Thursday, 3 April 2014

THE PATIENCE STONE (2012)



FILM  : THE PATIENCE STONE (2012)

DIRECTOR : ATIQ RAHIMI

GENRE  : DRAMA



                               സ്ത്രീ കഥാപാത്ര കേന്ദ്രീകൃതമായ മികച്ച ഒരു സിനിമാ അനുഭവമാണ് ഈ സിനിമ. ATIQ RAHIMI  അദേഹത്തിന്റെ നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്ത മികച്ച ഒരു ഇമോഷണൽ  ഡ്രാമയാണ് ഇത്. വളരെ സാവധാനത്തിൽ ഡയലോഗുകളിലൂടെ മുന്നോട്ട് നീങ്ങുന്ന സിനിമ എല്ലാവരെയും രസിപ്പിക്കണമെന്നില്ല. എങ്കിലും ഒരു മികച്ച സിനിമ കണ്ടിരിക്കാൻ നിങ്ങൾക്ക് വിഷമം ഇല്ലെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഈ സിനിമ.

        ആദ്യമേ പറയട്ടെ,  GOLSHIFTE FARHANI  എന്ന ഇറാനിയൻ  നടി ഈ സിനിമയെ ഒറ്റയ്ക്ക്  ചുമലിലേറ്റി എന്ന് പറഞ്ഞാലും അതിശയോക്തി ആവില്ല. അത്ര മനോഹരമായ പ്രകടനമാണ് അവർ ഈ സിനിമയിൽ ഉടനീളം കാഴ്ച വെയ്ക്കുന്നത്. ആഭ്യന്തര കലാപ കലുഷിതമായ അഫ്ഗാനിസ്ഥാനിലെ ഒരു ഗ്രാമത്തിലാണ് സിനിമ ആരംഭിക്കുന്നത്. കഴുത്തിൽ വെടിയേറ്റ്  നിശ്ചലനും , ജീവച്ഛവവുമായ ഭർത്താവിനെ ( മുൻ ജിഹാദി പോരാളി ) ശുശ്രൂഷിക്കുന്ന ഒരു യുവതിയുടെ കഥയാണ് സിനിമ പറയുന്നത്. സിനിമയുടെ പേര് പോലെ (പേർഷ്യൻ മിത്തിൽ നിന്നും കടം കൊണ്ടത് ) എല്ലാ ദുഖങ്ങളും, ആകുലതകളും, പാപങ്ങളും ആവാഹിച് CATHARSIS ന്റെ   ഒറ്റ മൂലിയായി മാറുന്നു ഭർത്താവ്. "പ്രതികരണ ശേഷിയില്ലാത്ത"  ഭർത്താവിനോട്  തന്റെ  കുട്ടിക്കാലം, വിവാഹം, ദാമ്പത്യ സ്വപ്‌നങ്ങൾ, മോഹങ്ങൾ, പാപങ്ങൾ, പ്രതിഷേധങ്ങൾ, രഹസ്യങ്ങൾ  എന്നിവ പറയുന്ന ഭാര്യയിലൂടെയാണ് സിനിമ ഫ്രൈമുകൾ മാറുന്നത്. ഒട്ടനേകം വൈകാരിക തലങ്ങളിലൂടെ സിനിമ തെന്നി നീങ്ങുന്നു. ഈ വൈകാരിക തലങ്ങളെ സൂക്ഷ്മമായി ഭാവതലങ്ങളിൽ പകർന്നു നൽകാൻ നായികയ്ക്ക് പൂർണമായി സാധിച്ചിട്ടുണ്ട് .
        പുരുഷ കേന്ദ്രീകൃത സമൂഹം, സാമൂഹിക-ദാമ്പത്യ-കുടുംബ ഘടന, ലൈംഗികത, സംസ്കാരം, സദാചാരം, ധാർമികത, യുദ്ധം എന്നിവയെല്ലാം സിനെമയ്കൊപ്പം  സഞ്ചരിക്കുന്ന, സിനിമയുടെ പ്രമേയത്തോട് ചേർന്ന് നില്ക്കുന്ന, സിനിമയുടെ നിഴലുകളിൽ വ്യക്തമായി കണ്ടെടുക്കാവുന്ന തീമുകൾ തന്നെയാണ്.

              ഗോത്ര സംസ്കൃതിയുടെ തുടർച്ചയെന്നോണം തുടർന്ന് പോരുന്ന ആണ്‍കോയ്മയുടെ ദുർഭൂതങ്ങൾ ചലനമറ്റ ശരീരത്തിൽ നിന്ന് പോലും പല്ലിളിക്കുന്ന സാമൂഹിക യാഥാർത്ഥ്യം നിങ്ങക്ക് നായികയുടെ സംഭാഷണങ്ങൾക്കിടയിൽ  നിന്നും കണ്ടെടുക്കാം. എങ്കിലും, അടിച്ചമർത്തപ്പെട്ട  ശാരീരിക തൃഷ്ണകളുടെ വിത്തുകൾ അനുകൂല  / പ്രതികൂല (?) സാഹചര്യങ്ങളിൽ മനസ്സിന്റെ ലൗകിക-ചിത്തമായ ചഞ്ചാട്ടങ്ങലുടെ  ചൂടിനാൽ മുളച്ചു പൊന്തുന്നതും കാണാം.

     നായികയുടെ കാമനകളുടെ പൂർത്തീകരണം സാധ്യമാകുന്നത് യുദ്ധക്കെടുതിയുടെ ഉത്പന്നമായി വന്നടിയുന്ന യുവ പോരാളിയിലൂടെയാകുന്നു. അരക്ഷിതമായ ഇടങ്ങളിൽ ധാർമികത അനിവാര്യമായ മെലിച്ചിലിനു സാക്ഷ്യം വഹിക്കുന്നു.......... മനസ്സാക്ഷിയുടെ കോടതി മുറികളിലേക്ക് അവളെ വലിചിഴക്കെണ്ടതുണ്ടോ? ....... സദാചാരത്തിന്റെ, വിശ്വാസത്തിന്റെ കണ്ണാടികൾ  അവൾക്ക് നേരെ പിടിക്കേണ്ടതുണ്ടോ?.ഇത്തരം ചോദ്യങ്ങൾ നമ്മളിൽ ജനിപ്പിച് അനേകം ഫ്രൈമുകൾ കടന്നു പോകുന്നു. വിലാപങ്ങളില്ലാത്ത കീഴ്പ്പെടൽ  വിമോചനത്തിന്റെ  അടയാളപ്പെടുത്തലാകുന്ന  വൈരുദ്ധ്യം നമ്മെ വിസ്മയിപ്പിക്കുന്നു.

      സംഭാഷണങ്ങൾ നട്ടെല്ലാകുന്ന ഇത്തരം സിനിമകളെ മികച്ച കലാസൃഷ്ട്ടിയാക്കുന്നതിൽ സുപ്രധാന പങ്ക് സ്ക്രിപ്റ്റിനു തന്നെയാണ്. അത് വളരെ മികച്ചതായി എന്ന് തന്നെ പറയാം. സിനിമയിലെ ഫ്രൈമുകളിൽ വർണങ്ങൾ ഉപയോഗിച്ചത് ബുദ്ധിപൂർവ്വമാണ് . ദൃശ്യ തലത്തിൽ വിരസമായേക്കാവുന്ന ഇമേജുകളെ  നായികയുടെ വസ്ത്രങ്ങൾ, നായികയ്ക്ക് ചുറ്റും റൂമിലെ മറ്റു വസ്തുക്കളുടെ നിറങ്ങൾ എന്നിവയുടെ കളർ കോമ്പിനേഷനിലൂടെ  മികച്ചതാക്കാൻ സംവിധായകൻ ശ്രദ്ധിച്ചിരിക്കുന്നു.  
         സിനിമയിലെ ആദ്യ ഭാഗങ്ങളിൽ നായികയുടെ സംഭാഷണങ്ങളിൽ ഭൂതകാലം കടന്നു വരുന്ന ദൃശ്യങ്ങളിൽ  "MALE  CHAUVINISM " നിറയുന്നതായും, അന്ത്യത്തിൽ പെണ്‍കരുത്തിന്റെ  സാധ്യതയെ അവ്വ്യക്തമായി വരച്ചിടാനും സംവിധായകൻ ശ്രമിക്കുന്നുണ്ട്....

   എല്ലാ വൈവിധ്യങ്ങളോടും കൂടി സിനിമ എന്നാ കലാരൂപം നില കൊള്ളുമ്പോഴും, ആസ്വാദനതിനപ്പുറമുള്ള ഇത്തരം സാധ്യതകളെയും , സിനിമ ഭാഷ്യങ്ങളെയും  സിനിമ സൃഷ്ടാക്കൾ  പുല്കണമെന്നു ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട്, നിങ്ങൾ ഈ  റിവ്യു  വായിക്കുമെന്നും സിനിമ കാണുമെന്നും പ്രതീക്ഷിച്ച്  നിർത്തുന്നു ...

      BY    
             ഷഹീർ ചോലശ്ശേരി

1 comment: