Friday 29 December 2017

ULZHAN (2007)



FILM : ULZHAN (2007)
GENRE : DRAMA
COUNTRY : FRANCE !! KAZAKHSTAN !! GERMAN
DIRECTOR : VOLKER SCHLONDROFF

                    ചാൾസ് ഫ്രഞ്ചുകാരനാണ്. കസാഖിസ്ഥാനിലെ പുൽമേടുകൾ നിറഞ്ഞ മലനിരകളിലൂടെ അയാൾ യാത്രചെയ്യുന്നത് എന്തിനായിരിക്കും? ലക്ഷ്യമില്ലായ്മ നിഴലിക്കുന്ന അയാളുടെ യാത്രയുടെ ഉദ്ദേശ്യമെന്തായിരിക്കും?.... ഈ സംശയങ്ങൾ കേൾക്കുമ്പോൾ, ഇതൊരു അഡ്വെഞ്ചർ-ട്രാവൽ മൂവിയാണെന്ന് തെറ്റിദ്ധരിക്കേണ്ട. യാത്ര തന്നെയാണ് സിനിമയുടെ ആത്മാവെങ്കിലും, ഈ യാത്രയും, കഥാപാത്രങ്ങളും, ഉദ്ദേശ്യങ്ങളുമെല്ലാം പ്രതീക്ഷിത വഴികളിലൂടെയല്ല മുന്നേറുന്നത്.
       ആർക്കും പിടിതരാതെ അലയുന്ന ചാൾസ്, ചാൾസിനെ പിന്തുടരുന്ന സുന്ദരിയായ ULZHAN, യാത്രയിൽ സഹചാരിയായി എത്തുന്ന "ശകുനി". ഇവർ മൂന്നുപേരുമാണ് പ്രധാന കഥാപാത്രങ്ങൾ. കാഥാപാത്രങ്ങളെ പൊതിഞ്ഞു നിൽക്കുന്ന നിഗൂഢത തന്നെയാണ് സിനിമയിലുടനീളം നിലനിൽക്കുന്നത്. "വാക്കുകൾ" വിൽക്കുന്നവർ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ശകുനിയുടെ സംഭാഷണങ്ങളും, യാത്രയിലും, ചാൾസിന്റെ ചിന്തകളിലും നിറയുന്ന കാഴ്ച്ചകളും പ്രേക്ഷകനെ ചിന്തിപ്പിക്കുന്നവയാണ്. ഫിലോസഫിക്കലോ, സ്പിരിച്വലോ ആയ ഒരു തലത്തിലേക്ക് സിനിമ പതിയെ നീങ്ങുന്നതായും അനുഭവപ്പെട്ടു. ജീവിതം, മരണം എന്നിവയെക്കുറിച്ചുള്ള ചിന്തകൾ ഈ സിനിമ പ്രേക്ഷകനിൽ അവശേഷിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചാൾസിനെയാണ് നമ്മളും, സിനിമയും പിന്തുടരുന്നതെങ്കിലും സിനിമയ്ക്ക് ULZHAN എന്ന പേര് എന്തുകൊണ്ടാവാം നൽകിയത് എന്ന ചിന്തയും എന്നിൽ ബാക്കി നിൽക്കുന്നു.     


Wednesday 27 December 2017

JOYEUX NOEL (2005)



FILM : JOYEUX NOEL (2005)
GENRE : DRAMA !!! ROMANCE
COUNTRY : FRANCE
DIRECTOR : CHRISTIAN CARION

                    ക്രിസ്തുമസ് ദിനത്തിൽ എഴുതണം എന്നു കരുതിയ ഒരു പോസ്റ്റാണ്. വൈകിപ്പോയെങ്കിലും, ഇന്ന് JOYEUX NOEL എന്ന ഫ്രഞ്ച് സിനിമയെ നിങ്ങൾക്കായ് പരിചയപ്പെടുത്തുന്നു. യുദ്ധങ്ങളുമായി ബന്ധപ്പെട്ട അനവധി സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഈ സിനിമ അവയിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നു. ഒരു യഥാർത്ഥ സംഭവത്തെ അധികരിച്ചാണ് ഈ സിനിമയെടുത്തിട്ടുള്ളത് എന്നതും ഇതിന്റെ പ്രത്യേകതയാണ്.
        സിനിമയേക്കുറിച്ചു പറയുകയാണെങ്കിൽ, 1914-ലെ ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധമുഖങ്ങളിൽ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ മാനവികതയുടെ വെളിച്ചവുമേന്തി ക്രിസ്തുമസ് വന്നെത്തുന്നതാണ് പ്രമേയം. വെറുപ്പിന്റെ വേലിക്കെട്ടുകൾക്ക് പിറകിൽ നിന്ന് ക്രിസ്തുമസ് ഗാനങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയരുമ്പോൾ ഫ്രഞ്ച്, സ്‌കോട്ടിഷ്, ജർമ്മൻ സൈനികർ അവരുടെ ബങ്കറുകളിൽ നിന്നും പുറത്തിറങ്ങി NO MAN'S LAND-ൽ  ഒത്തുകൂടുന്ന കാഴ്ച മനോഹരമാണ്. വെടിയൊച്ചകൾ നിലയ്ക്കുന്ന ആ നിമിഷങ്ങളിലാണ് എതിരാളികാളുടെ ഹൃദയങ്ങളിലേക്ക് പരസ്പരം നോക്കാൻ അവർക്കാവുന്നത്. യുദ്ധമുഖത്തേക്ക് വലിച്ചിഴക്കപ്പെട്ട ഗായകനായ പ്രാണപ്രിയനെ തേടി യുദ്ധഭൂമിയിലേക്കു സധൈര്യം കടന്നു വരുന്ന ഗായിക കൂടിയായ നായികയിലൂടെ പ്രണയത്തെയും പ്രമേയത്തോടു ചേർക്കുന്നുണ്ടെങ്കിലും, വിരഹം നിഴലിക്കുന്ന ഓരോ സൈനികനിലും കൂടുതൽ തീവ്രമായ പ്രണയത്തെ നമുക്ക് കണ്ടുമുട്ടാനാവുന്നു.
        വിശ്വാസത്തെ യുദ്ധവുമായി വിളക്കിച്ചേർക്കാനുള്ള പൗരോഹിത്യത്തിന്റെ കാപട്യങ്ങളെ തുറന്നു കാട്ടാൻ സിനിമ ശ്രമിക്കുന്നുണ്ട്. സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും സന്ദേശങ്ങളുമായി വന്നണയുന്ന ക്രിസ്തുമസിനെ ക്രൂരതകളുടേയും, പീഡനങ്ങളുടെയും, മരണത്തിന്റെയും ഭൂമികയിൽ പ്രതിഷ്ടിച്ചു മാനവികതയെയും, യുദ്ധങ്ങളുടെ നിരർത്ഥകതയെയും ദ്യോതിപ്പിക്കാൻ ഈ സിനിമയ്ക്കാവുന്നു. ക്രിസ്തുമസ് സിനിമകളിലെ ക്ലാസ്സിക്കുകളിൽ ഒന്നായ ഈ സിനിമ മിസ്സ് ചെയ്യേണ്ട എന്ന എളിയ അഭിപ്രായത്തോടെ നിർത്തുന്നു.


Saturday 16 December 2017

IFFK 2017 :- മനസ്സിൽ ഉടക്കിയ കാഴ്ച്ചകളും, ചിന്തകളും

IFFK 2017 :- മനസ്സിൽ ഉടക്കിയ  കാഴ്ച്ചകളും, ചിന്തകളും 
         സിനിമയെ ഭ്രാന്തമായി സ്നേഹിക്കുന്നവർക്കിടയിൽ ലോകസിനിമയെ നുകരുന്ന ദിനങ്ങളാണ് എനിക്ക് ഓരോ iffk-യും. കുളിരുകോരുന്ന നിശബ്ദതയിൽ നിലവിളികളും, നിലപാടുകളും, പ്രതിഷേധങ്ങളും, യാഥാർത്യങ്ങളുമെല്ലാം വലിയ സ്‌ക്രീനിന്റെ  വെളുപ്പിൽ ദൃശ്യവിസ്മയമായി നിറയുന്നത് എന്നിലെ സിനിമാപ്രേമിയുടെ ഡിസംബറിനെ കുറിച്ചുള്ള നിറമുള്ള പ്രതീക്ഷകളാണ്. രജിസ്ട്രേഷൻ കിട്ടിയപ്പോഴുള്ള ആശ്വാസവും ചെറുതല്ലായിരുന്നു. ഓരോ മേളകളിലെയും സിനിമകൾ വ്യത്യസ്തം എന്നതുപോലെ ഓരോ മേളയും വ്യത്യസ്ത അനുഭവമാണ് കാഴ്ചക്കാരനു നൽകാറുള്ളത്. വിവാദങ്ങൾക്ക് ഇത്തവണയും പഞ്ഞമില്ലെങ്കിലും, സർഗാത്മക നിഷേധങ്ങളും, ക്രിയേറ്റിവായ പ്രതിഷേധങ്ങളും സാഹചര്യങ്ങൾ ആവശ്യപ്പെടുന്ന ഇന്നിന്റെ ചുട്ടുപൊള്ളുന്ന നിമിഷങ്ങളിലും കാണാനായില്ല.
         മേളയെ എത്തിപ്പിടിക്കാനാവുന്നവർ ചില ശേഷികളും, സവിശേഷതകളും സമ്മേളിക്കുന്നവർ മാത്രമാകുമ്പോൾ സിനിമയെ മനസ്സിൽ താലോലിക്കുന്ന പലരും തഴയപ്പെടുന്നു എന്ന ആക്ഷേപം ചിലയിടങ്ങളിൽ നിന്നും കേട്ടു. നിയന്ത്രണങ്ങളും, കാർക്കശ്യവും മേളയുടെ സ്ഥിരം സാന്നിധ്യങ്ങളായ പലരിലും രസക്കേട് സൃഷ്ടിച്ചതായും നേരിട്ടറിഞ്ഞു. രാത്രി ഉറക്കമൊഴിച്ചു സിനിമകൾ റിസർവ്വ് ചെയ്ത സന്തോഷത്തിൽ വരിനിന്നു തീയേറ്ററിൽ പ്രവേശിക്കുമ്പോൾ സീറ്റുകൾ പലതും ഗസ്റ്റുകൾക്കായി കൈയ്യടക്കിവെച്ചിരിക്കുന്നത് കണ്ടപ്പോൾ ഡെലിഗേറ്റ്സുകളിൽ പലരും പൊട്ടിത്തെറിച്ചു. മേളയുടെ നടത്തിപ്പിൽ വരുന്ന പാളിച്ചകളെ തിരുത്തേണ്ടവർ ഓർക്കേണ്ടത് മേള പ്രേക്ഷകന്റേതാണെന്ന ലളിത  സത്യമാണ്. സിനിമയെ അതിന്റെ സാധ്യതകളുടെ, സൗന്ദര്യത്തിന്റെ അതിരുകളിൽ ആസ്വദിക്കുന്നവനാണ് മേളയുടെ യഥാർത്ഥ അവകാശിയാവേണ്ടത്. അവനു ഇടം നഷ്ടമാകുമ്പോൾ മേള ഉത്സവക്കാഴ്ച്ചകൾ മാത്രമായി നേർത്തു പോവുന്നു.
            കാണേണ്ട സിനിമകളെ സെലക്ട് ചെയ്യുന്നതാണ് മേളയ്‌ക്കെത്തുന്നതിനു മുമ്പ് ചെയ്യാറുള്ള ഹോം വർക്ക്‌. മുൻവർഷങ്ങളിലേതു പോലെ വേണ്ടത്ര തയ്യാറെടുപ്പ് ഇത്തവണ ഉണ്ടായില്ല. സംവിധായകൻ, സിനിമയുടെ സ്വഭാവം, നമ്മുടെ ഇഷ്ടങ്ങൾ എന്നീ സൂചകങ്ങളെ മുൻനിർത്തിയുള്ള തെരെഞ്ഞെടുപ്പുകൾ പലപ്പോഴും പാളിപ്പോവാറുണ്ട്. പതിഞ്ഞ താളവും, രാഷ്ട്രീയവുമില്ലാത്ത ഒരു സിനിമ സജസ്റ്റ് ചെയ്യാമോ എന്നാണ് സമീപത്തിരുന്ന സിനിമാപ്രേമി ചോദിച്ചത്. ചില നാടുകളിലെ സിനിമകളിലെ ടെംപ്ലേറ്റ് സ്ട്രക്ച്ചർ വിട്ടൊഴിയുന്നില്ല എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.  രാഷ്ട്രീയത്തെയും, നിലപാടുകളെയും ആഴത്തിൽ വിശകലനം ചെയ്യുന്നവരും മേളയിലെ സ്ഥിരം സാന്നിധ്യങ്ങളാണ്. അവരോടു സംവദിക്കാനുള്ള അവസരങ്ങൾ ഒരിക്കലും ഞാൻ നഷ്ടപ്പെടുത്താറുമില്ല. കാഴ്ചയുടെ സൗന്ദര്യവും, കഥപറച്ചിലിന്റെ ലാളിത്യവുമാണ് ഭൂരിപക്ഷത്തിന്റെ ഇഷ്ടങ്ങളാവുന്നത് എന്നാണ് തോന്നിയിട്ടുള്ളത്. എല്ലാവരുടെയും നാവിൽ ആദ്യമെത്തുന്നതും, കൂടുതൽ ആളുകൾ പറയുന്നതുമായ സിനിമകൾക്ക് പൊതുവിൽ ഈ സവിശേഷതകളാണ് കണ്ടുവരാറുള്ളതും. ലോകസിനിമകളെ കുറിച്ച് ഗഹനമായ അറിവൊന്നുമില്ലെങ്കിലും "കറക്കിക്കുത്തൊന്നും" ആയിരുന്നില്ല എന്റെയും തെരഞ്ഞെടുപ്പുകൾ. പലതും പാളിപ്പോയി എന്നതാണ് ഇത്തവണത്തെ നിരാശ. എങ്കിലും, കേട്ടറിഞ്ഞതും, വായിച്ചറിഞ്ഞതുമായ ചില സിനിമകളുടെ കാഴ്ചക്കാരനായപ്പോൾ വിരലിലെണ്ണാവുന്ന നല്ല സിനിമകളും കാണാനായി എന്നതാണ് സന്തോഷകരമായ കാര്യം.
        സൗഹൃദങ്ങളാണ് മേളയിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം. സുഹൃത്തുക്കളിൽ പലരെയും കാണാനായില്ലെങ്കിലും, പുതിയ ചില സൗഹൃദങ്ങൾ തീർക്കാനായി എന്ന സന്തോഷവും ഈ മേള നൽകി. ഇത്തവണ നാലു ദിവസം മാത്രമാണ് കാഴ്ചകളിൽ ലയിച്ചുചേരാനായത്. വെറും 15 സിനിമകൾ മാത്രമാണ് കണ്ടത്. ആഗ്രഹിച്ച പലതും കാണാനായില്ലെങ്കിലും, കണ്ടവയിൽ ഇഷ്ടമായവയെ ചെറിയ തോതിൽ പരിചയപ്പെടുത്തുന്നു.

WHITE BRIDGE (2017, IRAN , ALI GHAVITAN)
                മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട WHITE BRIDGE  ഇത്തവണത്തെ എന്റെ പ്രിയ ചിത്രങ്ങളിലൊന്നായിരുന്നു.  അധ്യാപകൻ എന്ന നിലയിൽ എന്നിലേക്ക്‌ തന്നെ നോക്കാനും ഈ സിനിമയിലെ പല രംഗങ്ങളും അവസരമേകി. ഒരു വാഹനാപകടത്തിനു ശേഷം തന്റെ സ്‌കൂളിൽ നിന്നും മറ്റൊന്നിലേക്കു പഠനം മാറ്റേണ്ടി വരുകയാണ് ബഹാരോ എന്ന കുട്ടിയ്ക്ക്. അവളെ സാധാരണ സ്‌കൂളിൽ നിന്നും ഭിന്നശേഷിക്കാർക്കുള്ള സ്‌കൂളിലേക്കു നിയമ-നിർബന്ധങ്ങൾക്ക്‌ വഴങ്ങി പറഞ്ഞയക്കേണ്ടി വരുന്നു. അവളുടെ ആഗ്രഹങ്ങൾക്കൊപ്പം നിന്ന് പോരാടുകയാണ് മാതാവ്. നിയമങ്ങളുടെ നിർദ്ദയത്വവും, അധികാരികളുടെ അനുകമ്പയില്ലായ്മകളും ബഹാരോയെ തളർത്തുന്നില്ല. അറിവിന്റെ ഇടങ്ങളിൽ നിന്നും ഉയർന്നു കേൾക്കുന്ന കുസൃതിച്ചിരികളിൽ ബഹാരോയുടെ ശബ്ദവും കേട്ടിരുന്നെങ്കിൽ എന്നാണ് ഓരോ പ്രേക്ഷകന്റെയും മനസ്സ് കൊതിക്കുന്നത്. നല്ല ഒരു പ്രമേയത്തെ അതിവൈകാരികതകളെ കൂട്ടുപിടിക്കാതെ ഏറ്റവും ആസ്വാദ്യകരമായ രീതിയിൽ പ്രേക്ഷകനിലേക്ക് പടർത്താൻ ഈ സിനിമയ്ക്കാവുന്നു. സിനിമയിലെ രംഗങ്ങളിൽ ഒന്നിൽ ബഹാറോയുടെ കൈയ്യിലെ ബാഗ് തട്ടി പാലത്തിൽ നിന്നും താഴെ വെള്ളത്തിൽ വീണ് ഒലിച്ചുപോകുന്ന ഒരു തൊപ്പി കാണാം. ബഹാറോയുടെ അദമ്യമായ ആഗ്രഹത്തിന്റെ നീരൊഴുക്കിൽ ഒഴുകിയകലുന്ന നിയമങ്ങളും, അധികാര മനസ്സിന്റെ ദുർവാശികളും തന്നെയാവാം ആ മനോഹര ദൃശ്യം സൂചിപ്പിക്കുന്നത്.   
POMEGRANATE ORCHARD (2017, AZERBAIJAN, ILGAR NAJAF)
               ആദ്യമായാണ് ഒരു അസർബൈജാൻ സിനിമ കാണുന്നത്. സിനിമയുടെ പേര് പോലെ തന്നെ ഒരു മാതള തോട്ടത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ഫാമിലി ഡ്രാമയാണ് ഈ സിനിമ. പേരക്കിടാവിനും, മരുമകൾക്കും ഒപ്പം മാതളത്തോട്ടത്തെ ആശ്രയിച്ചു കഴിയുന്ന വൃദ്ധനായ "ശാമിലിന്" 12 വർഷത്തെ അജ്ഞാത വാസത്തിനു ശേഷമുള്ള മകന്റെ തിരിച്ചുവരവ് ഇഷ്ടമായിട്ടില്ല. മകന്റെ തിരിച്ചുവരവിന്റെ ലക്ഷ്യങ്ങളെക്കുറിച്ചു സംശയവും അയാൾക്കുണ്ട്. അകൽച്ച സൃഷ്ടിച്ച വിടവുകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളിലാണ് ഗാബിൽ. വികസനത്തിന്റെയും, ആധുനികതയുടെയും പ്രച്ഛന്നതകളെയും, പ്രായോഗിക യുക്തികളെയും സിനിമ വരച്ചു കാണിക്കുന്നു. ഗ്രാമീണതയുടെ നന്മയിലും, കലർപ്പില്ലായ്മയിലും കിളിർക്കുന്ന മാതളത്തോട്ടങ്ങളെ പിഴുതെറിയുന്ന നിർവ്വികാരതയിലൂന്നിയ ആധുനിക മനസ്സിനെയാണ് സിനിമ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നത്.
THE CONFESSION (2017, GEORGIA, ZAZA URUSHADZE)
             ഓസ്ക്കാർ നോമിനേഷൻ ലഭിച്ച TANGERINES എന്ന സിനിമയുടെ സംവിധായകന്റെ ഏറ്റവും പുതിയ സിനിമയാണ് THE CONFESSION. ഒരു ജോർജ്ജിയൻ ഗ്രാമത്തിലേക്ക് പുരോഹിതനായി എത്തുകയാണ് ഫാദർ ജ്യോർജി. ഒരു സംവിധായകൻ ആയിരുന്ന അദ്ദേഹം വിശ്വാസികളെ പള്ളിയിലേക്ക് ആകർഷിക്കാൻ സിനിമാ പ്രദർശനങ്ങൾ നടത്തുന്നു. ആദ്യം പ്രദർശിപ്പിച്ച സിനിമയിലെ നടിയ്ക്ക് ഗ്രാമത്തിലെ മ്യൂസിക് ടീച്ചറായ ലില്ലിയുമായി സാമ്യമുള്ളതായ് നാട്ടുകാർ അവകാശപ്പെടുന്നു. ഫാദറിന് ലില്ലിയുമായി ഉണ്ടാകുന്ന സൗഹൃദം സൃഷ്ടിക്കുന്ന സങ്കീർണ്ണതകളിലേക്കാണ് സിനിമയുടെ ഗതിമാറുന്നത്. സിനിമയിലെ ഏറ്റവും രസകരങ്ങളായ നിമിഷങ്ങളാകുന്നത് ഫാദറും, സഹായിയും തമ്മിലുള്ള സംഭാഷണങ്ങളാണ്. അവർ തമ്മിലുള്ള ഇന്ററാക്ഷനുകൾ തീയേറ്റർ ഒന്നടങ്കം ആസ്വദിച്ചു. വിശ്വാസത്തിന്റെ ചട്ടക്കൂടിൽ നിർത്തിക്കൊണ്ട്, മനസ്സിന്റെ വൈകാരിക തലങ്ങളെ അടയാളപ്പെടുത്താനാണ് ഈ സിനിമ ശ്രമിക്കുന്നത്.
EASY (2017, ITALY, ANDREA MAGNANI)
          ഈ മേളയിലെ റിഫ്രഷിങ് ആയ അനുഭവമായിരുന്നു EASY. ഗൗരവമുള്ള പ്രമേയങ്ങൾക്കിടയിൽ ഈ കോമഡി മൂവി എന്റെ മേളക്കാഴ്ചകളിലെ വേറിട്ട കാഴ്ചയായി. കാർ റേസിംഗ് വിദഗ്ധനായിരുന്ന EASY ഇപ്പോൾ വിഷാദരോഗിയായി ജോലിയൊന്നും ചെയ്യാതെ ഭൂതകാല ഓർമ്മകളിൽ കഴിയുകയാണ്. അവനെ കാണാനെത്തുന്ന സഹോദരൻ ഒരു ജോലിയും അവനെ ഏൽപ്പിക്കുന്നു. തന്റെ കീഴിലുള്ള വർക്ക് സൈറ്റിൽ വെച്ച് മരണപ്പെട്ടയാളുടെ മൃതദേഹം അയാളുടെ നാട്ടിലെത്തിക്കുകയാണ് ആ ജോലി. മൃതദേഹം വഹിച്ചു യാത്ര തുടങ്ങുന്ന EASYയോടൊപ്പം നമ്മളും ചേരുകയാണ്. ഒരു റോഡ് മൂവിയുടെ സ്വഭാവം കൈവരിക്കുന്ന സിനിമ അവിടുന്നങ്ങോട്ട് ഹാസ്യരംഗങ്ങളാൽ സമ്പന്നമാണ്. അയാൾ നേരിടുന്ന പ്രശ്നങ്ങളും, കണ്ടുമുട്ടുന്ന ആളുകളുമെല്ലാം ഈ യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.  
KUPAL (2017, IRAN , KAZEM MOLLAIE)
        ഇറാനിയൻ സിനിമകളിൽ അധികം കണ്ടുപരിചയമില്ലാത്ത അവതരണവുമായി പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ സിനിമയായിരുന്നു KUPAL. AHAMED KUPAL എന്ന ഡോക്റ്ററുടെ ജീവിതത്തിലെ ഏതാനും ചില ദിനങ്ങളാണ് സിനിമയുടെ ഉള്ളടക്കം. മികച്ച ഒരു വേട്ടക്കാരനും, TAXIDERMISTഉം ആയ അയാളുടെ വീട്ടിൽ അയാൾക്കൊപ്പം കഴിയുന്നത് ഹൈക്കു എന്ന നായ മാത്രമാണ്. KUPALന്റെ സ്വഭാവം കാരണം ഭാര്യപോലും അകന്നു കഴിയുകയാണ്. ഒരുദിവസം വേട്ടയ്ക്കിറങ്ങാനുള്ള തയ്യാറെടുപ്പിനിടയിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള മുറിക്കുള്ളിൽ തന്റെ നായയോടൊപ്പം അകപ്പെടുകയാണ് അയാൾ. റൂമിനുള്ളിൽ നിന്നും പുറത്തുകടക്കാനുള്ള അയാളുടെ ശ്രമങ്ങളാണ് സിനിമയുടെ തുടർഭാഗങ്ങളിൽ. അയാൾ അന്നോളം ജീവിച്ച ജീവിതത്തിൽ നഷ്ടപ്പെടുത്തിയതും, അവഗണിച്ചതുമായ കാര്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകളിലേക്കാണ് അയാൾ നടന്നു കയറുന്നത്. അയാളുടെ മനസ്സിനൊപ്പം നീങ്ങുമ്പോൾ ഒരു ഇന്ട്രോസ്പെക്ഷന് നമ്മളും വിധേയമാകുന്നു. പ്രധാന വേഷം കൈകാര്യം ചെയ്ത നടന്റെ മികച്ച പ്രകടനം സിനിമയ്ക്ക് കൂടുതൽ മിഴിവ് നൽകുന്നു. കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് KUPAL.
KHIBULA (2017, GEORGIA, GIORGE OVASHVILI)
                  2014-ലെ IFFK-യിലെ മികച്ച സിനിമകളിൽ ഒന്നായിരുന്ന CORN ISLANDന്റെ സംവിധായകന്റെ സിനിമയെന്നതിനാൽ ആണ് ഈ സിനിമയ്ക്ക് കയറിയത്. ജോർജ്ജിയയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏടുകളിൽ പ്രധാനപ്പെട്ട ഒന്നിനെയാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. ഒരു ഹിസ്റ്റോറിക്കൽ ഡ്രാമ എന്ന നിലയിൽ പരിഗണിക്കുമ്പോൾ ചരിത്ര വസ്തുതകളിലെ കൃത്യതയേയും പരിഗണിക്കേണ്ടി വരുന്നു. അട്ടിമറിക്കപ്പെട്ട ഭരണാധികാരി അധികാരം വീണ്ടെടുക്കാനുള്ള മോഹത്തോടെ വിശ്വസ്തരോടൊപ്പം ജോർജ്ജിയൻ ഗ്രാമങ്ങളിൽ ഒളിച്ചു താമസിക്കുന്നതാണ് സിനിമയുടെ ഉള്ളടക്കം. ഒരു പൊളിറ്റിക്കൽ റിയാലിറ്റി എന്നതിലുപരി അയാളുടെ മനഃസംഘർഷങ്ങളിലേക്കും, തിരിച്ചറിവുകളിലേക്കുമാണ് സിനിമ വെളിച്ചം വിതറുന്നത്. ജനതയുടെ ജീവിതത്തെ യാഥാർത്യങ്ങളുടെ ഭൂമികയിലേക്കു ഇറങ്ങി വന്നു പരിചയിക്കുമ്പോൾ ഭരണാധികാരിയിൽ ഉടലെടുക്കുന്ന ഇന്നർ കോൺഫ്ലിക്റ്റുകളെ സിനിമ അനുഭവിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ സത്തയെ, കണ്ടുമുട്ടിയ മുഖങ്ങളിൽ കാണാനാവാതെ ഹതാശനാകുന്നുണ്ട് അയാൾ. ചരിത്രത്തിലെ അവ്യക്തതകളെ തിരുത്താൻ ശ്രമിക്കാതെ തന്നെയാണ് ഈ സിനിമയും അവസാനിക്കുന്നത്. ജോർജ്ജിയൻ ഗ്രാമീണതയുടെ സൗന്ദര്യം ഒപ്പിയെടുത്ത അതിമനോഹരങ്ങളായ ഫ്രെയിമുകൾ പ്രേക്ഷകന് സമ്മാനിക്കുന്ന KHIBULA വളരെ മികച്ചത് എന്നൊന്നും പറയാനാവില്ലെങ്കിലും അവഗണിക്കേണ്ട ഒന്നല്ല എന്ന് നിസ്സംശയം പറയാം.      
 
I AM NOT A WITCH (2017 , UK , RUNGANO NYONI)
                ചില സിനിമകളുടെ ആദ്യ രംഗങ്ങൾ തന്നെ നമ്മെ വിസ്മയിപ്പിക്കും. നമ്മളിൽ അനിർവചനീയമായ അനുഭൂതി സൃഷ്ടിച്ചു നമ്മെ വരുതിയിലാക്കുന്ന സിനിമകളുടെ ഗണത്തിലാണ് ഞാൻ ഈ സിനിമ ഉൾപ്പെടുത്തുന്നത്. ആഫ്രിക്കയുടെ ആത്മാവ് കുടികൊള്ളുന്ന സിനിമകളോട് പ്രത്യേകമായ ഒരിഷ്ടവുമുണ്ട്. കാഴ്ചയിലും, പ്രമേയത്തിലും, അവതരണത്തിലുമുള്ള UNIQUENESS ഈ സിനിമയിലും കാണാനാവുന്നു. ദുർമന്ത്രവാദിനി എന്ന് മുദ്രകുത്തപ്പെട്ട് WITCH CAMP-ലേക്ക് എത്തിപ്പെടുന്ന SHULA എന്ന എട്ടുവയസ്സുകാരിയുടെ കഥയാണ് ഈ സിനിമ. സോഷ്യൽ സറ്റയർ എന്ന നിലയിലും, ഡാർക്ക് കോമഡി എന്ന നിലയിലുമെല്ലാം സിനിമയിലെ രംഗങ്ങളെ വിശേഷിപ്പിക്കാം എന്ന് തോന്നി. WITCH CAMP-കൾ  സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളും, SHULA-യിൽ ആരോപിതമായ ശക്തികളെ ചൂഷണം ചെയ്യുന്ന അധികാര വ്യവസ്ഥകളുമെല്ലാം പലവിധത്തിലുമുള്ള ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. വിദൂരതയിലെ ഒരു സ്‌കൂളിൽ നിന്നും കേൾക്കുന്ന ശബ്ദങ്ങൾക്ക് കാതോർക്കുന്ന SHULA-യുടെ മുഖം മനസ്സിൽ തറഞ്ഞു പോകുന്നുണ്ട്. പാരമ്പര്യങ്ങളുടെയും, അന്ധവിശ്വാസങ്ങളുടെയും, കുത്സിത താല്പര്യങ്ങളുടെയും സൃഷ്ടികളായ നിയമങ്ങളും, ആചാരങ്ങളും ഹനിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചു സിനിമ ശബ്ദിക്കുന്നു. സ്വാതന്ത്ര്യത്തിനു തടയിട്ട ദുർബലമായ ചങ്ങലകളെപ്പോലും തകർത്തെറിയാൻ കഴിയാത്തവിധം വിധേയപ്പെട്ട സാമൂഹിക മനസ്സിനെയും ചില രംഗങ്ങൾ സൂചിപ്പിക്കുന്നു. സിനിമയുടെ അവസാന രംഗങ്ങൾ അനവധി ചിന്തകളും, ചോദ്യങ്ങളും ബാക്കിയാക്കിയാണ് വിടപറയുന്നത്‌. "വേറിട്ട അനുഭവം" എന്ന ഒറ്റവാക്കിൽ സിനിമയെ വിശേഷിപ്പിച്ചു ഈ കുറിപ്പിനു വിരാമമിടുന്നു. 
RETURNEE (2017, KAZAKHSTAN, SABIT KURMANBEKOV)
          ഇത്തവണ ഞാൻ കണ്ട സിനിമകളിൽ ഏറ്റവുമധികം ഇഷ്ടമായത് RETURNEE എന്ന ഖസാഖ് സിനിമയാണ്. അഫ്ഗാനിസ്ഥാനിൽ നിന്നും സ്വന്തം ദേശമായ കസാഖിസ്ഥാനിലേക്ക് മടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ് RETURNEE. മരണത്തിനു മുൻപ് സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തണം എന്ന പിതാവിന്റെ ആഗ്രഹമാണ് "സപാർക്കുലിനെ" ഇത്തരമൊരു തീരുമാനത്തിലെത്തിക്കുന്നത്. കസാഖിസ്ഥാനിലേക്ക് തിരികെയെത്തുന്ന നിമിഷം, പറിച്ചെറിയപ്പെട്ട മണ്ണിലേക്ക് വേരുകളാഴ്ത്താൻ വെമ്പി നിൽക്കുന്ന ജനതകളുടെ വേദനയെല്ലാം ആ വൃദ്ധന്റെ മുഖത്ത് സമ്മേളിച്ചിരുന്നതായി കാണാം. തിരികെയെത്തുമ്പോൾ സമൂഹവും, അധികാരികളും അവരെ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക അവർക്കെന്നപോലെ നമുക്കും ഉണ്ടാകും. സിനിമയിൽ ധാരാളം രാഷ്ട്രീയ സൂചനകൾ ഉള്ളതായി കാണാം. സിനിമയിലെ പല പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റുകളും വ്യക്തമായി കസാഖ്‌സ്താനെ മഹത്വവൽക്കരിക്കാൻ വേണ്ടിയൊരുക്കിയതായ് തോന്നി. ഇത്തരം പോരായ്മകൾക്കിടയിലും, മികച്ച ദൃശ്യങ്ങളും പോസിറ്റീവ് ഫീൽ തരുന്ന നിമിഷങ്ങളും നൽകിയ RETURNEE ഈ മേളയിലെ എന്റെ നല്ല ഓർമ്മകളുടെ ഭാഗമാകുന്നു.
കുറച്ചു വരികൾ കൂടി ചേർക്കട്ടെ 
               ഇത്തവണ മടങ്ങിയത് സംതൃപ്തിയോടെയല്ല. കാരണം, ആഗ്രഹിച്ച പല സിനിമകളും കാണാനായില്ല. ഈ കുറിപ്പിൽ പരാമർശിച്ച സിനിമകൾ എന്റെ കാഴ്ചയിലെ നല്ല സിനിമകളാണ്. ഓരോരുത്തരുടെയും ഇഷ്ടങ്ങൾ അപേക്ഷികമായതിനാൽ ഇവയെല്ലാം എല്ലാവർക്കും ഇഷ്ട്ടപ്പെടണമെന്നുമില്ല. DJAM, GRAIN, SQUARE, I STILL HIDE TO SMOKE പോലെയുള്ള സിനിമകൾ കാണാൻ കഴിയാതെ പോയതിലുള്ള നിരാശയോടെയും, അടുത്ത തവണ ഇത്തവണത്തെ ക്ഷീണം തീർക്കാമെന്ന പ്രതീക്ഷയോടെയും ഈ ഓർമ്മക്കുറിപ്പ് അവസാനിപ്പിക്കുന്നു.







Saturday 2 December 2017

KELIN (2009)



FILM : KELIN (2009)
GENRE : DRAMA
COUNTRY : KAZAKHSTAN
DIRECTOR : ERMEK TURSUNOV

                      വളരെ റിമോട്ട് ആയ സ്ഥലങ്ങൾ പശ്ചാത്തലമായുള്ള സിനിമകൾ തേടിപ്പിടിച്ചു കാണാൻ ശ്രമിക്കുന്നത് മനസ്സ് നിറയ്ക്കുന്ന ഫ്രെയിമുകൾ പ്രതീക്ഷിക്കാമെന്ന കാരണത്താലാണ്. അതോടൊപ്പം UNIQUE-ആയ കാഴ്ച്ചകളും ഇത്തരം സിനിമകളിൽ കാണാൻ കഴിയും. KELIN എന്ന കസാഖ് സിനിമ ഈ ഒരു മനോനിലയിലാണ് കാണാനിരുന്നത്. എന്റെ പ്രതീക്ഷകളോട് നീതി പുലർത്തിയ ഈ സിനിമയിൽ സംഭാഷണങ്ങൾ ഇല്ല എന്ന പ്രത്യേകതയാണ് എടുത്തു പറയേണ്ടത്.
       KELIN എന്നാൽ മരുമകൾ എന്നാണ് അർഥമാക്കുന്നത്. ആഗ്രങ്ങൾക്കും, പ്രതീക്ഷകൾക്കും വിരുദ്ധമായി മറ്റൊരാളുടെ ഭാര്യയായി ഭർതൃഗൃഹത്തിൽ എത്തുന്ന യുവതിയാണ് കേന്ദ്ര കഥാപാത്രം.  പ്രണയവും, പ്രതികാരവും, കാമവുമെല്ലാം മനുഷ്യാവസ്ഥകളിലൂടെ പ്രതിഫലിപ്പിക്കുന്നു KELIN. നിരാസങ്ങൾ ഇല്ലാതാവുന്ന സമരസപ്പെടലുകളുടെ ഉറവയെ അവൾ കണ്ടെത്തുന്നത് ശരീര സുഖങ്ങളിലാണ്. ഭാര്യ, കാമുകി, മാതാവ് എന്നീ സ്ത്രീ സ്വത്വങ്ങളെ അവൾ പുൽകുന്നത് ജൈവികമായ ചോദനകളെ മുൻനിർത്തിയാണ്. സഹനം-അധികാരം എന്നീ വിരുദ്ധമായ സാമൂഹികാവസ്ഥയെ പ്രതിനിധീകരിക്കുന്നവരാണ് ഈ സിനിമയിലെ രണ്ടു സ്ത്രീ കഥാപാത്രങ്ങൾ.  ഭർത്തൃമാതാവ് എന്ന സാമൂഹികമായ അധികാരത്തിനപ്പുറം പ്രകൃത്യാതീതമായ ശക്തിയും സമ്മേളിക്കുന്ന സ്ത്രീകഥാപാത്രവും, മരുമകളും ഒരുപോലെ ശക്തിയാർജ്ജിക്കുന്ന കഥാപാത്രങ്ങളായി മാറുന്നു എന്നത് പ്രേക്ഷകശ്രദ്ധ പതിയേണ്ട സവിശേഷതയാവുന്നു. നിലനിൽപ്പിന്റേയും, അതിജീവനത്തിന്റെയും ജീവിതചക്രത്തിന്റെയും അടയാളമായി സ്ത്രീത്വത്തെ പ്രതിഷ്ഠിച്ചു തന്നെയാണ് KELIN അവസാനിക്കുന്നത്.
       സിനിമയുടെ പശ്ചാത്തലം വളരെ പഴക്കമേറിയതായതിനാൽ  പ്രാദേശിക മിത്തുകളിൽ നിന്നും, സംസ്കാരത്തിൽ നിന്നും കടമെടുത്തവ സിനിമയിൽ തീർച്ചയായും കാണും. മുന്നറിവുകളിലൂടെയോ, സംഭാഷണങ്ങളിലൂടെയോ അവയെ തിരിച്ചറിയുകയാണ് പതിവ്. എന്നാൽ, സംഭാഷണങ്ങളില്ലാത്ത ഈ സിനിമയുടെ ദൃശ്യഭാഷയിലൂടെ തന്നെ അത്തരം കാര്യങ്ങളെ വ്യക്തമാക്കാൻ സാധിച്ചിരിക്കുന്നു. ഈ സിനിമയ്ക്ക് മാർക്കിടാൻ ഞാൻ മുതിരുന്നില്ല. സംവിധായകന്റെ മറ്റുസിനിമകൾ കൂടി കാണണമെന്ന എന്റെ ആഗ്രഹത്തോടൊപ്പം മുകളിൽ കുറിച്ച വരികൾ ചേർത്തു വായിച്ച്, ഈ സിനിമ കാണണോ? എന്ന് നിങ്ങൾ തീരുമാനിക്കും എന്ന പ്രതീക്ഷയോടെ.......