FILM : SIRAT (2025)
COUNTRY : SPAIN
GENRE : DRAMA !! ADVENTURE !! MYSTERY
DIRECTOR : OLIVER LAXE
ഒരു റോഡ് മൂവി എന്ന് ഒറ്റവാക്കിൽ പറഞ്ഞുവെക്കാവുന്ന ഒന്നല്ല SIRAT. മകളെ അന്വേഷിച്ചു മൊറോക്കൻ മരുഭൂമിയിൽ എവിടെയോ നടക്കുന്ന ഒരു സംഗീത പരിപാടിയിൽ എത്തിയിരിക്കുകയാണ് ലൂയിസും അയാളുടെ മകൻ എസ്തബാൻ എന്ന ബാലനും. മകളെ കണ്ടെത്താൻ കഴിയാത്ത അയാൾ അവിടെയുള്ള ചിലരിൽ നിന്നും മറ്റെവിടെയോ നടക്കുന്ന വേറെയൊരു പാർട്ടിയെ കുറിച്ചറിയുന്നു. മകളെ കണ്ടെത്താമെന്ന പ്രതീക്ഷയോടെ അയാൾ ചിലയാളുകൾക്കൊപ്പം യാത്ര തുടരാൻ തീരുമാനിക്കുകയാണ്. മരുഭൂമിയുടെ ശാന്തവും, രൗദ്രവുമായ മുഖങ്ങളെല്ലാം തെളിയുന്ന ഭൂപ്രതലങ്ങളിലൂടേയും , വരണ്ട മലനിരകളിലൂടെയും നടത്തുന്ന യാത്രക്കിടയിൽ സംഭവിക്കുന്ന അപ്രതീക്ഷിതങ്ങളായ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയും നീങ്ങുന്നത്. സിനിമയിലെ കഥാപാത്രങ്ങളും , സംഭാഷണങ്ങളുമെല്ലാം യാത്രയ്‌ക്കൊപ്പം നമ്മുടെ ചിന്തകളെ സ്പർശിച്ചുകൊണ്ടാണ് മുന്നേറുന്നത്. സിനിമയുടെ കഥാപരിസരം സാധ്യമാക്കുന്ന തീക്ഷ്‌ണമായ വിഷ്വലുകൾക്ക് മുകളിൽ നിൽക്കുന്നതാണ് സിനിമയുടെ പശ്ചാത്തല സംഗീതം. ഹൃദയമിടിപ്പ് പോലെ സിനിമയുടെ ഗതിയോടും, സിനിമയുടെ നിഗൂഢാത്മകതയോടും ചേർന്ന് നിൽക്കുന്ന സംഗീതം വേറിട്ട അനുഭവമേകുന്നു. യുദ്ധം, ജീവിതം, കുടുംബം, മരണം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിലേക്ക് സിനിമ വഴിവെട്ടിപ്പോകുന്നുണ്ട്. ഈ സിനിമ ഇതര സിനിമകളിൽ നിന്നും അടർന്നു നിൽക്കുന്നത് വേറിട്ട കാഴ്ചകളും, ശബ്ദവിന്യാസങ്ങളും അനുഭവിപ്പിക്കുന്ന പ്രത്യേകമായ ഒരു ദൃശ്യ-ശ്രാവ്യ അനുഭവം പ്രേക്ഷകനുണ്ടാവുന്നത് കാരണമാണ്.

No comments:
Post a Comment