FILM : PAPER DOVE (2003)
GENRE : DRAMA
COUNTRY : PERU
DIRECTOR : FABRIZIO AGUILAR
കൂടണയാൻ പറക്കുന്ന പക്ഷിയെപ്പോലെ ജുവാൻ മടങ്ങുകയാണ്. ഇരുമ്പഴികൾക്കുള്ളിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ തുറസ്സിലേക്ക് അഴിച്ചു വിട്ട അയാളുടെ മനസ്സ് ഭൂതകാലത്തിലേക്ക് സഞ്ചരിക്കുമ്പോൾ പെറുവിന്റെ ഗ്രാമീണതയിൽ ഉല്ലസിക്കുന്ന ജുവാൻ എന്ന ബാലനെ നമുക്ക് കാണാം. പാച്ചോയ്ക്കും, റോസീറ്റയ്ക്കുമൊപ്പം കുസൃതി നിറഞ്ഞ ബാല്യത്തിലൂടെ കടന്നുപോകുന്ന അവന്റെ ജീവിതം കീഴ്മേൽ മറിയുന്നത് നാടിനെ പ്രക്ഷുബ്ധമാക്കിയ ആഭ്യന്തര സംഘർഷങ്ങൾ കാരണമാണ്. സായുധ വിപ്ലവത്തിന്റെ പ്രത്യയശാസ്ത്രങ്ങൾ മരണം വിതച്ചു കൊണ്ട് താഴ്വരയെ ഭീതി നിറഞ്ഞ നിശബ്ദതയ്ക്കു വിട്ടുകൊടുക്കുന്നു. ലക്ഷ്യങ്ങളെ മുൻനിർത്തി ഒരുക്കുന്ന ഐഡിയോളജികളെ ഇളംമനസ്സുകളിലേക്ക് സന്നിവേശിപ്പിക്കാനുള്ള തീവ്രവാദി നേതാവിന്റെ ശ്രമം ഒരു സൂചകമായിരുന്നു. ഭരണകൂടവും, തീവ്രവാദികളും രക്തക്കളങ്ങൾ തീർക്കുമ്പോൾ ജനങ്ങൾ നിസ്സഹായതയുടെ അടയാളങ്ങളായി അവശേഷിക്കുന്നു. പല ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതകളെ ഓർമ്മിപ്പിക്കുന്നു ഈ സിനിമ. ബൗദ്ധിക ചിന്തകളിൽ ഉദിച്ച ആശയ സംഹിതകൾ ജീവിതത്തോടും, സ്നേഹത്തോടും ചേർന്നുനിന്നാൽ മാത്രമേ മാനവികതയ്ക്കു തണലൊരുങ്ങുകയുള്ളൂ എന്ന സിനിമയുടെ നിലപാട്, രക്തരൂക്ഷിതമായ മാർഗ്ഗങ്ങളുടെ എതിർ ചേരിയിൽ നിൽക്കുന്നു എന്ന പ്രഖ്യാപനമാണ്.
പല ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതകളെ ഓർമ്മിപ്പിക്കുന്നു ഈ സിനിമ. ബൗദ്ധിക ചിന്തകളിൽ ഉദിച്ച ആശയ സംഹിതകൾ ജീവിതത്തോടും, സ്നേഹത്തോടും ചേർന്നുനിന്നാൽ മാത്രമേ മാനവികതയ്ക്കു തണലൊരുങ്ങുകയുള്ളൂ എന്ന സിനിമയുടെ നിലപാട്, രക്തരൂക്ഷിതമായ മാർഗ്ഗങ്ങളുടെ എതിർ ചേരിയിൽ നിൽക്കുന്നു എന്ന പ്രഖ്യാപനമാണ്.
ReplyDelete