Sunday 25 March 2018

NAFAS (2016)


FILM : NAFAS (2016)
COUNTRY : IRAN
GENRE : FANTASY !!! DRAMA
DIRECTOR : NARGES ABYAR

                 സിനിമകളെ ഓരോരുത്തരും വിലയിരുത്തുന്നത് ഓരോ രീതിയിലാണ്. അവരവരുടെ രുചിഭേദങ്ങൾക്കനുസരിച്ചു  സിനിമയെ വിലയിരുത്തുമ്പോൾ അതിന് നിരൂപണത്തിന്റെ ലേബൽ നൽകാനുമാവില്ല. വ്യക്തിപരമായ മാനദണ്ഡങ്ങളുടെ അളവുകോലുകളിൽ ചിട്ടപ്പെടുത്തിയ ഒരു ആസ്വാദനകുറിപ്പിന്റെ മേലങ്കിയാണ് അത്തരം എഴുത്തുകൾക്ക് കൂടുതൽ ചേരുക. സിനിമയുടെ സാങ്കേതികമായ രൂപഭംഗിയേയും, ആഖ്യാനത്തിന്റെയും-തിരക്കഥയുടെയും കെട്ടുറപ്പിനേയുമെല്ലാം ഓരത്തു നിർത്തി, സിനിമയെന്ന ദൃശ്യാനുഭവം മനസ്സിലും, ചിന്തകളിലും കോറിയിടുന്ന അടയാളങ്ങളാണ് സാധാരണ പ്രേക്ഷകന്റെ ഇഷ്ടാനിഷ്ടങ്ങളെ സൃഷ്ടിക്കുന്നത് എന്നതാണ് സത്യം.
     എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയ ഒരു ഇറാനിയൻ സിനിമയെയാണ് ഇന്ന് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. "നഫസ് എന്നാൽ ശ്വാസം എന്നാണ് അർത്ഥം. ജീവിത പരാധീനതകൾക്കൊപ്പം കൂനിന്മേൽ കുരുപോലെ ഗഫൂറിനെ അലട്ടുന്ന പ്രശ്നമാണ് ആസ്ത്മ. അക്ഷരങ്ങളുടെയും, ആഗ്രഹങ്ങളുടെയും, ഫാന്റസികളുടെയും സാങ്കൽപ്പിക ലോകങ്ങളിൽ വിഹരിക്കാൻ ഇഷ്ടപ്പെടുന്ന ബഹാർ എന്ന അയാളുടെ മകളുടെ ആഗ്രഹം ആസ്ത്മ ഡോകടറാവുകയെന്നതാണ്. ആഗ്രഹങ്ങൾ നെയ്‌തെടുക്കുന്ന സാങ്കൽപ്പിക ലോകങ്ങളുടെ വിശാലതകളെ ഇഷ്ടപ്പെടുന്ന ബഹാറിന്റെ യാഥാർത്യങ്ങളിലെ അസ്വാതന്ത്ര്യങ്ങളിലും, മാറി-മാറി വരുന്ന ഭരണകൂടങ്ങളും,  രാഷ്ട്രീയ സാഹചര്യങ്ങളും വീർപ്പുമുട്ടിക്കുന്ന ജനതയുടെ വിങ്ങലുകളിലും ഈ സിനിമയുടെ പേര് തെളിയുന്നതായ് നമുക്ക് കാണാം. ഇറാനിലെ 70-കളിലെയും, 80-കളിലെയും രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന നഫസ്‌ ആ കാലഘട്ടത്തിന്റെ രാഷ്ട്രീയവും, സാമൂഹികവുമായ ചിത്രങ്ങളെ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. പ്രായത്തിൽ കവിഞ്ഞ അറിവുകളുമായി തന്റേതായ ലോകത്ത്‌ നിശ്വസിക്കാനും, ചിറകുവിടർത്താനും ആഗ്രഹിക്കുന്ന ബഹാറിന്റെ ചിറകുകളരിയുന്ന നോട്ടങ്ങളും, വാക്കുകളും പിന്നോട്ടാഞ്ഞു നിൽക്കുന്ന സമൂഹമനസ്സിന്റേതു തന്നെയായിരുന്നു. ഒരു യുദ്ധവിരുദ്ധ സിനിമ എന്ന രീതിയിലും നഫസ് അസ്തിത്വമാർജ്ജിക്കുന്നുണ്ട്. ബഹാറിന്റെ കളിവഞ്ചി ആദ്യമായി ഒഴുകുന്ന കാഴ്ച സിനിമയിലെ ഏറ്റവും മനോഹരവും, അതുപോലെ വേദനാജനകവുമാവുന്നു.
      കുട്ടികളുടെ അഭിനയം വിശിഷ്യാ ബഹാറിന്റെ പ്രകടനം അതിഗംഭീരം എന്ന് തന്നെ പറയാം. സിനിമയിൽ പലതവണ കേൾക്കാവുന്ന "ഷോലെ"-യിലെ ഗാനവും നമ്മെ രസിപ്പിക്കുന്നു. ഈ സിനിമയുടെ മർമ്മരങ്ങളെ ശ്രവിക്കാനായി എന്നു തന്നെയാണ് എന്റെ വിശ്വാസം. ഈ സിനിമയുടെ നിശ്വാസങ്ങളെ ഉൾക്കൊള്ളാൻ നിങ്ങൾക്കുമാവും എന്നാണ് എന്റെ പ്രതീക്ഷ.


Friday 16 March 2018

THE CANDIDATE (2008)



FILM : THE CANDIDATE (2008)
GENRE : THRILLER
COUNTRY : DENMARK
DIRECTOR : KASPER BARFOED

           അച്ഛന്റെ മരണത്തിനിടയാക്കിയ കാറപകടത്തെക്കുറിച്ചു ജോനാസിന് ചില സംശയങ്ങളുണ്ട്. വക്കീലായിരുന്ന അച്ഛനോട് ഒരു കുറ്റവാളിക്ക് കടുത്ത ദേഷ്യമുണ്ടാവാനുള്ള കാരണവും അതിനെ ബലപ്പെടുത്തുന്നു. ഉറക്കംകെടുത്തി കൊണ്ടിരിക്കുന്ന ഈ സംശയങ്ങൾക്കുള്ള ഉത്തരം തേടുന്ന ജോനാസിനെയും ആരോ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിക്കുകയാണ്. അച്ഛനെ ഇല്ലാതാക്കിയവർ തന്നെയാകുമോ ജോനാസിനെ വേട്ടയാടുന്നത്. ജോനാസിനും അറിയേണ്ടത് ആ യാഥാർത്യമാണ്. തന്നെ വരിഞ്ഞു മുറുക്കിയിട്ടുള്ള കുരുക്ക് അഴിക്കാനുള്ള നെട്ടോട്ടത്തിൽ പല സത്യങ്ങളും അയാൾ തിരിച്ചറിയുകയാണ്.
        പ്രേക്ഷകനെ ത്രസിപ്പിക്കുന്ന ഒരു സീറ്റ് എഡ്ജ് ത്രില്ലർ എന്നൊന്നും പറയാനുള്ളതില്ല ഈ സിനിമ. ചില ട്വിസ്റ്റുകൾ നന്നായിരുന്നു. ചില പാളിച്ചകൾ ആദ്യകാഴ്ചയിൽ തന്നെ പ്രേക്ഷകന് മനസിലാകുന്ന വിധത്തിൽ മുഴച്ചു നിൽക്കുന്നുണ്ട്. എന്നിരുന്നാലും ഒരു തവണ കണ്ടിരിക്കാം ഈ ഡാനിഷ് ത്രില്ലർ.


Monday 12 March 2018

KILLING WORDS (2003)



FILM : KILLING WORDS (2003)
GENRE : PSYCHOLOGICAL THRILLER
COUNTRY : SPAIN
DIRECTOR : LAURA MANA

        കൂടുതലും ഡ്രാമ ജോണറിലുള്ള സിനിമകളെകുറിച്ചാണ് പോസ്റ്റുകളിടാറുള്ളത്. അതിൽ നിന്നൊരു ചെയ്ഞ്ച് എന്ന നിലയിൽ ഇന്നത്തെ സജഷൻ ഒരു ത്രില്ലർ തന്നെയാക്കാം. സ്പാനിഷ് സിനിമയായ "കില്ലിംഗ് വേർഡ്‌സിനെ" സൈക്കോളജിക്കൽ ത്രില്ലർ എന്ന് വിളിക്കുന്നതാവും ഉചിതം. കാരണം വാക്കുകളും, മനസ്സും നയിക്കുന്ന ഒരു കളി തന്നെയാണ് ഈ സിനിമ. സത്യവും, അസത്യങ്ങളും, ഭീതിയും, മരണവും, വെറുപ്പും, നിസ്സഹായതയും, പരിഹാസ്യവും, അധികാരവും, പ്രതികരവുമെല്ലാം പൊടിയുന്ന വാക്കുകൾ തന്നെയാണ് ഈ സിനിമയുടെ ചാലക ശക്തി.
         സൈക്യാട്രിസ്റ്റായ മുൻഭാര്യയെ തട്ടിക്കൊണ്ടു പോയി ബന്ധനസ്ഥയാക്കുകയാണ് ഫിലോസഫി പ്രൊഫസറായ RAMON. ഒരു സീരിയൽ കില്ലറുടെ ചേഷ്ടകളിലൂടെ ഇരയുടെ മരണ ഭീതിയെ ആസ്വദിക്കാൻ ഒരുങ്ങുകയാണയാൾ. ആദ്യ രംഗം മുതൽ അവസാന സീൻ വരെ പ്രേക്ഷകന്റെ നിഗമനങ്ങളെ ഉഴുതു മറിച്ചാണ് ഈ സിനിമ പ്രേക്ഷകനെ രസിപ്പിക്കുന്നത്. ഇര ഒരു മനഃശാസ്ത്ര വിദഗ്ദ്ധയാണെന്നത് വാക്കുകൾ കൊണ്ടും, മനസ്സ് കൊണ്ടുമുള്ള ദ്വന്ദയുദ്ധത്തെ മികവുറ്റതാക്കുന്നു. RAMON എന്ന കഥാപാത്രം കൈകാര്യം ചെയ്ത കെവിൻ സ്‌പേസിയെപ്പോലുള്ള നടന്റെ പ്രകടനം ഉഗ്രനായിരുന്നു. ഒരു സൈക്കോപാത്തിന്റെ വിശേഷണങ്ങളെ ആവാഹിക്കുന്ന ആൾ തന്നെ ഞൊടിയിട കൊണ്ട് തന്റെ സൂക്ഷ്മാഭിനയത്തിലൂടെ അതിനെ മായ്ച്ചു കളയുന്നുമുണ്ട്. സിനിമയൊരു ത്രില്ലറായതിനാൽ സിനിമയുടെ കൂടുതൽ വിവരണത്തിലേക്കു കടന്നു ത്രില്ല് കളയുന്നില്ല....
          ഹോളിവുഡ് റീമേക്ക് വന്നിട്ടുണ്ടോ എന്നറിയില്ല. എന്തായാലും, സൈക്കോളജിക്കൽ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു മസ്റ്റ് വാച് തന്നെയാണ് കില്ലിംഗ് വേർഡ്സ്.


Saturday 10 March 2018

SONGS FROM THE SOUTHERN SEAS (2008)



FILM : SONGS FROM THE SOUTHERN SEAS (2008)
GENRE : DRAMA !!! COMEDY
COUNTRY : KAZAKHSTAN
DIRECTOR : MARAT SARULU

        കസാഖ്സ്ഥാനിലെ പുൽമേടുകൾ നിറഞ്ഞ പ്രദേശങ്ങളിലൊന്നിലെ രണ്ടു കുടുംബങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ് ഈ സിനിമ. റഷ്യൻ വംശജരായ ഒരു കുടുംബവും, കസാഖ് വംശജരായ കുടുംബവും അയൽക്കാരായാണ് കഴിയുന്നത്. റഷ്യൻ വംശജരായ ഇവാന്റെ കുടുംബത്തിലേക്ക് ഒരു അതിഥി കൂടി വന്നെത്തുകയാണ്. എന്നാൽ, പുതുതായി പിറന്ന കുഞ്ഞിന് തന്റെ നിറമില്ലെന്ന കാരണത്താൽ സംശയിക്കുകയാണ് ഇവാൻ. സിനിമയുടെ തുടർന്നുള്ള  ഗതി നിർണ്ണയിക്കുന്നതും ഈ സംശയം തന്നെയാണ്....
         പ്രത്യക്ഷത്തിൽ ഒരു ലൈറ്റ് കോമഡിയായി തോന്നുമെങ്കിലും, പല വിഷയങ്ങളെയും സിനിമയുടെ ലളിതമായ ഒഴുക്കിലേക്ക് ചേർത്ത് വെയ്ക്കുന്നുണ്ട് സംവിധായകൻ. കുടുംബം, പരസ്പര വിശ്വാസം, വംശീയത, സംസ്കാരം, സാംസ്‌കാരിക അസ്തിത്വം എന്നിവയൊക്കെ സിനിമയിലെ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകനും ഉൾക്കൊള്ളാനാവുന്നു. കാലം തീർക്കുന്ന കൈവഴികളിലൂടെ ലയിച്ചും, ലോപിച്ചും, ഉൾച്ചേർന്നും രൂപപ്പെട്ട സാംസ്‌കാരിക സ്വത്വങ്ങളെ വിശാലതയുടെ തലത്തിൽ വിശകലനം ചെയ്യുകയും, ഹൃദയത്തിലേറ്റുകയും ചെയ്യേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തലും സിനിമയുടെ ദൗത്യമാകുന്നു. സിനിമയുടെ പശ്ചാത്തലത്തിൽ മുഴങ്ങിക്കേട്ട ഗ്രാമീണത തുളുമ്പി നിന്ന സംഗീതവും സിനിമയ്ക്ക് മാറ്റുകൂട്ടി. സെൻട്രൽ ഏഷ്യൻ സിനിമകളിലെ സ്ഥിരം കാഴ്ചകളെ അധികം കാണാൻ കഴിയില്ലെങ്കിലും, ആ പ്രാദേശികതയുടെ മിടിപ്പുകൾ തന്നെയാണ് ഈ സിനിമയുടേതും...