Tuesday, 17 February 2015

A NEW DAY IN OLD SANA’A (2005)



FILM : A NEW DAY IN OLD SANA’A (2005)
COUNTRY : YEMEN
GENRE : ROMANTIC DRAMA
DIRECTOR : BADER BEN HIRSI

        യുനെസ്കോയുടെ വേൾഡ്  ഹെറിറ്റെജ് സൈറ്റുകളിലൊന്നായ  യെമെൻ തലസ്ഥാന നഗരമായ SANA'A-യുടെ പഴമയാർന്നതും , അനുപമവുമായ പശ്ചാത്തലത്തിൽ പ്രണയം, സംസ്കാരം, കുടുംബ മഹിമ എന്നിവയെ വ്യത്യസ്തമാർന്ന രീതിയിൽ വിളക്കിച്ചേർത്ത് അവതരിപ്പിച്ച റൊമാന്റിക് ഡ്രാമയാണ് ഈ സിനിമ. പ്രണയ ചിത്രം എന്നതിനേക്കാൾ യെമനി ജീവിതത്തെയും, സംസ്കാരത്തെയും ഒരു പുറം കണ്ണിലൂടെ നോക്കിക്കാണുന്ന പുതുമയാണ് സിനിമയുടെ  പ്രത്യേകത.
                ഇറ്റലിക്കാരനായ ഫോട്ടോഗ്രാഫർ ഫ്രെഡറിക്കോയുടെ NARRATION -നിലൂടെയാണ് സിനിമ മുന്നേറുന്നത്. അയാളുടെ സഹായിയായി ഫോട്ടോഗ്രാഫി പഠിക്കാൻ ശ്രമിക്കുന്ന സുമുഖനായ  താരിഖിന്റെ പ്രണയം, വിവാഹം, ആന്തരിക സംഘർഷങ്ങൾ എന്നിവയാണ് സിനിമയുടെ റൊമാന്റിക് ലേബലിന് കാരണമാകുന്നത്. പ്രൌഡമായ പഴമയുടെ എടുപ്പുകളായി ഉയർന്നു നിൽക്കുന്ന ARCHITECTURE വിസ്മയങ്ങളാൽ  സമ്പന്നമായ SANA'A യുടെ തെരുവുകളും , പരദൂഷണ കുതുകികളായ വനിതാ പ്രാധിനിത്യങ്ങളും ഈ സിനിമയുടെ അവഗണിക്കാനാവാത്ത അംശങ്ങളാകുന്നു. പുതു കാഴ്ചയും, പുതു അറിവും സമ്മാനിച്ച സാംസ്കാരിക അടയാളങ്ങൾ സിനിമയുടെ മാറ്റ് കൂട്ടുന്നു. പ്രണയവും, കുടുംബവും സാംസ്കാരികതയുടെ തട്ടിൽ നിൽക്കുമ്പോൾ തെരഞ്ഞെടുപ്പിന്റെ നിർബന്ധതകളിലെയ്ക്ക് താരിഖ് നയിക്കപ്പെടുകയാണ്.
               UK-യുടെ സഹായത്തോടെ നിർമ്മിക്കപ്പെട്ട ഈ സിനിമ CANNES-ൽ  പ്രദർശിക്കപ്പെട്ട ആദ്യ യെമൻ സിനിമയാണ്. സിനിമയിലെ ഇന്ത്യക്കാരനായ രവി എന്ന കഥാപാത്രം കൌതുകമുണർത്തി. ഒരു വിദേശിയുടെ വീക്ഷണ കോണിലൂടെ (ഫ്രെഡറിക്കോ) അവതരിപ്പിച്ച് സാംസ്കാരികതകളുടെ ചേർച്ചയും,  ചേർച്ചയില്ലായ്മയും വ്യക്തമായി ധ്വനിപ്പിക്കാൻ ഈ സിനിമയ്ക്കാവുന്നു. പ്രണയത്തിന്റെ സാർവ്വദേശീയതയ്ക്കപ്പുറം , സാംസ്കാരിക ഇടപെടലുകളെ പ്രണയത്തോട് ചേർത്ത് മനോഹരമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
                 അറബ് താളങ്ങളും, SANA'A-യുടെ  പഴമയെ പകരുന്ന ഫ്രൈമുകളും മികച്ചതായിരുന്നു. അറിയാത്തതും. കേട്ടിട്ടില്ലാത്തതുമായ സംസ്കാരങ്ങളെ സിനിമാസ്വാദനത്തിനൊപ്പം രുചിക്കാൻ താത്പര്യപ്പെടുന്നവർക്കുള്ളതാണ് A NEW DAY IN OLD SANA'A.


1 comment:

  1. സമ്പന്നമായ SANA'A യുടെ തെരുവുകളും , പരദൂഷണ കുതുകികളായ വനിതാ പ്രാധിനിത്യങ്ങളും ഈ സിനിമയുടെ അവഗണിക്കാനാവാത്ത അംശങ്ങളാകുന്നു. പുതു കാഴ്ചയും, പുതു അറിവും സമ്മാനിച്ച സാംസ്കാരിക അടയാളങ്ങൾ സിനിമയുടെ മാറ്റ് കൂട്ടുന്നു. പ്രണയവും, കുടുംബവും സാംസ്കാരികതയുടെ തട്ടിൽ നിൽക്കുമ്പോൾ തെരഞ്ഞെടുപ്പിന്റെ നിർബന്ധതകളിലെയ്ക്ക് താരിഖ് നയിക്കപ്പെടുകയാണ്.

    ReplyDelete