Thursday, 29 December 2016

LIFE + 1 DAY (2016)


FILM : LIFE + 1 DAY (2016)
GENRE : DRAMA
COUNTRY : IRAN
DIRECTOR : SAEED ROUSTAYI
                   കാണുന്ന എല്ലാ സിനിമകളെക്കുറിച്ചും എഴുതുന്ന പതിവില്ല. കാഴ്ച്ചയ്ക്ക് ശേഷവും മനസ്സിൽ ചില ദൃശ്യങ്ങൾ അവശേഷിപ്പിക്കുന്നവയോ , ചിന്തകളോ/ചോദ്യങ്ങളോ ഉണർത്തുന്നവയോ ആയ വിദേശ സിനിമകളെ പരിചയപ്പെടുത്താറാണ് പതിവ്. മറ്റുള്ളവർ കൂടി കാണണം എന്ന് തോന്നിയ പ്രശസ്തമല്ലാത്ത സിനിമകളും കുറിപ്പുകളിൽ ഇടം പിടിക്കാറുണ്ട്. ഇന്ന് നിങ്ങൾക്കായ് സജസ്റ്റ് ചെയ്യുന്നത് ഈ വർഷം പുറത്തിറങ്ങിയ LIFE + 1 DAY എന്ന ഇറാനിയൻ സിനിമയാണ്. SAEED ROUSTAYI എന്ന യുവ സംവിധായകന്റെ ആദ്യ സിനിമയാണ് ഇത്. വരും കാലങ്ങളിൽ  മികവുറ്റ ദൃശ്യവിരുന്നുകൾ ഈ 28-കാരനിൽ നിന്നും ഉണ്ടാകും എന്ന നിറമുള്ള പ്രതീക്ഷകൾ തന്നെയാണ് ഈ സിനിമയിലൂടെ അദ്ദേഹം നൽകുന്നത്.
               കുടുംബം, സമൂഹം എന്നിവയുടെ ഘടനയും അവയെ രൂപപ്പെടുത്തിയെടുക്കുന്ന പ്രാദേശികമായ സാംസ്കാരിക അംശങ്ങളെയും ഉൾകൊണ്ടാൽ മാത്രമേ ചില കാഴ്ചകളെ ആസ്വദിക്കാനാവൂ. ഈ സിനിമയിലേക്ക് ഉറ്റുനോക്കുന്നതിനു മുമ്പ് ഓർമ്മിക്കേണ്ട കാര്യവും അത് തന്നെയാണ്. ഡ്രാമ ജോണറിലുള്ള ഇറാനിയൻ സിനിമകളുടെ റിയലിസ്റ്റിക് ആഖ്യാന രീതി തന്നെയാണ് LIFE + 1 DAY പിന്തുടരുന്നത്. പലതരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന കുടുംബത്തിലെ ഇളയ മകൾ വിവാഹിതയായി വീടിനോട് വിടപറയാനുള്ള ഒരുക്കത്തിലാണ്. സംഭവിക്കാനിരിക്കുന്ന ഈ യാഥാർത്യത്തെക്കുറിച്ചുള്ള ചിന്തകൾ കുടുംബാംഗങ്ങളുടെ അകമനസ്സിൽ തട്ടി പ്രതിഫലിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെയാണ് സിനിമ ദൃശ്യവൽക്കരിക്കുന്നത്. സാമ്പത്തികവും, സാമൂഹികവുമായ പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുന്ന കുടുംബത്തിൽ "സുമയ്യയുടെ"   സ്ഥാനം തിരിച്ചറിയാൻ കഴിയുന്ന പ്രേക്ഷകർക്ക് കുടുംബത്തിന്റെ ഭയത്തെ മനസ്സിലാക്കാനും കഴിയുന്നു. ഓരോ കഥാപാത്രങ്ങളുടെയും ഫ്രസ്ട്രേഷനുകൾ  ഈ ഉൾഭയത്തിന്റെ പ്രേരണയാലാണ് ഉടലെടുക്കുന്നത്. സിനിമയുടെ പ്രമേയം  സുമയ്യയോട് ഒട്ടിനിൽക്കുന്നതാണെങ്കിലും ഓരോ കഥാപാത്രത്തെയും വ്യക്തമായി പ്രേക്ഷകനു മുന്നിൽ അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിരിക്കുന്നു. നരകതുല്യമായ വീട് വിട്ടിറങ്ങാനിരിക്കുമ്പോഴും തന്റെ അഭാവത്തിനപ്പുറവും തന്റെ കുറവ് നിഴലിക്കാതിരിക്കാൻ കുടുംബാംഗങ്ങളെ പരുവപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് സുമയ്യ. അവൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഭയം കൊണ്ട് ലക്ഷ്യമിടുന്നതും അതാണ്. സുമയുടെ വിവാഹത്തെയും, യാത്രയെയും കുറിച്ചുള്ള സത്യങ്ങളിലേക്ക് വെളിച്ചമെത്തുമ്പോൾ , അത് വഴിയൊരുക്കുന്ന ഇന്നർ കോൺഫ്ലിക്റ്റുകൾ മറനീക്കി പുറത്തുവരുന്നു. 
                   പുകയുന്ന കുടുംബാന്തരീക്ഷത്തെയാണ് സിനിമയിൽ ഉടനീളം കാണാനാവുന്നത്. യാഥാർത്യം അതാണെങ്കിലും സുഖമുള്ള നിമിഷങ്ങളെ സിനിമയുടെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ ചേർക്കാമായിരുന്നു എന്ന് തോന്നി. ഇളയ സഹോദരൻ നവീദുമായുള്ള സുമയ്യയുടെ ബന്ധം സിനിമയിലെ ഊഷ്മളമായ ഫ്രെയിമുകളാക്കാമായിരുന്നു. അതു വഴി അവളുടെ അസാന്നിധ്യത്തിന് നവീദിന്റെ നഷ്ടം എന്ന തീവ്ര വേദനകൂടി അനുഭവിപ്പിക്കാമായിരുന്നു. സംഭാഷണങ്ങൾ ഗതി നിർണ്ണയിക്കുന്ന ഇത്തരം സിനിമകൾ തിരക്കഥയുടെ  ശക്തിയെ ആശ്രയിച്ചു നിലകൊള്ളുന്നവയാണ്. സിനിമയിഷ്ടമായി എന്നത് തിരക്കഥയുടെ വിജയമായി കരുതാം. സിനിമയുടെ തരം  നോക്കി കാണുന്ന ഒരാളെ രസിപ്പിക്കാനും, പിടിച്ചിരുത്താനുള്ള മികവ് ഈ സിനിമയ്ക്കുണ്ട് എന്നാണ് എന്റെ പക്ഷം.

1 comment:

  1. പുകയുന്ന കുടുംബാന്തരീക്ഷത്തെയാണ്
    സിനിമയിൽ ഉടനീളം കാണാനാവുന്നത്.
    യാഥാർത്യം അതാണെങ്കിലും സുഖമുള്ള
    നിമിഷങ്ങളെ സിനിമയുടെ ഒഴുക്കിനെ
    തടസ്സപ്പെടുത്താതെ ചേർക്കാമായിരുന്നു എന്ന്
    തോന്നി. ഇളയ സഹോദരൻ നവീദുമായുള്ള
    സുമയ്യയുടെ ബന്ധം സിനിമയിലെ ഊഷ്മളമായ ഫ്രെയിമുകളാക്കാമായിരുന്നു. അതു വഴി അവളുടെ അസാന്നിധ്യത്തിന് നവീദിന്റെ നഷ്ടം എന്ന തീവ്ര വേദനകൂടി അനുഭവിപ്പിക്കാമായിരുന്നു.

    ReplyDelete