Tuesday 24 May 2016

LAND AND SHADE (2015)


FILM : LAND AND SHADE (2015)
COUNTRY : COLOMBIA
GENRE : DRAMA
DIRECTOR : CESAR AUGUSTO ACEVEDO
              സിനിമയുടെ ആകർഷണീയതയും ആസ്വാദ്യതയും  നിർണ്ണയിക്കുന്ന ഘടകങ്ങൾ പലതാണ്. ചില സിനിമകൾ സംഭാഷണങ്ങളുടെ നൂൽപ്പാലങ്ങളിലൂടെ ഉദ്ദ്വേഗഭരിതമായി നമ്മെ നയിക്കുമ്പോൾ ചിലത്, ഉള്ളടക്കത്തിന്റെ തീവ്രതയാൽ നമ്മെ കീഴടക്കുന്നു. എന്നാൽ ഈ പറഞ്ഞ രീതിയിൽ ശക്തമായ ഒരു കഥയോ സംഭാഷണങ്ങളുടെ  ധാരാളിത്തമോ ഇല്ലാതെ വളരെ പതിഞ്ഞ താളത്തിൽ ഗ്രാമീണതയെയും പ്രകൃതിയെയും മനുഷ്യർക്കൊപ്പം കഥാപാത്രങ്ങളാക്കി ദൃശ്യഭാഷയുടെ കരുത്തിനാൽ നല്ല കാഴ്ചയാകുന്ന ലാൻഡ്‌ ആൻഡ്‌ ഷെയ്ഡ് എന്ന സിനിമയെയാണ് ഇന്ന് നിങ്ങൾക്കായി ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്നത്.
            വിശാലമായ കരിമ്പിൻ തോട്ടത്തിനുള്ളിൽ ഒരു തുരുത്ത് പോലെ കാണപ്പെടുന്ന വീട്ടിലേക്ക് വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തുന്ന അൽഫോൺസോവിൽ നിന്നാണ് സിനിമയാരംഭിക്കുന്നത്. അൽഫോൺസോയുടെ വാക്കുകളോടും സാമീപ്യത്തോടും പുറം തിരിഞ്ഞു നിൽക്കുന്ന ഭാര്യ, അസുഖ ബാധിതനായി കിടപ്പിലായ മകൻ, ശാരീകമായും മാനസികമായും ദുർബലപ്പെട്ട മകന്റെ ഭാര്യ, അപരിചിതത്വത്തിന്റെ തുറിച്ച കണ്ണുകലെറിയുന്ന  പേരമകൻ എന്നിവരാണ് അയാളെ എതിരേൽക്കുന്നത്. ഈ വൈഷമ്യ ഘട്ടത്തിൽ കുടുംബത്തിന് താങ്ങാവുക എന്നതാണ് അയാളുടെ ആഗമന ഉദേശ്യം.
      കഥാപാത്രങ്ങൾ  തമ്പടിച്ചിരിക്കുന്ന ആത്മസംഘർഷങ്ങളുടെ താഴ്വരകളെ നിശബ്ദത കൊണ്ടും, വശ്യമായ് ഒപ്പിയെടുത്ത ഫ്രൈമുകൾ പകരുന്ന ദൃശ്യഭാഷാ മർമ്മരങ്ങളുടെ മിഴിവ് കൊണ്ടും അടയാളപ്പെടുത്തിയിരിക്കുന്നു. കുടുംബത്തിന്റെ ദുരിതങ്ങളെ തീവ്രതയിൽ മുക്കിയെടുക്കുന്നതിനായ് ഒരുക്കിയെടുത്ത സബ്-പ്ലോട്ട് എന്നതിനപ്പുറം തൊഴിൽ-തൊഴിലാളി പ്രശ്നങ്ങളെ  ഈ സിനിമയിൽ  അഡ്രസ്സ് ചെയ്യാൻ സംവിധായകൻ തുനിയുന്നില്ല. ഈ സിനിമയെ നല്ല  ദൃശ്യാനുഭവമാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സിനിമാറ്റോഗ്രഫി സിനിമാന്ത്യത്തിലെ രംഗങ്ങളിൽ സിംബോളിക്കായി വായിച്ചെടുക്കാവുന്ന  മികവുറ്റ ദൃശ്യങ്ങൾ അവശേഷിപ്പിച്ച് ശക്തമായ സാന്നിധ്യമറിയിക്കുന്നു. കഥയുടെ കാമ്പില്ലായ്മക്കിടയിലും സിനിമയിൽ നിന്ന് വേർപ്പെടാതെ കാഴ്ചക്കാരനെ ഉറപ്പിച്ചു നിർത്തുന്നത് അവതരണത്തിലെ ഇവ്വിധത്തിലുള്ള മികവുകളാണ്. ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന മാനസികാവസ്ഥകൾ ഭരിക്കുന്ന മനസ്സുകളെ മന്ദഗതിയിൽ പിന്തുടരുന്ന ഈ സിനിമ സ്ലോ-ഡ്രാമകൾ ഇഷ്ടപ്പെടുന്ന സിനിമാപ്രേമികൾക്ക് മാത്രമേ രസിക്കൂ എന്നാണ് എന്റെ വിലയിരുത്തൽ.  

Sunday 22 May 2016

THE SECOND MOTHER (2015)



FILM : THE SECOND MOTHER (2015)
COUNTRY : BRAZIL
GENRE : DRAMA !!! COMEDY
DIRECTOR : ANNA MUYLAERT

                   ഉപരി-മധ്യ-അടിസ്ഥാന വർഗ്ഗങ്ങൾ തമ്മിലുള്ള വേർതിരിവ് ദൃശ്യമാകുന്ന പ്രത്യക്ഷ സാഹചര്യങ്ങൾ എല്ലാ സമൂഹങ്ങളിലും ഇന്നും നിലനിന്നു പോരുന്നു എന്നത് നിഷേധിക്കാനാവില്ല. സാമൂഹ്യ ഘടനകളിൽ കാലങ്ങളായി ഇരിപ്പുറപ്പിച്ചിട്ടുള്ള ഇത്തരം അലിഖിതമായ ബോധങ്ങളിലേക്കും, യാഥാർത്യങ്ങളിലെയ്ക്കും  തന്നെയാണ് ഇന്നും പല സമൂഹങ്ങളും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്നത്. "പണം" സൃഷ്ടിക്കുന്ന വേലികൾക്ക് സമീപം വിധേയത്വത്തിന്റെ അകലം സ്വയം കൽപ്പിച്ച് നിലകൊള്ളുന്ന സാമൂഹ്യ ബോധങ്ങളെ ബ്രസീലിയൻ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മനോഹരമായി കാണിച്ചു തരുന്നു THE SECOND MOTHER.
             സമ്പന്നരായ  ബാർബറ-കാർലോസ് ദമ്പതികളുടെ വീട്ടിൽ ഹൌസ് മെയിഡ് ആയി ജോലിചെയ്യുകയാണ് VAL. കുടുംബാംഗങ്ങളോട്  അടുത്തിടപഴകുമ്പോഴും തന്റെ സ്വാതന്ത്ര്യത്തെ കുറിച്ചും, പരിധികളെ കുറിച്ചും ബോധവതിയാണ് അവൾ. വർഷങ്ങളായി അകന്നു കഴിയുന്ന മകൾ (ജെസീക്ക) VAL-നൊപ്പം താമസിക്കാനായി ഈ വീട്ടിലേക്ക് വന്നുകയറുന്നതോടെ നിലവിലുള്ള അന്തരീക്ഷം തകിടം മറിയുന്നു. ക്ലാസ് ഡിവൈഡ് വളരെ സൂക്ഷ്മ തലങ്ങളെപ്പോലും  സങ്കുചിത്വത്തോടെ ഉൾകൊള്ളുന്നു എന്ന യാഥാർത്ഥ്യം നമുക്കും തിരിച്ചറിയാനാവുന്നു. സമത്വത്തിന്റെ സൌന്ദര്യത്തെ  പുച്ചത്തോടെ നിരാകരിക്കുന്ന വരേണ്യതയുടെ അസഹിഷ്ണുത പല വാക്കുകളിലും നുരയുന്നത് കാണാം. വരേണ്യതയുടെ സ്വീകാര്യതയിലേക്കും, സാമീപ്യങ്ങളിലേക്കും  നടന്നു കയറാൻ  പാവപ്പെട്ടവനെ പ്രാപ്തനാക്കുന്ന ആയുധം വിദ്യാഭ്യാസമാണെന്ന  സൂചനയെ ഈ സിനിമ ബലപ്പെടുത്തുന്നു. ജെസീക്കയുടെ ആത്മവിശ്വാസം തുളുമ്പുന്ന വ്യക്തിത്വം അവൾ ആർജ്ജിച്ച അറിവിന്റെ വെളിച്ചമാണെന്നതും, ആ വെളിച്ചം അമ്മയിലേക്കും പകരാൻ അവൾക്കാവുന്നതും സിനിമയുടെ ആത്മാവാവുന്നു.
                    ഒരു വീടിന്റെ അകത്തളങ്ങളിലെ സാധാരണ സാഹചര്യങ്ങളെ സമർത്ഥമായി സിനിമ ലക്ഷ്യം വെയ്ക്കുന്ന വിഷയത്തോട് കണ്ണി ചേർക്കാനായി എന്നതാണ് ഈ  സിനിമയുടെ മികവ്. പ്രസക്തമായ ഇത്തരം സാമൂഹ്യ സാഹചര്യങ്ങളെ ലളിതമായി പ്രശ്നവൽക്കരിക്കുന്നതോടൊപ്പം  പ്രതീക്ഷയുടെയും, മാറ്റത്തിന്റെയും പാതകളെ നിർദേശിക്കാനും സിനിമ മറക്കുന്നില്ല. ചിന്തകളും-ചിരിയും സമ്മാനിച്ച്‌ ഹൃദയത്തെ സ്പർശിക്കുന്ന ഒരു മികച്ച സിനിമ തന്നെയാകുന്നു ദി സെക്കൻഡ് മദർ.


Saturday 7 May 2016

SHORT STORIES (2012)


FILM : SHORT  STORIES (2012)
COUNTRY : RUSSIA
GENRE : COMEDY !!! DRAMA
DIRECTOR : MIKHAIL SEGAL
                   സിനിമയുടെ സാമ്പ്രദായിക രീതികളുടെ കെട്ടുപൊട്ടിച്ച് പുതിയ പരീക്ഷണങ്ങളെ സംവിധായകർ പുൽകുമ്പോഴാണ് കാഴ്ചകളിൽ പുതുമയും, വൈവിധ്യവും നിറയുന്നത്. സാധാരണമെന്ന് തോന്നുന്ന പ്രമേയങ്ങളെ അവതരണ രീതികളാൽ മികവിലേക്കുയർത്തിയ അനവധി ഉദാഹരണങ്ങൾ ലോകസിനിമയിൽ കാണാനാവുന്നതുമാണ്. ആഖ്യാനത്തിലെ പുതുമ കൊണ്ട് വേറിട്ട കാഴ്ചയാകുന്ന SHORT STORIES എന്ന റഷ്യൻ സിനിമയെയാണ് ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്നത്. സിനിമയുടെ പേര് പോലെ ഈ സിനിമയ്ക്കുള്ളിൽ  നാല്  ലഘുസിനിമകളെ   നമുക്ക് കാണാം. പക്ഷെ  സ്വതന്ത്രമായി നിൽക്കാനാവാത്ത വിധം അവയെ ഒറ്റ അനുഭവമാക്കുന്നു എന്നതാണ് സംവിധായകന്റെ വിജയവും സിനിമയുടെ മേന്മയുമാകുന്നത്.
                       പ്രശസ്തമായ മോസ്കോ പബ്ലിഷിംഗ് സ്ഥാപനത്തിലേക്ക് തന്റെ ചെറുകഥകളുമായെത്തുകയാണ് ഒരു എഴുത്തുകാരൻ. നോവലുകൾ മാത്രമേ സ്വീകരിക്കുന്നുള്ളൂ എന്ന മറുപടിയിൽ അയാളുടെ ആവശ്യം  നിരസിക്കപ്പെടുന്നു. ചവറ്റുകൊട്ടയിലേക്ക് കൈയൊഴിയപ്പെടുന്ന ആ ചെറുകഥകളിലെ വിവിധ കഥകൾ സ്ഥാപനത്തിലെ വ്യത്യസ്തരായ ആളുകൾ വായിക്കുന്നു. ഓരോരുത്തരുടെയും ഭാവനയിൽ തെളിയുന്ന സാങ്കൽപ്പിക ലോകത്തിലൂടെ ഓരോ കഥയും നമുക്ക് മുന്നിലും തെളിയുന്നു. ഉള്ളടക്കത്തിൽ വ്യത്യസ്തമായി തോന്നുന്ന ഓരോ കഥയും റഷ്യൻ സമൂഹത്തിലെ പല അംശങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നത്. പുതിയ കാലത്തിന്റെ രീതികൾ ആവേശിച്ചു കൊണ്ടിരിക്കുന്ന യുവത്വത്തെയെയും, യൂറോപ്യൻ സ്വാധീനവും , സാമ്പത്തിക ഭദ്രതയില്ലായ്മയിൽ മുങ്ങി നിൽക്കുന്ന, അഴിമതി ആഴത്തിൽ വേരോടിയിട്ടുള്ള സാമൂഹ്യ-ഭരണ ഘടനയുടെ ഓരോ ഹൈറാർക്കിയിലേക്കും പണം (കൈക്കൂലി) വ്യാപിക്കുന്നതും, അത് ചലനാത്മകത നൽകുന്ന ഇന്ധനമാകുന്നുതും സിനിമ കാണിച്ചു തരുന്നു. പ്രായത്തിന്റെ വിടവ് ഗൌനിക്കാതെ പ്രണയ ബദ്ധരാകുന്ന കമിതാക്കൾ തമ്മിൽ ഒരു ജനറേഷൻ ഗ്യാപ്പിനപ്പുറം അന്തരം കാണാനാവുന്നതും സിനിമയുടെ ശക്തമായ വെളിപ്പെടുത്തലാകുന്നു. റഷ്യൻ  സാമൂഹിക ഘടനയെയും , ജീവിതത്തെയും വ്യത്യസ്ത  സൂചകങ്ങളിലൂടെ  ഉപരിപ്ലവമായി വിലയിരുത്തുന്ന ഈ സിനിമ  പരീക്ഷണ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ആസ്വാദ്യകരമാകും എന്ന് കരുതുന്നു.
                                     

Wednesday 4 May 2016

BUFFALO BOY (2004)



FILM : BUFFALO BOY (2004)
COUNTRY : VIETNAM
GENRE : DRAMA
DIRECTOR : MINH NGUYEN-VO

               സമൃദ്ധിയും, ദുരിതവും ഒരു പോലെ നൽകുന്ന നിറ സാന്നിദ്ധ്യമായാണ് ജലാശയങ്ങളേയും മഴയേയും ഈ സിനിമ കാണിച്ചു തരുന്നത്. ജീവന്റെ തുടിപ്പുകൾ നിലനിർത്തുകയും, ജീവനറ്റവയെ സ്വീകരിക്കുകയും ചെയ്യുന്ന പ്രകൃതിയുടെ തുലനപ്പെടുത്തലിനൊപ്പം 1940-കളിലെ ഫ്രഞ്ച് അധിനിവേശ പശ്ചാത്തലത്തിലുള്ള വിയറ്റ്‌നാമിന്റെ ഗ്രാമീണതയെ മനോഹരമാം വിധം ഒപ്പിയെടുത്തിരിക്കുന്നു ഈ സിനിമ.
                       സിനിമയ്ക്ക് പശ്ചാത്തലമാകുന്ന കാലഘട്ടത്തിലെ രാഷ്ട്രീയത്തെ നേരിയ തോതിൽ ഏതാനും ദൃശ്യങ്ങളിലേക്ക് ഒതുക്കി, കർഷക ജീവിതത്തിന്റെ കടുപ്പമാർന്ന നേർക്കാഴ്ച്ചകളിലേക്ക് നമ്മെ നയിക്കുന്നു BUFFALO BOY. അമ്മയും, അസുഖ ബാധിതനായ പിതാവുമടങ്ങിയ കിമ്മിന്റെ കുടുംബത്തിന്റെ ഏക ആശ്രയം രണ്ടു എരുമളാണ്. കാലവർഷ കെടുതിമൂലം എങ്ങും വെള്ളം നിറഞ്ഞതിനാൽ പട്ടിണിയിലായ എരുമകളുമായി ഉയർന്ന പ്രതലങ്ങളിലേക്ക് പുല്ല് തേടിപ്പോകാൻ നിർബന്ധിതനാകുന്നു 19-കാരനായ കിം. ശാന്തം-പ്രക്ഷുബ്ധം എന്നീ അനിശ്ചിതത്വങ്ങളിലേക്ക് മാറി-മാറി കാലൂന്നുന്ന പ്രകൃതിയെപ്പോലെ, എതിരിടുന്ന ജീവിത സാഹചര്യങ്ങളുടെ വിഭിന്ന മുഖങ്ങളും അവനെ പരീക്ഷിക്കുന്നു. കഠിനമായ നിമിഷങ്ങളെ ഒന്നൊന്നായി മറികടക്കുന്ന കിമ്മിന് ചുറ്റും വന്നണയുന്ന ജീവിത ചിത്രങ്ങൾ വിയറ്റ്‌നാമിന്റെ കഴിഞ്ഞ കാലങ്ങളിലെ ചില യാഥാർത്യങ്ങളാവുന്നു. ജീവിതത്തിനും, മരണത്തിനും അടയാളങ്ങളില്ലാതെ പോകുന്ന ദൈന്യതയെയും ഈ സിനിമ പകരുന്നു.
                           മികച്ച രീതിയിൽ വിഷ്വലൈസ് ചെയ്യപ്പെട്ടിരിക്കുന്ന ഈ സിനിമ സംവിധായകന്റെ ആദ്യ സിനിമയാണെന്നത് പ്രശംസനീയമാണ്. വിയറ്റ്‌നാമിലെ ജനങ്ങൾക്ക്‌ ഒരു ഓർമ്മപ്പെടുത്തലും , നമുക്ക് പുതുമയുമാകുന്ന ഈ സിനിമ നിങ്ങളെ നിരാശരാക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.   


Monday 2 May 2016

THE PRICE OF FORGIVENESS (2001)



FILM : THE PRICE OF FORGIVENESS (2001)
GENRE : DRAMA
COUNTRY : SENEGAL
DIRECTOR : MANSOUR SORA WADE

                  ആഫ്രിക്ക എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് വന്നുചേരുന്ന ചിത്രങ്ങൾ തന്നെയാണ് ആഫ്രിക്കൻ സിനിമകളിലും പ്രതീക്ഷിക്കാനാവുക. സാങ്കേതിക-ദൃശ്യ മികവുകളെ പരതാതെ ആഫ്രിക്കയ്ക്ക് മാത്രം പറയാൻ കഴിയുന്ന പ്രമേയങ്ങളെയും, വേറിട്ട കാഴ്ചകളെയുമാണ് അവരുടെ സിനിമകളിൽ തേടാറുള്ളത്. സ്വന്തം ജനതയെ തിരിച്ചറിവുകളുടെയും, പ്രതീക്ഷകളുടെയും വഴികളിലേയ്ക്ക് നടത്താനുള്ള ശ്രമങ്ങൾക്കൊപ്പം, ആഫ്രിക്കൻ മിത്തുകളെ ദൃശ്യാവിഷ്ക്കാരങ്ങളിൽ മനോഹരമാം വിധം സമന്വയിപ്പിച്ചുമാണ് ആഫ്രിക്കൻ സിനിമ നമ്മുടെ മനസ്സുകളിൽ വേറിട്ട ഇടം നേടിയെടുക്കുന്നത്.
              സെനഗൽ എന്ന രാജ്യത്തിൽ നിന്നുള്ള THE PRICE OF FORGIVENESS എന്ന സിനിമയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഒരു കടലോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മുക്കുവരുടെ വിശ്വാസങ്ങളെയും, ജീവിതരീതികളെയും ആധാരമാക്കിയുള്ള കഥയാണ് സിനിമ മൊഴിയുന്നത്. കെടുതിയിൽ നിൽക്കുന്ന ഗ്രാമത്തിന്റെ രക്ഷകനായി മരണപ്പെട്ട ഗ്രാമമുഖ്യന്റെ മകൻ അവതരിക്കുന്നിടത്താണ്  സിനിമ  ചലിച്ചു തുടങ്ങുന്നത്. സൗഹൃദം, പ്രണയം, മരണം, പ്രതികാരം, പശ്ചാത്താപം എന്നിവയിലൂടെ തുഴഞ്ഞു കയറുന്ന ഈ സിനിമ തുറന്നിടുന്ന ദൃശ്യാനുഭവങ്ങളിൽ കണ്ടുമുട്ടുന്ന കാഴ്ച്ചകളും, കേൾക്കുന്ന ശബ്ദങ്ങളും പ്രാദേശിക ഐതിഹ്യങ്ങളോട് കെട്ടുപിണഞ്ഞവയായി തോന്നി. ആഫ്രിക്കയുടെ ആത്മാവിനെ അനുഭവിക്കാനാകുന്നു എന്നത് തന്നെയാണ് ഇത്തരം സിനിമകളെക്കുറിച്ച് പറയാനാവുന്ന സവിശേഷത. സിനിമാ പ്രേമികളെ ആകർഷിക്കുന്നതും  ഈ സവിശേഷതയല്ലാതെ വേറൊന്നുമല്ല.