Saturday, 23 April 2016

ലീല (2016)



FILM : LEELA (2016)
COUNTRY : INDIA (LANGUAGE : MALAYALAM)
DIRECTOR : RANJITH

              ഉണ്ണി ആർ-ന്റെ ചെറുകഥ ആസ്പദമാക്കി രഞ്ജിത് ഒരുക്കുന്ന സിനിമയിൽ കുട്ടിയപ്പനായി വേഷമിടുന്നത് ബിജുമേനോനാണെന്ന് അറിഞ്ഞതിനു ശേഷമാണ് ഞാൻ ലീല വായിച്ചത്.  അതിനാൽ തന്നെ കൂട്ടിവച്ച അക്ഷരങ്ങൾ മനസ്സിൽ ജനിപ്പിച്ച ചിത്രങ്ങളിലും അയാളുടെ ചേഷ്ടകളും, കുസൃതികളും തന്നെയായിരുന്നു.    ലോകത്തിന്റെ സഹജമായ ആൺകോയ്മയുടെയും, പുരുഷ പക്ഷ ചിന്തകളുടെയും, കാമാർത്തതയുടെയും ഉടലായി കുട്ടിയപ്പൻ അവതരിക്കുമ്പോൾ അക്ഷരങ്ങൾ സമ്മാനിച്ച മിഴിവുണ്ടാകുമോ എന്ന സന്ദേഹം എന്റെ കൂടെയുണ്ടായിരുന്നു. അതുകൊണ്ട് സിനിമയ്ക്ക് വേണ്ടിയുള്ള കൂട്ടിച്ചേർക്കലുകളും, മുറിച്ചുമാറ്റലുകളും അനിവാര്യതയാകുമെന്ന ബോധ്യത്തോടെയാണ് സിനിമ കാണാൻ കയറിയത്. സിനിമയെക്കുറിച്ചുള്ള ഗഹനമായ വിശകലനത്തിന് മുതിരുന്നില്ല. മനസ്സിൽ തറച്ച ചില ദൃശ്യങ്ങൾ പടർത്തിയ  ചിന്തകൾ മാത്രം പങ്കുവെച്ച് കൊള്ളുന്നു.
              ഒരു പണാധിപത്യ സമൂഹത്തിൽ പരസ്യപ്പെടുന്ന പുരുഷകാമനകളുടെ പ്രതീകമായാണ് കുട്ടിയപ്പൻ നിറഞ്ഞു നിൽക്കുന്നത്. അയാളിലെ വൈകൃതങ്ങൾക്കൊപ്പം, കാഴ്ചപ്പാടുകളിലെ ചില നേരുകളെക്കൂടി ചേർത്ത് വെയ്ക്കുമ്പോൾ ആക്ഷേപ ഹാസ്യത്തിന്റെ കൂരമ്പുകൾക്ക് മൂർച്ചയേറുന്നു. മാന്യതയുടെയും, കപടസദാചാരങ്ങളുടെയും പുറന്തോടുകളെ എറിഞ്ഞുടച്ച് കൊണ്ടാണ് കുട്ടിയപ്പന്റെ ലീലാവിലാസങ്ങൾ മുന്നേറുന്നത്. പെണ്ണുടലിന്റെ ഭോഗപരതയിലേയ്ക്ക്  മാത്രം ഒളികണ്ണെറിയുന്ന  പുരുഷ ചിന്തകളെ   സദാചാര ബോധങ്ങൾക്കുള്ളിൽ നിന്ന് കണ്ടെടുക്കുമ്പോൾ സിനിമ അതിന്റെ അടയാളം അവശേഷിപ്പിക്കുന്നു. ലഹരികൾ തീർക്കുന്ന മേലാപ്പിനുള്ളിൽ നീചമായ കൈയ്യബദ്ധങ്ങളായി ബന്ധങ്ങൾ വീണുടയുന്ന മൃഗീയതകൾക്ക് നമ്മളിൽ ഞെട്ടലുളവാക്കാനാവാത്ത  നിസ്സംഗതയിലാണ് സമൂഹം അഭയം തേടിയിരിക്കുന്നത്. "ഇരകൾ"  വികാരങ്ങൾ കൊഴിഞ്ഞു പോയ ശരീരങ്ങളായി സമൂഹ മനസ്സിനെ വിചാരണ ചെയ്യുമ്പോൾ രക്ഷയുടെ കരങ്ങളാവാൻ നമ്മുടെ ചിന്തകളെ വിമലീകരിച്ച് രൂപാന്തരപ്പെടേണ്ടതുണ്ട് എന്ന തുറന്നു പറച്ചിലാകുന്നു ലീല.
                  സിനിമ സംവിധായകന്റെ ദൃശ്യഭാഷയായതിനാൽ നമ്മൾ അക്ഷരങ്ങളിലൂടെയറിഞ്ഞ കുട്ടിയപ്പനിൽ ചില പ്രത്യക്ഷ മാറ്റങ്ങൾ സിനിമയിൽ കാണാം. കഥാപാത്ര വ്യക്തിത്വതിലേയ്ക്കും നുഴഞ്ഞു കയറുന്ന ഈ നവ അംശങ്ങൾ സിനിമയ്ക്കയുള്ള വിട്ടുവീഴ്ചകളായി കണക്കാക്കാം. തിരോഭവിച്ച കഥാംശങ്ങളെക്കുറിച്ച് വിലപിക്കാതെ സ്ക്രീനിൽ തെളിഞ്ഞ ദൃശ്യങ്ങൾ നൽകിയ അനുഭൂതിയെ വാച്യമായി വിലയിരുത്തുമ്പോൾ  രഞ്ജിത്തിന്റെ ലീലയെ  മികച്ച ശ്രമം എന്ന് സമ്മതിക്കേണ്ടി  വരുന്നു.    


1 comment: