Thursday, 14 March 2019

NO DATE, NO SIGNATURE (2018)


FILM : NO DATE, NO SIGNATURE (2018)
COUNTRY : IRAN
GENRE : DRAMA
DIRECTOR : VAHID JALILVAND
       മനുഷ്യന്റെ മനസ്സിനെക്കുറിച്ചാണ് സിനിമ ഓർമ്മിപ്പിച്ചത്. അതിന്റെ നിഗൂഢതകളെ കുറിച്ചാണ് ചിന്തിപ്പിച്ചതും. ജീവിതത്തിന്റെ സങ്കീർണ്ണതകളെ അതിസങ്കീർണ്ണതകളിലേക്ക് വലിച്ചിഴച്ചു ജീവിതത്തെ കീഴ്‌മേൽ മറിച്ചിടാനുള്ള അതിന്റെ ശേഷിയെക്കുറിച്ചാണ് ഈ സിനിമ ആശങ്കപെടുത്തുന്നത്. NO DATE NO SIGNATURE എന്ന ഉഗ്രൻ ക്യാരക്ടർ സ്റ്റഡിയെ പറ്റിയാണ് ഇത്രയും പറഞ്ഞത്. അസ്ഗർ ഫർഹാദിയുടെ സിനിമകൾ പകരുന്ന അനുഭവങ്ങൾക്ക് സമാനമായ അനുഭവമാണ് 2018 -ൽ ഇറങ്ങിയ ഡ്രാമ GENRE-ലുള്ള ഈ സിനിമ പ്രേക്ഷകന് സമ്മാനിക്കുന്നത്.
      ലീഗൽ മെഡിസിൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് Dr നരിമാൻ. അയാളുടെ വാഹനം ഒരു ബൈക്കുമായി ചെറിയ തോതിൽ ആക്സിഡന്റാവുന്നു. ദമ്പതികളും രണ്ടു കുഞ്ഞുങ്ങളുമടങ്ങിയ ബൈക്ക് യാത്രികർക്ക് കാര്യമായ പരിക്കുകളൊന്നും ഇല്ലാതിരുന്നതിനാൽ അവിടെ വച്ചുതന്നെ ഒത്തുതീർപ്പാക്കുകയാണ്. ദിവസങ്ങൾക്കു ശേഷം ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ടേബിളിൽ കിടക്കുന്ന എട്ടു വയസ്സുകാരന്റെ മുഖവും , പേരും നരിമാന്റെ കണ്ണിലും, മനസ്സിലും ഉടക്കുന്നിടത്ത്  സിനിമ പ്രേക്ഷകന്റെ ചിന്തകളിലും പിടി മുറുക്കുന്നു.
       ജീവിത പരിസരങ്ങളിലെ സാഹചര്യങ്ങളെയും , സൂക്ഷ്മതകളെയും സമർത്ഥമായി സിനിമാ ഭാഷയിലേക്ക് പടർത്തി പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന ഇറാനിയൻ ശൈലിയുടെ തുടർച്ച തന്നെയാണ് ഈ സിനിമയിലും കാണാനാവുന്നത്. നിയമത്തിന്റെ കാർക്കശ്യങ്ങൾ, സാമ്പത്തിക-സാമൂഹിക അന്തരങ്ങൾ, എന്നിവയും പ്രബലതയോടെ എഴുന്ന് നിൽക്കുന്ന സിനിമ, മനസ്സിന്റെ പ്രേരണകളിൽ സംഭവിക്കുന്ന ചെറിയ കാര്യങ്ങൾ പോലും സങ്കീർണ്ണതകളുടെ കോലാഹലങ്ങളിലേക്ക് വഴിനടത്തുമെന്ന് കാണിച്ചു തരുന്നു. അധികാര ബോധങ്ങളും, ഈഗോകളും, ദേഷ്യവും, ധർമ്മസങ്കടങ്ങളും, കുറ്റബോധവും, അപകർഷതയുമെല്ലാം മനസ്സിനെ പലതായി പകുത്തെടുക്കുന്ന യാഥാർത്യങ്ങൾ തന്നെയാണ് കഥാപാത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.അഭിനേതാക്കളെല്ലാം അഭിനയിച്ചു വിസ്മയിപ്പിച്ച സിനിമ ക്യാരക്ടർ സ്റ്റഡികൾ ഇഷ്ടപ്പെടുന്ന എന്നിലെ പ്രേക്ഷകനെ ഏറെ  തൃപ്തിപ്പെടുത്തിയെന്നു പറയാം. ഇറാനിയൻ സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടതാണ് NO DATE NO SIGNATURE  എന്നാണ് എന്റെ തോന്നൽ.......

1 comment:

  1. നിയമത്തിന്റെ കാർക്കശ്യങ്ങൾ, സാമ്പത്തിക-സാമൂഹിക അന്തരങ്ങൾ, എന്നിവയും പ്രബലതയോടെ എഴുന്ന് നിൽക്കുന്ന സിനിമ, മനസ്സിന്റെ പ്രേരണകളിൽ സംഭവിക്കുന്ന ചെറിയ കാര്യങ്ങൾ പോലും സങ്കീർണ്ണതകളുടെ കോലാഹലങ്ങളിലേക്ക് വഴിനടത്തുമെന്ന് കാണിച്ചു തരുന്നു. അധികാര ബോധങ്ങളും, ഈഗോകളും, ദേഷ്യവും, ധർമ്മസങ്കടങ്ങളും, കുറ്റബോധവും, അപകർഷതയുമെല്ലാം മനസ്സിനെ പലതായി പകുത്തെടുക്കുന്ന യാഥാർത്യങ്ങൾ തന്നെയാണ് കഥാപാത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

    ReplyDelete