Monday 29 March 2021

THE PRESENT (2020)

 

FILM : THE PRESENT (2020)

GENRE : SHORT !!! DRAMA

COUNTRY : PALESTINE

DIRECTOR : FARAH NABULSI

          അധിനിവേശത്തിന്റെയും, സൈനിക അധീശത്വത്തിന്റെയും ചുറ്റുപാടുകളിൽ "സ്വാതന്ത്ര്യം" എത്രമാത്രം ദുസ്സഹവും, ദുരിതമയവുമാണെന്ന് ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ ഒരു സാധാരണ സംഭവത്തെ മുൻനിർത്തി വ്യക്തതയോടെ വരച്ചുകാണിക്കുന്നു ദി പ്രെസന്റ് . ഫലസ്തീനികളുടെ ദിനേനയുള്ള ജീവിതത്തിലേക്ക്, സിനിമ പകരുന്ന കാഴ്ചകളെ ചേർത്ത് വെയ്ക്കുമ്പോഴാണ് ക്രൂരമായ യാഥാർത്യങ്ങളുടെ വ്യാപ്തിയെ മനസ്സിലാക്കാനാവുക. വിവേചനങ്ങളുടെ, മാനുഷികരാഹിത്യങ്ങളുടെ ആവർത്തനങ്ങൾ ഉളവാക്കുന്ന ട്രോമകൾ തലമുറകളിലേക്ക് അരിച്ചിറങ്ങി  വേദനയുടെ നനവ് തീർക്കുന്നത് പ്രേക്ഷകനെയും അസ്വസ്ഥനാക്കുന്നു. കുറഞ്ഞ വാക്കുകളിലൂടെയും, ദൃശ്യങ്ങളിലൂടെയും ശക്തമായ ഒരു ഇമ്പ്രഷൻ പ്രേക്ഷകനിൽ ബാക്കിയാക്കുന്ന മികച്ച ഒരു ദൃശ്യാനുഭവം.

Wednesday 17 February 2021

OTAC (2020)

 

FILM : OTAC (2020)

COUNTRY : SERBIA

GENRE : DRAMA

DIRECTOR : SRDAN GOLUBOVIC

    നിയമത്തിന്റെ നൂലാമാലകളെ ക്രൂരമായി അടിച്ചേൽപ്പിക്കുന്ന ബ്യുറോക്രസിയുടെ ചിത്രമാണ് സെർബിയൻ സിനിമയായ OTAC കാണിച്ചു തരുന്നത്. സാമൂഹ്യസുരക്ഷാ വകുപ്പിന്റെ കസ്റ്റഡിയിലാകുന്ന മക്കളെ വിട്ടുകിട്ടുന്നതിനായുള്ള പിതാവിന്റെ ശ്രമങ്ങളാണ് സിനിമയുടെ ഉള്ളടക്കം. ഒരു വേദനയായി പ്രേക്ഷകന്റെ മനസ്സിലേക്കും സിനിമയുടെ ഉള്ളടക്കത്തിലേക്കും അനായാസം നടന്നു കയറുന്നുണ്ട് ആദ്യരംഗം. ദാരിദ്ര്യത്തിന്റെ നിസ്സഹായതയെ നിരന്തരം മുറിവേൽപ്പിച്ച് ആനന്ദിക്കുന്ന ഉദ്യോഗസ്ഥവൃന്ദങ്ങൾക്കും, സംവിധാനങ്ങൾക്കും മുന്നിൽ നിക്കോളോയുടെ ദൈന്യതയെ നോക്കിനിൽക്കാനേ പ്രേക്ഷകന് കഴിയൂ. തന്നിൽ നിന്നും അകറ്റി നിർത്തപ്പെട്ട പ്രിയപ്പെട്ടവരെ തിരിച്ചുപിടിക്കാൻ, അവരോടുള്ള കരുതലിനെ ഉറക്കെ വിളിച്ചുപറയാൻ, നീതിയുടെ വെളിച്ചത്തെ പ്രതീക്ഷിച്ച് മിനിസ്റ്ററുടെ പക്കൽ പരാതി സമർപ്പിക്കാൻ കാൽനടയായി യാത്രയാവുകയാണ് നിക്കോളോ ..........

    ആദ്യ രംഗങ്ങളിലൂടെ സൃഷ്ടിച്ച ഇന്റൻസിറ്റിയെ വേണ്ട വിധം ഡെവലപ്പ് ചെയ്യാൻ കഴിഞ്ഞോ എന്ന സംശയം ബാക്കിയാവുന്നുണ്ടെങ്കിലും, പ്രധാന കഥാപാത്രത്തിന്റെ പ്രകടനം മനസ്സിനെ സ്പർശിക്കുന്ന അനുഭവമാകുന്നുണ്ട്. ദാരിദ്ര്യം എന്നതിനെ വ്യക്തിയിലേക്ക് ചേർത്ത് നിർത്തി, സമൂഹത്തിന്റെ / സംവിധാനങ്ങളുടെ ബാധ്യതയെ കയ്യൊഴിഞ്ഞ് അവന്റെ ചെറിയ സന്തോഷങ്ങളെ പോലും സ്വാർത്ഥതയോടെ അപഹരിക്കുന്ന കാഴ്ചകളിലൂടെ പ്രേക്ഷകനെ നയിക്കുന്ന OTAC കൂടുതൽ പ്രേക്ഷകശ്രദ്ധ അർഹിക്കുന്നു എന്ന് തീർച്ചയായും പറയാം.

Monday 15 February 2021

CHARLATAN (2020)

 

FILM : CHARLATAN (2020)

COUNTRY: CZECH REPUBLIC

GENRE : DRAMA !!! HISTORY

DIRECTOR : AGNIESZKA HOLLAND

        അവിശ്വസനീയത നിറഞ്ഞ പല യാഥാർത്യങ്ങളാൽ സമ്പന്നമാണ് ചരിത്രം. ദൃശ്യചാരുതയോടെ തിരശ്ശീല കയ്യേറിയ ചരിത്ര പശ്ചാത്തലമുള്ള അനവധി സിനിമകൾ പ്രേക്ഷകരെ പലയാവർത്തി വിസ്മയിപ്പിച്ചതുമാണ്. അവിശ്വസനീയമായ ജീവിതങ്ങളിലൂടെ വരും തലമുറയെ അത്ഭുതപ്പെടുത്തിയ വ്യക്തികളുടെ കഥ പറഞ്ഞ സിനിമകളുടെ കൂട്ടത്തിലേക്ക് ചേർക്കാവുന്ന ഉഗ്രൻ സിനിമയാണ് CHARLATAN. അസുഖങ്ങൾ തിരിച്ചറിയാനും, ഭേദമാക്കാനും വിചിത്രമായ കഴിവുകളുണ്ടായിരുന്ന "ഹെർബൽ ഹീലർ" എന്ന് വിളിക്കാവുന്ന ജാൻ മിക്കോലാസക്കിന്റെ സംഭവ ബഹുലമായ ജീവിതമാണ് സിനിമയുടെ പ്രമേയം. നന്മ-തിന്മ എന്നീ അംശങ്ങളിലേക്ക് ഊന്നൽ നൽകാതെ കഥാപാത്രത്തിന്റെ വ്യക്തിത്വത്തിന്റെ വിവിധ തലങ്ങളെ വ്യക്തതയോടെ തുറന്നു കാണിക്കുന്നുണ്ട് സിനിമ. ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ സാഹചര്യം സിനിമയിലും, കഥാപാത്രങ്ങളിലും നിഴൽ വീഴ്ത്തി നിലകൊള്ളുന്നുണ്ട്. സിനിമാട്ടോഗ്രഫി, അഭിനയം എന്നിങ്ങനെ സിനിമയുടെ പല മേഖലകളും മികച്ചു നിൽക്കുന്ന നല്ല ദൃശ്യാനുഭവമാകുന്നു CHARLATAN.

Saturday 13 February 2021

HOMEWARD (2019)

 FILM : HOMEWARD (2019)

COUNTRY : UKRAINE

GENRE : DRAMA

DIRECTOR : NARIMAN ALIEV

     HOMEWARD-നെ  ഒരു റോഡ് ട്രിപ്പ് മൂവി  എന്ന് പറയാമെങ്കിലും, സിനിമയുടെ ഉള്ളടക്കം അത്തരത്തിലുള്ള ഫീലിനെ പലപ്പോഴും മാറ്റിനിർത്തുന്നുണ്ട്. മകന്റെ മൃതദേഹവുമായി ഇളയമകനൊപ്പം കീവിൽ നിന്നും ക്രിമിയയിലേക്ക് മുസ്തഫയെന്ന പിതാവിന്റെ യാത്രയാണ് ഈ സിനിമയിലെ കാഴ്ചകളാവുന്നത്. അടുത്തിരുന്ന് യാത്രചെയ്യുമ്പോഴും  പിതാവിനും, ഇളയമകനുമിടയിലുള്ള അകലം കേവലം ജെനറേഷൻ ഗ്യാപ്പിനപ്പുറമാണെന്ന് ആദ്യ രംഗങ്ങളിൽ നിന്ന് തന്നെ പ്രേക്ഷകന് മനസ്സിലാക്കാനാവുന്നു. പിതാവിന്റെ മുരടൻ സ്വഭാവവും, ചെയ്തികളും വ്യക്തിപരമായ സ്വഭാവ സവിശേഷതയെന്നതിലേക്ക് ഒതുക്കി നിർത്താനാവാത്തതാകുന്നത് അയാളെ / അയാളുടെ ഐഡന്റിറ്റിയെ ചരിത്രത്തിന്റെ ഓരം ചേർന്ന് പിന്നോട്ട് വായിക്കുമ്പോഴാണ്. പ്രധാന കഥാപാത്രത്തിന്റെ വംശീയ-മത സ്വത്വങ്ങളെ വിശകലനം ചെയ്യുമ്പോഴാണ് സിനിമയുടെ ഉള്ളറിയാൻ നമുക്കാവുന്നത്. പൊള്ളുന്ന ഇന്നലേകളെയും, വേദന വിട്ടൊഴിയാത്ത ഇന്നിനെയും പ്രതിഫലിപ്പിക്കുന്ന മുസ്തഫയുടെ മുഖം പിന്നിട്ട ചരിത്ര യാഥാർത്യങ്ങളിലേക്കുള്ള സൂചനയാകുമ്പോൾ, ഇളയ മകന് അവ സ്വയം അറിയാനുള്ള അവസരവുമാകുന്നു.

SUN CHILDREN (2020)

 

FILM : SUN CHILDREN (2020)

COUNTRY : IRAN

GENRE : DRAMA

DIRECTOR : MAJID MAJIDI


          മജീദ് മജീദി എന്ന പേര് തന്നെയാണ് ഈ സിനിമയിലേക്ക് കണ്ണുടക്കാൻ കാരണം. കുട്ടികൾക്കൊപ്പം ഒട്ടേറെ ഹൃദ്യമായ ദൃശ്യ വിസ്മയങ്ങളൊരുക്കിയ അദ്ദേഹം ഇത്തവണ എന്താണ് ഒരുക്കിയിട്ടുള്ളത് എന്നറിയാനുള്ള ആകാംഷയും എന്നിലെ പ്രേക്ഷകനെ കീഴടക്കിയിരുന്നു. തെരുവ് ജീവിതത്തിന്റെ വേദനിപ്പിക്കുന്ന യാഥാർത്യങ്ങളും, അതിന്റെ പിന്നണിയിലുള്ള സാമൂഹിക സാഹചര്യങ്ങളും, ബാലവേലയും, അഭയാർത്ഥികളുമെല്ലാം കാഴ്ചകളിൽ തെളിയുന്ന ഒരു സിനിമയാണ് SUN CHILDREN. അതിജീവനം ജീവിതത്തിന്റെ അനിവാര്യതയാകുന്ന തെരുവിൽ അലിയെയും കൂട്ടുകാരെയും നമുക്ക് കാണാം. നിലനിൽപ്പിനായി ഏർപ്പെടുന്ന കുറ്റകൃത്യങ്ങൾക്കിടയിൽ നിന്ന് ഇത്തരം കുട്ടികൾക്കായി നടത്തുന്ന സ്‌കൂളിന്റെ അകത്തളത്തിലേക്ക് എത്തിച്ചേരുകയാണ് നാൽവർ സംഘം. അതിനുള്ള പ്രേരണയും, അത് നയിക്കുന്ന സാഹചര്യങ്ങളും സിനിമയിൽ നിന്ന് തന്നെ കണ്ടറിയുന്നതാണ് ഉചിതമെന്ന് കരുതുന്നു.
      തെരുവിന്റെ സുരക്ഷിതത്വമില്ലായ്മയിൽ നിന്നുള്ള മോചനമെന്ന നിലയിൽ വിദ്യാഭ്യാസത്തിന്റെ സാധ്യതയെ സൂചിപ്പിക്കാൻ സിനിമ വിട്ടുപോകുന്നില്ല. പ്രേക്ഷകനെ വൈകാരികമായി സ്പർശിക്കുന്ന രംഗങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. കുട്ടികളുടെ പ്രകടനം അദ്ദേഹത്തിന്റെ മുൻ സിനിമകളിലേതു പോലെ ഇവിടെയും മികച്ചു നിൽക്കുന്നു. അമിത പ്രതീക്ഷയോടെ കണ്ടതിനാലാവാം, അദ്ദേഹത്തിന്റെ മുൻ സിനിമകൾ പകർന്ന ഒരു വേറിട്ട അനുഭവം വ്യക്തിപരമായി കിട്ടിയില്ല. എന്നാലും ഒരു സിനിമയെന്ന നിലയിലും, അത് മുന്നോട്ടു വെയ്ക്കുന്ന വിഷയവും, അവതരണവും മുന്നിട്ടു തന്നെ നിൽക്കുന്നു.