Wednesday, 27 December 2017

JOYEUX NOEL (2005)



FILM : JOYEUX NOEL (2005)
GENRE : DRAMA !!! ROMANCE
COUNTRY : FRANCE
DIRECTOR : CHRISTIAN CARION

                    ക്രിസ്തുമസ് ദിനത്തിൽ എഴുതണം എന്നു കരുതിയ ഒരു പോസ്റ്റാണ്. വൈകിപ്പോയെങ്കിലും, ഇന്ന് JOYEUX NOEL എന്ന ഫ്രഞ്ച് സിനിമയെ നിങ്ങൾക്കായ് പരിചയപ്പെടുത്തുന്നു. യുദ്ധങ്ങളുമായി ബന്ധപ്പെട്ട അനവധി സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഈ സിനിമ അവയിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നു. ഒരു യഥാർത്ഥ സംഭവത്തെ അധികരിച്ചാണ് ഈ സിനിമയെടുത്തിട്ടുള്ളത് എന്നതും ഇതിന്റെ പ്രത്യേകതയാണ്.
        സിനിമയേക്കുറിച്ചു പറയുകയാണെങ്കിൽ, 1914-ലെ ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധമുഖങ്ങളിൽ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ മാനവികതയുടെ വെളിച്ചവുമേന്തി ക്രിസ്തുമസ് വന്നെത്തുന്നതാണ് പ്രമേയം. വെറുപ്പിന്റെ വേലിക്കെട്ടുകൾക്ക് പിറകിൽ നിന്ന് ക്രിസ്തുമസ് ഗാനങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയരുമ്പോൾ ഫ്രഞ്ച്, സ്‌കോട്ടിഷ്, ജർമ്മൻ സൈനികർ അവരുടെ ബങ്കറുകളിൽ നിന്നും പുറത്തിറങ്ങി NO MAN'S LAND-ൽ  ഒത്തുകൂടുന്ന കാഴ്ച മനോഹരമാണ്. വെടിയൊച്ചകൾ നിലയ്ക്കുന്ന ആ നിമിഷങ്ങളിലാണ് എതിരാളികാളുടെ ഹൃദയങ്ങളിലേക്ക് പരസ്പരം നോക്കാൻ അവർക്കാവുന്നത്. യുദ്ധമുഖത്തേക്ക് വലിച്ചിഴക്കപ്പെട്ട ഗായകനായ പ്രാണപ്രിയനെ തേടി യുദ്ധഭൂമിയിലേക്കു സധൈര്യം കടന്നു വരുന്ന ഗായിക കൂടിയായ നായികയിലൂടെ പ്രണയത്തെയും പ്രമേയത്തോടു ചേർക്കുന്നുണ്ടെങ്കിലും, വിരഹം നിഴലിക്കുന്ന ഓരോ സൈനികനിലും കൂടുതൽ തീവ്രമായ പ്രണയത്തെ നമുക്ക് കണ്ടുമുട്ടാനാവുന്നു.
        വിശ്വാസത്തെ യുദ്ധവുമായി വിളക്കിച്ചേർക്കാനുള്ള പൗരോഹിത്യത്തിന്റെ കാപട്യങ്ങളെ തുറന്നു കാട്ടാൻ സിനിമ ശ്രമിക്കുന്നുണ്ട്. സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും സന്ദേശങ്ങളുമായി വന്നണയുന്ന ക്രിസ്തുമസിനെ ക്രൂരതകളുടേയും, പീഡനങ്ങളുടെയും, മരണത്തിന്റെയും ഭൂമികയിൽ പ്രതിഷ്ടിച്ചു മാനവികതയെയും, യുദ്ധങ്ങളുടെ നിരർത്ഥകതയെയും ദ്യോതിപ്പിക്കാൻ ഈ സിനിമയ്ക്കാവുന്നു. ക്രിസ്തുമസ് സിനിമകളിലെ ക്ലാസ്സിക്കുകളിൽ ഒന്നായ ഈ സിനിമ മിസ്സ് ചെയ്യേണ്ട എന്ന എളിയ അഭിപ്രായത്തോടെ നിർത്തുന്നു.


1 comment:

  1. വിശ്വാസത്തെ യുദ്ധവുമായി വിളക്കിച്ചേർക്കാനുള്ള പൗരോഹിത്യത്തിന്റെ കാപട്യങ്ങളെ തുറന്നു കാട്ടാൻ സിനിമ ശ്രമിക്കുന്നുണ്ട്. സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും സന്ദേശങ്ങളുമായി വന്നണയുന്ന ക്രിസ്തുമസിനെ ക്രൂരതകളുടേയും, പീഡനങ്ങളുടെയും, മരണത്തിന്റെയും ഭൂമികയിൽ പ്രതിഷ്ടിച്ചു മാനവികതയെയും, യുദ്ധങ്ങളുടെ നിരർത്ഥകതയെയും ദ്യോതിപ്പിക്കാൻ ഈ സിനിമയ്ക്കാവുന്നു.

    ReplyDelete