Monday, 16 April 2018

HEMA HEMA : SING ME A SONG WHILE I WAIT (2016)


FILM : HEMA HEMA : SING ME A SONG WHILE I WAIT (2016)
COUNTRY : BHUTAN
GENRE : DRAMA !!! MYSTERY
DIRECTOR : KHYENTSE NORBU

                   വേറിട്ട വഴികളിൽ സഞ്ചരിച്ചവരുടെ കാഴ്ച്ചകൾക്കും, ചിന്തകൾക്കും വ്യത്യസ്തതയുടെയും പുതുമയുടെയും പ്രഭയുണ്ടാവും. ദൃശ്യഭാഷയെ വേറിട്ട വീഥികളിലൂടെ നടത്താൻ മടിയില്ലാത്ത സംവിധായകരുടെ സിനിമകളും ക്ലിഷേ കാഴ്ചകളുടെ വിരസതയിൽ നിന്ന് പ്രേക്ഷകനെ രക്ഷിക്കുന്നവയാണ്. ദൃശ്യഭാഷയുടെ സാധ്യതകളെ ഭാവനാ സമ്പന്നതയുമായ് കണ്ണിചേർത്ത് വാക്കുകളേക്കാൾ ആഴത്തിൽ, അർത്ഥവ്യാപ്തിയോടെ ദൃശ്യങ്ങൾ വഴി സംവദിക്കുന്ന സിനിമകൾ ഏതൊരു സിനിമാ ആസ്വാദകന്റെയും നല്ല പ്രതീക്ഷകളാണ്. അത്തരമൊരു പ്രതീക്ഷയെ ഉൾക്കൊള്ളുന്ന HEMA HEMA : SING ME A SONG WHILE I WAIT എന്ന ഭൂട്ടാൻ സിനിമയെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
      ഭൂട്ടാൻ സംവിധായകനായ ക്യെൻസ് നോർബുവിന്റെ നാലാമത്തെ സിനിമയാണ് ഇത്. നീല വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ഒരു ബാറിലെ ജോലിക്കാരി തനിക്കു കിട്ടിയ പൈസ എണ്ണി തിട്ടപ്പെടുത്തിയ ശേഷം കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് നോക്കുകയാണ്. സ്വത്വത്തിലേക്കുള്ള ആ നോട്ടത്തിൽ നിന്ന് സിനിമ പ്രകൃതിയുടെ പച്ചപ്പിൽ മുങ്ങിനിൽക്കുന്ന മറ്റൊരു ലോകത്തിലേക്ക്, കാലത്തിലേയ്ക്ക് പറിച്ചു നടപ്പെടുകയാണ്. എല്ലാ ഐഡന്റിറ്റികളും മറയ്ക്കപ്പെടുന്ന മുഖംമൂടികൾക്കു പിറകിൽ ഒളിച്ചു കഴിയുന്ന ഒരു കൂട്ടത്തിനൊപ്പം, 12 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഒരു RITUAL GATHERING പോലെ തോന്നിക്കുന്ന കാഴ്ചകളിലാണ് സിനിമ നങ്കൂരമിടുന്നത്.
     രണ്ടാഴ്ചയുടെ മാത്രം ആയുസ്സുള്ള, അനോന്യമറിയാനാവാത്ത, സ്വയം വെളിപ്പെടലിന്റെ ഭീഷണിയില്ലാത്ത ദിനങ്ങളിൽ അവരുടെ ആന്തരിക ചോദനകളും, തൃഷ്ണകളും മറനീക്കി പുറത്തുവരുന്നത് കാണാം. മുഖം നഷ്ടപ്പെടുന്നതോടെ ആർജ്ജിക്കുന്ന സ്വാതന്ത്ര്യത്തിൽ മനുഷ്യൻ ധൈര്യവാനും ശക്തനുമാകുന്നു. മനസ്സിനുള്ളിൽ അടക്കിപ്പിടിച്ചിരിക്കുന്ന ദുരാഗ്രഹങ്ങളും, ചിന്തകളും മുളച്ചു പൊന്തുന്ന ഇത്തരം സാഹചര്യങ്ങൾ നയിക്കുന്ന പാതകളെ നൈമിഷിക ചഞ്ചലതയോടെ പിൻപറ്റുന്നവർ ആത്യന്തികമായി മനോവേദനകളുടെ തവറയിലാകുമെന്ന സത്യവും ഈ സിനിമ പങ്കുവെയ്ക്കുന്നു. സിനിമയിൽ ഇടയ്ക്കിടെ കടന്നു വരുന്ന നൃത്തങ്ങളിലെല്ലാം ജനന-മരണങ്ങൾക്കിടയിലെ ജീവിതമെന്ന യാഥാർത്യത്തെക്കുറിച്ചും, മനുഷ്യനെക്കുറിച്ചുമുള്ള താത്വികമായ ഉൾക്കാഴ്ചകൾ തന്നെയാണ് കാണാനായത്.
    ആഗ്രഹങ്ങളാണ് ദുഖത്തിന്റെ നിദാനം എന്ന ദാർശനിക ചിന്തയെ ഈ സിനിമ അടിവരയിടുന്നു. മാനുഷികമായ ചാഞ്ചല്യങ്ങളെ ശരീര തൃഷ്ണയുടെ ഉദാഹരണത്തിലൂടെ അവതരിപ്പിച്ച് , അത് സൃഷ്ടിച്ച ദുരിതങ്ങളെ മുൻനിർത്തി സംവിധായകൻ പറയാൻ ശ്രമിക്കുന്നത്, മനസ്സിനെ അടിമപ്പെടുത്തുന്ന ആഗ്രഹങ്ങളെല്ലാം മനുഷ്യനെ നയിക്കുന്നത് ദുഖങ്ങളിലേക്കായിരിക്കും എന്ന് തന്നെയാണ്. സുലഭതയുടെ നടുവിൽ നിൽക്കുമ്പോഴും തന്റേതെന്ന് പറയാൻ ഒന്നുമില്ലെന്ന ചിന്ത കുടികൊള്ളുന്ന മനസ്സിനാണ് ശുദ്ധമായ ജീവിതം സാധ്യമാകുകയെന്ന ബുദ്ധവചനവും ഈ ചിന്തകളോട് ചേർന്നു നിൽക്കുന്നു. 
       സംവിധായകൻ ഒരു ബുദ്ധ സന്യാസിയായതിനാൽ ബുദ്ധിസത്തിലൂന്നിയ ആത്മീയ തലം സിനിമയിൽ നിറയുന്നുണ്ട്. സംഭാഷണങ്ങളെക്കാൾ ദൃശ്യങ്ങളും, ഭാവാഭിനയത്തെക്കാൾ ശരീരഭാഷയും മുന്നിട്ടു നിൽക്കുന്ന ഈ സിനിമയെ ഉപരിപ്ലവമായി സ്പർശിക്കാൻ മാത്രമേ എനിക്ക് സാധിച്ചിട്ടുള്ളൂ. ഈ സിനിമയെ ആഴത്തിൽ അറിയാൻ പ്രാദേശികമായ സാംസ്‌കാരിക അംശങ്ങളെ കുറിച്ചുള്ള മുന്നറിവുകൾ ആവശ്യമാണെന്ന് തോന്നി. എങ്കിലും, മനസ്സിൽ തങ്ങിനിൽക്കുന്ന വേറിട്ട കാഴ്ചാനുഭവമാകുന്നതിന് ഈ അജ്ഞത വിലങ്ങുതടിയാകുന്നുമില്ല. സിനിമ ഉണർത്തിയ ചിന്തകൾക്ക് വിരാമമിടുന്നില്ല, സിനിമയെക്കുറിച്ചുള്ള ഈ കുറിപ്പിന് വിരാമമിടുന്നു.


1 comment:

  1. ആഗ്രഹങ്ങളാണ് ദുഖത്തിന്റെ നിദാനം എന്ന ദാർശനിക ചിന്തയെ ഈ സിനിമ അടിവരയിടുന്നു. മാനുഷികമായ ചാഞ്ചല്യങ്ങളെ ശരീര തൃഷ്ണയുടെ ഉദാഹരണത്തിലൂടെ അവതരിപ്പിച്ച് , അത് സൃഷ്ടിച്ച ദുരിതങ്ങളെ മുൻനിർത്തി സംവിധായകൻ പറയാൻ ശ്രമിക്കുന്നത്, മനസ്സിനെ അടിമപ്പെടുത്തുന്ന ആഗ്രഹങ്ങളെല്ലാം മനുഷ്യനെ നയിക്കുന്നത് ദുഖങ്ങളിലേക്കായിരിക്കും എന്ന് തന്നെയാണ്. സുലഭതയുടെ നടുവിൽ നിൽക്കുമ്പോഴും തന്റേതെന്ന് പറയാൻ ഒന്നുമില്ലെന്ന ചിന്ത കുടികൊള്ളുന്ന മനസ്സിനാണ് ശുദ്ധമായ ജീവിതം സാധ്യമാകുകയെന്ന ബുദ്ധവചനവും ഈ ചിന്തകളോട് ചേർന്നു നിൽക്കുന്നു.

    ReplyDelete