FILM : VISARANAI (2015)
LANGUAGE : TAMIL
GENRE : DRAMA !!! THRILLER
DIRECTOR : VETRIMAARAN
നിയമ സംവിധാനങ്ങളുടെ പക്ഷപാതിത്വങ്ങളും, നീതി നടപ്പാക്കുമ്പോൾ അവഗണിക്കപ്പെടുന്ന സമത്വ ചിന്തകളും ചോദ്യചിഹ്നങ്ങളായി തൂങ്ങി നിൽക്കുന്ന സമകാലീന സാഹചര്യങ്ങളിൽ സംഭവിക്കേണ്ട സിനിമ തന്നെയാണ് VISARANAI (2015). സുരക്ഷയുടെ വലയങ്ങൾ ചങ്ങലകളും, തടവറകളുമായി രൂപാന്തരപ്പെടുന്ന യാഥാർത്യങ്ങളിൽ നിസ്സഹായതയുടെ നരകയാതനകളെ ഉൾക്കിടിലത്തോടെയല്ലാതെ കണ്ടു തീർക്കാനാവുന്നില്ല. അധികാരങ്ങൾക്ക് വേണ്ടിയുള്ള ചതുരംഗ കളികളിൽ ബലിയർപ്പിക്കപ്പെടുന്ന "കാലാൾ" പടയാളികളെ നമ്മൾ നമ്മളിൽ കണ്ടു തുടങ്ങേണ്ടിയിരിക്കുന്നു. അഴിമതി നിറഞ്ഞ വ്യവസ്ഥയുടെ അരിക് പറ്റിനിന്ന് താൽക്കാലിക നേട്ടങ്ങൾ കൊയ്യാൻ കൊതിക്കുന്ന സമൂഹ മനസ്സ് തന്നെയാണ് ഇത്തരം സിസ്റ്റത്തെ ബലപ്പെടുത്തുന്നത്. തെളിയിച്ചെടുക്കാൻ കഴിയാത്ത വിധം കലങ്ങി മറിഞ്ഞ വ്യവസ്ഥിതിയിൽ ചെളി പുരളാതെ നിൽക്കാനാവില്ലെന്നതാണ് സിനിമ സൂചിപ്പിക്കുന്ന നേരുകളിലൊന്ന്. അന്യായ തടവുകളും, വ്യാജ ഏറ്റുമുട്ടലുകളും, വ്യാജ ആരോപണങ്ങളും നിത്യക്കാഴ്ച്ചയാകുന്ന നമ്മുടെ വ്യവസ്ഥിതിയിൽ ഭരണകൂട സംവിധാനങ്ങളുടെ ഏകപക്ഷീയമായ തീർപ്പുകളിൽ നിരപരാധികളിൽ നിന്ന് അപരാധിയുടെ വെറുക്കപ്പെടുന്ന സ്വത്വങ്ങൾ എതിർപ്പുകളില്ലാതെ സൃഷ്ടിക്കപ്പെടുന്നു. അങ്ങനെയുള്ളവരിൽ നിന്നും ഉയരുന്ന നിസ്സഹായതയുടെ നിലവിളികൾ കേൾപ്പിക്കുന്ന ഈ സിനിമ വിചാരണ ചെയ്യുന്നത് വേട്ടക്കാരനെ മാത്രമാണെന്ന് തോന്നുന്നില്ല. മാനവികതയിലൂന്നിയുള്ള എതിർസ്വരങ്ങളുടെ ഐക്യപ്പെടലിന്റെ സാധ്യതകളെ ദുർബലപ്പെടുത്തി അരാഷ്ട്രീയതയുടെ തണലിൽ ചത്തു ജീവിക്കുന്നവരായ് മാറുന്ന നമ്മളെയും ഈ സിനിമ വിചാരണ ചെയ്യുന്നുണ്ട് എന്നാണ് എനിക്ക് തോന്നിയത്.
No comments:
Post a Comment