FILM : YEELEN (BRIGHTNESS) 1987
COUNTRY : MALI
GENRE : FANTASY DRAMA
DIRECTOR : SOULEYMANE CISSE
ഞാൻ ഇതുവരെ കണ്ടിട്ടുള്ള ആഫ്രിക്കൻ സിനിമകളിലൊന്നും നിഗൂഡാത്മകതയുടെ ഇരുട്ടും , വെളിച്ചവും നിറഞ്ഞ ആഫ്രിക്കയുടെ ആത്മാവിനെ തൊട്ടറിയാൻ കഴിഞ്ഞിട്ടില്ല. എന്നാൽ SOULEYMANE CISSE-യുടെ YEELEN (BRIGHTNESS) എല്ലാ അർഥത്തിലും എന്റെ ആഗ്രഹം സഫലമാക്കിയ വിസ്മയക്കാഴ്ച്ചയായി. ആഫ്രിക്കയുടെ സംസ്കൃതിയുടെയും , പൈതൃകങ്ങളുടെയും എല്ലാ വശ്യതയും കവിഞ്ഞൊഴുകിയ സിനിമാ അനുഭവം. ആഫ്രിക്ക ഒരു അത്ഭുതമായി തോന്നിയിട്ടുള്ളവർക്ക് ഈ സിനിമയും അത്തരം അനുഭവം നൽകുമെന്ന് തീർച്ച.
ബ്ലാക്ക് മാജിക്കും, ആഭിചാരങ്ങളും , കല്പിതമാകുന്ന അതിമാനുഷത്വങ്ങളും നിറം പിടിപ്പിച്ച ആഫ്രിക്കയുടെ ഭൂതകാലത്തിലെവിടെയോ കാലുറപ്പിച് നമുക്ക് തുടങ്ങാം. മാലിയിലെ ബംബാര സമൂഹത്തിന്റെ പശ്ചാത്തലത്തിൽ അവതരിക്കുന്ന ഈ സിനിമ വിദ്വേഷം തികട്ടി നിൽക്കുന്ന ഒരു പിതൃ-പുത്ര പോരാട്ടത്തിന്റെ കഥ പറയുന്നു. മറ്റുള്ളവർക്ക്മേൽ അധീശത്വം സ്ഥാപിക്കാവുന്ന തരത്തിൽ മാന്ത്രിക സിദ്ധികളുള്ള "സോമ" എന്ന തന്റെ പിതാവിൽ നിന്നും രക്ഷ നേടാനുള്ള NIANKORO (മകൻ) എന്ന യുവാവിന്റെ ശ്രമങ്ങളാണ് സിനിമയിലുടനീളം. NIANKORO , മാന്ത്രിക സിദ്ധികൾക്ക് ഉടമയാണെങ്കിലും തന്റെ പിതൃസഹോദരനെ കണ്ടെത്തി അയാളുടെയും കൂടി സഹായത്തോടെ കരുത്തനായ പിതാവിനെ എതിരിടുകയാണ് അയാളുടെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനിടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് നമുക്ക് ദൃശ്യ വിരുന്നാകുന്നത്.
വേഷ-വാസ-ആചാര-ഭൂപ്രകൃതി എന്നിവയിലെ ആഫ്രിക്കൻ സൗന്ദര്യത്തെ അനുഭവിപ്പിക്കാൻ ഈ സിനിമയ്ക്കായി. "മാജിക് പോസ്റ്റ്" , "കൊറെ വിംഗ്" എന്നിങ്ങനെ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള മാന്ത്രിക മരനിർമ്മിതികൾ , കുല ചിഹ്നങ്ങളും (ഫെറ്റിഷ്) , വിചിത്ര വിശ്വാസങ്ങളും വേരുറച്ചു പോയ സമൂഹത്തിലെ അവിഭാജ്യക്കാഴ്ച്ചകളാകുന്നു. യുവാവിനൊപ്പം സിനിമ വിശ്രമിക്കുന്ന ഇടങ്ങളിലെല്ലാം വൈവിധ്യമാർന്ന സമൂഹങ്ങളും , അവരുടെ ജീവിതത്തെയും അടയാളപ്പെടുത്തുന്ന കാഴ്ചകളും നിറയുന്നു.
നമ്മെ പിടിച്ചുലയ്ക്കുന്ന ആദ്യ രംഗത്തിനു മുൻപ് സ്ക്രീനിൽ നിറഞ്ഞ അനേകം വാക്കുകളിൽ മനസ്സിൽ പതിഞ്ഞത് ആദ്യം തെളിഞ്ഞ "താപം" , "അഗ്നി" , "പ്രകാശം" എന്നീ മൂന്ന് വാക്കുകളാണ്. അത് കൊണ്ട് തന്നെ എവിടെയും ഇവരെ തെരയുന്ന ജിജ്ഞാസ നമ്മുടെ കണ്ണുകളെ കീഴടക്കിയെന്നും വരാം. ആഭിചാര ക്രിയകളിലും, കൊല്ലന്റെ ആലയിലും, ഭക്ഷണം പാകം ചെയ്യുന്ന ഇടങ്ങളിലും, ശത്രുവിനെതിരെ പോരാട്ടത്തിന്റെ പ്രതിരോധം തീർക്കുന്ന അടർക്കളങ്ങളിലും സാന്നിധ്യമറിയിക്കുന്ന "അഗ്നിയെ" സംഹാരത്തിന്റെയും , നില നിൽപ്പിന്റെയും വിരുദ്ധ ധ്രുവങ്ങളിലേയ്ക്ക് കൂട്ടികൊണ്ടു പോകാമെന്ന് സിനിമ വ്യക്തമാക്കുന്നു.
സിനിമയിലെ ദൃശ്യങ്ങളും, വാക്കുകളും ,ചിഹ്നങ്ങളും, ചെയ്തികളും പലപ്പോഴും പലതിന്റെയും പ്രതീകങ്ങളായി തോന്നിയെങ്കിലും , അവ പ്രാദേശിക ഐതിഹ്യങ്ങളിൽ നിന്നും , വിശ്വാസങ്ങളിൽ നിന്നും കടം കൊണ്ടവയായതിനാൽ അവയെ പൂർണ്ണമായി വായിചെടുക്കാനായില്ല. സിനിമയുടെ അന്ത്യരംഗങ്ങളിലൊന്നിൽ സോമയോട് (പിതാവ്) അശരീരി കണക്കെ മന്ത്രിക്കപ്പെടുന്ന വാചകങ്ങളിൽ ശക്തി, അധികാരം, നന്മ, വിശ്വാസം , അനീതി എന്നീ വാക്കുകൾ പെറുക്കിയെടുക്കാനായതിനാൽ സിനിമ കേവലം ഫാന്റസിക്കപ്പുറം ആഫ്രിക്കൻ ജനതയോടോ , നമ്മളോടോ മറ്റെന്തോ സംവദിക്കാൻ ശ്രമിക്കുന്നതായും തോന്നി.
സിനിമയുടെ അവസാന ദൃശ്യങ്ങളെന്ന പോലെ, സിനിമയുടെ പേരും എന്റെ ചിന്തകളിൽ കിടന്ന് വെളിച്ചം കിട്ടാതെ അലയുകയാണ്.........അന്ധകാരം നിറഞ്ഞ ചിന്തകളിൽ വെളിച്ചത്തിന്റെ കിരണങ്ങൾ വന്നണയും എന്ന പ്രതീക്ഷയിൽ, ആഫ്രിക്കയുടെ ആത്മാവിനെ സ്പർശിക്കുന്ന ഈ സിനിമയെക്കുറിച്ചുള്ള കുറിപ്പിന് വിരാമമിടുന്നു.

No comments:
Post a Comment