Sunday 28 October 2018

DOGMAN (2018)


FILM : DOGMAN (2018)
GENRE : DRAMA !!! THRILLER
COUNTRY : ITALY
DIRECTOR : MATTEO GARRONE
         "മനുഷ്യൻ" എന്ന പദം  ഏറ്റവും സുന്ദരമോ, നികൃഷ്ടമോ ആകുന്നത് അവന്റെ മനസ്സിന്റെ സഞ്ചാരപഥങ്ങളെ  പിന്തുടർന്ന് അവനിലേക്ക് സൂക്ഷ്മതയോടെ നോക്കുമ്പോഴാണ്. നിഷ്ക്കളങ്കതയുടെ എല്ലാ ഭാവങ്ങളും പ്രത്യക്ഷത്തിൽ പ്രസരിപ്പിക്കുന്ന ആൾ തിന്മയോട് കണ്ണിചേരുന്ന വൈരുദ്ധ്യം കൂടിയാണ് മനുഷ്യമനസ്സിന്റെ ഐഡന്റിറ്റി. പരസ്പര വിരുദ്ധമായ ധ്രുവങ്ങളിലേക്ക് OSCILLATE ചെയ്യപ്പെടാനുള്ള സാധ്യതയും, ശേഷിയും തന്നെയാണതിന്റെ സവിശേഷതയും. അത്തരത്തിലുള്ള സാധ്യതകളിലേക്ക് നയിക്കുന്നതോ?.... ജീവിതമെന്ന യാഥാർത്യവും.
         DOGMAN  എന്ന ഇറ്റാലിയൻ സിനിമ എന്നിലുണർത്തിയ ചിന്തകളാണ് മുകളിൽ എഴുതിയിട്ടുള്ളത്. സിനിമയെക്കുറിച്ചു പറയുകയാണെങ്കിൽ അത് മാഴ്‌സലോയിൽ നിന്ന് തുടങ്ങണം, അയാളിലൂടെ മുന്നേറണം, അയാളിൽ തന്നെ അവസാനിപ്പിക്കുകയും വേണം. നായകളെ പരിപാലിക്കുന്നതിൽ വൈദഗ്ധ്യമുള്ള മാഴ്‌സലോ എല്ലാവർക്കും പ്രിയങ്കരനാണ്. വാക്കിലും, ശരീരഭാഷയിലും, പ്രവർത്തിയിലും അയാളുടെ നന്മകളെ തിരിച്ചറിയാനാവുന്നതാണ് അതിന്റെ കാരണങ്ങളിലൊന്ന്. വാത്സല്യ നിധിയായ പിതാവായും, സാമ്പത്തിക പരാധീനതകൾക്കിടയിലും മകളുടെ ആഗ്രഹങ്ങളെ മാനിക്കുന്നയാളായും മാഴ്‌സലോയെ കാണാം. സാമ്പത്തിക  ഞെരുക്കങ്ങളെ  മെരുക്കിയെടുക്കാനുള്ള വഴിയാണ് ചെറിയ തോതിലുള്ള അയാളുടെ ഡ്രഗ് ഡീലുകൾ. അക്രമങ്ങളിൽ നിന്നും , കുറ്റകൃത്യങ്ങളിൽ നിന്നും പരമാവധി വിട്ടുനിൽക്കാൻ ശ്രമിക്കുന്നയാളാണ് മാഴ്‌സലോ. തന്റെ കസ്റ്റമറായ സിമോൺ എന്ന വാഴക്കാളിയുമായുള്ള സൗഹൃദം കനക്കുന്നതോടെ സാഹചര്യങ്ങൾ സങ്കീർണ്ണമാകുന്നു. ഈ പ്രശ്‍നങ്ങളെ എങ്ങനെയാണ് മാഴ്‌സലോ നേരിടുന്നത്?..... അതിനപ്പുറം മാഴ്‌സലോയെന്ന വ്യക്തിയ്ക്ക് എന്ത് സംഭവിക്കുന്നു?..... ഇതിനുള്ള ഉത്തരങ്ങൾ സിനിമയിൽ നിന്ന് തേടുന്നതാണ് ഉത്തമം.

സൂക്ഷ്മദർശിനിയിലൂടെ നോക്കുമ്പോൾ 


        നിർബന്ധങ്ങൾക്ക് വശംവദനായി കുറ്റകൃത്യങ്ങളിൽ പങ്കുകൊള്ളേണ്ടി വരുന്ന സാഹചര്യങ്ങളിലെല്ലാം നിസ്സഹായതയെ സ്ഫുരിക്കുന്ന അയാളുടെ മുഖത്തിനു പിറകിൽ അതിനോട് സന്ധി ചെയ്തു കഴിഞ്ഞ മനസ്സ് ഒളിച്ചിരിക്കുന്നതായി കാണാം. നന്മകളുടെ ആധിക്യങ്ങൾക്കിടയിൽ ഒന്നുമല്ലാത്തതെന്ന രീതിയിൽ ഇടം പിടിക്കുന്ന തിന്മകൾ അവസരോചിതമായി ഉപരിതലത്തിലേക്കു പൊന്തിവരുന്നതാണ് ഇവിടെ ദർശിക്കാവുന്ന യാഥാർത്യം. മാഴ്‌സലോയുടെ വിഷമതകൾ അയാളുടെയും കൂടി സൃഷ്ടികളല്ലേ(?) എന്ന  ചോദ്യവും സിനിമ തൊടുക്കുന്നു. അകവും പുറവും മറയില്ലാത്ത വിധം തുറന്നു കാട്ടുന്ന സിമോണിനോളം തിന്മ അകമനസ്സിൽ മാഴ്‌സലോയും പേറുന്നുണ്ട് എന്നാണ് തോന്നിയത്. ഭീഷണികൾ ചെലുത്തുന്ന ഭീതിയാണ് മാഴ്‌സലോയെ സിമോണിനൊപ്പം ചേർക്കുന്നതെങ്കിലും, ഭീതിതമായ രൂപത്തിലേക്ക് സിമോണിനെ ഒരുക്കിയെടുക്കുന്നതിൽ മാഴ്‌സലോയ്ക്കും പങ്കുണ്ടെന്നതാണ് സത്യം. നിസ്സഹായതയോടെ കൂട്ടുകൂടേണ്ടി വരുന്ന തിന്മയുടെ ഓഹരി മാഴ്‌സലോയുടെ  നേരെ  വച്ചുനീട്ടുമ്പോൾ അയാളിലെ  നിഷ്കളങ്കത ലോപിച്ചു പോകുന്നതായും തോന്നുന്നു. സിമോണിനെ ഒറ്റുകൊടുക്കാതെ ജയിൽ ശിക്ഷയെ ആശ്ലേഷിക്കാൻ മാഴ്‌സലോയെ പ്രേരിപ്പിച്ചതെന്താവാമെന്ന ചിന്തയിൽ യുക്തിയെ ഒപ്പം കൂട്ടിയപ്പോൾ തോന്നിയത്, അയാളുടെ സുരക്ഷയെ കരുതിയാകുമെന്നാണ്. എന്നാൽ, അതിനപ്പുറം ചിന്തിക്കാനുള്ള കുടിലത ആ നിഷ്കളങ്കതയുടെ ആവരണത്തിനുള്ളിൽ  വാഴുന്നുണ്ടെന്നത് തിരിച്ചറിവ് കൂടിയായിരുന്നു. നിസ്സഹായതയും, നിരാശയും,ദേഷ്യവും, പ്രതികാരദാഹവുമെല്ലാം ആ ശുഷ്ക ശരീരത്തിനുള്ളിൽ നിന്ന് തീവ്രതയോടെ പുറത്തു വരുന്നത് കാണേണ്ടത് തന്നെയാണ്. തന്നെക്കാൾ വലിയ നായകളെ  "ഇര" കാട്ടി വരുതിയിലാക്കി മെരുക്കിയെടുക്കുന്ന ലാഘവത്തോടെ ഭീമാകാരനായ സിമോണിനെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്ന മാഴ്‌സലോ വൈരുദ്ധ്യങ്ങളുടെ കലവറയായ മനുഷ്യമനസ്സിനെ പ്രതിനിധീകരിക്കുന്ന ഉദാഹരണങ്ങളിലൊന്നാകുന്നു.
          സിനിമയുടെ തീമിനോടും, ഫീലിനോടും ചേർന്ന് നിൽക്കുന്ന സിനിമാട്ടോഗ്രഫിയും, മാഴ്‌സലോ എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച MARCELLO FONTE എന്ന നടന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. മനുഷ്യമനസ്സിന്റെ ഇരുളിടങ്ങളെക്കുറിച്ചുള്ള ചിന്തകളെ എനിക്ക് സമ്മാനിച്ച ഈ സിനിമ ഒരു MUST WATCH തന്നെയാണെന്നാണ് എന്റെ "മനസ്സ്" പറയുന്നത്.

Friday 26 October 2018

KILOMETRE ZERO (2005)


FILM : KILOMETRE ZERO (2005)
GENRE : DRAMA !!! WAR
COUNTRY: IRAQ
DIRECTOR : HINER SALEEM
              "WE ARE FREE , WE ARE FREE" , മനോഹരങ്ങളായ ഈ വാക്കുകൾ അക്കോയും സെൽമയും ഉറക്കെ പറയുന്നത് പാരീസിന്റെ മണ്ണിൽ നിന്നുകൊണ്ടാണ്. അവരുടെ ശബ്ദത്തിൽ അലിഞ്ഞിട്ടുള്ള അതിരറ്റ ആനന്ദത്തിന്റെ തീവ്രതയെ ഉൾക്കൊള്ളണമെങ്കിൽ 1980-കളുടെ അവസാനത്തിലെ ഇറാഖി-കുർദ് മേഖലയിലെ സംഭവങ്ങളിലേക്ക് കണ്ണോടിക്കണം. സദ്ദാമിന്റെ സ്വേച്ഛാധിപത്യത്തിൽ നടന്ന കുർദ്ദ് വേട്ടയുടെ കാലഘട്ടത്തിലാണ് അക്കോയെ നമ്മൾ കാണുന്നത്. കുർദ്ദിസ്ഥാൻറെ കാര്യത്തിൽ അഭിമാനം കൊള്ളുന്ന അയാളെ ഇറാഖി സൈന്യത്തിൽ  നിർബന്ധിത  സേവനത്തിനായി കൊണ്ടുപോവുകയാണ്. ഇറാഖി സൈന്യത്തിന്റെ ഭാഗമായി ഇറാൻ-ഇറാഖ് അതിർത്തിയിൽ യുദ്ധം ചെയ്യുന്നതിനിടെ , യുദ്ധത്തിൽ മരണപ്പെട്ട ഒരാളുടെ മൃതദേഹത്തിന് അകമ്പടിയായി പോകാൻ അക്കോയെ ചുമതലപ്പെടുത്തുന്നു. അറബ് വംശജനായ ഡ്രൈവർക്കൊപ്പം, മൃതദേഹം വഹിച്ചു യാത്രയാകുന്ന അക്കോയ്ക്ക് മനസ്സിൽ മറ്റു പ്ലാനുകളും ഉണ്ടായിരുന്നു.
          വംശീയമായ വിവേചനങ്ങളെ  വ്യക്തമായി തന്നെ സിനിമ ദൃശ്യമാക്കുന്നുണ്ട്. കറുത്ത ഹാസ്യത്തിന്റെ നിഴലിൽ അവതരിപ്പിക്കപ്പെട്ട രംഗങ്ങളാൽ സമ്പന്നമായ ഈ സിനിമ, ഒരു കാലഘട്ടത്തെ ഓർമ്മയിലേക്കെത്തിക്കുന്നു. ഇന്നും  അവിടത്തെ സ്ഥിതിയിൽ മാറ്റം വന്നിട്ടുണ്ടോ? എന്ന ചിന്തയും ബാക്കിയാക്കുന്നു......

Friday 19 October 2018

RIPHAGEN (2016)


FILM : RIPHAGEN (2016)
COUNTRY : NETHERLANDS
GENRE : DRAMA !! HISTORY !! WAR !! THRILLER
DIRECTOR : PIETER KUIJPERS
              ചരിത്രം വീക്ഷിച്ച ക്രൂരതകളിൽ നായകത്വമണിഞ്ഞവർക്ക് അവരുടേതായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അധികാരത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ അവർ ഹേതുവായ ക്രൂരതകളെ അവരുടെ മനസാക്ഷി കണ്ടില്ലെന്നു നടിച്ചിട്ടുണ്ടാവണം. വെറുപ്പ് വിതറി വിജയങ്ങളും, സ്വാർത്ഥ ലാഭങ്ങളും, അധികാരങ്ങളും കൊയ്തെടുത്തവർക്കു പിന്നിൽ ചതിയന്മാരുടെയും, ഒറ്റുകാരുടെയും വൻനിര തന്നെ കാണാവുന്നതാണ്. നിസ്സഹായതകളെയും, വിശ്വാസത്തെയും മുതലെടുപ്പ് നടത്തി, ദ്രംഷ്ടകൾ ഉള്ളിലൊളിപ്പിച്ചു , ചേർത്ത് നിർത്തുന്ന വ്യാജേന ഞെരിച്ചു ഇല്ലായ്മ ചെയ്യുന്ന വഞ്ചകന്മാരും ചരിത്രത്തിന്റെ ഏടുകളിലെ ക്രൂരതയുടെ പ്രാതിനിത്യങ്ങളാകുന്നു. ചരിത്രത്തിലെ അത്തരമൊരു വ്യക്തിയിലേക്കും, അയാളുടെ ചെയ്തികളിലേക്കുമാണ് RIPHAGEN എന്ന ഡച്ചു  സിനിമ ക്യാമറ തിരിക്കുന്നത്.
           രണ്ടാം ലോകമഹായുദ്ധ കാലത്തെ നെതർലാൻഡിലെ നാസി അധിനിവേശത്തിനിടയിലെ ജൂതവേട്ടയുടെ പശ്ചാത്തലത്തിലുള്ള സംഭവങ്ങളാണ് സിനിമയിലുള്ളത്. ജീവഹാനി ഭയന്ന് ഒളിവിൽക്കഴിയുന്ന ജൂതരുടെ വിശ്വാസം നേടിയെടുത്ത്, അവരിൽ നിന്ന് വിലപ്പെട്ടതെല്ലാം കൈവശപ്പെടുത്തി ഒറ്റുകൊടുക്കുന്ന ക്രിമിനലാണ് റിഫാഗൻ. സമർത്ഥനായ ഒരു കുറ്റവാളിയെയാണ് അയാളുടെ ചെയ്തികളെ വീക്ഷിക്കുമ്പോൾ കാണാനാവുക. കുബുദ്ധി കൊണ്ടും, വാഗ്സാമർഥ്യം കൊണ്ടും നുണകളെ വിശ്വസിപ്പിച്ചെടുത്ത്  അധികാരികളെപ്പോലും വിഡ്ഢികളാക്കിയ  റിഫാഗന്റെ യഥാർത്ഥ ജീവിതത്തെ തിരശീലയിലേക്കു പടർത്തിയ ഈ സിനിമ ചെറിയ തോതിൽ ത്രില്ലിംഗ് എലമെന്റുകളെയും പ്രേക്ഷകനായ് കരുതിവെയ്ക്കുന്നുണ്ട്.
          രണ്ടാം ലോകമഹായുദ്ധവും അത് സൃഷ്ടിച്ച സാഹചര്യങ്ങളും അനവധി സിനിമകൾക്ക്   പ്രചോദനമായിട്ടുണ്ട്. ഇരുൾ പടർന്ന ആ കാലത്തിലേക്ക് ക്യാമറയുടെ  വെളിച്ചം തൂവി അവിശ്വസനീയമായ പലതും സിനിമയുടെ രൂപത്തിൽ ഇനിയും വരുമെന്നതും ഉറപ്പാണ്. മനസ്സ് മരവിപ്പിക്കുന്ന മനുഷ്യത്വ രഹിതമായ ക്രൂരതകളുടെ രക്തം പുരണ്ട കൈകളുമായി മാനവികതയ്ക്കു നേരെ അട്ടഹസിച്ചവരെ കാലം തിരസ്ക്കരിച്ചെങ്കിലും, പ്രതീക്ഷയും, ആശ്വാസവുമായ നീതി വൈകിയെങ്കിലും വന്നണഞ്ഞോ എന്ന് ചരിത്രത്തിലേക്ക് നോക്കി നെടുവീർപ്പിട്ടു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.  

Thursday 18 October 2018

THE BAG OF FLOUR (2012)


FILM : THE BAG OF FLOUR (2012)
COUNTRY : BELGIUM
GENRE : DRAMA
DIRECTOR : KADIJA LECLERE
             ചില അഭിനേതാക്കളുടെ സാന്നിധ്യം സിനിമയേക്കുറിച്ചുള്ള  പ്രതീക്ഷയ്ക്ക് കാരണമാവാറുണ്ട്. അനവധി മികച്ച സിനിമകളുടെ ഭാഗമായിട്ടുള്ള ഹിയാം അബ്ബാസ് എന്ന നടിയുടെ സാന്നിദ്ധ്യമാണ് ദി ബാഗ് ഓഫ് ഫ്ലോർ എന്ന ബെൽജിയൻ സിനിമ കാണാൻ കാരണമായത്. പ്രതീക്ഷ വെറുതെയായില്ല എന്ന് തന്നെ പറയാം.
         ബെൽജിയത്തിലെ ഒരു കൃസ്തീയ പശ്ചാത്തലത്തിലുള്ള ബോർഡിങ് സ്‌കൂളിൽ പഠിക്കുന്ന, കന്യാസ്ത്രീകളുടെ ലാളനയിൽ വളർന്ന, ദൈവകോപത്തെ ഭയക്കുന്ന സാറ എന്ന എട്ടുവയസ്സുകാരിയെ കാണാൻ അവളുടെ യഥാർത്ഥ  പിതാവ് എത്തുകയാണ്. അയാൾക്കൊപ്പം പാരീസിലേക്ക്  യാത്രയാകുന്ന അവൾ ഉറക്കമുണരുന്നത് എല്ലാ നിലയ്ക്കും അപരിചത്വം നിറഞ്ഞ മൊറോക്കൻ ഗ്രാമത്തിലാണ്. വ്യത്യസ്തമായ ഒരു മത-സാമൂഹിക ചുറ്റുപാടിൽ അപരിചിതരായവർക്കിടയിൽ  തനിച്ചാകുന്ന അവൾ പുതിയ ലോകത്തോട് പതിയെ സമരസപ്പെടുന്നതാണ് കാണാനാവുക. എട്ടു വർഷങ്ങൾക്കപ്പുറം സാമൂഹികമായി ഇഴുകിച്ചേരാനായ സാറയെ കണ്ടുമുട്ടാമെങ്കിലും അവളുടെ മനസ്സ് പുസ്തകങ്ങളും,  സ്വാതന്ത്ര്യവും, ആഗ്രഹങ്ങളും പൂത്തുനിൽക്കുന്ന ബെൽജിയൻ ഓർമ്മകളിൽ തന്നെയാണ് ബന്ധിച്ചു നിൽക്കുന്നത്. കുട്ടിക്കാലത്തെ ആ നിറമുള്ള ഓർമ്മകളെ യാഥാർത്യങ്ങളായി തിരിച്ചു പിടിക്കണമെന്നതാണ് അവളുടെ ലക്ഷ്യവും.
        1980-കളിലെ മൊറോക്കൻ ജീവിതത്തിലെ സാംസ്കാരികവും, രാഷ്ട്രീയവുമായ എലമെന്റുകളെ ഫ്രെയിമുകളിൽ നിർത്താൻ സംവിധായിക വിട്ടുപോകുന്നില്ല. അവയെല്ലാം സിനിമയിലെ അനിവാര്യതകളായി സാന്നിധ്യമറിയിക്കുന്നു. ഹഫ്സ ഹെർസയ് നല്ല രീതിയിൽ അവതരിപ്പിച്ച സാറയുടെ കൗമാരകാലത്തിലൂടെ ആ കാലഘട്ടത്തിലെ  പെൺജീവിതത്തെക്കുറിച്ചുള്ള  സാമൂഹിക കാഴ്ചപ്പാടുകളെ ദൃശ്യമാക്കാനും സിനിമ ബോധപൂർവ്വം ശ്രമിച്ചതായി തോന്നി. ലളിതമായി അവതരിപ്പിക്കപ്പെട്ട ഈ സിനിമ, വ്യത്യസ്ത സാംസ്കാരികതകളിൽ ജീവിതത്തെ വീക്ഷിക്കുന്ന സിനിമകൾ ഇഷ്ടപ്പെടുന്നവരെ നിരാശരാക്കില്ല.

Tuesday 16 October 2018

96 (2018)


FILM : 96 (2018)
GENRE : ROMANCE
DIRECTOR : PREMKUMAR
               നിർവചങ്ങൾക്കു വഴങ്ങാത്ത ഒന്നാണ്  പ്രണയമെന്നാണ് തോന്നിയിട്ടുള്ളത്. ആവർത്തനങ്ങളെ പോലും വിരസതയിൽ നിന്ന് അടർത്തിയെടുക്കാനുള്ള മായികതയും അതിനുണ്ട്. വേദനയുടെയും, നിർവൃതിയുടെയും ചക്രവാളങ്ങളെ സ്പർശിക്കാനും പ്രണയത്തിനാവുന്നു. "പ്രണയം മരണം പോലെ ശക്തം, പ്രണയം മനസ്സിന്റെ പ്രഥമോൽപ്പന്നം" എന്ന് കുറിച്ചവർക്കും തെറ്റുപറ്റിയിട്ടില്ലെന്നു കരുതാം. പ്രണയമെന്ന മനസ്സിന്റെ ഏറ്റവും മനോഹരമായ അവസ്ഥയെക്കുറിച്ചു വാക്കുകളാൽ വരച്ചിടാൻ ശ്രമിച്ചവരെല്ലാം വീണ്ടും വീണ്ടും അതിനു ശ്രമിക്കും എന്നതാണ് പ്രണയത്തെക്കുറിച്ചു പറയാവുന്ന ഉണ്മകളിലൊന്ന്.
             96 പകർന്ന കാഴ്ചകളുടെ നനുത്ത കുളിർമ്മയിൽ ഞാൻ പിന്തുടർന്നത് രാമചന്ദ്രനെയാണ്. പ്രണയത്തിന്റെ ലക്ഷണം സ്ത്രീയിൽ തന്റേടവും, പുരുഷനിൽ സംഭ്രമവുമാണെന്ന വിക്ടർ ഹ്യുഗോയുടെ വാക്കുകളാണ് പലപ്പോഴും മനസ്സിലെത്തിയത്. പ്രണയ വിശുദ്ധിയുടെ അടയാളമായി നിഷ്ക്കളങ്കതയും,പരിഭ്രമവും പ്രണയത്തിനു കൂട്ടായി പത്താം ക്ലാസ്സുകാരനിൽ നിന്നും രണ്ടു ദശകങ്ങൾക്ക് ശേഷവും രാമചന്ദ്രനെ വിട്ടൊഴിയുന്നില്ല. കാലത്തിന്റെയും, ജീവിതത്തിന്റെയും ഗതിയിൽ വന്നണയുന്ന സുവർണ്ണ നിമിഷങ്ങളെ ഫ്രീസ് ചെയ്യുന്ന ഫോട്ടോഗ്രഫിയെ കുറിച്ചു റാം പറയുന്നുണ്ട്. പ്രണയാർദ്രമായ സ്‌കൂൾ ഓർമ്മകളെപ്പോലെ, ഒത്തുചേരലിന്റെ നിമിഷങ്ങളെയും അയാളുടെ മനസ്സിൽ എന്നേക്കുമായി ഫ്രീസ് ചെയ്യുമായിരിക്കാം. നഷ്ടങ്ങളുടെയും, അകൽച്ചയുടെയും വേദനയായി പ്രണയം ഉറഞ്ഞുകൂടിയ വർഷങ്ങൾക്കിപ്പുറവും പ്രണയത്തിന്റെ കനലുകൾ തന്നോളം തീവ്രമായി പ്രണയിനിയിലും ജ്വലിക്കുന്നു എന്ന തിരിച്ചറിവിനെ അവന്റെ മനസ്സ് എങ്ങനെയാവാം ഒതുക്കി നിർത്തിയത്. ഇടറുന്ന വാക്കുകളേക്കാൾ തീവ്രത നിശബ്ദതയുടെ അകമ്പടിയിൽ അന്യോന്യം ഉടക്കിയ കണ്ണുകൾക്കായിരുന്നു. പരസ്പരം കൊരുത്ത നോട്ടങ്ങളിൽ നിന്നും അവൻ പിൻവലിയുന്നത് വൈകാരികതയുടെ ഇരമ്പലിൽ വീണുടയുമെന്ന ഭീതിമൂലമായിരിക്കാം. 
          പ്രണയം സമ്മാനിച്ച നോവിനെ കൈവിടാതെ ഒറ്റപ്പെടലിന്റെ ചങ്ങലയിൽ  സ്വയം ബന്ധിച്ച അവന്റെ മിടിപ്പുകൾ, പറയാൻ കഴിയാതെ പോയതും പറയാതെ പോയതുമായവ അവളോട് മന്ത്രിച്ചിട്ടുണ്ടാവണം. ഓർമ്മകളുടെ ശേഷിപ്പുകളുമായി കാലത്തെ പിന്നോട്ട് വലിച്ചു ഗൃഹാതുരതയിൽ കുരുങ്ങിക്കിടക്കാനാണ് റാം ആഗ്രഹിക്കുന്നത്. തെരുവിന്റെ വിജനതയിൽ വഴിവെളിച്ചങ്ങളുടെ ശോഭയിൽ നിശബ്ദതയെ വകഞ്ഞുമാറ്റിയെത്തുന്ന ചുടു നിശ്വാസങ്ങളെ സാക്ഷിയാക്കിയുള്ള അവരുടെ ചുവടുകൾ അവസാനിക്കരുതേയെന്ന് തന്നെയാണ് ഓരോ പ്രേക്ഷകന്റെയും ഇടനെഞ്ചും ആഗ്രഹിക്കുന്നത്.
          സിനിമയേക്കുറിച്ചു പലതും പറയണമെന്നുണ്ട്. സംഗീതം, അഭിനയം, അഭിനേതാക്കൾ, സ്ക്രിപ്റ്റ്, സിനിമാട്ടോഗ്രഫി, റാമിന്റെ ജീവനായ ജാനകി എന്നിവയെല്ലാം  കുറിച്ചുവെയ്ക്കപ്പെടേണ്ടവയാണ്. ഓർമ്മയുടെ  ശേഖരങ്ങളിലേക്ക് ഒരു ദിവസത്തെക്കൂടി അടുക്കി വെച്ച് ഒരു വിങ്ങലായി ഹൃദയത്തിൽ തറഞ്ഞു നിൽക്കുന്ന രാമചന്ദ്രനോട് ചേർന്ന് നിൽക്കാനാണ് മനസ്സും, മഷിയും ആഗ്രഹിച്ചത്...............  

Sunday 14 October 2018

ROCK THE CASBAH (2013)


FILM : ROCK THE CASBAH (2013)
COUNTRY : MOROCCO
GENRE : DRAMA
DIRECTOR : LAILA MARRAKCHI
               കുടുംബാംഗങ്ങൾ ഒരുമിക്കുന്ന നിമിഷങ്ങൾ ഈ തിരക്കൊഴിയാത്ത കാലഘട്ടത്തിൽ വിരളമായാണ് സംഭവിക്കുക. സന്തോഷത്തിന്റെ ഒളിചിതറുന്ന അത്തരമൊരു ഒത്തുചേരലായിരുന്നില്ല ഹസ്സന്റെ കുടുംബത്തിന്റേത്. കാരണം, പല വഴിയ്ക്ക് തിരിഞ്ഞുപോയ മൂന്ന് പെൺമക്കൾ കുടുംബ വീട്ടിൽ ഒത്തുചേരുന്നത് അയാളുടെ ശവസംസ്കാര ചടങ്ങുകൾക്കായാണ്.  മൊറോക്കൻ സിനിമയായ റോക്ക് ദി കാസ്ബാഹ്‌  ഇങ്ങനെയൊരു സാഹചര്യത്തെയാണ് അവതരിപ്പിക്കുന്നത്.
              കൊട്ടാര സദൃശമായ ആ വീട്ടിലെ ശവസംസ്കാര ചടങ്ങിന്റെ ബഹളങ്ങൾക്കിടയിൽ കേൾക്കാനാവുന്ന കുടുംബാംഗങ്ങളുടെ സംഭാഷണങ്ങളെയാണ് പ്രേക്ഷകർ പിന്തുടരേണ്ടിവരുന്നത്. കുറ്റപ്പെടുത്തലുകളും, പരിഹാസങ്ങളും, പരിഭവങ്ങളും, ദേഷ്യവും, ധർമ്മസങ്കടങ്ങളും, നിരാശകളുമെല്ലാം അണപൊട്ടിയൊഴുകുന്ന വാക്പോരുകൾക്കിടയിൽ നിന്ന് ഓരോരുത്തരും പല അപ്രിയസത്യങ്ങളെയും തിരിച്ചറിയുകയാണ്.
              ഒമർ ഷെരീഫ്, ഹിയാം അബ്ബാസ്, നാദിൻ ലബാക്കി എന്നീ വിശ്രുത അഭിനേതാക്കളുടെ സാന്നിധ്യവും സിനിമയ്ക്ക് മുതൽകൂട്ടാവുന്നു. കൂടുതൽ ആളുകളുടെ കാഴ്ച അർഹിക്കുന്ന സിനിമയാണ് റോക്ക് ദി കാസ്ബാഹ്. അത് തന്നെയാണ് ഈ കുറിപ്പെഴുതാനുള്ള പ്രേരണയും.

Saturday 13 October 2018

DEDE (2017)

FILM : DEDE (2017)
COUNTRY : GEORGIA
GENRE : DRAMA
DIRECTOR : MARIAM KHATCHVANI
            ജോർജ്ജിയൻ സംവിധായികയായ MARIAM KHATCHVANI യുടെ DEDE (2017) എന്ന സിനിമയെക്കുറിച്ചാണ് ഈ കുറിപ്പ്. ജോർജ്ജിയയിലെ  മലനിരകളിൽ ജീവിക്കുന്ന, പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നവരുടെ സാമൂഹിക പശ്ചാത്തലമാണ് ഈ സിനിമയിലേത്. പാട്രിയാർക്കി തെളിഞ്ഞു നിൽക്കുന്ന സംസ്കാരവും, അതിനൊത്ത പാരമ്പര്യ രീതികളും , ആചാരങ്ങളും പേറുന്ന ഒരു ജനതയ്ക്കിടയിലാണ് നായികയെ നാം കണ്ടുമുട്ടുന്നത്.
          ഒരു പാട്രിയാർക്കിയൽ  സൊസൈറ്റിയുടെ നിയമങ്ങളും, രീതികളും സ്ത്രീവിരുദ്ധമാകുമെന്നതിൽ സംശയമില്ല. DINA-യുടെ ജീവിതം അവളുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി ചലിക്കുന്നത് പ്രേക്ഷകനെ അസ്വസ്ഥമാക്കുമെങ്കിലും, അത്ഭുതപ്പെടുത്താത്തത് അത്തരം സാമൂഹികാവസ്ഥയിൽ മറ്റൊരു സാധ്യതയെ തിരയേണ്ടതില്ലെന്ന തിരിച്ചറിവ് മൂലമാണ്. സമൂഹത്തിന്റെ പരമ്പരാഗത രീതികളുടെ ദുസ്സഹമായ നിർബന്ധങ്ങൾക്കു കീഴ്‌പ്പെട്ടു കൊണ്ട് യാഥാർത്യങ്ങളെ പുണരേണ്ടി വരുന്ന മനസ്സുകളും ശരീരങ്ങളും ഒരു പ്രദേശത്തിന്റെ മാത്രം സവിശേഷതയല്ലെന്നതാണ് ഈ സിനിമയുടെ ഉള്ളടക്കത്തിന് യൂണിവേഴ്സാലിറ്റി സമ്മാനിക്കുന്നത്.
           മനസ്സിന്റെ ഇച്ഛകളെ മുൻനിർത്തിയുള്ള തെരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യത്തെ DINA-യിൽ നിന്നും കവർന്നെടുക്കുന്നത് പക്ഷപാതിത്വത്തിൽ വേരൂന്നിയ സാമൂഹിക നിയമങ്ങളാണ്. ഒന്നിനു പുറകെ മറ്റൊന്നായി അവളുടെ ജീവിതത്തിൽ വന്നു ചേരുന്ന ദുരവസ്ഥകൾക്കു വഴിവെട്ടുന്നതും അവൾ ഭാഗമായ സമൂഹത്തിന്റെ രീതികൾ  തന്നെയാകുന്നു. ഒളിഞ്ഞും തെളിഞ്ഞും രൂപം മാറിയും  ഭൂതകാലത്തിന്റെ പെരുമയും, പൈതൃകവുമെന്ന ലേബലിൽ ഇന്നും നമുക്കിടയിൽ നിലകൊള്ളുന്ന മനുഷ്യത്വ വിരുദ്ധമായ രീതികളെ തിരസ്കരിക്കേണ്ടതല്ലേ ?.... എന്ന തിരിച്ചറിവാണ് ദിനയുടെ നിസ്സഹായതകളിൽ അവളോടൊപ്പം മനസ്സു കൊണ്ട് പങ്കുചേരുന്ന പ്രേക്ഷകനുണ്ടാവേണ്ടത്.
          മഞ്ഞുപുതഞ്ഞു നിൽക്കുന്ന മലനിരകളും, ഗ്രാമവും , മഞ്ഞുപെയ്യുന്ന പകലുകളും ഈ സിനിമയിലെ മനോഹരങ്ങളായ ഫ്രെയിമുകളാവുന്നു. സംവിധായിക ആഗ്രഹിച്ച വിധത്തിൽ കഥാപാത്രത്തിന്റെ ഇമോഷനുകളെ പകർന്നു നൽകാൻ നായികയ്ക്കായിട്ടുണ്ട്. DINOLA (2013) എന്ന തന്റെ  ഷോർട്ട് ഫിലിമിനെ മികച്ച ഒരു സിനിമാ അനുഭവമാക്കുന്നതിൽ  DEDE യിലൂടെ സംവിധായികയ്ക്ക് സാധിച്ചിരിക്കുന്നു.


Friday 12 October 2018

RACER AND THE JAILBIRD(2017)


FILM : RACER AND THE JAILBIRD(2017)
COUNTRY : BELGIUM
GENRE : CRIME !!! DRAMA !!! ROMANCE
DIRECTOR : MICHAEL R ROSKAM
                  നമ്മുടെ പ്രതീക്ഷയെ സാധൂകരിക്കുന്ന വിധത്തിലാവണമെന്നില്ല പല സിനിമകളുടെയും ഉള്ളടക്കം. ട്രൈലറുകളെയും, ഉള്ളടക്കത്തെക്കുറിച്ചുള്ള സൂചനകളേയുമെല്ലാം അപ്രസക്തമാക്കിയാണ് ചില സിനിമകൾ അവതരിക്കാറുള്ളത്. 2017 ൽ പുറത്തിറങ്ങിയ ബെൽജിയൻ സിനിമയായ റൈസർ ആൻഡ് ദി ജയിൽ ബേർഡ്  അത്തരമൊരു അനുഭവമാണ് നൽകിയത്. സംവിധായകന്റെ ബുൾഹെഡ് (2011) എന്ന സിനിമ കണ്ടിട്ടുള്ളതിനാലും, ജോണർ ക്രൈം ഡ്രാമ എന്നു കേട്ടതിനാലുമാണ് കണ്ടത്. ഒരു ഗ്യാങ്‌സ്റ്റർ ക്രൈം ഡ്രാമയെന്ന തലത്തിൽ നിന്ന് വളരെ വിഭിന്നമായ പ്രതലത്തിലാണ് സിനിമ നിലകൊള്ളുന്നത് എന്ന് ചുരുക്കിപ്പറയാം.
                   ജിനോ എന്നയാൾക്ക് ആദ്യ കാഴ്ചയിൽ തന്നെ ബിബിയെ ഇഷ്ടമാവുകയാണ്. വേഗതയെ പ്രണയിക്കുന്ന ബിബിയോട് പ്രണയം തുറന്നു പറയുന്ന ജിനോ എന്ന ക്രിമിനലിന്റെ ജീവിതവും, അവരുടെ ബന്ധത്തിന്റെ തീവ്രതയും , അത് സൃഷ്ടിക്കുന്ന സങ്കീർണ്ണമായ അവസ്ഥകളുമാണ് സിനിമ പറയുന്നത്. സിനിമയിലെ വാഹനങ്ങൾക്കുള്ള ചടുലത സിനിമയ്ക്കില്ല. ആവേശം വിതറുന്ന രംഗങ്ങളും ഇല്ല എന്ന് പറയാം. വേർപ്പെടുത്താനാവാത്ത വിധം ഗാഢമായ അവരുടെ ബന്ധമാണ് പ്രേക്ഷകന്റെ പ്രതീക്ഷിത ട്രാക്കിൽ നിന്ന് സിനിമയെ വേർപ്പെടുത്തുന്നത്. ഇരു കഥാപാത്രങ്ങളും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന സിനിമയുടെ അവസാന ഭാഗങ്ങൾ മൊത്തം കഥാഗതിയോട് ലയിപ്പിച്ചു ചേർക്കുന്നതിൽ പാളിച്ച വന്നോ എന്ന സന്ദേഹം  ബാക്കിയാക്കിയ ഈ സിനിമ പൂർണ്ണമായ സംതൃപ്തി നൽകിയില്ലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം നിരാശയുമായില്ല.......