Sunday 5 May 2019

KOMOLA ROCKET (2018)


FILM : KOMOLA ROCKET (2018)
COUNTRY : BANGLADESH
GENRE : DRAMA
DIRECTOR : NOOR IMRAN MITHU
            പൊതു ഇടങ്ങളെ മുൻനിർത്തിയാണ് സമൂഹത്തിലെ വിവിധ ശ്രേണികളിൽ പെട്ടവരുടെ സാമ്പത്തിക-സാമൂഹിക അന്തരങ്ങളെ സിനിമകളിൽ രേഖപ്പെടുത്തി കാണാറുള്ളത്. അവരുടെ ചേഷ്ടകളും, ആശകളും, ആകുലതകളുമെല്ലാം അവർ പ്രതിനിധീകരിക്കുന്ന സാമൂഹികമായ ഉന്നതിയുടെയോ, താഴ്ചയുടെയോ അരികു പറ്റിയാണ് നിലകൊള്ളാറുള്ളത്. KOMOLA ROCKET എന്ന ബംഗ്ലാദേശ് സിനിമയും അത്തരത്തിലുള്ള അടയാളപ്പെടുത്തലുകൾക്ക് ശ്രമിക്കുന്നു. ഒരു കപ്പൽ യാത്രയും, അതിലെ യാത്രക്കാരുമാണ് സിനിമയിലുള്ളത്. സമൂഹത്തിന്റെ പല തുറകളിൽ ഉള്ളവർ, പല പ്രശ്നങ്ങളും-പ്രതീക്ഷകളും പേറുന്നവർ എന്നിവരെല്ലാം ഒരുമിക്കുന്ന ഇടം എന്ന നിലയിൽ ഈ യാത്രയും, അതിലെ കഥാപാത്രങ്ങളും അനാവരണം ചെയ്യുന്നത് ചില സാമൂഹിക യാഥാർത്യങ്ങളെയും  കൂടിയാകുന്നു.
           ഫസ്റ്റ് ക്ലാസ്സിൽ യാത്രചെയ്യുന്ന സമ്പന്നരും, സാധാരണക്കാരുടെ ഇടങ്ങളിലെ വൈവിധ്യങ്ങളും, തൊഴിലില്ലായ്മയിൽ വിലപിക്കുന്ന യുവതയും, ഭാര്യയുടെ മൃതദേഹവുമായി യാത്രചെയ്യുന്ന ദരിദ്രനും, എല്ലായിടങ്ങളിലേക്കും ഒരുപോലെ നുഴഞ്ഞു കയറുന്ന ആളുമെല്ലാം സൃഷ്ടിക്കുന്ന ചിത്രങ്ങളും, ഉരുവിടുന്ന വാക്കുകളും ഒരു സമൂഹത്തിന്റെ തെളിമയാർന്ന അടയാളപ്പെടുത്തലും, നിശ്വാസങ്ങളും തന്നെയാകുന്നു. തുടക്കം മുതൽ ഒടുക്കം വരെയുള്ള സിനിമയുടെ പ്രയാണത്തിൽ പറയത്തക്ക ഗതിമാറ്റങ്ങളൊന്നും ഇല്ലെങ്കിലും പ്രതീക്ഷിതമായ ചില ചേർത്തുവെയ്ക്കലുകൾ സിനിമ നടത്തുന്നുണ്ട്. യാത്രികരുടെ പ്രതീക്ഷകൾ തെറ്റിക്കുന്നവയാണ് പല യാത്രകളും, ജീവിതമെന്ന യാത്രയും അപ്രവചനീയതയുടെ അയ്യരുകളി തന്നെയല്ലേ......