Thursday, 18 October 2018

THE BAG OF FLOUR (2012)


FILM : THE BAG OF FLOUR (2012)
COUNTRY : BELGIUM
GENRE : DRAMA
DIRECTOR : KADIJA LECLERE
             ചില അഭിനേതാക്കളുടെ സാന്നിധ്യം സിനിമയേക്കുറിച്ചുള്ള  പ്രതീക്ഷയ്ക്ക് കാരണമാവാറുണ്ട്. അനവധി മികച്ച സിനിമകളുടെ ഭാഗമായിട്ടുള്ള ഹിയാം അബ്ബാസ് എന്ന നടിയുടെ സാന്നിദ്ധ്യമാണ് ദി ബാഗ് ഓഫ് ഫ്ലോർ എന്ന ബെൽജിയൻ സിനിമ കാണാൻ കാരണമായത്. പ്രതീക്ഷ വെറുതെയായില്ല എന്ന് തന്നെ പറയാം.
         ബെൽജിയത്തിലെ ഒരു കൃസ്തീയ പശ്ചാത്തലത്തിലുള്ള ബോർഡിങ് സ്‌കൂളിൽ പഠിക്കുന്ന, കന്യാസ്ത്രീകളുടെ ലാളനയിൽ വളർന്ന, ദൈവകോപത്തെ ഭയക്കുന്ന സാറ എന്ന എട്ടുവയസ്സുകാരിയെ കാണാൻ അവളുടെ യഥാർത്ഥ  പിതാവ് എത്തുകയാണ്. അയാൾക്കൊപ്പം പാരീസിലേക്ക്  യാത്രയാകുന്ന അവൾ ഉറക്കമുണരുന്നത് എല്ലാ നിലയ്ക്കും അപരിചത്വം നിറഞ്ഞ മൊറോക്കൻ ഗ്രാമത്തിലാണ്. വ്യത്യസ്തമായ ഒരു മത-സാമൂഹിക ചുറ്റുപാടിൽ അപരിചിതരായവർക്കിടയിൽ  തനിച്ചാകുന്ന അവൾ പുതിയ ലോകത്തോട് പതിയെ സമരസപ്പെടുന്നതാണ് കാണാനാവുക. എട്ടു വർഷങ്ങൾക്കപ്പുറം സാമൂഹികമായി ഇഴുകിച്ചേരാനായ സാറയെ കണ്ടുമുട്ടാമെങ്കിലും അവളുടെ മനസ്സ് പുസ്തകങ്ങളും,  സ്വാതന്ത്ര്യവും, ആഗ്രഹങ്ങളും പൂത്തുനിൽക്കുന്ന ബെൽജിയൻ ഓർമ്മകളിൽ തന്നെയാണ് ബന്ധിച്ചു നിൽക്കുന്നത്. കുട്ടിക്കാലത്തെ ആ നിറമുള്ള ഓർമ്മകളെ യാഥാർത്യങ്ങളായി തിരിച്ചു പിടിക്കണമെന്നതാണ് അവളുടെ ലക്ഷ്യവും.
        1980-കളിലെ മൊറോക്കൻ ജീവിതത്തിലെ സാംസ്കാരികവും, രാഷ്ട്രീയവുമായ എലമെന്റുകളെ ഫ്രെയിമുകളിൽ നിർത്താൻ സംവിധായിക വിട്ടുപോകുന്നില്ല. അവയെല്ലാം സിനിമയിലെ അനിവാര്യതകളായി സാന്നിധ്യമറിയിക്കുന്നു. ഹഫ്സ ഹെർസയ് നല്ല രീതിയിൽ അവതരിപ്പിച്ച സാറയുടെ കൗമാരകാലത്തിലൂടെ ആ കാലഘട്ടത്തിലെ  പെൺജീവിതത്തെക്കുറിച്ചുള്ള  സാമൂഹിക കാഴ്ചപ്പാടുകളെ ദൃശ്യമാക്കാനും സിനിമ ബോധപൂർവ്വം ശ്രമിച്ചതായി തോന്നി. ലളിതമായി അവതരിപ്പിക്കപ്പെട്ട ഈ സിനിമ, വ്യത്യസ്ത സാംസ്കാരികതകളിൽ ജീവിതത്തെ വീക്ഷിക്കുന്ന സിനിമകൾ ഇഷ്ടപ്പെടുന്നവരെ നിരാശരാക്കില്ല.

1 comment:

  1. സാറയുടെ കൗമാരകാലത്തിലൂടെ ആ കാലഘട്ടത്തിലെ പെൺജീവിതത്തെക്കുറിച്ചുള്ള സാമൂഹിക കാഴ്ചപ്പാടുകളെ ദൃശ്യമാക്കാനും സിനിമ ബോധപൂർവ്വം ശ്രമിച്ചതായി തോന്നി. ലളിതമായി അവതരിപ്പിക്കപ്പെട്ട ഈ സിനിമ, വ്യത്യസ്ത സാംസ്കാരികതകളിൽ ജീവിതത്തെ വീക്ഷിക്കുന്ന സിനിമകൾ ഇഷ്ടപ്പെടുന്നവരെ നിരാശരാക്കില്ല.

    ReplyDelete