Friday, 30 May 2014

AUTUMN BALL (2007)



FILM  : AUTUMN BALL (2007)
COUNTRY : ESTONIA
DIRECTOR : VEIKO OUNPPU
GENRE  : DRAMA
                   
                      ഏകാന്തത , നിരാശ, പ്രതീക്ഷകൾ , സ്നേഹരാഹിത്യം എന്നീ മനുഷ്യാവസ്ഥകളുടെ  സമ്മിശ്രമോ , ഒറ്റപ്പെട്ടതോ ആയ ചിത്രീകരണമാണ് ഈ സിനിമ കാഴ്ചവെക്കുന്നത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ ഈ അവസ്ഥകളെ നമുക്കായി ചികഞ്ഞിടുകയാണ് സംവിധായകൻ. സിനിമാ ഭൂപടത്തിൽ ESTONIA എന്ന രാജ്യത്തെ അടയാളപ്പെടുത്തിയ മികച്ച സിനിമകളിൽ ഒന്നാണ് VEIKO OUNPPU  സംവിധാനം ചെയ്ത ഡ്രാമ വിഭാഗത്തിൽ പെടുന്ന AUTUMN BALL.
              പല കാരണങ്ങളാൽ ഏകാന്ത ജീവിതങ്ങൾ നയിക്കാൻ വിധിക്കപ്പെട്ട കഥാപാത്രങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. അപ്പാർട്ട്മെന്റിലെ സംഭാഷണ വിരളമായ ദൃശ്യങ്ങൾ ഏകാന്തതയുടെ കനപ്പെട്ട സാന്നിധ്യം വിളിച്ചറിയിക്കുന്നു. ഭാര്യ ഉപേക്ഷിച്ചു പോയതോടെ ഏകാന്തതയുടെ മടിതട്ടിലെയ്ക്ക് എറിയപ്പെട്ട എഴുത്തുകാരനായ MATI സിനിമയിലുടനീളം നഷ്ട പ്രണയത്തിന്റെ നീറ്റലുകൾ ശമിപ്പിക്കാനും , ഏകാന്തതയെ നിരാകരിക്കാനുമുള്ള പരിശ്രമങ്ങളിലാണ്. ARCHITECT  ആയ MAURER സ്വച്ഛ ജീവിതം കാംക്ഷിക്കുമ്പോഴും ദാമ്പത്യത്തിലെ സ്വര ചേർച്ചയില്ലായ്മ സൃഷ്ടിക്കുന്ന അസ്വസ്ഥകളെ പൊട്ടിച്ചെറിയാൻ ശ്രമിക്കുന്നയാളാണ്. ഏകാന്തതയും , സ്നേഹരാഹിത്യവും , നിരാശയും സൃഷ്ടിക്കുന്ന ജീവിതങ്ങളുടെ ഇരയും, ഗുണഭോക്താവുമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന THEO (HOTEL DOORMAN) ശരീര ഇച്ഛകളുടെ  കണക്കെടുപ്പുകൾക്കപ്പുറത്തെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നേയുള്ളൂ. "കാസ്കി " എന്ന  ബാർബറുടെ വൃദ്ധമായ ശരീരത്തിലെ കുഞ്ഞുമനസ്സ് സഹ മനസ്സുകളെ തേടുകയാണ്. ഏകാന്തതയെ അയാൾ തള്ളിനീക്കുന്നത് "തല കുത്തിമറിയുന്ന കുരങ്ങൻ കളിപ്പാട്ട വുമായാണ്" എന്നത് ഈ ചിന്തയ്ക്ക് ബലം നൽകുന്നു.
            ഈ   പുരുഷ കേസരികളെ പോലെ   MAURER ന്റെ ഭാര്യയും (ULVI) , കുടിയനായ ഭർത്താവിനെ ഉപേക്ഷിച്ച് മകൾക്കൊപ്പം കഴിയുന്ന LAURA യും സിനിമ ചർച്ചയ്ക്കു വിധേയമാക്കുന്ന അവസ്ഥകളുടെ  ഇരകൾ തന്നെയാണ്. അവരുടെ ഏകാന്തതയിൽ വേരൂന്നിപ്പടർന്നിട്ടുള്ള സ്നേഹരാഹിത്യത്തിന്റെ ശാഖകളിലേയ്ക്കു ഇത്തിൾകണ്ണികളെപ്പോലെ വലിഞ്ഞു കയറാനുള്ള "പുരുഷ" ശ്രമങ്ങൾ പ്രാദേശികതയ്ക്കപ്പുറം , പ്രമേയത്തിന്റെ സാർവ്വ ദേശീയമാനങ്ങളെ ധ്വനിപ്പിക്കുന്നു.
          നിറം കുറഞ്ഞ ജീവിത അനുഭവങ്ങളും , സ്നേഹത്തിന്റെ അഭാവവും സൃഷ്ട്ടിച്ച മാനസിക ബോധം തന്നെയാണ്, "കാസ്കി" മകൾക്ക് നേരെ നീട്ടുന്ന SWEETS തട്ടിമാറ്റി "PERVERT" എന്ന അക്രോശങ്ങളിലേയ്ക്ക് LAURA  യെ നയിച്ചത്. "PERVERT" എന്നതിന്റെ വാക്യാർത്ഥങ്ങളിലെയ്ക്ക് ശ്രദ്ധക്ഷണിക്കുന്ന കുഞ്ഞു കണ്ണുകൾക്ക്‌ അവൾ മറുപടി നൽകുന്നത് പുഞ്ചിരിയിലൂടെയാണ്. ഈ പുഞ്ചിരിയുടെ പ്രകമ്പനം നമ്മളറിയുന്നത്  കട്ടിലിൽ കിടന്ന് ശിശുസമാനമായി ചിരിക്കുന്ന കാസ്കിയിലാണ്. ഈ രംഗങ്ങൾക്കിടയിൽ ഭീതിതമായ മുഖവുമായി KINDERGARTEN നിൽ വാവിട്ടു കരയുന്ന LAURA യുടെ അടുത്തേയ്ക്ക് പതിയെ "കുരങ്ങൻ കളിപ്പാട്ടവുമായി" നടന്നടുക്കുന്ന മകളെയാണ് നമുക്ക് കാണാനാവുക.
               ഏകാന്തതയെ പ്രണയിക്കുന്നവരല്ല  ഈ സിനിമയിലെ ഒരു കഥാപാത്രവും , സന്തോഷങ്ങളുടെ ലോകത്തേയ്ക്ക് സ്വയം വിമോചിതരാകാനുള്ള അടങ്ങാത്ത ആഗ്രഹം എല്ലാവരിലും നിഴലിക്കുന്നുണ്ട്. സിനിമയുടെ പ്രയാണത്തിൽ പലർക്കും പലതും സംഭവിക്കുന്നുണ്ടെങ്കിലും സ്നേഹത്തിന്റെ, സന്തോഷത്തിന്റെ തണലിനായുള്ള പ്രതീക്ഷാനിർഭരമായ ശ്രമങ്ങളിൽ തന്നെയാണവർ. MATI  എന്ന എഴുത്തുകാരനിൽ തുടങ്ങി അയാളിൽ തന്നെ അവസാനിക്കുന്ന ഈ സിനിമയിലെ ഇതര കഥപാത്രങ്ങളുടെ ജീവിതങ്ങളെ  വ്യാഖ്യാനിക്കാവുന്ന VISUAL STATEMENTS അവശേഷിപ്പിക്കുവാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
                             ജീവിതത്തിലെ വിചിത്രവും, വൈവിധ്യവുമായ ഇത്തരം അവസ്ഥകൾ  അവരെ നയിക്കുന്ന തീരങ്ങളിലേയ്ക്ക്‌ മനസ്സുമായി അനുഗമിക്കാൻ നമുക്ക് കഴിയും വിധത്തിൽ ശക്തമായ അവതരണം സിനിമ കാഴ്ചവെയ്ക്കുന്നു. നമുക്കിടയിൽ ഏകാന്തതയുടെ വിത്തുകൾ പാകി മുളപ്പിക്കുന്ന വ്യത്യസ്ത സാഹചര്യങ്ങളെ കലാപരമായി സമ്മേളിപ്പിച്ച് ഉത്കൃഷ്ടമായ ദൃശ്യാനുഭവം സാധ്യമാക്കിയ ഈ സിനിമ ഡ്രാമ സ്നേഹികളെ നിരാശപ്പെടുത്തില്ല എന്ന ഉറപ്പോടെ നിർത്തുന്നു.

No comments:

Post a Comment