Sunday, 10 July 2016

IRAIVI (2016)



FILM : IRAIVI (2016)
GENRE : DRAMA
LANGUAGE : TAMIL
DIRECTOR : KARTHIK SUBBARAJ
           ഈയടുത്ത് കണ്ട സിനിമകളിൽ ഏറ്റവും ഇഷ്ടമായ സിനിമയാണ് ഇരൈവി. വിരളമായോ, ദുർബലമായോ മാത്രം ഇന്ത്യൻ സിനിമകളിൽ കാണാറുള്ള സ്ത്രീപക്ഷ ചിന്തകളുണർത്തുന്ന മികവുറ്റ കാഴ്ചയാകുന്നു ഇരൈവി. നായികയുടെ കനപ്പെടലിലോ, ആവേശമുയർത്തുന്ന ഭാഷണങ്ങളിലോ ഒതുങ്ങിപ്പോവാറുള്ള വികലമായ സ്ത്രീപക്ഷ ആവിഷ്ക്കാരങ്ങളിൽ നിന്നും പ്രശംസനീയമായ രീതിയിൽ വേറിട്ട് നിലകൊള്ളുന്നു ഈ സിനിമ.
      ആണധികാരത്തിന്റെ ബലിഷ്ഠതയിലൂന്നി നിൽക്കുന്ന സമൂഹം വാർത്തെടുത്ത കാഴ്ച്ചപ്പാടുകളുടെയും, ചിന്തകളുടെയും മേലാപ്പിനുള്ളിൽ സ്വാതന്ത്ര്യത്തിന്റെ മഴ നനയാനാവാതെ ഞെരുങ്ങിപ്പോകുന്ന പെൺജീവിതങ്ങളെ അടയാളപ്പെടുത്തുന്നു ഇരൈവി. ശരീര തൃഷ്ണകളെ പിന്തുടരുന്ന സദാചാര ലംഘനം പുരുഷപക്ഷത്തിന്റെ കേവല സ്വാതന്ത്ര്യമാകുന്ന സമൂഹ മനസ്സിന്റെ വിധേയത്വത്തെയും ഇവിടെ ചോദ്യം ചെയ്യുന്നു. പൊന്നിയുടെയും, യാഴിനിയുടെയും സ്വപ്നങ്ങൾ ജീവിത യാഥാർത്യങ്ങളെ കണ്ടുമുട്ടുമ്പോൾ അകലങ്ങളിലേക്ക് അകറ്റിനിർത്തപ്പെടുന്നത് സമൂഹം അവരുടെ പങ്കാളികളിൽ നിറച്ച അസമത്വ യുക്തിമൂലമാണ്. മനസ്സിന്റെ ചഞ്ചലതയേയും, സഹന സന്നദ്ധതയേയും വേർപ്പെടുത്തി ഇരുപക്ഷത്തോടൊപ്പം ചേർത്തു കെട്ടുന്ന സമൂഹ മനസ്സിനൊരു തിരുത്താകുവാനും ഇരൈവി ശ്രമിക്കുന്നുണ്ട്.
        മനസ്സ് വ്യാപരിക്കുന്ന അധികാര-ശ്രേഷ്ഠ ബോധത്തിന്റെ പ്രേരണയാൽ കവർന്നെടുക്കപ്പെടുന്ന ജീവിതങ്ങൾ അവനവന്റേത് കൂടിയായിരുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നു ഈ സിനിമ. ശക്തമായ കഥാപാത്ര സൃഷ്ടികളിലൂടെ ഒരു ചോദ്യമായോ, യാഥാർത്യമായോ പ്രേക്ഷകനിലേക്ക് തറച്ചു കയറാൻ ഈ സിനിമയ്ക്കാവുന്നത് ആഖ്യാനത്തിലെ തെളിമ കാരണമാണ്. പിസ്സയും, ജിഗർതണ്ടയും വന്ന വഴികളിലൂടെ ഇതും, ഇതിലപ്പുറവും വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നതു കൊണ്ട് അത്ഭുതപ്പെടുന്നില്ല... എങ്കിലും, വെൽഡൺ "കാർത്തിക് സുബ്ബരാജ്" വെൽഡൺ.       

1 comment:

  1. മനസ്സ് വ്യാപരിക്കുന്ന അധികാര-ശ്രേഷ്ഠ
    ബോധത്തിന്റെ പ്രേരണയാൽ കവർന്നെടുക്കപ്പെടുന്ന
    ജീവിതങ്ങൾ അവനവന്റേത് കൂടിയായിരുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നു
    ഈ സിനിമ. ശക്തമായ കഥാപാത്ര സൃഷ്ടികളിലൂടെ ഒരു ചോദ്യമായോ,
    യാഥാർത്യമായോ പ്രേക്ഷകനിലേക്ക് തറച്ചു കയറാൻ ഈ സിനിമയ്ക്കാവുന്നത്
    ആഖ്യാനത്തിലെ തെളിമ കാരണമാണ്.

    ReplyDelete