Saturday 30 April 2016

EMBRACE OF THE SERPENT (2015)



FILM : EMBRACE OF THE SERPENT (2015)
COUNTRY : COLOMBIA
GENRE : ADVENTURE !!! HISTORY !!! DRAMA
DIRECTOR : CIRO GUERRA

                      അഡ്വഞ്ചർ -ട്രാവൽ മൂവി   എന്നതിലേക്ക് ചുരുക്കാനാവാത്ത  ഒരു മാസ്റ്റർപീസ്‌ സിനിമയാണ് കൊളംബിയൻ സംവിധായകനായ CIRO GUERRA-യുടെ EMBRACE OF THE SERPENT. പ്രകൃതിയോട് ഉരുമ്മി നിന്നിരുന്ന ഭൂതകാല സാംസ്കാരികതകളെ ഓർമ്മപ്പെടുത്തുന്നതോടൊപ്പം അധികാര-സാമ്പത്തിക  ദുര മൂത്ത അധിനിവേശങ്ങളുടെയും, പീഡനങ്ങളുടെയും ഇന്നലെകളെയും ആമാസോണിയൻ  വന്യതയെ സാക്ഷിയാക്കി കറുപ്പിലും വെളുപ്പിലും ജീവനേകി കാണിച്ചു തരുന്നു ഈ സിനിമ. സഞ്ചാരിയുടെ ലക്ഷ്യമെന്താണെങ്കിലും  ആത്മസംസ്കരണത്തിന്റെ വാതായനങ്ങൾ തുറന്നിടുന്നവയാണ് യാത്രകൾ. സിനിമയുടെ പ്രയാണത്തിലും ആത്മീയത മറനീക്കി ഇരിപ്പുറപ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
                  "കരമകാട്ടേ" എന്ന ഏകാകിയായ "ആമസോണിയൻ ഷമൻ" -നെ തേടി രണ്ട് ഗവേഷകർ എത്തുന്നതും YAKRUNA എന്ന വിശിഷ്ട സസ്യം തേടി അവർക്കൊപ്പം അയാൾ നടത്തുന്ന യാത്രകളുമാണ് ഈ സിനിമയുടെ ഉള്ളടക്കം. 40 വർഷത്തെ ഇടവേളകളുള്ള ഈ യാത്രകൾ ഇടകലർന്ന് നമ്മുടെ മുന്നിൽ തെളിയുമ്പോൾ  യാത്രയിൽ അവർ കണ്ടുമുട്ടുന്ന   കാഴ്ചകളെ കാലന്തരത്തെ മുൻനിർത്തി നമുക്കും വിലയിരുത്താനാകുന്നു. രണ്ടു യാത്രകളിലെയും സംഭാഷണങ്ങളിൽ മുഴച്ചു നിൽക്കുന്ന സാമൂഹിക-സാംസ്കാരിക സംഘർഷങ്ങളെ അധിനിവേശങ്ങളുടെയും, അത് സൃഷ്ടിച്ച പ്രതീക്ഷാവഹമല്ലാത്ത മാറ്റങ്ങളുടെയും അടിസ്ഥാനത്തിൽ ചരിത്രാവബോധത്തോടെ സമീപിക്കേണ്ടതുണ്ട്. തദ്ദേശീയമായ സംസ്കൃതിയെ അടർത്തിമാറ്റുന്ന തരത്തിൽ അധിനിവേശത്തിന്റെ സഹചാരിയായെത്തിയ  മതചിഹ്നങ്ങളെയും സിനിമ വ്യക്തമാക്കുന്നു. ഇന്ദ്രിയങ്ങൾക്കതീതമായ   കാഴ്ച്ചകളെ സ്വപ്നം കണ്ടുണരുന്ന  EVAN-ടൊപ്പം അവശേഷിക്കുന്ന ചിന്തകളും, തിരിച്ചറിവുകളുമായിരുന്നു  കരമകാട്ടേയുടെ ജന്മനിയോഗം എന്ന് തോന്നിപ്പോവുന്നു.
                         ആമസോൺ വനങ്ങളും മറ്റും നിറയുന്ന ഫ്രെയിമുകൾ കളറിലായിരുന്നെങ്കിൽ എന്ന് മോഹിച്ചുവെങ്കിലും സിനിമയുടെ  പ്രമേയത്തിന് കൂടുതൽ അനുയോജ്യത ബ്ലാക്ക്‌ ആൻഡ് വൈറ്റ് തന്നെയാണെന്ന് സമ്മതിക്കാതെ വയ്യ. ഓസ്കാർ നോമിനേഷൻ ഉൾപ്പെടെ ധാരാളം പുരസ്കാരങ്ങൾ നേടിയ ഈ സിനിമ കാണാതെ പോകുന്നത് നഷ്ടം തന്നെയാണ്.


Friday 29 April 2016

ABSOLUTE HUNDRED (2001)



FILM : ABSOLUTE HUNDRED (2001)
COUNTRY : SERBIA
GENRE : CRIME !!! DRAMA
DIRECTOR : SRDAN GOLUBOVIC

                   CIRCLES (2013), TRAP (2007) എന്നീ സിനിമകളിലൂടെയാണ് സെർബിയൻ സംവിധായകനായ  SRDAN GOLUBOVIC-നെ പരിചയിച്ചത്. ഈ രണ്ടു സിനിമകൾ നൽകിയ  ദൃശ്യാനുഭവം തന്നെയായിരുന്നു ABSOLUTE HUNDRED എന്ന സിനിമ കാണാൻ പ്രചോദനമേകിയത്. ഒരു സ്പോർട്ട് സിനിമയാണ് ഞാൻ പ്രതീക്ഷിച്ചതെങ്കിലും നല്ല ഒരു ക്രൈം ഡ്രാമയാണ് കാണാനായത്.
           ABSOLUTE HUNDRED  ഷൂട്ടർമാരായ രണ്ട് സഹോദരങ്ങളുടെ കഥ പറയുന്നു. മൂത്തവനായ IGOR മുൻ ഒളിമ്പിക് ചാമ്പ്യനും, ഇളയവൻ SASHA പ്രതിഭാധനനായ ഭാവി  വാഗ്ദാനവുമാണ്. എന്നാൽ IGORന്റെ ചെയ്തികളും , ബാധ്യതകളും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ  രണ്ട് പേരെയും  ഒരുപോലെ ബാധിക്കുന്നു. അവയെ നേരിടുന്ന ശ്രമങ്ങളാണ് ഈ സിനിമയെ  ഒരു സ്പോർട്ട് മൂവിയുടെ ട്രാക്കിൽ നിന്നും മാറ്റി സഞ്ചരിപ്പിക്കുന്നതും.
               CIRCLE എന്ന സിനിമയിലേതു പോലെ ഈ സിനിമയിലും വിജനമായ തെരുവുകളും , നിശബ്ദതയിൽ  മുങ്ങി നിൽക്കുന്ന അപ്പാർട്ട്മെന്റുകളേയും കാണാം. ബോധപൂർവം ഉൾകൊള്ളിച്ചത് എന്ന രീതിയിൽ പലതവണ ഫ്രെയിം നിറയുന്ന ഇത്തരം കാഴ്ച്ചകൾ അവിടങ്ങളിലെ വിരസമായ ജീവിതത്തെ ദ്യോതിപ്പിക്കുന്നവയാവാം എന്ന സംശയം മനസ്സിൽ ബാക്കിവെച്ച് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.


Saturday 23 April 2016

ലീല (2016)



FILM : LEELA (2016)
COUNTRY : INDIA (LANGUAGE : MALAYALAM)
DIRECTOR : RANJITH

              ഉണ്ണി ആർ-ന്റെ ചെറുകഥ ആസ്പദമാക്കി രഞ്ജിത് ഒരുക്കുന്ന സിനിമയിൽ കുട്ടിയപ്പനായി വേഷമിടുന്നത് ബിജുമേനോനാണെന്ന് അറിഞ്ഞതിനു ശേഷമാണ് ഞാൻ ലീല വായിച്ചത്.  അതിനാൽ തന്നെ കൂട്ടിവച്ച അക്ഷരങ്ങൾ മനസ്സിൽ ജനിപ്പിച്ച ചിത്രങ്ങളിലും അയാളുടെ ചേഷ്ടകളും, കുസൃതികളും തന്നെയായിരുന്നു.    ലോകത്തിന്റെ സഹജമായ ആൺകോയ്മയുടെയും, പുരുഷ പക്ഷ ചിന്തകളുടെയും, കാമാർത്തതയുടെയും ഉടലായി കുട്ടിയപ്പൻ അവതരിക്കുമ്പോൾ അക്ഷരങ്ങൾ സമ്മാനിച്ച മിഴിവുണ്ടാകുമോ എന്ന സന്ദേഹം എന്റെ കൂടെയുണ്ടായിരുന്നു. അതുകൊണ്ട് സിനിമയ്ക്ക് വേണ്ടിയുള്ള കൂട്ടിച്ചേർക്കലുകളും, മുറിച്ചുമാറ്റലുകളും അനിവാര്യതയാകുമെന്ന ബോധ്യത്തോടെയാണ് സിനിമ കാണാൻ കയറിയത്. സിനിമയെക്കുറിച്ചുള്ള ഗഹനമായ വിശകലനത്തിന് മുതിരുന്നില്ല. മനസ്സിൽ തറച്ച ചില ദൃശ്യങ്ങൾ പടർത്തിയ  ചിന്തകൾ മാത്രം പങ്കുവെച്ച് കൊള്ളുന്നു.
              ഒരു പണാധിപത്യ സമൂഹത്തിൽ പരസ്യപ്പെടുന്ന പുരുഷകാമനകളുടെ പ്രതീകമായാണ് കുട്ടിയപ്പൻ നിറഞ്ഞു നിൽക്കുന്നത്. അയാളിലെ വൈകൃതങ്ങൾക്കൊപ്പം, കാഴ്ചപ്പാടുകളിലെ ചില നേരുകളെക്കൂടി ചേർത്ത് വെയ്ക്കുമ്പോൾ ആക്ഷേപ ഹാസ്യത്തിന്റെ കൂരമ്പുകൾക്ക് മൂർച്ചയേറുന്നു. മാന്യതയുടെയും, കപടസദാചാരങ്ങളുടെയും പുറന്തോടുകളെ എറിഞ്ഞുടച്ച് കൊണ്ടാണ് കുട്ടിയപ്പന്റെ ലീലാവിലാസങ്ങൾ മുന്നേറുന്നത്. പെണ്ണുടലിന്റെ ഭോഗപരതയിലേയ്ക്ക്  മാത്രം ഒളികണ്ണെറിയുന്ന  പുരുഷ ചിന്തകളെ   സദാചാര ബോധങ്ങൾക്കുള്ളിൽ നിന്ന് കണ്ടെടുക്കുമ്പോൾ സിനിമ അതിന്റെ അടയാളം അവശേഷിപ്പിക്കുന്നു. ലഹരികൾ തീർക്കുന്ന മേലാപ്പിനുള്ളിൽ നീചമായ കൈയ്യബദ്ധങ്ങളായി ബന്ധങ്ങൾ വീണുടയുന്ന മൃഗീയതകൾക്ക് നമ്മളിൽ ഞെട്ടലുളവാക്കാനാവാത്ത  നിസ്സംഗതയിലാണ് സമൂഹം അഭയം തേടിയിരിക്കുന്നത്. "ഇരകൾ"  വികാരങ്ങൾ കൊഴിഞ്ഞു പോയ ശരീരങ്ങളായി സമൂഹ മനസ്സിനെ വിചാരണ ചെയ്യുമ്പോൾ രക്ഷയുടെ കരങ്ങളാവാൻ നമ്മുടെ ചിന്തകളെ വിമലീകരിച്ച് രൂപാന്തരപ്പെടേണ്ടതുണ്ട് എന്ന തുറന്നു പറച്ചിലാകുന്നു ലീല.
                  സിനിമ സംവിധായകന്റെ ദൃശ്യഭാഷയായതിനാൽ നമ്മൾ അക്ഷരങ്ങളിലൂടെയറിഞ്ഞ കുട്ടിയപ്പനിൽ ചില പ്രത്യക്ഷ മാറ്റങ്ങൾ സിനിമയിൽ കാണാം. കഥാപാത്ര വ്യക്തിത്വതിലേയ്ക്കും നുഴഞ്ഞു കയറുന്ന ഈ നവ അംശങ്ങൾ സിനിമയ്ക്കയുള്ള വിട്ടുവീഴ്ചകളായി കണക്കാക്കാം. തിരോഭവിച്ച കഥാംശങ്ങളെക്കുറിച്ച് വിലപിക്കാതെ സ്ക്രീനിൽ തെളിഞ്ഞ ദൃശ്യങ്ങൾ നൽകിയ അനുഭൂതിയെ വാച്യമായി വിലയിരുത്തുമ്പോൾ  രഞ്ജിത്തിന്റെ ലീലയെ  മികച്ച ശ്രമം എന്ന് സമ്മതിക്കേണ്ടി  വരുന്നു.    


Thursday 14 April 2016

FEAR ME NOT (2008)



FILM : FEAR ME NOT (2008)
COUNTRY : DENMARK
GENRE : DRAMA !!! PSYCHOLOGICAL THRILLER
DIRECTOR : KRISTIAN LEVRING

                നിഷ്ക്രിയമായ ജീവിതം പരുവപ്പെടുത്തുന്ന അസ്വസ്ഥ മനസ്സ് ഹിംസകളിലേയ്ക്ക് വഴുതിപ്പോകുന്ന കാഴ്ചയാണ് ഡാനിഷ് സിനിമയായ FEAR ME NOT പങ്കുവെയ്ക്കുന്നത്. തന്റെ ജോലിയിൽ നിന്നും ദീർഘമായ അവധിയെടുത്ത് കഴിയുന്ന മൈക്കേൽ ജീവിതത്തിൽ ഒരു "മാറ്റത്തിനുള്ള" കാത്തിരിപ്പിലാണ്. കൂടുതൽ മുഷിപ്പിലേക്ക് നീങ്ങുന്ന അയാളുടെ ജീവിതം വീണ്ടും ചലനാത്മകമാകുന്നത് ബന്ധുവായ ഫ്രെഡറിക്കിന്റെ ANTI DEPRESSANT മരുന്ന് പരീക്ഷണത്തിന്റെ ഭാഗമാകുന്നതോടെയാണ്. ഭാര്യയോടും, മകളോടുമൊപ്പം കഴിയുന്ന അയാളുടെ ജീവിതം പുതിയ തിരിവുകളിലെക്കും , കയറ്റിറക്കങ്ങളിലേക്കും നീങ്ങുന്നു. അയാളുടെ  മനസ്സ് സഞ്ചരിക്കുന്ന വഴികളിലൂടെ നമ്മളും സഞ്ചരിക്കുന്നു. അധീശത്വം, സ്വാതന്ത്ര്യം എന്നിവയിലൂന്നിയ മനോനിലകളെ പല രംഗങ്ങളിലും  വ്യക്തമായി  തെളിഞ്ഞു കാണാമായിരുന്നു. ചഞ്ചലചിത്തമായ മനസ്സിന്റെ ദിശാസൂചികളെ പിൻപറ്റിയുള്ള മൈക്കേലിന്റെ സഞ്ചാരം എവിടെ അവസാനിക്കുമെന്ന ചിന്തയാണ് പ്രേക്ഷകരെ അകാംഷാഭരിതരാക്കുന്നത്. ഒരു നല്ല സൈക്കോളജിക്കൽ  ത്രില്ലർ എന്ന് ഈ ഡാനിഷ് സിനിമയെ വിളിക്കാം എന്നാണ് എന്റെ അഭിപ്രായം.


Saturday 9 April 2016

SON OF SAUL (2015)



FILM : SON OF SAUL (2015)
COUNTRY : HUNGARY
GENRE : DRAMA
DIRECTOR : LASZLO NEMES
               നാസി ഭീകരതകളും, ഹോളോകാസ്റ്റും വിഷയമായുള്ള മറ്റൊരു സിനിമ എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു തള്ളാവുന്നതല്ല ഹംഗേറിയൻ സിനിമയായ SON OF SAUL. ക്രൂരതകളും, വേദനകളും, നിലവിളികളും, മരണവും കയ്യേറിയിട്ടുള്ള നാലു ചുമരുകൾക്കുള്ളിൽ തളംകെട്ടി നിൽക്കുന്ന മനുഷ്യ മാംസത്തിന്റെ ഗന്ധമറിഞ്ഞ് അസ്വസ്ഥതയെ സഹചാരിയാക്കി വേദനയോടെ മാത്രം കണ്ടുതീർക്കാവുന്ന കാഴ്ചയാണ് SON OF SAUL.
                     ഉന്മൂലന സിദ്ധാന്തത്തിന്റെ കൊടുംക്രൂരതകൾക്ക് സാക്ഷിയായ ഓഷ്വിട്സിന്റെ അകത്തളങ്ങളിൽ അഴിഞ്ഞാടിയ ഭീകരതയെ ഇത്രമേൽ പ്രേക്ഷകനിലേക്ക് പകർന്ന സിനിമകൾ കുറവായിരിക്കും. ഗ്യാസ്ചേംബറിൽ അവസാനിച്ച ഓരോ ജീവിതവും അവസാന ശ്വാസത്തിനു മുൻപ് വരെ നടന്നു തീർത്ത ദുരിതങ്ങളേയും, അനുഭവിച്ച മാനസിക സംഘർഷങ്ങളെയും ഒരു സിനിമയുടെ പരിമിതമായ സമയത്തിലേക്ക് ചുരുക്കാനാവില്ല. എങ്കിലും, മാനവികതയെ കൈവിട്ട് "ചരിത്രം"  താണ്ടിയ വഴികളിലേക്ക് ക്യാമറ തിരിക്കുമ്പോൾ സംഭവിക്കാനോ, ആവർത്തിക്കാനോ പാടില്ലാത്ത ഇരുണ്ട ദിനങ്ങളെക്കുറിച്ചുള്ള അപായ സൂചനകളാകുന്നു. വിധിക്കുന്നവരെയും, വിധിക്കപ്പെടുന്നവരെയുമല്ല മനുഷ്യത്വമുള്ളവരെയാണ് ലോകത്തിനാവശ്യം എന്ന തിരിച്ചറിവിലേക്കാണ് മാനവ സമൂഹം ഉണരേണ്ടത്.
         ജൂത തടവുകാരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട "SONDERKOMMANDO"-കളുടെ സഹായത്തോടെയാണ് നാസികൾ കൂട്ടഹത്യകൾ ഫലപ്രദമായി നടത്തിയിരുന്നത്. മരണം താൽകാലികമായെങ്കിലും അകന്നു നിൽക്കുന്ന "ഔദാര്യത്തിൽ" കടിച്ചു തൂങ്ങാതെ മനസ്സിനുള്ളിൽ  കലാപത്തിന്റെ കനലുകളുമായാണ് അവർ  നിർബന്ധിത ജോലി ചെയ്യുന്നത്. പ്രതീക്ഷകൾ നാമ്പിടാത്ത, സ്വപ്‌നങ്ങൾ കടന്നു വരാത്ത വീർപ്പുമുട്ടലിന്റെ തടവറയിൽ ജീവനുള്ളതും ചേതനയറ്റതുമായ ശരീരങ്ങളെയാണ് നമുക്ക് കാണാവുന്നത്‌. ഭീകരതകളെ മങ്ങിയ കാഴ്ചകളായി  പിന്നിലേക്ക്‌  തള്ളി SAUL എന്ന നായകനിൽ തറച്ചു നിൽക്കുന്ന ക്യാമറയുടെ ഭാഷയും നമുക്ക് വായിച്ചെടുക്കാം.  ജീവിതമെന്നത്‌ മരണവുമായുള്ള ഒളിച്ചുകളിയാവുന്ന ഇടനാഴികളിലും മനുഷ്യ മനസ്സിന്റെ ഉത്കൃഷ്ട സൗന്ദര്യമായി മാനവികതയെ ദർശിക്കാം എന്നതാണ് SON OF SAUL പറയുന്ന പരമമായ സത്യം. ഇരുട്ടിനുള്ളിലെ ആ നേർത്ത വെളിച്ചത്തിലേക്കാണ് നമ്മൾ നോക്കേണ്ടതും..........



Monday 4 April 2016

SNOW (2008)



FILM : SNOW (2008)
COUNTRY : BOSNIA
GENRE : DRAMA
DIRECTOR : AIDA BEGIC

      യുദ്ധം കവർന്ന ജീവനുകൾ അവശേഷിപ്പിച്ച മരവിപ്പിന്റെ തണുപ്പായിരുന്നു ആ താഴ്വരയിലെങ്ങും. സന്തോഷത്തിന്റെ കണികകളെ പോലും ശവക്കുഴികളിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയ യുദ്ധ ഭീകരതയുടെ ബാക്കിപത്രങ്ങളായിരുന്നു അവരുടെ ജീവിതങ്ങൾ. "ഇരകൾ" എന്ന നോവ്‌ കിനിയുന്ന വാക്കിലേക്ക് യുദ്ധ-യുദ്ധാനന്തര ഭൂമികളിലെ നിസ്സഹായരെ ചേർത്ത് പിടിക്കാം. വംശഹത്യയുടെ സമാനതകളില്ലാത്ത ക്രൂരതയിൽ തുടച്ചുനീക്കപ്പെട്ടവരെ കാത്തിരിക്കുകയും, അന്വേഷിക്കുകയും , ഓർക്കുകയും ചെയ്യേണ്ടി വരുന്നവരുടെ നീറ്റലുകളാണ് ഇത്തരം സിനിമകൾ സമ്മാനിക്കുന്നത്.
               സെർബിയക്കാർ നടത്തിയ  ബോസ്നിയൻ കൂട്ടക്കൊലയ്ക്കു ശേഷമുള്ള ഒരു കാലത്തെയാണ് SNOW എന്ന സിനിമയിൽ കാണാനാവുക. വംശഹത്യയുടെ  നടുക്കം ഓരോ കഥാപാത്രത്തിലും തെളിഞ്ഞു കാണാം. അത്  സൃഷ്ടിച്ച മാനസികാഘാതം ഓരോ ഭാവങ്ങളിലും സാന്നിധ്യമറിയിക്കുന്നു. യുദ്ധമേൽപ്പിച്ച നഷ്ടങ്ങളിൽ വിങ്ങുന്ന മനസ്സിന്റെ തേങ്ങലുകളാണ് വേദനയുടെ സംഗീതം സിനിമയ്ക്ക് പകരുന്നത്.
              ബോസ്നിയ, ക്രോയേഷ്യ, സെർബിയ എന്നിവിടങ്ങളിലെ യുദ്ധാനന്തര സാഹചര്യങ്ങളിലെ കാഴ്ച്ചകളെ പകർന്ന പല സിനിമകളിലും സ്ത്രീകളുടെ സ്വത്വ, മാനസിക തലങ്ങളെയാണ് രേഖപ്പെടുത്താൻ ശ്രമിക്കാറുള്ളത്. GRBAVICA (2006), HALIMA' S PATH (2012) എന്നീ സിനിമകളിലെല്ലാം ഈ കാര്യം സ്പഷ്ടമായി കാണാം. ഭർത്താവ്, പിതാവ്, മക്കൾ എന്നിവരെല്ലാം കേവലം ഓർമ്മയായി മണ്ണടിയുന്ന ദുസ്സ്വപ്നം വിട്ടുണരുന്ന അവൾ നിവർന്ന് നിൽക്കുന്നത് അന്തർ സംഘർഷങ്ങളുടെ കനലുകളിലാണ്. ജീവിതം എങ്ങോട്ടെന്നില്ലാതെ വഴിമുട്ടി നിൽക്കുമ്പോഴും പിറകിലുള്ള ഇരുട്ട് സമ്മാനിച്ച വേദനകളുടെ കടിഞ്ഞാണുകളെ അവൾ   കുടഞ്ഞെറിയുന്നത്  സഹനത്തിന്റെ ഔന്നത്യം കൊണ്ടാണ്.
          വിധവയായ ALMA-യും, മറ്റു സ്ത്രീകളും യുദ്ധത്തിനിപ്പുറവും പോരാടുക തന്നെയാണ്. ഓർമ്മകൾ കണ്ണീരുറവകൾ  തീർക്കുന്ന ഒറ്റപ്പെടലിന്റെ നിർജ്ജീവതയിൽ  നിലനിൽപ്പിന്റെ ശ്രമങ്ങൾ സാന്ത്വനമേകുമെന്ന തിരിച്ചറിവാണ് അവളെ ചലിപ്പിക്കുന്നത്. അവളുടെ ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുന്ന സെർബിയക്കാരനെ വാക്കുകളാൽ എതിരിടുന്ന "സഫിയ"-യിലും പ്രതീക്ഷയുടെ ചേതനയിലുപരി വിട്ടൊഴിയാത്ത വീര്യം തന്നെയാണ് കാണാനാവുക. മഞ്ഞുപൊഴിയുന്ന ഊഷ്മളതയുമായി കാലം അവർക്ക് കൂടിക്കഴ്ചയൊരുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
              ശബ്ദങ്ങൾക്കിടയിലെ വലിയ നിശബ്ദതകളെ സിനിമയുടെ ശബ്ദമായി ഉൾക്കൊള്ളാൻ  നമുക്കാവുന്നത് കഥാപാത്രങ്ങളുടെ അകങ്ങളിലേക്ക് നമുക്കും വഴിവെട്ടാൻ കഴിയുന്നതിനാലാണ്. നിശബ്ദത  പോലും ചോദ്യങ്ങളായി നമുക്ക് അനുഭവപ്പെടുന്നത് വെറുപ്പിന്റെ വിത്തുകൾ പരന്നു കിടക്കുന്ന താഴ്വരയിൽ നമ്മൾ നിൽക്കുന്നത് മൂലമാണ്. നമ്മൾ അന്ധരും, ബധിരരും തന്നെയാണ്. ജീവനടരുന്ന പിടച്ചിലിന്റെ വേദനയിലുയരുന്ന "അരുത്" എന്ന അലർച്ചയ്ക്കിടയിലും വെറുപ്പിന്റെ വിത്തുകൾക്ക് വെള്ളമൊഴിച്ചു കൊണ്ടിരിക്കുന്ന നമ്മൾ പിന്നെയാരാണ്?............


Sunday 3 April 2016

THE LIGHT THIEF (2010)



FILM : THE LIGHT THIEF (2010)
COUNTRY : KYRGYZSTAN
GENRE : DRAMA
DIRECTOR : AKTAN ARYM KUBAT

    ഒരു ദേശത്തിന്റെ പൈതൃകവും, പാരമ്പര്യവും കുടികൊള്ളുന്നത്‌ ഗ്രാമങ്ങളിലാണ്. അതിനാൽ തന്നെ ഗ്രാമീണാന്തരീക്ഷത്തിലുള്ള  സിനിമകൾ എപ്പോഴും പുതുമകൾ സമ്മാനിക്കുന്നവയാണ്. സാർവ്വദേശീയതയെ നിരാകരിക്കുന്ന പ്രാദേശികമായ ചിഹ്നങ്ങളാണ് ഈ പുതുമയുടെ നിദാനം. ഗ്രാമീണ സൗന്ദര്യം നിഴലിക്കുന്ന കിർഗിസ്ഥാൻ സിനിമയായ THE LIGHT THIEF എന്ന സിനിമയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ദരിദ്രരായ ഗ്രാമീണരെ സഹായിക്കുന്ന സഹൃദയനായ ഒരു ഇലക്ട്രീഷനെ ചുറ്റിപ്പറ്റിയാണ് ഈ സിനിമ നമ്മുടെ കാഴ്ചകളുടെ കൂടെ കൂടുന്നത്. വളരെ ലളിതമായ രീതിയിൽ അവതരിപ്പിക്കപ്പെട്ട ഈ സിനിമ ദാരിദ്ര്യം, സ്നേഹം, മൂല്യങ്ങൾ, അഴിമതി, രാഷ്ട്രീയം എന്നിവയെ സ്പർശിച്ചു കൊണ്ടാണ് കടന്നുപോവുന്നത്. ഈ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളെ വ്യക്തമായി അടയാളപ്പെടുത്താനും സിനിമ ശ്രമിക്കുന്നു. കേവലം 76 മിനുട്ട് മാത്രം ദൈർഘ്യമുള്ള ഈ സിനിമയിൽ കോമഡി രംഗങ്ങൾ ഉണ്ടെങ്കിലും ഒരു ഫീൽ ഗുഡ് സിനിമയുടെ പാതയിലല്ല സിനിമ സഞ്ചരിക്കുന്നത്.