Monday, 16 February 2015

TELEVISION (2012)



FILM : TELEVISION (2012)
GENRE : DRAMA
COUNTRY : BANGLADESH
DIRECTOR : MOSTAFA SARWAR FAROOKI
             സാങ്കേതികതയുടെ കടന്നുവരവിന് ഭ്രഷ്ട് കൽപ്പിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ജീവിത പശ്ചാത്തലങ്ങളിലേക്ക് നർമ്മത്തിന്റെ കണ്ണടയിലൂടെയുള്ള  എത്തിനോട്ടമാണ്  TELEVISION (2012). വിശ്വാസത്തിന്റെ കനത്ത ചിന്തകളെന്ന രൂപത്തിൽ ഉടലെടുക്കുന്ന പ്രാദേശിക വിഡ്ഢിത്തങ്ങൾ പൊതു ഇടങ്ങളിലേയ്ക്ക് കയറി നിൽക്കുന്ന ഒരു ബംഗ്ലാദേശി ഗ്രാമത്തിന്റെ പശ്ചാത്തലമാണ് ഈ സിനിമ നമുക്ക് പകരുന്നത്.
             ജലാശയങ്ങളാൽ  ചുറ്റപ്പെട്ട (ഒറ്റപ്പെട്ട) ഗ്രാമത്തിൽ ഫോട്ടോഗ്രാഫി ,മൊബൈൽ ഫോണ്‍ , ടെലിവിഷൻ  , സിനിമ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ചെയർമാനായ അമിൻ. പുതുതലമുറയുടെ നാശത്തിന് വഴിവെയ്ക്കുന്നവയാണ് ഈ സാങ്കേതികതകൾ എന്നതാണ് നിരോധനത്തിന്റെ  യുക്തി. പുതു തലമുറയുടെ അടക്കി വെയ്ക്കാനാവാത്ത  ആഗ്രഹങ്ങളും സാങ്കേതികത മുന്നോട്ടു വെയ്ക്കുന്ന സൗകര്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും ഗ്രാമത്തിന്റെ ചിട്ടവട്ടങ്ങൾക്ക് വിള്ളലുണ്ടാക്കുകയാണ്.  "ഭാവന" ദുഷിച്ച ഒന്നാണെന്ന  വിഡ്ഢിത്തം മനസ്സിലുറച്ചവരുടെ ആജ്ഞകളിൽ ഗ്രാമ-ജീവിതം കുരുങ്ങിക്കിടക്കുമ്പോൾ നർമ്മവും ,  ഹാസ്യ രംഗങ്ങളും  നിറഞ്ഞു കവിയുന്നു. ചിന്തിക്കാനും, ചിരിക്കാനും വക നൽകുന്ന ഒരു പിടി നല്ല നിമിഷങ്ങൾ നൽകിയാണ്‌ ഈ സിനിമ അവസാനിക്കുന്നതും.
                വർഗ്ഗീയമായ ചിന്തകളെ താലോലിക്കാതെ , പ്രാദേശികമായ വിശ്വാസങ്ങളെ മതത്തിന്റെ സങ്കുചിതത്വങ്ങളായി ഉയർത്തിക്കാട്ടാതെ നന്മയുടെ പക്ഷത്ത് നിലകൊള്ളാനായി എന്നതാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത. ഇതര വിശ്വാസങ്ങളെ ബഹുമാനിക്കുന്ന ചെയർമാനും, സാങ്കേതികതയുടെ ഓരം ചേർന്ന് നടക്കുന്ന അയാളുടെ ഇരട്ടസഹോദരനായ മതപണ്ഡിതനും സിനിമയിലെ കേവല ഉടലുകളല്ലാതാവുന്നു. നർമ്മത്തിൽ പൊതിഞ്ഞ പ്രണയരംഗങ്ങളും , പ്രണയ പ്രയാണത്തിന്റെ അനിവാര്യതയായി പുതുമനസ്സിലേയ്ക്ക് നുഴഞ്ഞു കയറുന്ന സാങ്കേതികതയെ അടയാളപ്പെടുത്തുന്ന നിമിഷങ്ങളും, തിരിച്ചറിവിന്റെ "ഭാവനാ സാന്ദ്രമായ" വേദനയിൽ കുതിരുന്ന നന്മ നിറഞ്ഞ ഗ്രാമത്തലവനും ഈ സിനിമ മനസ്സിലവശേഷിപ്പിക്കുന്ന ഇമേജുകളാണ്. നേട്ടവും, കോട്ടവും ഉള്ളിലൊതുക്കി നമുക്ക് മുന്നിൽ അവതരിക്കുന്ന പുതുവിദ്യകളെ ആർത്തിയോടെ പുണയുന്ന പുതുതലമുറയുടെ പക്ഷത്ത് നിലകൊള്ളുമ്പോഴും , സഹൃദയനായ ഗ്രാമത്തലവന്റെ സദുദ്ദേശങ്ങളെ പൂർണ്ണമായി മായ്ച്ചു കളയാതെ നല്ല ചിന്തകളെയുണർത്തി  തന്നെയാണ് ഈ സിനിമ വിടവാങ്ങുന്നത്.
                അതിരുകളില്ലാത്ത നമ്മുടെ ചിന്തകളും , ഭാവനകളും മൂല്യവത്തായ സിനിമകളെ സൃഷ്ടിക്കാൻ ഉപയോഗിക്കണം എന്ന് ഓർമ്മിപ്പിച്ച ഫാറൂക്കിയിലൂടെ (ഡയറക്ടർ) ബംഗ്ലാദേശി സിനിമകൾ ഇനിയും ഉയരങ്ങൾ താണ്ടുമെന്ന ശുഭപ്രതീക്ഷയോടെ നിർത്തുന്നു.   

No comments:

Post a Comment