Saturday, 2 December 2017

KELIN (2009)



FILM : KELIN (2009)
GENRE : DRAMA
COUNTRY : KAZAKHSTAN
DIRECTOR : ERMEK TURSUNOV

                      വളരെ റിമോട്ട് ആയ സ്ഥലങ്ങൾ പശ്ചാത്തലമായുള്ള സിനിമകൾ തേടിപ്പിടിച്ചു കാണാൻ ശ്രമിക്കുന്നത് മനസ്സ് നിറയ്ക്കുന്ന ഫ്രെയിമുകൾ പ്രതീക്ഷിക്കാമെന്ന കാരണത്താലാണ്. അതോടൊപ്പം UNIQUE-ആയ കാഴ്ച്ചകളും ഇത്തരം സിനിമകളിൽ കാണാൻ കഴിയും. KELIN എന്ന കസാഖ് സിനിമ ഈ ഒരു മനോനിലയിലാണ് കാണാനിരുന്നത്. എന്റെ പ്രതീക്ഷകളോട് നീതി പുലർത്തിയ ഈ സിനിമയിൽ സംഭാഷണങ്ങൾ ഇല്ല എന്ന പ്രത്യേകതയാണ് എടുത്തു പറയേണ്ടത്.
       KELIN എന്നാൽ മരുമകൾ എന്നാണ് അർഥമാക്കുന്നത്. ആഗ്രങ്ങൾക്കും, പ്രതീക്ഷകൾക്കും വിരുദ്ധമായി മറ്റൊരാളുടെ ഭാര്യയായി ഭർതൃഗൃഹത്തിൽ എത്തുന്ന യുവതിയാണ് കേന്ദ്ര കഥാപാത്രം.  പ്രണയവും, പ്രതികാരവും, കാമവുമെല്ലാം മനുഷ്യാവസ്ഥകളിലൂടെ പ്രതിഫലിപ്പിക്കുന്നു KELIN. നിരാസങ്ങൾ ഇല്ലാതാവുന്ന സമരസപ്പെടലുകളുടെ ഉറവയെ അവൾ കണ്ടെത്തുന്നത് ശരീര സുഖങ്ങളിലാണ്. ഭാര്യ, കാമുകി, മാതാവ് എന്നീ സ്ത്രീ സ്വത്വങ്ങളെ അവൾ പുൽകുന്നത് ജൈവികമായ ചോദനകളെ മുൻനിർത്തിയാണ്. സഹനം-അധികാരം എന്നീ വിരുദ്ധമായ സാമൂഹികാവസ്ഥയെ പ്രതിനിധീകരിക്കുന്നവരാണ് ഈ സിനിമയിലെ രണ്ടു സ്ത്രീ കഥാപാത്രങ്ങൾ.  ഭർത്തൃമാതാവ് എന്ന സാമൂഹികമായ അധികാരത്തിനപ്പുറം പ്രകൃത്യാതീതമായ ശക്തിയും സമ്മേളിക്കുന്ന സ്ത്രീകഥാപാത്രവും, മരുമകളും ഒരുപോലെ ശക്തിയാർജ്ജിക്കുന്ന കഥാപാത്രങ്ങളായി മാറുന്നു എന്നത് പ്രേക്ഷകശ്രദ്ധ പതിയേണ്ട സവിശേഷതയാവുന്നു. നിലനിൽപ്പിന്റേയും, അതിജീവനത്തിന്റെയും ജീവിതചക്രത്തിന്റെയും അടയാളമായി സ്ത്രീത്വത്തെ പ്രതിഷ്ഠിച്ചു തന്നെയാണ് KELIN അവസാനിക്കുന്നത്.
       സിനിമയുടെ പശ്ചാത്തലം വളരെ പഴക്കമേറിയതായതിനാൽ  പ്രാദേശിക മിത്തുകളിൽ നിന്നും, സംസ്കാരത്തിൽ നിന്നും കടമെടുത്തവ സിനിമയിൽ തീർച്ചയായും കാണും. മുന്നറിവുകളിലൂടെയോ, സംഭാഷണങ്ങളിലൂടെയോ അവയെ തിരിച്ചറിയുകയാണ് പതിവ്. എന്നാൽ, സംഭാഷണങ്ങളില്ലാത്ത ഈ സിനിമയുടെ ദൃശ്യഭാഷയിലൂടെ തന്നെ അത്തരം കാര്യങ്ങളെ വ്യക്തമാക്കാൻ സാധിച്ചിരിക്കുന്നു. ഈ സിനിമയ്ക്ക് മാർക്കിടാൻ ഞാൻ മുതിരുന്നില്ല. സംവിധായകന്റെ മറ്റുസിനിമകൾ കൂടി കാണണമെന്ന എന്റെ ആഗ്രഹത്തോടൊപ്പം മുകളിൽ കുറിച്ച വരികൾ ചേർത്തു വായിച്ച്, ഈ സിനിമ കാണണോ? എന്ന് നിങ്ങൾ തീരുമാനിക്കും എന്ന പ്രതീക്ഷയോടെ.......


1 comment:

  1. സിനിമയുടെ പശ്ചാത്തലം വളരെ പഴക്കമേറിയതായതിനാൽ പ്രാദേശിക മിത്തുകളിൽ നിന്നും, സംസ്കാരത്തിൽ നിന്നും കടമെടുത്തവ സിനിമയിൽ തീർച്ചയായും കാണും. മുന്നറിവുകളിലൂടെയോ,
    സംഭാഷണങ്ങളിലൂടെയോ അവയെ തിരിച്ചറിയുകയാണ്
    പതിവ്. എന്നാൽ, സംഭാഷണങ്ങളില്ലാത്ത ഈ സിനിമയുടെ
    ദൃശ്യഭാഷയിലൂടെ തന്നെ അത്തരം കാര്യങ്ങളെ വ്യക്തമാക്കാൻ
    സാധിച്ചിരിക്കുന്നു

    ReplyDelete