Saturday, 27 December 2014

THE TEACHER’S DIARY (2014)



FILM : THE TEACHER’S DIARY (2014)
GENRE : ROMANTIC DRAMA
COUNTRY : THAILAND
DIRECTOR : NITHIWAT THARATHORN

           ഈ വർഷത്തെ വിദേശ ഭാഷാ ചിത്രത്തിനുള്ള  ഓസ്കാർ അവാർഡിനായി സമർപ്പിക്കപ്പെട്ടത് എന്ന ഉറപ്പിന്മേൽ കണ്ടു തുടങ്ങിയ  തായ് സിനിമയായ THE TEACHER'S DIARY മനം കവർന്ന പ്രണയാനുഭവമായി. പ്രണയ സിനിമകളുടെ  സ്ഥിരം പ്ലോട്ടിൽ നിന്ന് മാറി തികച്ചും വ്യത്യസ്തമായ കഥപറച്ചിൽ രീതി അവലംബിച്ചതാണ് ഈ സിനിമയുടെ മാധുര്യം വർദ്ദിപ്പിച്ചത്‌.
                      THAILAND-ലെ വളരെ വിദൂരമായ ഒരു നദിയോര ഗ്രാമത്തിലെ ഒറ്റപ്പെട്ടു കിടക്കുന്ന FLOATING HOUSE BOAT SCHOOL-ൽ ടീച്ചേഴ്സ് ആയി എത്തുന്ന നായകന്റെയും, നായികയുടെയും ഹൃദയവിചാരങ്ങളാണ് സിനിമയുടെ നട്ടെല്ലാവുന്നത്. ഒന്നിടവിട്ടുള്ള വർഷങ്ങളിൽ അവിടെയെത്തുകയാണ് അവർ. ആദ്യമെത്തുന്ന നായികയെ(ANN) രണ്ടാമതെത്തുന്ന SONG, അവൾ അവശേഷിപ്പിച്ച ഡയറിയിലൂടെ ഹൃദയത്തിലേറ്റുകയാണ്. SONG കുറിച്ചുവെയ്ക്കുന്ന വരികളിലൂടെ നായികയും പ്രണയത്തിന്റെ ഓളങ്ങളിലെയ്ക്ക് തെന്നി വീഴുന്നതായി കാണാം. എന്നാൽ രണ്ടു പേരുടെയും വ്യക്തിജീവിതങ്ങളിലെ സമാന്തരമായ ബന്ധങ്ങളും, സാഹചര്യങ്ങളും സിനിമയുയർത്തുന്ന അകാംഷയ്ക്കു ബലമേകുന്നു. കഥാഗതിയെ വഴിതിരിച്ചു വിടാനുള്ള ശ്രമമെന്ന രീതിയിൽ അവതരിച്ച രംഗങ്ങൾ സ്ഥിരം ചേരുവകളായി വന്നടിയുന്ന നാടകീയത വമിക്കുന്ന അംശങ്ങളായി അനുഭവപ്പെടുന്നു.
           FLOATING HOUSE BOAT SCHOOL-ലെ ടീച്ചർ കേവലമൊരു ടീച്ചർ മാത്രമല്ല എന്നതുപോലെ , ഈ സിനിമയും ഒരു റൊമാന്റിക് ഡ്രാമ എന്നതിനപ്പറത്തേയ്ക്ക് വളരുന്നു. സ്കൂളിലെ കുട്ടികളോടോത്തുള്ള  അവരുടെ നിമിഷങ്ങൾ തമാശയും, സന്തോഷവും, വികാര തീവ്രതയും  സ്ഫുരിക്കുന്ന നിമിഷങ്ങളയി മാറുന്നു. അതിമനോഹരമായ ദൃശ്യങ്ങൾ അനിവാര്യതയാകുന്ന ഗ്രാമീണത സിനിമയെ നയനാനന്ദകരമായ അനുഭവമാക്കുമെന്നതിൽ സംശയമില്ല.
              പ്രണയ സിനിമകൾ ആവർത്തന വിരസതയേകും എന്ന് പറയാറുണ്ടെങ്കിലും, പ്രണയം തളിർത്തു പൂവിടുന്നത്  എനിക്ക് മടുക്കാത്ത കാഴ്ചയായത് കൊണ്ടാവാം , ഈ സിനിമയും നന്നേ ബോധിച്ചത്. നിങ്ങളിലും ഈ സിനിമ പ്രണയ മർമ്മരം തീർക്കുമെന്ന ഉറപ്പോടെ നിർത്തുന്നു.   


1 comment:

  1. FLOATING HOUSE BOAT SCHOOL-ലെ ടീച്ചർ കേവലമൊരു ടീച്ചർ മാത്രമല്ല എന്നതുപോലെ , ഈ സിനിമയും ഒരു റൊമാന്റിക് ഡ്രാമ എന്നതിനപ്പറത്തേയ്ക്ക് വളരുന്നു. സ്കൂളിലെ കുട്ടികളോടോത്തുള്ള അവരുടെ നിമിഷങ്ങൾ തമാശയും, സന്തോഷവും, വികാര തീവ്രതയും സ്ഫുരിക്കുന്ന നിമിഷങ്ങളയി മാറുന്നു. അതിമനോഹരമായ ദൃശ്യങ്ങൾ അനിവാര്യതയാകുന്ന ഗ്രാമീണത സിനിമയെ നയനാനന്ദകരമായ അനുഭവമാക്കുമെന്നതിൽ സംശയമില്ല.

    കാണണമെന്ന് നിശ്ചയിച്ച ഒരു സിനിമ...

    ReplyDelete