Wednesday, 24 December 2014

DRY SEASON (2006)



FILM : DRY SEASON (2006)
COUNTRY : CHAD
GENRE : DRAMA
DIRECTOR : MAHAMAT SALEH HAROUN

            ജീവിതക്കാഴ്ചകളുടെ വൈവിധ്യമാർന്ന സിനിമാ ഭാഷ്യങ്ങൾ തേടി ഭൂഖണ്ഡങ്ങളിൽ നിന്നും ഭൂഖണ്ഡങ്ങളിലെയ്ക്ക് ചേക്കേറിയപ്പോഴെല്ലാം ആഫ്രിക്ക സമ്മാനിച്ചത്‌ വേറിട്ട കാഴ്ചകളായിരുന്നു. DRY SEASON എന്ന  "ചാഡ്" സിനിമയും അത്തരത്തിൽ വ്യത്യസ്തത തേടുന്ന സിനിമാപ്രേമിക്ക്‌ , ലാളിത്യത്തിന്റെ ഫ്രൈമുകളിൽ  തീർത്ത ശക്തമായ സിനിമാ കാഴ്ചയാകുന്നു.
          നാൽപ്പത് വർഷത്തോളം നീണ്ടു നിന്ന ചാഡിലെ ആഭ്യന്തര യുദ്ധത്തിലെ കുറ്റവാളികൾക്ക്  പൊതുമാപ്പ് നൽകുന്ന വാർത്തയുടെ അസ്വസ്ഥത നുരയുന്ന GUMAR ABACHA-യുടെയും , പേരമകൻ ATHIM-ന്റെയും മുഖങ്ങളിൽ വൈരത്തിന്റെ ആഴത്തിലുള്ള വേരുകൾ നമ്മൾ കാണുന്നിടത്ത് നിന്നാണ് സിനിമ തുടങ്ങുന്നത്. വംശങ്ങളും, ഗോത്രങ്ങളും, പ്രതികാരങ്ങളും സിരകളിൽ കുടികൊള്ളുന്ന  ആഫ്രിക്കൻ മനസ്സ് തന്നെയാണ് അബാച്ചയുടേത്. തന്റെ മകന്റെ ഘാതകനെ വകവരുത്തുന്നതിനായി ആയുധവും, ആജ്ഞയും നൽകുകയാണ് അയാൾ.
                 പ്രതികാര ചിന്തയുടെ ഒരിക്കലും അണയാത്ത കനലിനെ ATHIM-ന്റെ മുഖം സിനിമയിലുടനീളം വ്യക്തമാക്കുന്നു. "നസ്സാര" എന്ന ശത്രുവിനെ എളുപ്പത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടും , അയാളുടെ സ്വകാര്യമായ അതിരുകളിലേയ്ക്ക് പോലും നുഴഞ്ഞുകയറിയിട്ടും,   വൈരത്തിന്റെ കൊടുംചൂടിൽ തിളച്ചു മറിയുന്ന ATHIM പിതൃഘാതകനെ  വധിക്കാൻ കാത്തുനിൽക്കുന്നതെന്തിന്?...... ഈ ചിന്ത തന്നെയാവും കാഴ്ച്ചകാരനെ  സിനിമയിലുടനീളം ഭരിക്കുന്നത്‌.
               പ്രതികാര വാഞ്ചയിൽ കെട്ടിയുയർത്തിയ , ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത ATHIM-ന്റെ പ്രകൃതം സിനിമയെ കൂടുതൽ ആകാംഷാഭരിതമാക്കുന്നു. നസ്സാരയുടെ ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വൈകാരിക നിമിഷങ്ങൾക്കിടയിലും ATHIM എടുക്കുന്ന നിലപാടുകൾ,  സിനിമയെ ശക്തമായ പ്രമേയത്തിലൂന്നിയ  കാഴ്ചയാക്കുന്നു. ATHIM, NASSARA, AICHA(നസ്സാരയുടെ ഭാര്യ) എന്നീ പ്രധാന കഥാപാത്രങ്ങളെ പോലെ സിനിമയിലെ മറ്റു കഥാപാത്രങ്ങളും വ്യക്തമായ അടയാളങ്ങൾ അവശേഷിപ്പിക്കുന്നു.
        ലളിതമെന്ന് ഉപരിപ്ലവമായ കാഴ്ചയിൽ വിധിയെഴുതാമെങ്കിലും സിനിമയുടെ തീവ്രതയിൽ വെള്ളം ചേർക്കാതെ അവസാന ഫ്രൈയിം വരെ കാഴ്ചക്കാരനെ പിടിച്ചിരുത്തുന്ന വ്യക്തവും , ശക്തവുമായ കലാസൃഷ്ടിയാകുന്നു ഈ സിനിമ. വെറുപ്പിന്റെ തുടർച്ചകൾ സൃഷ്ട്ടിക്കുന്ന ജീവിതത്തിന്റെ ഇടർച്ചകളെ ഓർമ്മപ്പെടുത്തുന്നു DRY SEASON. 


1 comment:

  1. പ്രതികാര വാഞ്ചയിൽ കെട്ടിയുയർത്തിയ , ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത ATHIM-ന്റെ പ്രകൃതം സിനിമയെ കൂടുതൽ ആകാംഷാഭരിതമാക്കുന്നു. നസ്സാരയുടെ ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വൈകാരിക നിമിഷങ്ങൾക്കിടയിലും ATHIM എടുക്കുന്ന നിലപാടുകൾ, സിനിമയെ ശക്തമായ പ്രമേയത്തിലൂന്നിയ കാഴ്ചയാക്കുന്നു. ATHIM, NASSARA, AICHA(നസ്സാരയുടെ ഭാര്യ) എന്നീ പ്രധാന കഥാപാത്രങ്ങളെ പോലെ സിനിമയിലെ മറ്റു കഥാപാത്രങ്ങളും വ്യക്തമായ അടയാളങ്ങൾ അവശേഷിപ്പിക്കുന്നു.

    ReplyDelete