Thursday, 9 April 2015

THE KITE (2003)



FILM : THE KITE (2003)
COUNTRY : LEBANON
GENRE : DRAMA
DIRECTOR : RANDA CHAHAL SABAG

                                                       നൂലറ്റു പോയ പട്ടം അതിരുകളില്ലാത്ത ആകാശത്ത്
സ്വതന്ത്രമായി വിഹരിക്കുന്നത് കൊതിയോടെ നോക്കുന്നവരുണ്ടാകും. അസ്വാതന്ത്ര്യത്തിന്റെയോ അതിരുകളുടെയോ മണ്ണിൽ ചവിട്ടി നിൽക്കുമ്പോൾ വിണ്ണ്‍ മോഹിപ്പിക്കുന്ന ഇടം തന്നെയാണ്. മുള്ളുവേലികളുടെ രാഷ്ട്രീയം വമിക്കുന്ന അനവധി സിനിമകൾ ഉണ്ടായിട്ടുണ്ട്. അധിനിവേശവും , ദേശീയതയും, സാമ്രാജ്യത്വവും കെട്ടിയുയർത്തുന്ന അതിരുകൾ വിഭജിക്കുന്ന ഉറ്റവരുടെ ദൈന്യത പലതവണ സിനിമകളിലൂടെ നമ്മെ സ്പർശിച്ചതുമാണ്. പതിവ് ശൈലിയിൽ അല്ലെങ്കിലും അതിരുകളുടെ രാഷ്ട്രീയം പ്രണയത്തിന്റെ നേർത്ത സാന്നിദ്ധ്യത്തിൽ അവതരിക്കപെടുന്ന സിനിമയാണ് THE KITE (2003).
              ലെബനോണ്‍-ഇസ്രയേൽ അതിർത്തിയിലെ ഇസ്രയേൽ അധിനിവേശത്തിന്റെ ഫലമായി ഇരു രാജ്യങ്ങളിലായ ഒരു സമൂഹത്തിന്റെ പശ്ചാത്തലമാണ് THE KITE എന്ന ഈ ലെബനീസ് സിനിമയുടേത്. ലെബനോൻ ഭാഗത്ത്‌ താമസിക്കുന്ന "ലാമിയ" എന്ന പതിനാറുകാരിയെ അവളുടെ താൽപര്യത്തിനു വിരുദ്ധമായി അതിർത്തിക്കപ്പുറത്തേക്ക് വിവാഹം ചെയ്തയക്കുന്നു. അതിർത്തി ക്രോസ്സ് ചെയ്യുന്ന അവളുടെ കണ്ണുകൾക്കൊപ്പം , ഹൃദയവും അതിർത്തിയിലെ യുവ ഇസ്രായേലി സൈനികനിൽ ഉടക്കുന്നു.
               ആഖ്യാനത്തിലെ ഒഴുക്കില്ലായ്മ പലപ്പോഴും സിനിമയിൽ നിന്ന് പ്രേക്ഷകനെ അടർത്തി മാറ്റുന്നുണ്ടെങ്കിലും ,  ലാമിയയുടെ ഭാവിയെക്കുറിച്ചും സിനിമയുടെ അന്ത്യത്തെക്കുറിച്ചുമുള്ള ആകാംഷയാണ് നമ്മെ പിടിച്ചിരുത്തുന്നത്. രാഷ്ട്രീയം വിഭജിച്ച സമൂഹത്തിന്റെ ഇരു വശങ്ങൾക്ക് കൈവരുന്ന ദേശീയ സ്വത്വ അന്തരങ്ങളെ ഈ സിനിമ ചെറിയ തോതിൽ അടയാളപ്പെടുത്തുന്നു. അവസാനഭാഗത്ത്‌ സങ്കുചിതത്വമാർന്ന ദേശീയതയുടെയും, വിഭാഗീയതയുടെയും ഉടയാടകൾ ഉപേക്ഷിച്ച്  വേലികളിൽ കുരുങ്ങാത്ത മനസ്സിന്റെ ഉടമകളായ യുവത്വത്തെക്കുറിച്ചുള്ള പുതു പ്രതീകഷകളെ ഉയർത്തി വിടാനും സംവിധായിക ശ്രമിക്കുന്നതായി കാണാം......


No comments:

Post a Comment