Tuesday, 16 October 2018

96 (2018)


FILM : 96 (2018)
GENRE : ROMANCE
DIRECTOR : PREMKUMAR
               നിർവചങ്ങൾക്കു വഴങ്ങാത്ത ഒന്നാണ്  പ്രണയമെന്നാണ് തോന്നിയിട്ടുള്ളത്. ആവർത്തനങ്ങളെ പോലും വിരസതയിൽ നിന്ന് അടർത്തിയെടുക്കാനുള്ള മായികതയും അതിനുണ്ട്. വേദനയുടെയും, നിർവൃതിയുടെയും ചക്രവാളങ്ങളെ സ്പർശിക്കാനും പ്രണയത്തിനാവുന്നു. "പ്രണയം മരണം പോലെ ശക്തം, പ്രണയം മനസ്സിന്റെ പ്രഥമോൽപ്പന്നം" എന്ന് കുറിച്ചവർക്കും തെറ്റുപറ്റിയിട്ടില്ലെന്നു കരുതാം. പ്രണയമെന്ന മനസ്സിന്റെ ഏറ്റവും മനോഹരമായ അവസ്ഥയെക്കുറിച്ചു വാക്കുകളാൽ വരച്ചിടാൻ ശ്രമിച്ചവരെല്ലാം വീണ്ടും വീണ്ടും അതിനു ശ്രമിക്കും എന്നതാണ് പ്രണയത്തെക്കുറിച്ചു പറയാവുന്ന ഉണ്മകളിലൊന്ന്.
             96 പകർന്ന കാഴ്ചകളുടെ നനുത്ത കുളിർമ്മയിൽ ഞാൻ പിന്തുടർന്നത് രാമചന്ദ്രനെയാണ്. പ്രണയത്തിന്റെ ലക്ഷണം സ്ത്രീയിൽ തന്റേടവും, പുരുഷനിൽ സംഭ്രമവുമാണെന്ന വിക്ടർ ഹ്യുഗോയുടെ വാക്കുകളാണ് പലപ്പോഴും മനസ്സിലെത്തിയത്. പ്രണയ വിശുദ്ധിയുടെ അടയാളമായി നിഷ്ക്കളങ്കതയും,പരിഭ്രമവും പ്രണയത്തിനു കൂട്ടായി പത്താം ക്ലാസ്സുകാരനിൽ നിന്നും രണ്ടു ദശകങ്ങൾക്ക് ശേഷവും രാമചന്ദ്രനെ വിട്ടൊഴിയുന്നില്ല. കാലത്തിന്റെയും, ജീവിതത്തിന്റെയും ഗതിയിൽ വന്നണയുന്ന സുവർണ്ണ നിമിഷങ്ങളെ ഫ്രീസ് ചെയ്യുന്ന ഫോട്ടോഗ്രഫിയെ കുറിച്ചു റാം പറയുന്നുണ്ട്. പ്രണയാർദ്രമായ സ്‌കൂൾ ഓർമ്മകളെപ്പോലെ, ഒത്തുചേരലിന്റെ നിമിഷങ്ങളെയും അയാളുടെ മനസ്സിൽ എന്നേക്കുമായി ഫ്രീസ് ചെയ്യുമായിരിക്കാം. നഷ്ടങ്ങളുടെയും, അകൽച്ചയുടെയും വേദനയായി പ്രണയം ഉറഞ്ഞുകൂടിയ വർഷങ്ങൾക്കിപ്പുറവും പ്രണയത്തിന്റെ കനലുകൾ തന്നോളം തീവ്രമായി പ്രണയിനിയിലും ജ്വലിക്കുന്നു എന്ന തിരിച്ചറിവിനെ അവന്റെ മനസ്സ് എങ്ങനെയാവാം ഒതുക്കി നിർത്തിയത്. ഇടറുന്ന വാക്കുകളേക്കാൾ തീവ്രത നിശബ്ദതയുടെ അകമ്പടിയിൽ അന്യോന്യം ഉടക്കിയ കണ്ണുകൾക്കായിരുന്നു. പരസ്പരം കൊരുത്ത നോട്ടങ്ങളിൽ നിന്നും അവൻ പിൻവലിയുന്നത് വൈകാരികതയുടെ ഇരമ്പലിൽ വീണുടയുമെന്ന ഭീതിമൂലമായിരിക്കാം. 
          പ്രണയം സമ്മാനിച്ച നോവിനെ കൈവിടാതെ ഒറ്റപ്പെടലിന്റെ ചങ്ങലയിൽ  സ്വയം ബന്ധിച്ച അവന്റെ മിടിപ്പുകൾ, പറയാൻ കഴിയാതെ പോയതും പറയാതെ പോയതുമായവ അവളോട് മന്ത്രിച്ചിട്ടുണ്ടാവണം. ഓർമ്മകളുടെ ശേഷിപ്പുകളുമായി കാലത്തെ പിന്നോട്ട് വലിച്ചു ഗൃഹാതുരതയിൽ കുരുങ്ങിക്കിടക്കാനാണ് റാം ആഗ്രഹിക്കുന്നത്. തെരുവിന്റെ വിജനതയിൽ വഴിവെളിച്ചങ്ങളുടെ ശോഭയിൽ നിശബ്ദതയെ വകഞ്ഞുമാറ്റിയെത്തുന്ന ചുടു നിശ്വാസങ്ങളെ സാക്ഷിയാക്കിയുള്ള അവരുടെ ചുവടുകൾ അവസാനിക്കരുതേയെന്ന് തന്നെയാണ് ഓരോ പ്രേക്ഷകന്റെയും ഇടനെഞ്ചും ആഗ്രഹിക്കുന്നത്.
          സിനിമയേക്കുറിച്ചു പലതും പറയണമെന്നുണ്ട്. സംഗീതം, അഭിനയം, അഭിനേതാക്കൾ, സ്ക്രിപ്റ്റ്, സിനിമാട്ടോഗ്രഫി, റാമിന്റെ ജീവനായ ജാനകി എന്നിവയെല്ലാം  കുറിച്ചുവെയ്ക്കപ്പെടേണ്ടവയാണ്. ഓർമ്മയുടെ  ശേഖരങ്ങളിലേക്ക് ഒരു ദിവസത്തെക്കൂടി അടുക്കി വെച്ച് ഒരു വിങ്ങലായി ഹൃദയത്തിൽ തറഞ്ഞു നിൽക്കുന്ന രാമചന്ദ്രനോട് ചേർന്ന് നിൽക്കാനാണ് മനസ്സും, മഷിയും ആഗ്രഹിച്ചത്...............  

No comments:

Post a Comment