Tuesday, 16 December 2014

FAN CHAN (2003)



FILM : FAN CHAN (2003)
COUNTRY : THAILAND
GENRE : COMEDY-DRAMA
            ബാല്യകാലത്തിന്റെ  അതിമനോഹരങ്ങളായ ഓർമ്മകളെ  ആവാഹിക്കുന്ന അനുഭവമാണ് THAILAND സിനിമയായ FAN CHAN (2003). ഗൃഹാതുരതയുടെ പഴകിയ താളുകൾ മനം നിറയ്ക്കുകയും, നിഷ്കളങ്കതയുടെ ശോഭ ചൊരിയുകയും ചെയ്യുന്ന നല്ല ദിനങ്ങളുടെ ഓർമ്മപ്പെടുത്തലാകുന്നു MY GIRL (FAN CHAN).
       ഓർമ്മകളുടെ താഴ്വരകളിലെ ഏറ്റവും മനോഹരങ്ങളായ പൂന്തോപ്പുകൾ ബാല്യത്തിന്റെ കുസൃതികളാൽ പുഷ്പിതമായിരിക്കും എന്നത് തന്നെയാണ് ഈ സിനിമയും പറയുന്നത്. COMING OF AGE എന്ന പേരിൽ തരം തിരിക്കാവുന്ന ഈ സിനിമ, JEAB എന്ന   യുവാവിന്റെ ഓർമ്മകളുടെ ചലിക്കുന്ന ചിത്രങ്ങളായാണ് അവതരിക്കപ്പെടുന്നത്. കളിക്കൂട്ടുകാരിയായിരുന്ന  NOI NAH-യുടെ   വിവാഹ വാർത്ത‍യറിയുന്ന  JEAB പിന്നിട്ട സുദിനങ്ങളെ നമുക്കായി ഓർത്തെടുക്കുന്നു.
              നിറങ്ങളും, കളിയും, ഇണക്കങ്ങളും-പിണക്കങ്ങളും , സ്കൂൾ ജീവിതവും , പ്രകൃതിയും നിറയുന്ന ബാല്യത്തിന്റെ ഓർമ്മചിത്രങ്ങൾ കാഴ്ച്ചക്കാരനെയും  "വർത്തമാനത്തിൽ" നിലകൊള്ളാൻ  അനുവദിക്കാത്ത വിധം മധുരമൂറുന്നവയായിരുന്നു. ആധുനികതയുടെ പിടിമുറുകാത്ത  തലമുറയുടെ കുട്ടിക്കാലത്തെ വ്യക്തമായി അടയാളപ്പെടുത്താനാവുന്ന തരത്തിൽ   സ്ക്രീൻ കയ്യേറിയ  കളികളും , ഗാനങ്ങളും കുളിർമ്മയേകുന്ന തിരിച്ചുപോക്കാവുന്നു.
                അതി മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങളാൽ സമ്പന്നമായ ഗ്രാമീണതയെ ക്യാമറ  ഗിമ്മിക്കുകളുടെ അകമ്പടിയില്ലാതെ തന്നെ ഒപ്പിയെടുക്കാൻ സാധിച്ചിരിക്കുന്നു. യുവത്വത്തിന്റെ കൂട്ടായ്മയിൽ (6 YOUNG DIRECTORS) ഉദയം കൊണ്ട  ഈ സിനിമ വളരെ  REFRESHING  ആയി അനുഭവപ്പെടുന്നു.
                സിനിമയിലെ കഥാപാത്രങ്ങളായി തകർത്തഭിനയിച്ച  കുട്ടികൾ അഭിനന്ദനമർഹിക്കുന്നു. ജാക്ക് എന്ന തടിയൻ പ്രത്യേക പരാമർശം അർഹിക്കുന്ന വിധത്തിൽ തന്റെ  ആകാരം പോലെ കഥാപാത്രമായും നിറഞ്ഞു നിന്നു. സംഗീതവും, ഗാനങ്ങളും സിനിമ പ്രതിനിധീകരിക്കുന്ന കാലഘട്ടത്തിന്റെ ജീവവായുവാകുന്ന തീവ്രത ഉൾക്കൊള്ളുന്നവയായി    തോന്നി.
         കോമഡി-ഡ്രാമ എന്ന് പറയാമെങ്കിലും , കണ്ണുകളെ ഈറനണിയിക്കുന്ന നിമിഷങ്ങൾ അന്യമല്ലാത്ത ഈ സിനിമ, നമ്മെ ഓർമ്മകളിലെ നൊസ്റ്റാൾജിയകളുടെ തുരുത്തുകളിലെയ്ക്ക്  കൈപിടിച്ച് നടത്തുന്നു.

1 comment:

  1. അതി മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങളാൽ സമ്പന്നമായ ഗ്രാമീണതയെ ക്യാമറ ഗിമ്മിക്കുകളുടെ അകമ്പടിയില്ലാതെ തന്നെ ഒപ്പിയെടുക്കാൻ സാധിച്ചിരിക്കുന്നു. യുവത്വത്തിന്റെ കൂട്ടായ്മയിൽ (6 YOUNG DIRECTORS) ഉദയം കൊണ്ട ഈ സിനിമ വളരെ REFRESHING ആയി അനുഭവപ്പെടുന്നു.

    ReplyDelete