിട്ടുള്ള കോഴിയെ പ്രകാശിന്റെ പിതാവ് അവനറിയാതെ വിൽക്കുന്നു. മറ്റൊരു ഗ്രാമത്തിലെ അപരിചിതനായ വൃദ്ധനു വിൽക്കുന്ന കോഴിയെ കണ്ടെത്താനും, സ്വന്തമാക്കാനുമുള്ള കുട്ടികളുടെ ശ്രമങ്ങളാണ് സിനിമയുടെ  തുടർന്നുള്ള രംഗങ്ങളാകുന്നത്.
              സിനിമയുടെ പ്ലോട്ട് വളരെ ലളിതമായി തോന്നുമെങ്കിലും, ഇതിനു സമാന്തരമായി ഗൗരവമാർന്ന വിഷയങ്ങളെ ഏച്ചുകെട്ടലില്ലാതെ പറയാൻ സംവിധായകനു സാധിച്ചിരിക്കുന്നു. മാവോയിസ്ററ് സാന്നിധ്യം പ്രബലമായ ഗ്രാമാന്തരീക്ഷങ്ങളെയും, രാഷ്ട്രീയ വേർതിരിവുകളുടെ രക്ത രൂക്ഷിതമായ  ആശയവിനിമയങ്ങളും കുട്ടികളെ മുൻനിർത്തി  വ്യക്തമാക്കുന്നു ഈ സിനിമ. ഗ്രാമീണ ജീവിതങ്ങളുടെ സ്വത്വം തുടിച്ചു നിൽക്കുന്ന സാമൂഹിക അന്തരീക്ഷത്തിലെ  ജാതീയമായ  ഉച്ച-നീചത്വങ്ങളെ പരാമർശിക്കാനും സിനിമ മറക്കുന്നില്ല. പ്രകാശിന്റെ സ്വപ്നമെന്ന രീതിയിൽ കടന്നു വരുന്ന ദൃശ്യബിംബങ്ങളെ തദ്ദേശീയമായ മനസ്സിനെയും, സാമൂഹിക ചിത്രങ്ങളേയും അടിസ്ഥാനമാക്കി വിലയിരുത്തേണ്ടതായി തോന്നി. "മതങ്ങൾക്കും, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കും ഇടയിലൂടെ സ്തബ്ധനായി നടന്നു നീങ്ങുന്ന ഗ്രാമീണ ബാലൻ" എന്ന ദൃശ്യം സിനിമയുടെ ഉള്ളു ചികയാനും, സിനിമയ്ക്ക് ശേഷവും ചിന്തിക്കാനുമുള്ള "വിഷ്വൽ ക്ലൂ" ആയി  കരുതാൻ  മാത്രമേ ഈ അവസരത്തിൽ എനിക്ക് സാധിക്കുന്നുള്ളൂ..

1 comment:

  1. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ "കോഴി" ഈ സിനിമയിലെ പ്രധാന സാന്നിദ്ധ്യങ്ങളിലൊന്നാണ്. സുഹൃത്തുക്കളായ പ്രകാശിനും, കിരണിനും പ്രിയങ്കരമായിട്ടുള്ള കോഴിയെ പ്രകാശിന്റെ പിതാവ് അവനറിയാതെ വിൽക്കുന്നു. മറ്റൊരു ഗ്രാമത്തിലെ അപരിചിതനായ വൃദ്ധനു വിൽക്കുന്ന കോഴിയെ കണ്ടെത്താനും, സ്വന്തമാക്കാനുമുള്ള കുട്ടികളുടെ ശ്രമങ്ങളാണ് സിനിമയുടെ തുടർന്നുള്ള രംഗങ്ങളാകുന്നത്.

    ReplyDelete