Friday 26 May 2017

LAMB (2015)



FILM : LAMB (2015)
COUNTRY : ETHIOPIA
GENRE : DRAMA
DIRECTOR : YARED ZELEKE

                        ഹോളിവുഡിന് പുറത്തുള്ള വിദേശ ഭാഷാ സിനിമകളിലെ മികച്ചവയെ കണ്ടെത്തുകയെന്നത് ദുഷ്ക്കരമായ കാര്യമാണ്. അവയിൽ തന്നെ കണ്ടിട്ടുള്ള സിനിമകളെ "നല്ലത്" എന്ന രീതിയിൽ പരിചയപ്പെടുത്തുമ്പോൾ അഭിരുചിയുടെ അപേക്ഷികതയെ പരിഗണിക്കേണ്ടിയും വരും. കാരണം പലർക്കും പല ജോണറുകളായിരിക്കും പ്രിയങ്കരമായത്. എന്നിരുന്നാലും ദേശ-ഭാഷാ സാംസ്കാരിക സ്വത്വങ്ങളെ ബലികൊടുക്കാതെ ആ നാടിൻറെ മിടിപ്പുകൾക്കൊപ്പം നിൽക്കുന്ന സിനിമകളെ തന്നെയായിരിക്കും വിദേശഭാഷാ സിനിമകൾ കാണുന്ന ഏതൊരു പ്രേക്ഷകനും പ്രതീക്ഷിക്കുക എന്ന ചിന്തയിലാണ് സിനിമകളെ പരിചയപ്പെടുത്താറുള്ളത്. ഈ ശ്രമവും അത്തരത്തിലുള്ളതാണ്.
       2015-ൽ പുറത്തിറങ്ങിയ LAMB എന്ന എത്യോപ്യൻ സിനിമയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. മാതാവിന്റെ അകാല വിയോഗത്തെ തുടർന്ന് EPHRAIM എന്ന കുട്ടിയെ പിതാവ് ബന്ധു വീട്ടിലാക്കുകയാണ്. അവന്റെ അരുമയായ ആടിനെയും കൂട്ടിയാണ് അവൻ ബന്ധു വീട്ടിലെത്തുന്നത്. പുതിയ വീട്ടിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ വിഷമിക്കുകയാണ് EPHRAIM. തന്റെ ആടിനെ ബലിനൽകാൻ പുതിയ വീട്ടുകാർ തീരുമാനിച്ചിരിക്കുന്ന വിവരമറിയുന്ന അവൻ ആടിനെ രക്ഷിക്കാനും, അവിടെ നിന്ന് രക്ഷപ്പെടാനുമുള്ള വഴികൾ തേടുകയാണ്.
         ആഫ്രിക്കൻ രാജ്യങ്ങളിലെ സാമൂഹിക അവസ്ഥകളെ പ്രതിഫലിപ്പിച്ചു കൊണ്ട് തന്നെയാണ് ഈ സിനിമയും മുന്നിലെത്തുന്നത്. പട്ടിണിയുടെയും, ദാരിദ്ര്യത്തിന്റെയും ദൈന്യതയെ ഈ സിനിമയിലെ ഫ്രെയിമുകളിലും സംഭാഷണങ്ങളിലും കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ല. രോഗിയായ കുട്ടിയുമായ് ഡോക്ടറെ കാണുന്ന സ്ത്രീയോട് മരുന്നല്ല, ആഹാരമാണ് കഴിക്കേണ്ടത് എന്ന് പറയുന്നിടത്തു വിശപ്പിന്റെ രാഷ്ട്രീയം കടന്നു വരുന്നു.  മാറ്റങ്ങളും, ഇല്ലായ്മകളിൽ നിന്നുള്ള മോചനവും സ്വപ്നം കാണുന്ന TSION എന്ന റിബലിസ്റ്റിക്കായ യുവതിയെ നാളെയുടെ പ്രതീക്ഷയായോ, വിദ്യാഭ്യാസം നേടുന്ന യുവതയുടെ പുരോഗമന ചിന്തയായോ വ്യാഖ്യാനിക്കാം. അനാഥത്വത്തിന്റെ അരക്ഷിതാവസ്ഥയെയും ephraim-നെയും, മറ്റു തെരുവ് ബാല്യങ്ങളെയും മുൻനിർത്തി വായിച്ചെടുക്കാം. മതചിഹ്നങ്ങളും, മതം വെളിപ്പെടുത്തപ്പെടുന്ന പരാമർശങ്ങളും ബോധപൂർവ്വം ആയതിനാൽ പ്രസ്തുത രാജ്യങ്ങളിലെ സാമൂഹ്യഘടനയെ കുറിച്ച് ചില കാര്യങ്ങൾ കൂടി പറയാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട് എന്ന് വേണം കരുതാൻ.
      സിനിമയുടെ അത്യാധുനിക സങ്കേതങ്ങളെ ആശ്രയിക്കാതെ ജീവിതപരിസരങ്ങളെ പച്ചയായി തുറന്നുകാട്ടുകയെന്നതാണ് ആഫ്രിക്കൻ സിനിമകളിൽ കൂടുതലും കണ്ടിട്ടുള്ളത്. അത് കൊണ്ട് തന്റെ നിറം കെട്ട ഫ്രെയിമുകളാണ് സിനിമയിൽ നിറയുക. എന്നാൽ, പ്രമേയപരമായി ആഫ്രിക്കയുടെ ശാപങ്ങളെ സ്പർശിക്കുന്നവയാണെങ്കിലും പച്ചപ്പ്‌ നിറഞ്ഞ കുന്നിൻ ചെരിവുകളും, കാടുകളും, പുൽമേടുകളും ഈ സിനിമയെ വേറിട്ട് നിർത്തുന്നു. എവിടെയൊക്കെയോ ഒരു ഫീൽഗുഡ് സിനിമ പോലെ തോന്നിപ്പിക്കാനും സിനിമയ്ക്കാവുന്നുണ്ട്. ഈ സിനിമ നിങ്ങൾ കാണുമെന്ന പ്രതീക്ഷയോടെ ഈ കുറിപ്പ് ഇവിടെ നിർത്തട്ടെ........


Saturday 20 May 2017

KAILI BLUES (2015)



FILM : KAILI BLUES (2015)
GENRE : DRAMA
COUNTRY : CHINA
DIRECTOR : GAN BI

              ചില സിനിമകൾ അനുഭവിപ്പിക്കുന്ന ഒരു ഫ്രഷ്‌നസ്സ് ഉണ്ട്. കാഴ്ചയിലും, അവതരണത്തിലും മുന്നനുഭവങ്ങളെ അന്യവൽക്കരിച്ചു കൊണ്ട് പ്രേക്ഷകന് പുതുമയുടെ ഗന്ധം പകരുന്ന സിനിമകളെയാണ് ഞാൻ ഉദേശിച്ചത്‌. ചൈനീസ് സിനിമയായ KAILI BLUES-നെ ഈ ഗണത്തിൽ ഉൾപ്പെടുത്താൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. മിസ്റ്ററി-ഡ്രാമ എന്ന ലേബൽ സിനിമയ്ക്കുണ്ടെങ്കിലും ഈ സിനിമയിലെ നിഗൂഢത മിസ്റ്ററി സിനിമകളുടെ പ്രതീക്ഷിത ഘടനയെ പിൻപറ്റുന്നുമില്ല.
       KAILI BLUES പ്രധാനമായും ചെൻ എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുടെ ആകെത്തുകയാണ്. ചെൻ എന്നയാളുടെ ഭൂതകാലം നമുക്ക് പരിചിതമല്ല. സഹോദരന്റെ പുത്രനെ തേടിയിറങ്ങുന്ന അയാളുടെ യാത്രയും, അനുഭവങ്ങളുമാണ് സിനിമയിലെ ഫ്രെയിമുകളാവുന്നത്. ഈ രീതിയിൽ സിനിമയുടെ പ്രമേയത്തെ ലളിതമായി പറഞ്ഞൊതുക്കാമെങ്കിലും, യാഥാർത്യങ്ങളുടേയും സ്വപ്നങ്ങളുടെയും, കാലത്തിന്റെയും, സമയത്തിന്റെയുമെല്ലാം ഇടകലർന്നുള്ള രംഗപ്രവേശനങ്ങൾ പ്രേക്ഷക യുക്തിയെ സംശയങ്ങളുടെയും, ചിന്തകളുടെയും തണലിലിരുത്തുന്നു. ഭൂതവും, വർത്തമാനവും, ഭാവിയുമെല്ലാം യാഥാർത്യവുമായി കലരുമ്പോൾ പ്രേക്ഷകൻ ആശയക്കുഴപ്പത്തിലാവുക തന്നെ ചെയ്യുന്നു. സംഭാഷണങ്ങളുടെ കുറവും , വോയ്‌സ് ഓവർ പോലെ കേൾക്കാവുന്ന നായക കഥാപാത്രത്തിന്റെ കാവ്യശകലങ്ങളും ഈ സിനിമയ്ക്ക് ഒരു ഫിലോസഫിക്കൽ തലം ചമയ്ക്കുന്നു.
         ഗ്രാമീണത തുളുമ്പുന്ന ചൈനീസ് ഉൾനാടൻ ഗ്രാമങ്ങളുടെ പശ്ചാത്തലമാണ് സിനിമയുടെ ദൃശ്യഭംഗിക്ക്‌ താങ്ങാവുന്നത്. സിനിമയുടെ എടുത്തു പറയാവുന്ന മികവ് സിനിമാട്ടോഗ്രഫിയാണ്. മനോഹരമായ പ്രകൃതി ദൃശ്യങ്ങളെ ഒപ്പിയെടുത്തതാണ് മികവെന്ന തെറ്റിദ്ധാരണ വേണ്ട. ചെൻ-ന്റെ യാത്രയെ പിന്തുടരുന്ന ദൈർഘ്യമേറിയതും സിംഗിൾ ഷോട്ട് പോലെ തോന്നിക്കുന്നതുമായ ഭാഗം പ്രത്യേകം കൈയ്യടി അർഹിക്കുന്നു. ഗ്രാമീണ പശ്ചാത്തലങ്ങളിലെ സിനിമകൾ എല്ലായ്പ്പോഴും പ്രാദേശിക സംസ്കൃതിയോടും, മിത്തുകളോടും ചേർന്നു നിൽക്കുന്നവയായതിനാൽ ഈ സിനിമയുടെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊള്ളാൻ നമുക്കാവുമോ എന്ന സന്ദേഹം ചെറുതായുണ്ട്. വളരെ റിലാക്സ്ഡ് മൂഡിൽ മാത്രം കാണാവുന്ന ഒന്നാണ് ഈ സിനിമ. ത്രില്ലടിപ്പിക്കുന്ന ഒന്നും തന്നെ ഈ സിനിമയിലില്ല. പുതുമ തേടുന്നവർക്ക് പുതുമയോളം ത്രില്ല് മറ്റെന്തു നൽകും എന്ന ചോദ്യം സ്വയം ചോദിച്ചു കൊണ്ട് നിർത്തുന്നു........


Monday 8 May 2017

THE LAST EXECUTIONER (2014)



FILM : THE LAST EXECUTIONER (2014)
GENRE : BIOGRAPHY !!! DRAMA
COUNTRY : THAILAND
DIRECTOR : TOM WALLER

                        "BIOPIC" എന്ന് വിളിക്കാവുന്ന സിനിമകളിൽ പലപ്പോഴും ഒരു ഡോക്യുമെന്ററിയുടെ സ്വഭാവം കടന്നുവരാറുണ്ട്.  ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട സംഭവവികാസങ്ങൾ പുനരവതരിപ്പിക്കപ്പെടുമ്പോൾ സിനിമയുടെ സൗന്ദര്യത്തെ കൂട്ടിച്ചേർക്കാൻ പല സംവിധായകരും പരാജയപ്പെടുന്നതാണ് ഇതിനു കാരണം. ചരിത്രത്തെ സിനിമാറ്റിക്കലാക്കുമ്പോൾ യാഥാർത്യങ്ങൾക്ക് കോട്ടം സംഭവിക്കാതിരിക്കാനുള്ള ബദ്ധശ്രദ്ധയും സംവിധായകൻ  വച്ചുപുലർത്തേണ്ടി വരുന്നു.
      BIOPIC-കളെ കുറിച്ച് ഇത്രയൊക്കെ പറയുമ്പോഴും മുകളിൽ സൂചിപ്പിച്ച സിനിമയുടെ പേര് നമ്മുടെ ചിന്തയിലേക്ക് കൊണ്ടുവരുന്ന ചില ചിത്രങ്ങളുണ്ട്. മരണത്തിന്റെ മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന കുറ്റവാളിയുടേയും, നിർവികാരതയോടെ ജീവനെടുക്കുന്ന ആരാച്ചാരുടെയും മുഖങ്ങളാകുമത്. അസഹനീയവും, അസ്വസ്ഥജനകവുമായ നിലവിളികൾക്കിടയിൽ നീതി നടത്തിപ്പിന്റെ ചുമതലകളെ ആശ്ലേഷിക്കേണ്ടി വരുന്നവരുടെ മനസ്സിലേക്ക് നമ്മൾ ഇറങ്ങിച്ചെല്ലാറുമില്ല. തായ്‌ലൻഡ് എന്ന രാജ്യത്തിൻറെ ചരിത്രത്തിലെ വധശിക്ഷ നടപ്പാക്കുന്ന FIRING EXECUTION SQUAD-ലെ അവസാനത്തെ ആരാച്ചാരായിരുന്ന CHAVORET JARUBOON-ന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് THE LAST EXECUTIONER.
     കൈകളിൽ ഗിറ്റാറുമായ് നിൽക്കുന്ന ഗായകനിൽ നിന്ന് വിരലുകളാൽ മരണത്തിന്റെ സംഗീതം പൊഴിക്കാവുന്ന തോക്കുമായി ചരിത്രത്തിലേക്ക് നടന്നു കയറിയ CHAVORET JARUBOON-ന്റെ ജീവിതത്തിലെ സംഭവവികാസങ്ങളുടെ ഒരു ഡോക്യുമെന്റായി ഒതുങ്ങുന്നില്ല ഈ സിനിമ. 35 വർഷത്തെ സേവനത്തിൽ ആരാച്ചാരായിരുന്ന 19 വർഷത്തിൽ നടപ്പിലാക്കിയ 55 വധശിക്ഷകൾക്കപ്പുറം സത്യസന്ധനായ ജോലിക്കാരൻ, ഭർത്താവ്, പിതാവ്, സംഗീതജ്ഞൻ, വിശ്വാസി എന്നീ വ്യക്തിതലങ്ങളെ വ്യക്തമായി സ്പർശിക്കാനാണ് സിനിമ ശ്രമിക്കുന്നത്.
      കർമ്മഫലങ്ങളെ മുറുകെപ്പിടിക്കുന്ന വിശ്വാസധാരകൾക്ക് വിധേയപ്പെട്ടു നിൽക്കുന്ന സമൂഹത്തിൽ വിശ്വാസിയുടെ വേഷമണിഞ്ഞു നിൽക്കുന്ന അയാളുടെ കൈയ്യിലേക്ക് തോക്കെത്തുമ്പോൾ "ഡ്യൂട്ടി" എന്ന പരിചയെ മുൻനിർത്തിയാണ് അയാൾ  മനസാക്ഷിയെ പ്രതിരോധിക്കുന്നത്. ഉള്ളുകൊണ്ട് കലാകാരനായ അയാളുടെ ജീവിതം ഗതിമാറി ഒഴുകുന്നത് സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങളുടെ പ്രേരണയാലാണ്. ഒരു EXECUTIONER എന്നതിനപ്പുറം അയാളിലെ വ്യക്തിത്വത്തെ സിനിമ അടയാളപ്പെടുത്തുമ്പോൾ ഈ ബയോപിക് ഒരു ക്യാരക്റ്റർ സ്റ്റഡിയുടെ രൂപവും ആർജ്ജിക്കുന്നു. "താങ്കൾ വധശിക്ഷ നടപ്പാക്കിയവരിൽ ആരെങ്കിലും നിരപരാധികളായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ?" എന്ന ചോദ്യത്തിന്, "ഞാൻ നിൽക്കുന്നത് വെള്ളച്ചാട്ടത്തിന്റെ അവസാനത്തിലാണ്, ആദ്യഭാഗത്തല്ല" എന്ന മറുപടിയിൽ അയാളുടെ ആത്മാർത്ഥത കാണാമെങ്കിലും അയാളുടെ മനസ്സിനെ കണ്ടെത്താനാവില്ല. അയാളുടെ മനഃസംഘർഷങ്ങളെ പ്രതീകവത്കരിക്കുന്ന കഥാപാത്രത്തെ അയാളോടൊപ്പം നിലനിർത്തിക്കൊണ്ട് സംവിധായകൻ സിനിമയുടെ ഫോക്കസ് ഉറപ്പിക്കുന്നു.
         THE LAST EXECUTIONER തീർച്ചയായും ഒരു ആരാച്ചാരുടെ കഥയാണ്. പക്ഷെ, അയാൾ അതുമാത്രമായിരുന്നില്ല എന്ന് പറയാൻ ശ്രമിക്കുന്നതിലൂടെയാണ് ഈ സിനിമ നമ്മുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്.