Monday, 4 April 2016

SNOW (2008)



FILM : SNOW (2008)
COUNTRY : BOSNIA
GENRE : DRAMA
DIRECTOR : AIDA BEGIC

      യുദ്ധം കവർന്ന ജീവനുകൾ അവശേഷിപ്പിച്ച മരവിപ്പിന്റെ തണുപ്പായിരുന്നു ആ താഴ്വരയിലെങ്ങും. സന്തോഷത്തിന്റെ കണികകളെ പോലും ശവക്കുഴികളിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയ യുദ്ധ ഭീകരതയുടെ ബാക്കിപത്രങ്ങളായിരുന്നു അവരുടെ ജീവിതങ്ങൾ. "ഇരകൾ" എന്ന നോവ്‌ കിനിയുന്ന വാക്കിലേക്ക് യുദ്ധ-യുദ്ധാനന്തര ഭൂമികളിലെ നിസ്സഹായരെ ചേർത്ത് പിടിക്കാം. വംശഹത്യയുടെ സമാനതകളില്ലാത്ത ക്രൂരതയിൽ തുടച്ചുനീക്കപ്പെട്ടവരെ കാത്തിരിക്കുകയും, അന്വേഷിക്കുകയും , ഓർക്കുകയും ചെയ്യേണ്ടി വരുന്നവരുടെ നീറ്റലുകളാണ് ഇത്തരം സിനിമകൾ സമ്മാനിക്കുന്നത്.
               സെർബിയക്കാർ നടത്തിയ  ബോസ്നിയൻ കൂട്ടക്കൊലയ്ക്കു ശേഷമുള്ള ഒരു കാലത്തെയാണ് SNOW എന്ന സിനിമയിൽ കാണാനാവുക. വംശഹത്യയുടെ  നടുക്കം ഓരോ കഥാപാത്രത്തിലും തെളിഞ്ഞു കാണാം. അത്  സൃഷ്ടിച്ച മാനസികാഘാതം ഓരോ ഭാവങ്ങളിലും സാന്നിധ്യമറിയിക്കുന്നു. യുദ്ധമേൽപ്പിച്ച നഷ്ടങ്ങളിൽ വിങ്ങുന്ന മനസ്സിന്റെ തേങ്ങലുകളാണ് വേദനയുടെ സംഗീതം സിനിമയ്ക്ക് പകരുന്നത്.
              ബോസ്നിയ, ക്രോയേഷ്യ, സെർബിയ എന്നിവിടങ്ങളിലെ യുദ്ധാനന്തര സാഹചര്യങ്ങളിലെ കാഴ്ച്ചകളെ പകർന്ന പല സിനിമകളിലും സ്ത്രീകളുടെ സ്വത്വ, മാനസിക തലങ്ങളെയാണ് രേഖപ്പെടുത്താൻ ശ്രമിക്കാറുള്ളത്. GRBAVICA (2006), HALIMA' S PATH (2012) എന്നീ സിനിമകളിലെല്ലാം ഈ കാര്യം സ്പഷ്ടമായി കാണാം. ഭർത്താവ്, പിതാവ്, മക്കൾ എന്നിവരെല്ലാം കേവലം ഓർമ്മയായി മണ്ണടിയുന്ന ദുസ്സ്വപ്നം വിട്ടുണരുന്ന അവൾ നിവർന്ന് നിൽക്കുന്നത് അന്തർ സംഘർഷങ്ങളുടെ കനലുകളിലാണ്. ജീവിതം എങ്ങോട്ടെന്നില്ലാതെ വഴിമുട്ടി നിൽക്കുമ്പോഴും പിറകിലുള്ള ഇരുട്ട് സമ്മാനിച്ച വേദനകളുടെ കടിഞ്ഞാണുകളെ അവൾ   കുടഞ്ഞെറിയുന്നത്  സഹനത്തിന്റെ ഔന്നത്യം കൊണ്ടാണ്.
          വിധവയായ ALMA-യും, മറ്റു സ്ത്രീകളും യുദ്ധത്തിനിപ്പുറവും പോരാടുക തന്നെയാണ്. ഓർമ്മകൾ കണ്ണീരുറവകൾ  തീർക്കുന്ന ഒറ്റപ്പെടലിന്റെ നിർജ്ജീവതയിൽ  നിലനിൽപ്പിന്റെ ശ്രമങ്ങൾ സാന്ത്വനമേകുമെന്ന തിരിച്ചറിവാണ് അവളെ ചലിപ്പിക്കുന്നത്. അവളുടെ ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുന്ന സെർബിയക്കാരനെ വാക്കുകളാൽ എതിരിടുന്ന "സഫിയ"-യിലും പ്രതീക്ഷയുടെ ചേതനയിലുപരി വിട്ടൊഴിയാത്ത വീര്യം തന്നെയാണ് കാണാനാവുക. മഞ്ഞുപൊഴിയുന്ന ഊഷ്മളതയുമായി കാലം അവർക്ക് കൂടിക്കഴ്ചയൊരുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
              ശബ്ദങ്ങൾക്കിടയിലെ വലിയ നിശബ്ദതകളെ സിനിമയുടെ ശബ്ദമായി ഉൾക്കൊള്ളാൻ  നമുക്കാവുന്നത് കഥാപാത്രങ്ങളുടെ അകങ്ങളിലേക്ക് നമുക്കും വഴിവെട്ടാൻ കഴിയുന്നതിനാലാണ്. നിശബ്ദത  പോലും ചോദ്യങ്ങളായി നമുക്ക് അനുഭവപ്പെടുന്നത് വെറുപ്പിന്റെ വിത്തുകൾ പരന്നു കിടക്കുന്ന താഴ്വരയിൽ നമ്മൾ നിൽക്കുന്നത് മൂലമാണ്. നമ്മൾ അന്ധരും, ബധിരരും തന്നെയാണ്. ജീവനടരുന്ന പിടച്ചിലിന്റെ വേദനയിലുയരുന്ന "അരുത്" എന്ന അലർച്ചയ്ക്കിടയിലും വെറുപ്പിന്റെ വിത്തുകൾക്ക് വെള്ളമൊഴിച്ചു കൊണ്ടിരിക്കുന്ന നമ്മൾ പിന്നെയാരാണ്?............


3 comments:

  1. യുദ്ധക്കെടുതിയില്‍ സ്വത്വം നഷ്ടപ്പെടുന്നവരുടെ രോദനങ്ങള്‍. എത്ര കഠിനഹൃദയം ഉള്ളവരെങ്കിലും,ഏതെങ്കിലും ഒരു സീനിലെങ്കിലും മനസ്സ് വിങ്ങാതെ ഈ പടം പൂര്‍ത്തിയാക്കില്ല, അതുറപ്പ്‌. നന്നായി പരിചയപ്പെടുത്തി ഷഹീര്‍. മലപ്പുറത്ത്,
    മഞ്ചേരിയില്‍ ഫിലിംഫെസ്റ്റിവലില്‍ കണ്ട പടം. സൂപ്പര്‍ ക്രാഫ്റ്റ്.

    ReplyDelete
    Replies
    1. യുദ്ധത്തിനു ശേഷവും അവരെ വേട്ടയാടുന്ന ശൂന്യതയും , വേദനകളും നമ്മളെയും ഈരനണിയിപ്പിക്കുന്നു..... മികച്ച പ്രതികരണത്തിന് നന്ദി.

      Delete
  2. ശബ്ദങ്ങൾക്കിടയിലെ വലിയ നിശബ്ദതകളെ
    സിനിമയുടെ ശബ്ദമായി ഉൾക്കൊള്ളാൻ നമുക്കാവുന്നത്
    കഥാപാത്രങ്ങളുടെ അകങ്ങളിലേക്ക് നമുക്കും വഴിവെട്ടാൻ കഴിയുന്നതിനാലാണ്. നിശബ്ദത പോലും ചോദ്യങ്ങളായി നമുക്ക് അനുഭവപ്പെടുന്നത്

    ReplyDelete