Monday, 13 April 2015

THE DAUGHTER OF KELTOUM (2001)



FILM : THE DAUGHTER OF KELTOUM (2001)
COUNTRY : ALGERIA
GENRE : DRAMA
DIRECTOR : MEHDI CHAREF

                        സംവിധാന ശൈലിയുടെ മിഴിവോ, പ്രമേയത്തിന്റെ തീക്ഷ്ണതയോ  അല്ല ചില സിനിമകളെ മനസ്സിൽ തങ്ങി നിർത്താറുള്ളത്. കാണാത്തതും, കേൾക്കാത്തതുമായ സാംസ്കാരിക ഇടങ്ങളെ അറിയാനുള്ള അവസരം ഒരുക്കുന്നു എന്നതാണ് ചില സിനിമകളോടുള്ള ഇഷ്ടത്തിന് നിദാനം. ആഫ്രിക്കൻ സിനിമകൾ പലപ്പോഴും ഈ വിശേഷണത്തോട് ചേർന്ന് നിന്ന് എന്റെ മനസ്സിനെ തൃപ്തിപ്പെടുത്താറുണ്ട്. THE DAUGHTER OF KELTOUM എന്ന അൾജീരിയൻ സിനിമ ഇത്തരത്തിൽ പുതുമയാർന്ന  ദൃശ്യാനുഭവമേകുന്നു.
                                       ജനവാസം കുറഞ്ഞതും, മരുഭൂമി പോലെ വരണ്ടതുമായ മലനിരകളിലെ ഗ്രാമങ്ങളിൽ ഒന്നിലേയ്ക്ക് ജന്മം നൽകിയ മാതാവിനെ അന്വേഷിച്ചെത്തുന്ന സ്വിറ്റ്സർലണ്ട്  നിവാസിയായ  "റാലിയയുടെ" യാത്രയാണ് ഈ സിനിമ പകരുന്നത്. അവളുടെ യാത്രയിൽ  കണ്ടുമുട്ടുന്നവരും, നേരിടുന്ന അനുഭവങ്ങളും അവൾക്ക് എന്നപോലെ നമുക്കും പുതിയ അറിവുകളാകുന്നു. പാശ്ചാത്യവൽക്കരിക്കപ്പെട്ട റാലിയയുടെ സ്ത്രീ സ്വത്വം പുതിയ സാംസ്കാരിക പശ്ചാത്തലത്തിൽ എതിരിടുന്ന സംഘർഷങ്ങളും , തലയുയർത്താനോ   കണ്ണുകൾ ഉയർത്താനോ കഴിയാത്ത വിധം പെണ്ണ് ചുമക്കേണ്ടി വരുന്ന സംസ്കൃതിയുടെ അഴുകിയ ഭാണ്ഡങ്ങളുടെ സാന്നിധ്യവും  സിനിമയ്ക്ക്‌ പ്രമേയ തീക്ഷ്ണത നൽകുന്നു.
            റാലിയയുടെ അന്വേഷണങ്ങൾ ലക്ഷ്യം കാണുമ്പോൾ നമ്മൾ അത്ഭുതപ്പെടാതിരിക്കുന്നത് പിന്നിടുന്ന ഫ്രൈമുകൾ അവശേഷിപ്പിച്ച ചിന്തകൾ കാരണമാണ്. ദുസ്സഹമായ ജീവിത പശ്ചാത്തലങ്ങളിൽ എല്ലാത്തിനും ന്യായങ്ങളുണ്ട് എന്ന യുക്തിയോട്‌ സന്ധി ചെയ്യുന്ന ലാഘവത്തോടെയല്ല പ്രേക്ഷകൻ KELTOUM-ന്റെ വാക്കുകൾക്ക് ചെവികൊടുക്കുന്നത്. സിനിമയുടെയും , ക്ലൈമാക്സിന്റെയും വിജയം അത് തന്നെയാണ്.


No comments:

Post a Comment