Saturday, 20 May 2017

KAILI BLUES (2015)



FILM : KAILI BLUES (2015)
GENRE : DRAMA
COUNTRY : CHINA
DIRECTOR : GAN BI

              ചില സിനിമകൾ അനുഭവിപ്പിക്കുന്ന ഒരു ഫ്രഷ്‌നസ്സ് ഉണ്ട്. കാഴ്ചയിലും, അവതരണത്തിലും മുന്നനുഭവങ്ങളെ അന്യവൽക്കരിച്ചു കൊണ്ട് പ്രേക്ഷകന് പുതുമയുടെ ഗന്ധം പകരുന്ന സിനിമകളെയാണ് ഞാൻ ഉദേശിച്ചത്‌. ചൈനീസ് സിനിമയായ KAILI BLUES-നെ ഈ ഗണത്തിൽ ഉൾപ്പെടുത്താൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. മിസ്റ്ററി-ഡ്രാമ എന്ന ലേബൽ സിനിമയ്ക്കുണ്ടെങ്കിലും ഈ സിനിമയിലെ നിഗൂഢത മിസ്റ്ററി സിനിമകളുടെ പ്രതീക്ഷിത ഘടനയെ പിൻപറ്റുന്നുമില്ല.
       KAILI BLUES പ്രധാനമായും ചെൻ എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുടെ ആകെത്തുകയാണ്. ചെൻ എന്നയാളുടെ ഭൂതകാലം നമുക്ക് പരിചിതമല്ല. സഹോദരന്റെ പുത്രനെ തേടിയിറങ്ങുന്ന അയാളുടെ യാത്രയും, അനുഭവങ്ങളുമാണ് സിനിമയിലെ ഫ്രെയിമുകളാവുന്നത്. ഈ രീതിയിൽ സിനിമയുടെ പ്രമേയത്തെ ലളിതമായി പറഞ്ഞൊതുക്കാമെങ്കിലും, യാഥാർത്യങ്ങളുടേയും സ്വപ്നങ്ങളുടെയും, കാലത്തിന്റെയും, സമയത്തിന്റെയുമെല്ലാം ഇടകലർന്നുള്ള രംഗപ്രവേശനങ്ങൾ പ്രേക്ഷക യുക്തിയെ സംശയങ്ങളുടെയും, ചിന്തകളുടെയും തണലിലിരുത്തുന്നു. ഭൂതവും, വർത്തമാനവും, ഭാവിയുമെല്ലാം യാഥാർത്യവുമായി കലരുമ്പോൾ പ്രേക്ഷകൻ ആശയക്കുഴപ്പത്തിലാവുക തന്നെ ചെയ്യുന്നു. സംഭാഷണങ്ങളുടെ കുറവും , വോയ്‌സ് ഓവർ പോലെ കേൾക്കാവുന്ന നായക കഥാപാത്രത്തിന്റെ കാവ്യശകലങ്ങളും ഈ സിനിമയ്ക്ക് ഒരു ഫിലോസഫിക്കൽ തലം ചമയ്ക്കുന്നു.
         ഗ്രാമീണത തുളുമ്പുന്ന ചൈനീസ് ഉൾനാടൻ ഗ്രാമങ്ങളുടെ പശ്ചാത്തലമാണ് സിനിമയുടെ ദൃശ്യഭംഗിക്ക്‌ താങ്ങാവുന്നത്. സിനിമയുടെ എടുത്തു പറയാവുന്ന മികവ് സിനിമാട്ടോഗ്രഫിയാണ്. മനോഹരമായ പ്രകൃതി ദൃശ്യങ്ങളെ ഒപ്പിയെടുത്തതാണ് മികവെന്ന തെറ്റിദ്ധാരണ വേണ്ട. ചെൻ-ന്റെ യാത്രയെ പിന്തുടരുന്ന ദൈർഘ്യമേറിയതും സിംഗിൾ ഷോട്ട് പോലെ തോന്നിക്കുന്നതുമായ ഭാഗം പ്രത്യേകം കൈയ്യടി അർഹിക്കുന്നു. ഗ്രാമീണ പശ്ചാത്തലങ്ങളിലെ സിനിമകൾ എല്ലായ്പ്പോഴും പ്രാദേശിക സംസ്കൃതിയോടും, മിത്തുകളോടും ചേർന്നു നിൽക്കുന്നവയായതിനാൽ ഈ സിനിമയുടെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊള്ളാൻ നമുക്കാവുമോ എന്ന സന്ദേഹം ചെറുതായുണ്ട്. വളരെ റിലാക്സ്ഡ് മൂഡിൽ മാത്രം കാണാവുന്ന ഒന്നാണ് ഈ സിനിമ. ത്രില്ലടിപ്പിക്കുന്ന ഒന്നും തന്നെ ഈ സിനിമയിലില്ല. പുതുമ തേടുന്നവർക്ക് പുതുമയോളം ത്രില്ല് മറ്റെന്തു നൽകും എന്ന ചോദ്യം സ്വയം ചോദിച്ചു കൊണ്ട് നിർത്തുന്നു........


1 comment:

  1. ഗ്രാമീണത തുളുമ്പുന്ന ചൈനീസ് ഉൾനാടൻ ഗ്രാമങ്ങളുടെ പശ്ചാത്തലമാണ് സിനിമയുടെ ദൃശ്യഭംഗിക്ക്‌ താങ്ങാവുന്നത്. സിനിമയുടെ എടുത്തു പറയാവുന്ന മികവ് സിനിമാട്ടോഗ്രഫിയാണ്. മനോഹരമായ പ്രകൃതി ദൃശ്യങ്ങളെ ഒപ്പിയെടുത്തതാണ് മികവെന്ന തെറ്റിദ്ധാരണ വേണ്ട. ചെൻ-ന്റെ യാത്രയെ പിന്തുടരുന്ന ദൈർഘ്യമേറിയതും സിംഗിൾ ഷോട്ട് പോലെ തോന്നിക്കുന്നതുമായ ഭാഗം പ്രത്യേകം കൈയ്യടി അർഹിക്കുന്നു.

    ReplyDelete