Sunday 31 January 2016

DHEEPAN (2015)



FILM : DHEEPAN (2015)
COUNTRY : FRANCE ( TAMIL/FRENCH)
GENRE : CRIME !!! DRAMA
DIRECTOR : JACQUES AUDIARD

               പ്രത്യേക തമിഴ് ദേശം എന്ന ആവശ്യവുമായി പോരാടിയ ദശകങ്ങൾ സമ്മാനിച്ച ഭീകരതയുടെ ഒടുങ്ങാത്ത അഗ്നിനാളങ്ങളും പുകച്ചുരുളുകളുമായാണ് ഈ സിനിമ നമ്മെ വരവേൽക്കുന്നത്. വംശീയമായ കുരുതിനിലങ്ങൾ തീർത്ത ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളിൽ അതിജീവനത്തിന്റെ സാധ്യതകൾക്കായ് ഒരുമിക്കേണ്ടി വരുന്ന മൂന്ന് അപരിചിതരുടെ കഥയാണ് DHEEPAN. തമിഴ് പോരാളിയായ ദീപനും, ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട യാലിനി എന്ന യുവതിക്കും, ഇളയാൾ എന്ന ഒൻപതുകാരിക്കും രാഷ്ട്രീയാഭയത്തിന്റെ നേരിയ വെളിച്ചത്തിൽ  "കുടുംബം"  എന്ന കള്ളവാക്കിൽ ഫ്രാൻസിന്റെ മണ്ണിലെത്താനാവുന്നു. ഭൂതകാലമേൽപ്പിച്ച  ആഴത്തിലുള്ള വടുക്കളുമായി അവർ നിലനിൽപ്പിന്റെ മറ്റൊരു പോരാട്ടഭൂമിയിൽ എങ്ങനെ മുന്നോട്ടു പോവുന്നു എന്നതാണ് സിനിമയുടെ തുടർ ചിത്രങ്ങൾ പറയുന്നത്.
                                അഭയാർഥി ജീവിതങ്ങളെക്കുറിച്ചുള്ള സിനിമകളിൽ ദർശിക്കാവുന്ന വിവേചനങ്ങൾ, ദുരിതങ്ങൾ, CULTURAL CONFLICTS എന്നീ സ്ഥിരം കാഴ്ചകളെ അവഗണിച്ച് മൂന്നു പേരെയും പിന്തുടരുന്ന PSYCHOLOGICAL TRAUMA-യെ നേർപ്പിക്കുകയും, പൊലിപ്പിക്കുകയും  ചെയ്യുന്നു ഈ സിനിമ. യുദ്ധാനന്തര മനോനിലകളെ സമാശ്വസിപ്പിക്കുന്ന പശ്ചാത്തങ്ങളിലേക്കല്ല  കഥാപാത്രങ്ങളെ പറിച്ചു നട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കുടിയേറ്റക്കാരും, കുറ്റവാളികളും  ധാരാളമുള്ള ഇടങ്ങളിൽ സിനിമയെ തടഞ്ഞു നിർത്തുക വഴി രാഷ്ട്രീയ വായനയുടെ സാധ്യതകളെ മറ്റു തലങ്ങളിലേക്കും വ്യാപിപ്പിക്കാൻ ബോധപൂർവ്വം സംവിധായകൻ ശ്രമിച്ചിരിക്കുന്നു. നേതാവിന്റെയും, ആൾബലത്തിന്റെയും സർവ്വനാശത്തോടൊപ്പം മൃതിയടയുന്ന ഒന്നല്ല ഐഡിയോളജി. അതിനാൽ തന്നെ ഇരമനസ്സുകളുടെ അടിത്തട്ടിൽ അമരത്വം പൂകി നിലകൊള്ളുന്ന IDEOLOGY-കളെ  നാളെകളുടെ ഭീഷണികളായി സൂചിപ്പിക്കാനും സിനിമ വിട്ടു പോകുന്നില്ല. ഭീതി പാകുന്ന വെടിയൊച്ചകൾക്കും, ആക്രമണങ്ങൾക്കും ഇടയിൽ നല്ല ദിനങ്ങളെന്ന സ്വപ്നവുമായ്  നടന്നു തീർത്ത വേദനകളെ ഉള്ളിലൊതുക്കി അതിജീവനത്തിന്റെ ദുഷ്കരമായ  വഴികളിലൂടെ ഭൂതകാല സ്വത്വത്തിന്റെ ശേഷിപ്പുകളെ തീവ്രതയോടെ പരസ്യപ്പെടുത്തി പുതുസ്വത്വത്തിന്റെയും ജീവിതത്തിന്റെയും പ്രതീക്ഷയിലേക്ക് നടന്നു കയറുന്നു DHEEPAN.
               സിനിമയിലെ കേന്ദ്ര കഥാപാത്രമായ ദീപനെ അവതരിപ്പിക്കുന്ന മുൻ LTTE പോരാളിയും, ശ്രീലങ്കൻ തമിഴ് എഴുത്തുകാരനുമായ ANTONYHASAN JESUTHASAN-ന്റെ  യഥാർത്ഥ ജീവിതവുമായി സിനിമയുടെ പ്രമേയത്തിന് ബന്ധമുണ്ട് എന്നത് ശ്രദ്ധേയമാണ്. കാൻ ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പാംദോർ പുരസ്കാരം കരസ്ഥമാക്കിയ ഈ സിനിമ , യൂറോപ്പിലേക്കുള്ള അഭയാർഥി പ്രവാഹം ചർച്ചയായിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ  രാഷ്ട്രീയമായി കൂടുതൽ വിശകലനം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.


Tuesday 26 January 2016

SCHNEIDER VS. BAX (2015)



FILM : SCHNEIDER VS. BAX (2015)
COUNTRY : NETHERLANDS
GENRE : CRIME !!! THRILLER
DIRECTOR : ALEX VAN WARMERDAM

                    ഉള്ളടക്കത്തെക്കുറിച്ച്  കുറിക്കുന്ന ഓരോ വാക്കും ഒരു ക്രൈം ത്രില്ലർ  സിനിമയുടെ ആസ്വാദനത്തെ ബാധിക്കും എന്നതാണ് എന്റെ പക്ഷം. എങ്കിലും, കണ്ണുകളുടെ പരിധിക്കപ്പുറത്തുള്ള  ഒരു മങ്ങിയ കാഴ്ച കണക്കെ ബേസിക് പ്ലോട്ടിനെ ഒന്ന് സ്പർശിക്കാതെ കടന്നു പോവാനും കഴിയില്ല. സ്നേഹനിധിയായ കുടുംബനാഥനായ SCHNEIDER-ക്ക് തന്റെ ജന്മദിനത്തിൽ രാവിലെ ഒരു ഫോൺകാൾ ലഭിക്കുന്നു. വിളിച്ചയാളുടെ നിർബന്ധത്തിനു വഴങ്ങി SCHNEIDER ഏറ്റെടുക്കുന്ന ജോലി അതിസങ്കീർണ്ണമാകുന്നിടത്ത് സിനിമയുടെ ത്രിൽ നമ്മളും കണ്ടെത്തുന്നു. സിനിമാ ചിത്രീകരണത്തിനായ് തെരഞ്ഞെടുത്ത ചതുപ്പ് പശ്ചാത്തലവും, അവതരണത്തിലെ വ്യത്യസ്തതയുമാണ് ധാരാളം കുറവുകൾക്കിടയിലും  എന്നെ  പിടിച്ചിരുത്തിയത്. സ്റ്റോറി, സ്ക്രിപ്റ്റ് എന്നിവ വളരെ ദുർബലമായി തോന്നി. ഇത്തരം സിനിമകളിൽ സംഭാഷണങ്ങൾക്ക് പ്രാധാന്യം കുറവാണെങ്കിലും, സിനിമയുടെ ഗതിയെ കൂടുതൽ ഉദ്വേഗഭരിതമാക്കി മറ്റൊരു തലത്തിലേക്ക് ഉയർത്താൻ കെട്ടുറപ്പുള്ള കഥയ്ക്കും, മികച്ച സ്ക്രിപ്ടിനും  കഴിയുമായിരുന്നു എന്ന സങ്കടം  ബാക്കിയാകുന്നു. പോരായ്മകൾ ധാരാളം ചൂണ്ടിക്കാണിക്കാമെങ്കിലും  വേറിട്ട ദൃശ്യാനുഭവമാകുന്നു ഈ ഡച്ച് ക്രൈം ത്രില്ലർ.


Saturday 23 January 2016

LIKE FATHER, LIKE SON (2013), OUR LITTLE SISTER (2015)

                   ബന്ധങ്ങളുടെ  തീക്ഷ്ണതയും, സൗന്ദര്യവും, നൈർമല്യവും അനുഭവിക്കാനാവുന്ന രണ്ടു സിനിമകളെയാണ്  ഇന്ന് പരിചയപ്പെടുത്തുന്നത്. ജാപ്പനീസ് സംവിധായകനായ HIRAKAZU KOREEDA-യുടെ LIKE FATHER LIKE SON (2013), OUR LITTLE SISTER (2015) എന്നീ സിനിമകൾ വ്യത്യസ്തങ്ങളായ കഥാപരിസരങ്ങളിലൂടെ മനുഷ്യ ബന്ധങ്ങളുടെ മനോഹാരിതയെ വരച്ചുകാട്ടുന്നു.
 FILM : LIKE FATHER, LIKE SON (2013)
                  6 വയസ്സുകാരനായ തങ്ങളുടെ മകനുമായി ബന്ധപ്പെട്ട ഒരു രഹസ്യം അവനെ പ്രസവിച്ച ആശുപത്രിയുടെ അധികൃതരിൽ നിന്നും മനസ്സിലാക്കുന്ന ദമ്പതികളുടെ തുടർന്നുള്ള ജീവിത ചിത്രങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. പ്രായോഗികതയിലൂന്നി ഭൌതിക നേട്ടങ്ങൾക്ക്‌ പിന്നാലെ കിതച്ചു പായുന്ന മനുഷ്യൻ തിരിച്ചറിയേണ്ടതും, സ്വയം ചോദിക്കേണ്ടതുമായ ചോദ്യങ്ങൾ സിനിമയിൽ  പലയിടത്തും തലയുയർത്തുന്നത് കാണാം. രക്ത ബന്ധങ്ങളും, ജീവിത ബന്ധങ്ങളും സിനിമയിൽ തീർക്കുന്ന സങ്കീർണ്ണമായ കെട്ടുപാടുകൾ വൈകാരിക തീക്ഷ്ണതയേകുന്ന സംഭാഷണങ്ങളും, ദൃശ്യങ്ങളുമായി തെളിഞ്ഞു കാണാം.സിനിമയുടെ അവസാന ഭാഗത്ത്‌ 2 വഴികളിലൂടെ സഞ്ചരിച്ച് അച്ഛനും, മകനും സമ്മേളിക്കുമ്പോൾ "MISSION ACCOMPLISHED" എന്ന് അച്ഛൻ തേങ്ങലോടെ പറയുമ്പോൾ നമ്മുടെ മനസ്സും ആർദ്രതയെ പുൽകുന്നു. രക്ഷിതാക്കൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ഇത്. കാരണം, ജീവിതത്തിൽ നിങ്ങൾക്ക് മാത്രം ചെയ്യാവുന്ന വേഷങ്ങളെ ജീവിതപ്പാച്ചിലിനിടയിൽ കാണാതെ പോകരുത് എന്ന പാഠമേകുന്നു ഈ സുന്ദര സിനിമ.
FILM : OUR LITTLE SISTER (2015)
               തന്റെ മുൻ സിനിമയെപ്പോലെ കുടുംബ ബന്ധങ്ങളെയാണ്   ഇത്തവണയും KOREEDA കൈവച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഉപേക്ഷിച്ചു പോയ പിതാവിന്റെ മരണവാർത്തയറിഞ്ഞ് മരണാനന്തര ചടങ്ങിൽ സംബന്ധിക്കുകയാണ് 3 സഹോദരിമാർ. അവിടെ വച്ച് തങ്ങളുടെ അർദ്ധസഹോദരിയെ കണ്ടുമുട്ടുന്ന അവർ 13 കാരിയായ അവളെ അവരോടൊപ്പം കഴിയാൻ ക്ഷണിക്കുന്നു. പെൺകുട്ടിയുടെ വരവ് അവരുടെ ജീവിതത്തെ എങ്ങനെ പ്രകാശമാനമാക്കുന്നു എന്നതാണ് സിനിമ നമ്മളോട് പങ്കുവെയ്ക്കുന്നത്. ഓരോ നാടും അതിന്റെ മൂല്യങ്ങളെ സംരക്ഷിച്ചു പോരുന്നത് അവയെ സാംസ്കാരികമായ ആചാരങ്ങളുമായി കൂട്ടിക്കെട്ടിയാണെന്ന് ഈ സിനിമയും അടിവരയിടുന്നു. നമ്മുടെ മനസ്സ് കൊതിക്കുന്ന വഴികളിലൂടെ സിനിമ നടക്കുന്നതിനു കാരണം നന്മയുടെ കിരണം സിനിമയിൽ നിന്ന് നമ്മിലേക്ക്‌ പതിക്കുന്നത് മൂലമാവാം. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ എന്ന് പറയാനാവില്ലെങ്കിലും  കണ്ടിരിക്കാവുന്ന നല്ല സിനിമ എന്ന് തീർച്ചയായും പറയാം.
                  ഫാമിലി ഇമോഷണൽ ഡ്രാമകളെന്നു വിളിക്കാവുന്ന ഈ രണ്ടു സിനിമകളും പരസ്പരം താരതമ്യം ചെയ്യുകയാണെങ്കിൽ LIKE FATHER LIKE SON  ഒരു പടി മുന്നിൽ നിൽക്കും. കഥ, സ്ക്രിപ്റ്റ്, ഇമോഷണൽ ഡെപ്ത്, ക്യാരക്ടർ  ഐഡന്റിറ്റി  എന്നിവയിൽ കൂടുതൽ മികവ് പുലർത്താൻ ഈ സിനിമയ്ക്കാവുന്നു. വൈകാരികതയുടെ മാനങ്ങളെ ബന്ധങ്ങളുടെ  തണലിൽ വിശകലനം ചെയ്യുന്ന ഈ സിനിമ പകരുന്ന തിരിച്ചറിവുകൾ കാലഘട്ടത്തിന്റെ ആവശ്യമാകുന്നു. OUR LITTLE SISTER (2015) മനസ്സിനും, കണ്ണിനും ആശ്വാസമേകുന്ന ലാളിത്യമാർന്ന നല്ല കാഴ്ച്ചയാകുന്നു

Monday 11 January 2016

LITTLE BIG MASTER (2015)



FILM : LITTLE BIG MASTER (2015)
COUNTRY : HONG KONG
GENRE :  DRAMA
DIRECTOR : ADRIAN KWAN

                         "A GREAT TEACHER INSPIRES " എന്നത് എത്രമാത്രം  അർഥവത്താണെന്ന് വ്യക്തമാക്കുന്ന സിനിമയാണ് LITTLE BIG MASTER. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും, അധ്യാപനത്തിന്റെ മഹത്വവും, നന്മയുടെ വെളിച്ചവും മനസ്സിലേക്ക് കോരിയിടുന്നു ഈ  കുഞ്ഞു സിനിമ. കേവലം 5 കുട്ടികൾ മാത്രമുള്ളതും, അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നതുമായ കിന്റർ ഗാർട്ടനിൽ  തുച്ചമായ ശമ്പളത്തിന് ഹെഡ് മിസ്ട്രസ്സ് ആയി ജോലിക്കെത്തുകയാണ്  LUI. അക്ഷരക്കൂട്ടങ്ങൾക്കപ്പുറം അറിവിന്റെയും, സ്വപ്നങ്ങളുടെയും സുന്ദര നിമിഷങ്ങളിലേയ്ക്ക്  കുട്ടികളെ നയിക്കാനും  അവർക്കാവുന്നു. ദാരിദ്ര്യവും, നിശ്ചയദാർഡ്യവും, സ്വപ്നങ്ങളുമെല്ലാം സിനിമയിലെ ഉൾക്കാഴ്ച നൽകുന്ന സാന്നിധ്യങ്ങളാകുന്നു. കുട്ടികളുടെ മികവുറ്റ പ്രകടനങ്ങളും സംഭാഷണങ്ങളും കാഴ്ചക്കാരന്റെ കണ്ണുകളെ ഈറനണിയിക്കുന്നു. "വിദ്യാഭ്യാസം" കച്ചവടവൽക്കരിക്കപ്പെട്ട  ഇക്കാലത്ത് നമുക്ക് നഷ്ടമാകുന്നത് ഹൃദയം കൊണ്ട് അറിവ് പകരുകയും, ജീവിതം കൊണ്ട് വഴികാട്ടുകയും ചെയ്യുന്ന ഗുരുനാഥൻമാരെയാണ് എന്ന തിരിച്ചറിവ് ഈ സിനിമ സമ്മാനിക്കുന്നു. മനസ്സിനെ സ്പർശിക്കുന്നതും, പ്രചോദനമേകുന്നതുമായ ഈ സിനിമ ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി  നിർമിച്ചതാണെന്ന അറിവ് കൂടുതൽ സന്തോഷം നൽകുന്നു.



Friday 8 January 2016

HILL OF FREEDOM (2014)



FILM : HILL OF FREEDOM (2014)
COUNTRY : SOUTH KOREA
GENRE : DRAMA
DIRECTOR : SANG SOO HONG

                       
               "വ്യത്യസ്തമാർന്ന അവതരണം"  എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന ഒരു സിനിമയാണ് HILL OF FREEDOM എന്ന കൊറിയൻ സിനിമ. കേവലം 66 മിനുട്ട് മാത്രം ദൈർഘ്യമുള്ള   സിനിമ  കത്തുകളിലൂടെയാണ് കഥ പറയുന്നത്. "മോറി" എന്ന ജാപ്പാനീസ്  സുഹൃത്ത് തനിക്കായ്എഴുതിയ കുറിപ്പുകൾ സ്വീകരിക്കുന്ന നായികയിലാണ് സിനിമ തുടക്കമിടുന്നത്. നായികയുടെ കയ്യിൽ നിന്നും  കുറിപ്പുകൾ താഴെ വീഴുന്നു. ഡേറ്റഡ് അല്ലാത്തതിനാൽ ക്രമവും, കാലവും കുഴഞ്ഞു മറിയുന്ന അക്ഷരക്കൂട്ടങ്ങളെ നായികയ്ക്കൊപ്പം ഫ്രൈമുകളിലൂടെ നമ്മളും പിന്തുടരുന്നു. ക്രമപ്പെടുത്തലിന്റെ സക്രിയത പ്രേക്ഷകനിലേക്കും വ്യാപിപ്പിക്കുന്ന സിനിമ കൂടുതലും സംസാരിക്കുന്നത് ഇംഗ്ലീഷ് ആണെന്നത് മറ്റൊരു പ്രത്യേകതയാകുന്നു.