Thursday 26 February 2015

WILD TALES (2014)



FILM : WILD TALES (2014)
GENRE : COMEDY !!! DRAMA
COUNTRY : ARGENTINA
DIRECTOR : DAMIAN SZIFRON

         പേര് പോലെ വന്യമായ അനുഭവമേകുന്ന അർജന്റീനിയൻ സിനിമയാണ് WILD TALES. പരസ്പര ബന്ധമില്ലാത്തതെന്നു തോന്നിപ്പിക്കുന്ന 6 കഥകളിലൂടെ , നമുക്ക് പരിചിതമായ സിനിമാ ശൈലികളെ തച്ചുടച്ച് ഹിംസയെ എണ്ണക്കറുപ്പുള്ള ഹാസ്യത്മകതയിൽ മുക്കിയെടുത്ത്   വിസ്മയമേകുന്ന ദൃശ്യവിരുന്നാണ് ഈ സിനിമ.
                പ്രതികാരവും, വഞ്ചനയും, അഴിമതിയും, വിദ്വേഷവും, ദുരന്തം വിതച്ച ഭൂതകാല ഓർമ്മകളും, സ്വാതന്ത്ര്യ വാഞ്ചകളും ഉള്ളിൽ പുകയുമ്പോൾ  മനുഷ്യ മനസ്സിന്റെ വന്യതയിലെ ഒളിത്താവളങ്ങൾ ഉപേക്ഷിച്ചിറങ്ങുന്ന "ഹിംസ"  , അവന്റെ ബോധതലങ്ങളെ അടക്കി മേയുന്ന സത്യത്തെയാണ്‌ ഈ സിനിമ അനാവരണം ചെയ്യുന്നത്. പല രംഗങ്ങളും നമ്മിലുണർത്തുന്ന ചിരി,  നമുക്ക് സാധ്യമാകുന്നത് എന്തുകൊണ്ടാണെന്ന അസ്വസ്ഥ ജനകമായ ചിന്തകളിലേക്ക് തന്നെയാണ് ഈ സിനിമ ലക്ഷ്യം വെയ്ക്കുന്നത്. സിനിമയിലെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിൽ ചിലരുടെ മാനസിക വ്യാപാരങ്ങളോട് നൈമിഷികമായെങ്കിലും താദാത്മ്യം പുലർത്തുന്നവയാണ് മനുഷ്യ മനസ്സിന്റെ സഞ്ചാര പഥങ്ങൾ എന്ന തിരിച്ചറിവും സിനിമയേകുന്നു. ചില കഥകൾ പ്രവചനീയമാണെങ്കിലും , സിനിമയുടെ മികവിനെ വലിച്ചു താഴ്ത്താത്ത വിധം അഭിനയവും, സ്ക്രിപ്റ്റും സിനിമയിലുടനീളം മികച്ചു നിന്നു.              
      സമൂഹവും, വ്യവസ്ഥകളും ഒരുക്കുന്ന സാഹചര്യങ്ങൾ സഹന സീമകളെ നിഷ്ക്കരുണം ലംഘിക്കുമ്പോൾ, അക്രോശങ്ങളില്ലാതെ ഉണരുന്ന ഹിംസയുടെ ചിത്രണമാണ് ഈ സിനിമയൊരുക്കുന്നത്. ചിരിയും ചിന്തയും അവശേഷിപ്പിക്കുന്ന  ആക്ഷേപ ഹാസ്യങ്ങളേയും,  കറുത്ത ഹാസ്യങ്ങളേയും  പുതുമയുള്ള തിരഭാഷ്യങ്ങളിൽ ആവോളം ചേർത്തൊരുക്കുന്ന ദൃശ്യ വിരുന്നുകൾക്കായുള്ള കാത്തിരിപ്പോടെ ഈ കുറിപ്പിന് വിരാമമിടുന്നു.


Monday 23 February 2015

FIRECROSSER (2011)



FILM : FIRECROSSER (2011)
COUNTRY : UKRAINE
GENRE : BIOGRAPHY !!! ADVENTURE !!! DRAMA
DIRECTOR : MYKHAILO ILLIENKO

                ദേശങ്ങളുടെയും , ഭാഷകളുടെയും അതിരുകൾക്കപ്പുറത്തേക്ക് സിനിമാ കാഴ്ചകൾക്കായി കണ്ണുകൾ  പരതുമ്പോൾ വിചിത്രമായ കാഴ്ചകളും, കെട്ടുകഥകളുമാണ്‌ നമ്മെ സ്വീകരിക്കുക. നമ്മുടെ ഇടങ്ങളിൽ പ്രതീക്ഷിക്കാനാവാത്ത ഇത്തരം പുതുമകളോടുള്ള താൽപര്യം തന്നെയാണ് ഈ അന്വേഷണ ത്വരയുടെ ചോദനയും.
                    അവിശ്വസനീയമായ ജീവിതാനുഭവങ്ങളുടെ തീച്ചൂളകളെ മറികടന്ന സോവ്യറ്റ് പൈലറ്റിന്റെ ജീവിതാനുഭവങ്ങളുടെ സ്പര്ശനമേൽപ്പിച്ചാണ് FIRECROSSER എന്ന ഉക്രൈനിയൻ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. സത്യം എന്നുറപ്പിക്കാനാവില്ലെങ്കിലും സംഭവ ബഹുലമായ അയാളുടെ ജീവിത അനുഭവങ്ങളെ ആഖ്യാന പുതുമയുടെ മേമ്പൊടിയോടെ കാഴ്ച അർഹിക്കുന്ന തരത്തിൽ അവതരിപ്പിക്കാനും സംവിധായകൻ ശ്രമിച്ചിരിക്കുന്നു. സാഹസികതയും, പ്രണയവും, സൗഹൃദവും  കലർന്ന  DODOKA-യുടെ ജീവിതത്തിന്  വഞ്ചനയുടെയും പ്രഹരങ്ങളേൽക്കുന്നു. യുദ്ധനായകൻ , തടവുകാരൻ , ഗോത്ര നേതാവ് എന്നീ വിചിത്രമായ സാഹചര്യങ്ങളിലെയ്ക്കും , വ്യക്തി പരിണാമങ്ങളിലേക്കും അയാൾ അലിഞ്ഞു ചേരുന്നു.  അവിശ്വസനീയമായ ഈ ജീവിത ഏടുകൾ സിനിമാറ്റിക്  രൂപമാർജ്ജിച്ചപ്പോൾ  അപൂർണ്ണത പേറുന്നവയായി  തോന്നി. മഹത്തരം എന്ന് പറയാവുന്ന തലത്തിലേക്ക് ഈ സിനിമയെ ഉയർത്താനുമാവില്ല.
                ഒട്ടേറെ പ്രതീക്ഷകളുമായി ഉക്രൈനിയൻ സിനിമാ ചരിത്രത്തിലേയ്ക്ക് പറന്നിറങ്ങിയ FIRECROSSER  എന്ന ഈ സിനിമയ്ക്ക്  പ്രേക്ഷക പ്രതീക്ഷകളുടെ  അഗ്നി-പരീക്ഷയെ മറികടക്കാനായോ എന്ന സംശയം തോന്നാമെങ്കിലും , ഇത്തരം സിനിമകൾ ഈ നാടുകളിൽ നിന്ന് മാത്രമേ കണ്ടെടുക്കാനാവൂ എന്നതിനാൽ ഒരു തവണ കാണുന്നത് നഷ്ടമാവില്ല .....


Tuesday 17 February 2015

A NEW DAY IN OLD SANA’A (2005)



FILM : A NEW DAY IN OLD SANA’A (2005)
COUNTRY : YEMEN
GENRE : ROMANTIC DRAMA
DIRECTOR : BADER BEN HIRSI

        യുനെസ്കോയുടെ വേൾഡ്  ഹെറിറ്റെജ് സൈറ്റുകളിലൊന്നായ  യെമെൻ തലസ്ഥാന നഗരമായ SANA'A-യുടെ പഴമയാർന്നതും , അനുപമവുമായ പശ്ചാത്തലത്തിൽ പ്രണയം, സംസ്കാരം, കുടുംബ മഹിമ എന്നിവയെ വ്യത്യസ്തമാർന്ന രീതിയിൽ വിളക്കിച്ചേർത്ത് അവതരിപ്പിച്ച റൊമാന്റിക് ഡ്രാമയാണ് ഈ സിനിമ. പ്രണയ ചിത്രം എന്നതിനേക്കാൾ യെമനി ജീവിതത്തെയും, സംസ്കാരത്തെയും ഒരു പുറം കണ്ണിലൂടെ നോക്കിക്കാണുന്ന പുതുമയാണ് സിനിമയുടെ  പ്രത്യേകത.
                ഇറ്റലിക്കാരനായ ഫോട്ടോഗ്രാഫർ ഫ്രെഡറിക്കോയുടെ NARRATION -നിലൂടെയാണ് സിനിമ മുന്നേറുന്നത്. അയാളുടെ സഹായിയായി ഫോട്ടോഗ്രാഫി പഠിക്കാൻ ശ്രമിക്കുന്ന സുമുഖനായ  താരിഖിന്റെ പ്രണയം, വിവാഹം, ആന്തരിക സംഘർഷങ്ങൾ എന്നിവയാണ് സിനിമയുടെ റൊമാന്റിക് ലേബലിന് കാരണമാകുന്നത്. പ്രൌഡമായ പഴമയുടെ എടുപ്പുകളായി ഉയർന്നു നിൽക്കുന്ന ARCHITECTURE വിസ്മയങ്ങളാൽ  സമ്പന്നമായ SANA'A യുടെ തെരുവുകളും , പരദൂഷണ കുതുകികളായ വനിതാ പ്രാധിനിത്യങ്ങളും ഈ സിനിമയുടെ അവഗണിക്കാനാവാത്ത അംശങ്ങളാകുന്നു. പുതു കാഴ്ചയും, പുതു അറിവും സമ്മാനിച്ച സാംസ്കാരിക അടയാളങ്ങൾ സിനിമയുടെ മാറ്റ് കൂട്ടുന്നു. പ്രണയവും, കുടുംബവും സാംസ്കാരികതയുടെ തട്ടിൽ നിൽക്കുമ്പോൾ തെരഞ്ഞെടുപ്പിന്റെ നിർബന്ധതകളിലെയ്ക്ക് താരിഖ് നയിക്കപ്പെടുകയാണ്.
               UK-യുടെ സഹായത്തോടെ നിർമ്മിക്കപ്പെട്ട ഈ സിനിമ CANNES-ൽ  പ്രദർശിക്കപ്പെട്ട ആദ്യ യെമൻ സിനിമയാണ്. സിനിമയിലെ ഇന്ത്യക്കാരനായ രവി എന്ന കഥാപാത്രം കൌതുകമുണർത്തി. ഒരു വിദേശിയുടെ വീക്ഷണ കോണിലൂടെ (ഫ്രെഡറിക്കോ) അവതരിപ്പിച്ച് സാംസ്കാരികതകളുടെ ചേർച്ചയും,  ചേർച്ചയില്ലായ്മയും വ്യക്തമായി ധ്വനിപ്പിക്കാൻ ഈ സിനിമയ്ക്കാവുന്നു. പ്രണയത്തിന്റെ സാർവ്വദേശീയതയ്ക്കപ്പുറം , സാംസ്കാരിക ഇടപെടലുകളെ പ്രണയത്തോട് ചേർത്ത് മനോഹരമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
                 അറബ് താളങ്ങളും, SANA'A-യുടെ  പഴമയെ പകരുന്ന ഫ്രൈമുകളും മികച്ചതായിരുന്നു. അറിയാത്തതും. കേട്ടിട്ടില്ലാത്തതുമായ സംസ്കാരങ്ങളെ സിനിമാസ്വാദനത്തിനൊപ്പം രുചിക്കാൻ താത്പര്യപ്പെടുന്നവർക്കുള്ളതാണ് A NEW DAY IN OLD SANA'A.


Monday 16 February 2015

TELEVISION (2012)



FILM : TELEVISION (2012)
GENRE : DRAMA
COUNTRY : BANGLADESH
DIRECTOR : MOSTAFA SARWAR FAROOKI
             സാങ്കേതികതയുടെ കടന്നുവരവിന് ഭ്രഷ്ട് കൽപ്പിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ജീവിത പശ്ചാത്തലങ്ങളിലേക്ക് നർമ്മത്തിന്റെ കണ്ണടയിലൂടെയുള്ള  എത്തിനോട്ടമാണ്  TELEVISION (2012). വിശ്വാസത്തിന്റെ കനത്ത ചിന്തകളെന്ന രൂപത്തിൽ ഉടലെടുക്കുന്ന പ്രാദേശിക വിഡ്ഢിത്തങ്ങൾ പൊതു ഇടങ്ങളിലേയ്ക്ക് കയറി നിൽക്കുന്ന ഒരു ബംഗ്ലാദേശി ഗ്രാമത്തിന്റെ പശ്ചാത്തലമാണ് ഈ സിനിമ നമുക്ക് പകരുന്നത്.
             ജലാശയങ്ങളാൽ  ചുറ്റപ്പെട്ട (ഒറ്റപ്പെട്ട) ഗ്രാമത്തിൽ ഫോട്ടോഗ്രാഫി ,മൊബൈൽ ഫോണ്‍ , ടെലിവിഷൻ  , സിനിമ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ചെയർമാനായ അമിൻ. പുതുതലമുറയുടെ നാശത്തിന് വഴിവെയ്ക്കുന്നവയാണ് ഈ സാങ്കേതികതകൾ എന്നതാണ് നിരോധനത്തിന്റെ  യുക്തി. പുതു തലമുറയുടെ അടക്കി വെയ്ക്കാനാവാത്ത  ആഗ്രഹങ്ങളും സാങ്കേതികത മുന്നോട്ടു വെയ്ക്കുന്ന സൗകര്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും ഗ്രാമത്തിന്റെ ചിട്ടവട്ടങ്ങൾക്ക് വിള്ളലുണ്ടാക്കുകയാണ്.  "ഭാവന" ദുഷിച്ച ഒന്നാണെന്ന  വിഡ്ഢിത്തം മനസ്സിലുറച്ചവരുടെ ആജ്ഞകളിൽ ഗ്രാമ-ജീവിതം കുരുങ്ങിക്കിടക്കുമ്പോൾ നർമ്മവും ,  ഹാസ്യ രംഗങ്ങളും  നിറഞ്ഞു കവിയുന്നു. ചിന്തിക്കാനും, ചിരിക്കാനും വക നൽകുന്ന ഒരു പിടി നല്ല നിമിഷങ്ങൾ നൽകിയാണ്‌ ഈ സിനിമ അവസാനിക്കുന്നതും.
                വർഗ്ഗീയമായ ചിന്തകളെ താലോലിക്കാതെ , പ്രാദേശികമായ വിശ്വാസങ്ങളെ മതത്തിന്റെ സങ്കുചിതത്വങ്ങളായി ഉയർത്തിക്കാട്ടാതെ നന്മയുടെ പക്ഷത്ത് നിലകൊള്ളാനായി എന്നതാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത. ഇതര വിശ്വാസങ്ങളെ ബഹുമാനിക്കുന്ന ചെയർമാനും, സാങ്കേതികതയുടെ ഓരം ചേർന്ന് നടക്കുന്ന അയാളുടെ ഇരട്ടസഹോദരനായ മതപണ്ഡിതനും സിനിമയിലെ കേവല ഉടലുകളല്ലാതാവുന്നു. നർമ്മത്തിൽ പൊതിഞ്ഞ പ്രണയരംഗങ്ങളും , പ്രണയ പ്രയാണത്തിന്റെ അനിവാര്യതയായി പുതുമനസ്സിലേയ്ക്ക് നുഴഞ്ഞു കയറുന്ന സാങ്കേതികതയെ അടയാളപ്പെടുത്തുന്ന നിമിഷങ്ങളും, തിരിച്ചറിവിന്റെ "ഭാവനാ സാന്ദ്രമായ" വേദനയിൽ കുതിരുന്ന നന്മ നിറഞ്ഞ ഗ്രാമത്തലവനും ഈ സിനിമ മനസ്സിലവശേഷിപ്പിക്കുന്ന ഇമേജുകളാണ്. നേട്ടവും, കോട്ടവും ഉള്ളിലൊതുക്കി നമുക്ക് മുന്നിൽ അവതരിക്കുന്ന പുതുവിദ്യകളെ ആർത്തിയോടെ പുണയുന്ന പുതുതലമുറയുടെ പക്ഷത്ത് നിലകൊള്ളുമ്പോഴും , സഹൃദയനായ ഗ്രാമത്തലവന്റെ സദുദ്ദേശങ്ങളെ പൂർണ്ണമായി മായ്ച്ചു കളയാതെ നല്ല ചിന്തകളെയുണർത്തി  തന്നെയാണ് ഈ സിനിമ വിടവാങ്ങുന്നത്.
                അതിരുകളില്ലാത്ത നമ്മുടെ ചിന്തകളും , ഭാവനകളും മൂല്യവത്തായ സിനിമകളെ സൃഷ്ടിക്കാൻ ഉപയോഗിക്കണം എന്ന് ഓർമ്മിപ്പിച്ച ഫാറൂക്കിയിലൂടെ (ഡയറക്ടർ) ബംഗ്ലാദേശി സിനിമകൾ ഇനിയും ഉയരങ്ങൾ താണ്ടുമെന്ന ശുഭപ്രതീക്ഷയോടെ നിർത്തുന്നു.   

Sunday 15 February 2015

TWO RABBITS (2012)



FILM : TWO RABBITS (2012)
GENRE : ACTION !!! THRILLER
COUNTRY : BRAZIL
DIRECTOR : AFONSO POYART

          ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയാണെങ്കിലും ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളുടെ പാതയെയല്ല ഈ സിനിമ പിന്തുടരുന്നത്. അവതരണത്തിലെ പുതുമയുടെ പ്രസരിപ്പാണ് ഈ ബ്രസീലിയൻ സിനിമയെ വേറിട്ട്‌ നിർത്തുന്നത്. അക്രമവും, അഴിമതിയും വാഴുന്ന ഇടങ്ങളിലേയ്ക്ക് നായകൻ നടത്തുന്ന തേരോട്ടം പ്രതീക്ഷിക്കുന്ന പ്രേക്ഷകർക്ക്‌ ഇത് ദഹിക്കണമെന്നില്ല. നായകൻറെ പദ്ധതികളെക്കുറിച്ച് സിനിമയുടെ തുടക്കത്തിൽ തന്നെ നമുക്ക് മനസ്സിലാകുന്നുണ്ടെങ്കിലും , അത് എങ്ങനെ EXECUTE ചെയ്യും എന്നതാണ് സിനിമയുടെ രസകരമായ വശം. നോണ്‍ ലീനിയർ രീതിയിൽ കുഴഞ്ഞു മറിയുന്ന രംഗങ്ങളിലൂടെ കഥാപാത്രങ്ങളെക്കുറിച്ചും , അവർ തമ്മിലുള്ള പരസ്പര ബന്ധങ്ങളെകുറിച്ചും നമ്മൾ അപ്ഡേറ്റ് ചെയ്യപ്പെടുന്നു. "കൊളാഷ്" പോലെ സ്ക്രീൻ കയ്യേറുന്ന രംഗങ്ങളുടെ വിന്ന്യാസം സിനിമയിൽ  ആകാംഷയെ തിരുകിക്കയറ്റാൻ പര്യാപ്തവുമായിരുന്നു. ഇത്തരത്തിലുള്ള ട്വിസ്റ്റുകളെ പിൻപറ്റി മുന്നേറുന്ന സിനിമയുടെ ക്ലൈമാക്സ് മോശമായില്ല. പുതുമ നിറഞ്ഞ ഒരു ആക്ഷൻ ത്രില്ലർ തേടുന്നവർക്ക് ഈ സിനിമ നല്ല ഒരു ചോയ്സ് തന്നെയാണ്.


Friday 13 February 2015

DEOOL (2011)



FILM : DEOOL (2011)
GENRE : DRAMA
COUNTRY : INDIA  (MARATHI)
DIRECTOR : UMESH VINAYAK KULKARNI

              അന്ധവിശ്വാസങ്ങളുടെ തടവറയിൽ ബന്ധിച്ച് ദൈവത്തെ  പോലും വിൽപനയ്ക്ക് വെയ്ക്കുന്ന സമൂഹ മനസ്സിനെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന സിനിമയാണ് DEOOL. ഗ്രാമങ്ങളിലെ നിഷ്കളങ്ക മനസ്സുകളും, വിശ്വാസത്തെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ കൗശലങ്ങളും നേർക്കുനേർ വരുമ്പോൾ ആഗോളീകൃത-വാണിജ്യ ദുരകളുടെ വികലമായ വികസന ദ്രംഷ്ടകൾ ആഴ്ത്തപ്പെടുന്ന ഗ്രാമത്തിന്റെ കഥ പറയുന്നു ഈ മറാത്തി സിനിമ. ചൈതന്യാരോപിത വസ്തുക്കളോടുള്ള  വിശ്വാസ ദൗർബല്യങ്ങളെ കൂട്ടുപിടിച്ച്  വികസന ജ്വാലയെ ആളിക്കത്തിക്കുന്ന   വിശ്വാസ രാഹിത്യം കലർന്ന വാണിജ്യ യുക്തിയെ എല്ലായിടത്തും  കാണാം.  മണ്ണ് പോലും തളികയിൽ ഉയർത്തപ്പെടേണ്ടി വരുന്ന വാണിജ്യവത്കരണത്തിന്റെ വേലിയേറ്റങ്ങൾക്കിടയിൽ വിശ്വാസവും , ദൈവവും, എല്ലാത്തിനെയും മെറ്റീരിയലൈസ് ചെയ്യപ്പെടുന്ന ആഗോളീകൃത-ഉപഭോക്തൃ-പ്രായോഗിക ചിന്തകളുടെ  അവശിഷ്ടങ്ങളാകുന്നു. വികസനത്തിന്റെയും , സംസ്കാരത്തിന്റെയും വഴിതെറ്റിയുള്ള സഞ്ചാരപഥങ്ങളിൽ  ഉയർത്തപ്പെടുന്ന അപായ സൂചനകളെ നോക്കി നാം ഇന്നും കണ്‍ചിമ്മുന്നു. ചിരിയുണർത്തി മറയാതെ ചിന്തകളിലെയ്ക്ക് നുഴഞ്ഞു കയറുന്ന ആക്ഷേപ ഹാസ്യങ്ങളും , സമകാലിക രാഷ്ട്രീയപ്പേക്കൂത്തുകളുടെ നേർക്കാഴ്ച്ചകളും ഈ സിനിമയെ മികവിന്റെ ഔന്നത്യങ്ങളിലേക്ക് ഉയർത്തുന്നു.


Monday 9 February 2015

GLOOMY SUNDAY (1999)



FILM : GLOOMY SUNDAY (1999)
COUNTRY : GERMANY !!! HUNGARY
GENRE : ROMANCE
DIRECTOR : ROLF SCHUBEL

             പ്രണയവും സംഗീതവും പരസ്പരം കൈകോർക്കുമ്പോൾ  മാത്രം ഉയരുന്ന വിസ്മയത്തോപ്പുകളിലൂടെ  ഹൃദയത്തെ അഴിച്ചു വിടാൻ അവസരമേകുന്ന സിനിമകളുടെ കൂട്ടത്തിലേയ്ക്കാണ് ഈ സിനിമയുടെ പേരും എഴുതി ചേർക്കാനാവുക. സംഗീതം പ്രണയത്തോട് ഇഴുകിച്ചേർന്നു  കഥാപാത്രമായി തുടിക്കുന്ന വിസ്മയമാകുന്നു GLOOMY SUNDAY. ഹൃദയങ്ങളെ അനായാസം വഴുതിവീഴ്ത്തുന്ന ഈ "ഇരട്ടകൾ"  നിറഞ്ഞാടുമ്പോൾ അർഥതലങ്ങളുടെ പിറകെ ചിന്താവിവശനായി അലയാതെ സിനിമയിൽ മുഴുകാൻ മാത്രമേ എനിക്കും സാധിച്ചുള്ളൂ.
             1930-കളിലെ ഹംഗറിയുടെ പശ്ചാത്തലത്തിലെ  "ബുദാപെസ്റ്റ്"  ഹോട്ടലിനുള്ളിൽ സംഗീതവും, പ്രണയവും  തളം കെട്ടി  നിൽക്കുമ്പോഴാണ് ഈ സിനിമയുമായി നമ്മൾ പ്രണയത്തിലാവുന്നത്. ആ ഹോട്ടലിലെ ഏതെങ്കിലും ഒരു മൂലയിൽ കാഴ്ചക്കാരനായി ഇരിക്കാനുള്ള ആഗ്രഹം നമ്മെ തേടിയെത്തുക തന്നെ ചെയ്യും. ഹോട്ടലുടമ  LASZLO ,  വിരലുകളാൽ മാസ്മരിക സംഗീതം പൊഴിക്കുന്ന പിയാനിസ്റ്റ്‌ ANDRAS , ആരെയും അനുരാഗ പരവശനാക്കുന്ന സൗന്ദര്യധാമമായ വെയിട്രസ്സ് ILONA എന്നിവരാണ് നമ്മുടെ  ഹൃദയം കവരുന്നത്. ത്രികോണ പ്രണയത്തിന്റെ വശ്യതയാർന്ന നിമിഷങ്ങളിൽ ഉതിർന്നു വീഴുന്ന വിഷാദമോഹനമായ "GLOOMY SUNDAY" എന്ന ഗാനം ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നു. അതിൽ ആരോപിതമായ ശാപം സത്യമാവരുതേ എന്ന ആശങ്കയ്ക്കിടയിലും , സംഗീതത്തിന്റെ അനിർവ്വചനീയമായ മാസ്മരികതയിൽ നീരാടാനായ ആഹ്ലാദം ഹൃദയ മർമ്മരമായി അനുഭവപ്പെടുന്നു. സംഗീതത്തിന്റെ ഭാഷ ഹൃദയത്തിന്റെ ഭാഷയാകുന്ന സ്ഥിരം കാഴ്ചകൾ നമ്മെ മടുപ്പിക്കുന്നില്ല.
            സിനിമയ്ക്ക് പശ്ചാത്തലമേകുന്ന കാലഘട്ടം  നാസിസവും , ജൂത വിദ്വേഷവും  ഫ്രൈമുകളിലെയ്ക്ക് ചെറിയ തോതിൽ ആവാഹിക്കുന്നു. നാസി ഓഫീസർമാരോട്  LASZLO പറയുന്ന തമാശയും, അവരുടെ പ്രതികരണമായി അവതരിക്കുന്ന അട്ടഹാസങ്ങളും നൈമിഷികമെങ്കിലും  ആ കാലഘട്ടത്തെ ശക്തമായ ഓർമ്മപ്പെടുത്തുന്നു. പേര് പോലെ  "ഗ്ലൂമി" അല്ല ഈ സിനിമയെങ്കിലും , ഒരു നീറ്റലവശേഷിപ്പിക്കുന്ന പ്രണയ കാവ്യം തന്നെയാണ് സംഗീത സാന്ദ്രമായ ഈ സിനിമ.


Saturday 7 February 2015

JOSH (2013)



FILM : JOSH (2013)
COUNTRY : PAKISTAN
GENRE :  DRAMA
DIRECTOR : IRAM PARVEEN BILAL

            കലയും കലാകാരനും ജനപക്ഷത്തോ , പീഡിത പക്ഷത്തോ നിലയുറപ്പിക്കുമ്പോഴാണ് കലാസൃഷ്ടിയുടെ ശക്തി സൗന്ദര്യം അനുഭവിക്കാനാവുക. ഇന്ദ്രിയങ്ങളെ തലോടാനായ് മാത്രം കണ്‍തുറന്ന് മൃതിയടയുന്ന സൃഷ്ടികൾ, ചിന്തകളെ ഉദ്ദീപിപ്പിച്ച് മാറ്റത്തിന്റെയോ , വെളിച്ചത്തിന്റെയോ  മുന്നണികൾ തീർത്തിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിക്കാറുണ്ട്. ആസ്വാദനത്തിനപ്പുറം  ഉണർത്തുപാട്ടോ , ചൂണ്ടുപലകയോ , തുറന്നുപറച്ചിലുകളോ ആയി വ്യാഖ്യാനിക്കപ്പെടാവുന്ന സിനിമകളോടുള്ള ഇഷ്ടത്തിന് കാരണവുമതാവാം.
                  ലോകനിലവാരമുള്ള സിനിമകൾ അധികമൊന്നും  ഉദയം കൊള്ളാത്ത പാകിസ്ഥാനിൽ നിന്നുള്ള JOSH (2013) അവതരണ മികവുകൊണ്ടും , പ്രമേയ തീക്ഷ്ണത കൊണ്ടും എന്നെ ഞെട്ടിച്ചു. 2011-ൽ ഇറങ്ങിയ BOL എന്ന സിനിമയിലേതു പോലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളും , അവരുമായി ബന്ധപ്പെട്ട സാമൂഹിക ചിത്രങ്ങളും ഈ സിനിമയിലും പ്രസക്തമാവുന്നു. പട്ടണത്തിലെ സമ്പന്നമായ സമൂഹത്തിന്റെ ഭാഗമായ FATIMA എന്ന അധ്യാപിക , ചെറുപ്പം മുതൽ തന്നെ നോക്കി വളർത്തിയ NUSRATH BI-യുടെ   മരണത്തിന്റെ ദുരൂഹതയെ പിന്തുടരുകയാണ്. ഫാത്തിമയുടെ ഈ ശ്രമങ്ങൾ പാക്ക് ഗ്രാമങ്ങളിലെ  വികൃതമായ സാമൂഹിക പരിസരങ്ങളിലേയ്ക്ക് നമ്മെയും നയിക്കുന്നു.
             നഗര-ഗ്രാമ , സാമൂഹിക-സാമ്പത്തിക അന്തരങ്ങളെ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന കഥാപാത്ര സൃഷ്ടികളും , ഫ്രൈമുകളും സിനിമയിൽ കാണാം. പാക്ക് ഗ്രാമങ്ങളുടെ ശാപങ്ങളായ ജന്മിത്വത്തിന്റെ ക്രൂരവും, അപലപനീയവുമായ പ്രതിനിധാനങ്ങളുമായി കൂടിക്കാഴ്ചയ്ക്കും ഈ സിനിമ അവസരമൊരുക്കുന്നു.  "നിശ്വാസം"  പോലും അനുവാദത്തോടെയാകുമ്പോൾ "സ്വാതന്ത്ര്യം" വിലകുറഞ്ഞ ഒന്നായി മാറുന്ന യാഥാർത്ഥ്യത്തെ കുരുന്നു നാവിലൂടെ വീഴ്ത്താൻ സംവിധായിക ബോധപൂർവ്വം ശ്രമിച്ചിരിക്കുന്നു. വിശപ്പിനെ ഭീതി വിഴുങ്ങുന്ന സാമൂഹിക സാഹചര്യങ്ങളിലെയ്ക്ക് നീട്ടുന്ന സഹായഹസ്തങ്ങൾ പോലും ഒറ്റപ്പെട്ടു പോകുന്നതായി കാണാം. സാമ്പത്തിക അന്തരങ്ങൾ സൃഷ്ടിക്കുന്ന വൈവിധ്യമാർന്ന സോഷ്യൽ സ്ട്രക്ച്ചറുകൾ സ്ത്രീയെ എങ്ങനെ പരിഗണിക്കുന്നു എന്നും സിനിമ വ്യക്തമാക്കുന്നു. ദാരിദ്ര്യം, അവകാശ ധ്വംസനം എന്നിവയെ ചവിട്ടി മെതിച്ച് സ്ത്രീ ശാക്തീകരണം, സ്വാതന്ത്ര്യം എന്നിവയിലെയ്ക്കുള്ള പ്രയാണത്തിന് "ഒരുമയുടെ" ഒറ്റമൂലിയെ അടിവരയിടുന്നു ഈ സിനിമ.
          97 മിനുട്ടിലെ ഓരോ ഫ്രൈമുകളും പ്രമേയത്തെ ബലപ്പെടുത്തുന്നവയായിരുന്നു. അവതരണവും അഭിനയവും മികച്ചു നിന്ന 'JOSH' ശക്തമായ സിനിമയാകുന്നത്, യാഥാർത്യത്തോടുള്ള സാമ്യം കൊണ്ടുമാണ്. എതിർക്കപ്പെടേണ്ടത്‌ നിർബാധം വാഴുമ്പോൾ , ഉറക്കം നടിക്കാത്ത കലാകാരന്മാരുടെ സൃഷ്ടികൾ കാണാൻ ഇഷ്ടപ്പെടുന്നവർ ഈ സിനിമയും കാണണമെന്ന അപേക്ഷയോടെ നിർത്തുന്നു.


Friday 6 February 2015

INCIR RECELI (2011)



FILM : INCIR RECELI (2011)
GENRE : ROMANCE
COUNTRY : TURKEY
DIRECTOR : AYTAC AGIRLAR

     പ്രണയ സിനിമകളിൽ   ക്ലീഷേകളുടെ നിറസാന്നിദ്ധ്യം ഉണ്ടാവാറുണ്ടെങ്കിലും , അവയെ പുതുമയുള്ള രീതിയിൽ അണിയിച്ചൊരുക്കി ഈ പോരായ്മയെ മറികടക്കാനുള്ള ശ്രമങ്ങളെ പ്രേക്ഷകവൃന്ദം ഹൃദയത്തിലേറ്റുന്ന കാഴ്ചയാണ് കാണാറുള്ളത്‌. ഇത്തരത്തിൽ പുതുമയോടെ അവതരിപ്പിച്ച പ്രണയക്കാഴ്ചയാണ് ടർകിഷ് സിനിമയായ INCIR RECELI (2011).
                 തന്റെ ജോലിയിൽ വേണ്ടത്ര വിജയം കൈവരിക്കാനാവാത്തവനും , അസംതൃപ്തനുമായ METIN ആണ് നമ്മുടെ നായകൻ. സ്ക്രിപ്റ്റ് റൈറ്റർ ആയി ജോലി ചെയ്യുന്ന അയാൾ ഒരിക്കൽ ബാറിൽ വച്ച് ആകസ്മികമായി DUYGU എന്ന യുവതിയെ   കണ്ടുമുട്ടുന്നു. ഒരു ദിവസത്തെ  സഹവാസം തീർത്ത ഈ കൂടിക്കാഴ്ചയിൽ നാമ്പിടുന്ന സൗഹൃദം , ഹൃദയം പകുത്തു നൽകാവുന്ന തരത്തിലുള്ള തീവ്രാനുരാഗമായി അയാളിൽ വളരുന്നു. എന്നാൽ അനുരാഗത്തിന്റെ മധുരമൂറുന്ന നിമിഷങ്ങളിലെവിടെയോ അവൾ മാഞ്ഞുപോവുന്നു. ഒരു സൂചന പോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായ അവളെ നായകനും, നമ്മളും വീണ്ടും കണ്ടുമുട്ടുമ്പോൾ ചില സത്യങ്ങളും നമ്മളറിയുന്നു. പ്രണയം എന്നതിനപ്പുറം മറ്റു വിഷയങ്ങളും ഈ സിനിമയുടെ ആശയമണ്ഡലത്തിൽ ഇരിപ്പുറപ്പിക്കുന്നു. പ്രണയത്തിന്റെ അതിനിർമ്മലമായ നിമിഷങ്ങൾ METIN-ന്റെ ജീവിതത്തിൽ വീണ്ടും വന്നെത്തുമ്പോൾ , നമുക്കും അത് ആനന്ദകരമായ കാഴ്ചകളാകുന്നു. സിനിമ അനിവാര്യമായ അന്ത്യത്തിലേക്കുള്ള നാടകീയമായ വഴികളിലേയ്ക്ക് കാലെടുത്ത് വെയ്ക്കുന്നു.
                 പ്രണയത്തിന്റെ "ഫീൽ ഗുഡ്" അനുഭവിപ്പിക്കുന്ന വിധത്തിലുള്ള  പാശ്ചാത്തല സംഗീതം ഹൃദ്യമായി. പ്രണയത്തോടൊപ്പം സിനിമ ആഡ്ഡ്രസ്സ് ചെയ്ത വിഷയത്തെക്കുറിച്ചുള്ള നിലപാടുകളിലുള്ള അവ്യക്തത പോരായ്മയായി തോന്നി. എങ്കിലും, നല്ല ഒരു പ്രണയ സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ സിനിമ പുതുമയേകും എന്ന ഉറപ്പോടെ നിർത്തുന്നു.     


IN ORDER OF DISAPPEARANCE (2014)

 
FILM : IN ORDER OF DISAPPEARANCE (2014)
GENRE : CRIME !!! THRILLER
COUNTRY : NORWAY
DIRECTOR : HANS PETTER MOLAND

                    മഞ്ഞു പെയ്തു വീഴുന്ന , അതി ശൈത്യം നുരയുന്ന വന്യതയാർന്ന കുന്നിൻപുറങ്ങളുടെ  പശ്ചാത്തലത്തിൽ ഒരു രക്ത രൂക്ഷിതമായ ഒരു ക്രൈം ത്രില്ലർ. മയക്കു മരുന്ന് മാഫിയ ആളു മാറി വധിക്കുന്ന മകന്റെ ചോരയ്ക്ക് പകരം ചോദിക്കാനിറങ്ങുന്ന "ഡിക്ക്മാൻ" വഴിമരുന്നിടുന്നത്  പ്രാണനറ്റ ഉടലുകൾ വിറങ്ങലിക്കുന്ന ശവ-ശൈത്യ ദിനങ്ങളിലേയ്ക്കാണ്. വീണ ചോരയുടെയും , വീഴ്ത്തിയ ചോരയുടെയും കറകളെ സാക്ഷി നിർത്തി ഒത്തുതീർപ്പിന് വഴങ്ങാത്ത ഭാഷ ഗർജ്ജിക്കുന്ന ഗാങ്ങ്സ്റ്റർ യുദ്ധത്തിന് തിരി കൊളുത്തുകയാണ്  "ഡിക്ക്മാന്റെ"  പ്രതികാര ശ്രമങ്ങൾ. പ്രതീക്ഷിതമായ വഴികളിൽ മുന്നേറുന്ന ഈ "ചോരക്കളി" മറ്റു തലങ്ങളിലേയ്ക്ക് വികസിപ്പിക്കാൻ ശ്രമിച്ചത്തിലൂടെ ഒരു പുതുമയേകാനും സംവിധായകന് സാധിച്ചിരിക്കുന്നു.
              ഒരു ക്രൈം ത്രില്ലറിന്റെ ചടുലതയും, ആക്ഷൻ സീക്വൻസുകളും ഈ സിനിമയിൽ വളരെ കുറവാണെന്ന് പറയാം. വ്യത്യസ്തത ചാലിച്ച് അവതരിപ്പിക്കാനുള്ള ശ്രമം സിനിമയുടെ പശ്ചാത്തലം കാണുമ്പോൾ തന്നെ ഫീൽ ചെയ്യുമെന്നുറപ്പ്. മികച്ച കഥ എന്നൊന്നും പറയാനാവില്ലെങ്കിലും CINEMATOGRAPHY നമ്മെ രസിപ്പിക്കും. മഞ്ഞ് ചിതറിത്തെറിപ്പിച്ച്  ഭീമാകാരനായ "യന്ത്രം" കുതിച്ചു പായുന്നത് അസുലഭമായ കാഴ്ചയാകുന്നു. ചില സംഭാഷണങ്ങൾ കറുത്ത ഹാസ്യം ഏച്ചുകെട്ടാനുള്ള ശ്രമങ്ങളായി തോന്നി. പ്രധാന വില്ലൻ അഭിനയത്തിലും , കഥാപാത്ര സൃഷ്ടിയിലും ദുർബലത പേറുന്നുണ്ടായിരുന്നു.
              സാധാരണ ക്രൈം ത്രില്ലറുകളെ  അവതരണത്തിലും, ദൃശ്യ ഭാഷയിലും  അകറ്റി നിർത്തുന്ന ഒരു സിനിമയ്ക്കു വേണ്ടി 116 മിനുട്ട് മാറ്റി വെയ്ക്കാമെങ്കിൽ ഒരു തവണ കണ്ടിരിക്കാവുന്ന നോർവീജിയൻ സിനിമയാണ് IN ORDER OF DISAPPEARANCE (2014).


Sunday 1 February 2015

NAIROBI HALF LIFE (2012)



FILM : NAIROBI HALF LIFE (2012)
GENRE : DRAMA
COUNTRY : KENYA
DIRECTOR : DAVID ‘TOSH’ GITONGA

     ഞാൻ കണ്ടിട്ടുള്ള ആഫ്രിക്കൻ സിനിമകൾ കൂടുതലും അവിടങ്ങളിലെ പച്ചയായ ജീവിത യാഥാർത്യങ്ങളെ വരച്ചു കാട്ടുന്നവയായിരുന്നു . പ്രതികാരത്തിന്റെയോ, പ്രതിഷേധത്തിന്റെയോ  കടുത്ത സ്വരങ്ങളായോ , ഇരുണ്ട റിയാലിറ്റിയുടെ അടയാളപ്പെടുത്തലായോ, അന്ധവിശ്വാസങ്ങൾ ഇരുൾ വീഴ്ത്തിയ വഴികളിലൂടെയുള്ള നവ ചിന്തകളുടെ ദൃശ്യപരമായ ചുവടുവെയ്പ്പായോ  ആണ്  അത്തരം കാഴ്ചകൾ വിലയിരുത്തപ്പെടുന്നതും.
            ആഫ്രിക്കൻ  ജീവിതത്തിന്റെ സ്ഥിരം കാഴ്ചകളോട് ചേർന്ന് നിന്ന് വളരെ എന്റർടൈനിംഗായ ഒരു സിനിമയെടുക്കാൻ കഴിഞ്ഞു എന്നതാണ് KENYAN സിനിമയായ NAIROBI HALF LIFE-ന്റെ മഹത്വം. അഭിനയമോഹവുമായി ജീവിക്കുന്ന MWAS എന്ന യുവാവാണ് സിനിമയുടെ നട്ടെല്ല്. ഗ്രാമത്തിൽ CD വിറ്റ് ജീവിക്കുന്ന അവൻ വലിയ മോഹങ്ങളുമായി നൈറോബി എന്ന മഹാനഗരത്തിലെത്തുകയാണ്. അവസരങ്ങളുടെ പറുദീസയെന്ന് നിനച്ചിരുന്ന  അവനെ നൈറോബി വരവേൽക്കുന്നത് കഠിനമായ സത്യങ്ങളെ അനുഭവിപ്പിച്ചു കൊണ്ടായിരുന്നു. ചിന്തിക്കാനാവാത്ത വിധം അരക്ഷിതമായ സമൂഹത്തിൽ കുറ്റകൃത്യങ്ങളുടെ കൂട്ടുകാരനാവുക എന്ന അതിജീവന യുക്തിയെ  അവന് പുൽകേണ്ടി വരുന്നു. നിലനില്പ്പിനായുള്ള വെപ്രാളപ്പാച്ചിലിനിടയിൽ തട്ടിമറിക്കപ്പെടുന്ന നന്മകളും, സ്വപ്ന സാക്ഷാത്ക്കാരത്തിനായുള്ള  MWAS-ന്റെ ശ്രമങ്ങളും , കൂട്ടാളികൾക്കൊപ്പം അവൻ പങ്കിടുന്ന തിന്മനിറഞ്ഞ പകലുകളും , രാത്രികളും ഈ സിനിമ നമുക്കായ് കരുതിവെച്ചിട്ടുള്ള നല്ല വിഭവങ്ങളാകുന്നു.
              സമർത്ഥനായ കഥാപാത്രമായി മികച്ചു നിന്ന MWAS സിനിമയെ ആസ്വാദ്യകരമാക്കുന്ന ഊർജ്ജ്വസ്സ്വലമായ സാന്നിധ്യമാകുന്നു. വെറുമൊരു ഗാങ്ങ്സ്ടർ മൂവി എന്നതിനപ്പുറം വിശേഷണത്തിന് സിനിമയെ അർഹമാക്കും വിധം ഇതര തലങ്ങളിലൂടെ സിനിമയെ പിച്ചവെയ്പ്പിക്കാനായി എന്ന് പറയാം. സ്ക്രിപ്ടിനെയും , കഥാഗതിയെയും ഒരു സോഷ്യൽ മെസ്സേജ് എന്ന പ്രസക്തമായ ബിന്ദുവിലേയ്ക്ക് നയിക്കുന്നതിലും  ഈ സിനിമാ സൃഷ്ടാക്കൾ വിജയം കണ്ടു. ഈ കുറിപ്പ് അവസാനിപ്പിക്കുന്നതിന് മുമ്പ് സിനിമയിലെ ഒരു ഡയലോഗ് കുറിച്ചിടാൻ ആഗ്രഹിക്കുന്നു.

                                "IT IS YOUR CHOICE TO LOOK OR TO LOOK AWAY"

     സുരക്ഷിതത്വത്തിന്റെ ശീതളിമയിൽ വിരാജിക്കുമ്പോൾ , നമുക്ക് ചുറ്റുമുള്ള അരക്ഷിതമായ ഇടങ്ങളിലേയ്ക്ക് ആത്മാർത്ഥമായി നോക്കാൻ നമ്മൾ മടിക്കുന്നത് എന്ത് കൊണ്ട്? ..എന്ന ചോദ്യവുമായി ഈ സിനിമ തിരശ്ശീലയൊഴിയുന്നു...