Wednesday, 22 October 2014

CURFEW (2012)



FILM : CURFEW (2012)
GENRE : DRAMA !!!! SHORT (19 MIN)
COUNTRY : U S A
DIRECTOR : SHAWN CHRISTENSEN

         19 മിനുട്ടിനുള്ളിൽ ആസ്വാദകന്റെ വൈകാരികതലങ്ങളെ   തലോടുന്ന നല്ലൊരു ഫാമിലി ഡ്രാമ അവതരിപ്പിച്ച്  കണ്ണ് നനയിപ്പിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. എന്നാൽ , അതാണ്‌ 2013ലെ ഷോർട്ട് ഫിലിമിനുള്ള ഓസ്കാർ പുരസ്കാരം കരസ്ഥമാക്കിയ CURFEW  ചെയ്യുന്നത്. അവതരണവും, അഭിനയവും, കഥയും ഒരുപോലെ മികച്ചു നിന്നപ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ  മനം നിറയ്ക്കുന്ന ദൃശ്യാനുഭവമാണ് നമുക്ക് ലഭിക്കുന്നത്.
       സ്വയം തീർത്ത വിരസവും, വിഷാദാത്മകവുമായ ജീവിതത്തിനു വിരാമമിടാനുള്ള "റിച്ചി"യുടെ   ശ്രമങ്ങൾക്കിടയിലാണ് സിനിമ നമ്മെ ഒപ്പം കൂട്ടുന്നത്‌. അടഞ്ഞ കുഴലുകൾക്കുള്ളിലൂടെ  കുതിച്ചു പായുന്ന നിണച്ചാലുകൾക്ക് പുറത്തേക്കുള്ള വഴി തെളിക്കുകയായിരുന്ന റിച്ചിയെ തേടി അപ്രതീക്ഷിതമായി ഒരു ഫോണ്‍കാൾ എത്തുന്നു. ഏറെക്കാലമായി അവനുമായി യാതൊരു ബന്ധവും പുലർത്താത്ത സഹോദരി(മാഗ്ഗി) , സ്വന്തം മകൾക്കൊപ്പം  കുറച്ചു മണിക്കൂറുകൾ ചെലവിടാൻ  അഭ്യർഥിക്കുന്നു. റിച്ചിയുടെ സ്വഭാവങ്ങൾ നന്നായറിയുന്ന  മാഗ്ഗി  ഒരു  SCHEDULE (DO 'S   AND  DONT'S) മകളായ സോഫിയുടെ കൈയ്യിൽ നൽകുന്നുണ്ട്. സോഫിയുടെ കൂടെയുള്ള നിമിഷങ്ങൾ റിച്ചിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് പിന്നീടുള്ള നിമിഷങ്ങളിൽ സ്ക്രീനിൽ നിറയുന്നത്.
         CHARACTER  DEVELOPMENT-നൊന്നും സമയം ലഘുചിത്രങ്ങളിൽ ലഭിക്കില്ലെങ്കിലും റിച്ചിയെ പ്രേക്ഷകന് മനസ്സിലാകും വിധം ശക്തമായി CREATE ചെയ്യാൻ സാധിച്ചു എന്നതാണ് ഈ സിനിമയെ ഒരു ഫാമിലി ഡ്രാമയുടെ നിലവാരത്തിലേയ്ക്ക് ഉയർത്തിയത്‌. സംഭാഷണങ്ങളിലൂടെയും, ദൃശ്യങ്ങളിലൂടെയും, സോഫിയുടെ ചോദ്യങ്ങളിലൂടെയും റിച്ചിയുടെ ഭൂതകാലം, പ്രശ്നങ്ങൾ , നഷ്ടങ്ങൾ എന്നിവയെ നമുക്ക് വായിച്ചെടുക്കാവുന്ന വിധം വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. സിനിമയിലെ   "അത്യാകർഷകമായ  പ്രകടനം" എന്ന വിശേഷണം  സോഫിയുടെ റോൾ കൈകാര്യം ചെയ്ത FATIMA PTACEK-ന്  അവകാശപ്പെട്ടതാണെന്ന് നിസ്സംശയം  പറയാം. പക്വതയാർന്ന പ്രകടനത്തിലൂടെ ഈ ഉദ്യമത്തിന് പൂർണ്ണതയേകിയ ആ കുട്ടിയെ അവഗണിച്ച് ഈ ലഘുചിത്രത്തെക്കുറിച്ച്  ഒരു കുറിപ്പും എഴുതാനാവില്ല. സംവിധായകന്റെയും , റിച്ചിയുടെയും വേഷം ഒരുപോലെ മനോഹരമാക്കിയ SHAWN CHRISTENSEN പ്രത്യേക പരാമർശം അർഹിക്കുന്നു.  സിനിമയവസാനിക്കുന്നത്  കുടുംബ ബന്ധങ്ങളെയും , ജീവിതത്തിലെ സന്തോഷങ്ങളെയും, നഷ്ടങ്ങളെയും, സ്വയം തീർക്കുന്ന നിരാശയുടെയും, വിഷാദങ്ങളുടെയും  ചുഴികളെയും ഓർമ്മിപ്പിച്ചാണ്. മനസ്സിൽ ഒരു നനുത്ത സ്പർശമേൽപ്പിക്കാൻ ഈ സിനിമയ്ക്കായി എന്നത് തന്നെയാവണം ഇത് വാരിക്കൂട്ടിയ അവാർഡുകൾക്കും   കാരണം.


1 comment:

  1. ‘ജീവിതത്തിലെ സന്തോഷങ്ങളെയും, നഷ്ടങ്ങളെയും, സ്വയം തീർക്കുന്ന നിരാശയുടെയും, വിഷാദങ്ങളുടെയും ചുഴികളെയും ഓർമ്മിപ്പിച്ചാണ്. മനസ്സിൽ ഒരു നനുത്ത സ്പർശമേൽപ്പിക്കാൻ ഈ സിനിമയ്ക്കായി എന്നത് തന്നെയാവണം ഇത് വാരിക്കൂട്ടിയ അവാർഡുകൾക്കും കാരണം.‘
    നല്ല അവലോകനം കേട്ടൊ ഷഹീർ
    ഞാൻ കണ്ടിട്ടുള്ള ഫിലീമാണിത്...

    ReplyDelete